Follow the News Bengaluru channel on WhatsApp

ഒരിക്കൽ ഒരിടത്ത്

നോവൽ ▪️ ബ്രിജി. കെ. ടി.

അധ്യായം പന്ത്രണ്ട്

മായ തിരിഞ്ഞും മറിഞ്ഞും കിടന്നു. കണ്ണു തുറക്കാന്‍ പേടി. ചിതയില്‍ കത്തി ചാമ്പലായവര്‍ പിന്നെ മനുഷ്യ രൂപം പ്രാപിക്കുമോ.?
ഇല്ലാത്തതുണ്ടെന്നും, കാണാത്തത് കണ്ടുവെന്നും ഒക്കെയുള്ള തോന്നല്‍ ഭയക്കുന്ന മനസ്സിന്റെ ഒരു ”ഹാലൂസിനേഷന്‍ ‘ ആണ് എന്നല്ലെ അച്ഛന്‍ പറയാറ്.
അതെയതെ..! തോന്നിയതാണ്.
ഉറക്കം വരുന്നില്ല. പതുക്കെ കണ്ണു തുറന്നു. എഴുന്നേറ്റ് ചെന്ന് ലൈറ്റ് കെടുത്താന്‍ പേടി. മേശപ്പുറത്ത് വിഷ്ണുവിന്റെ ചിരിക്കുന്ന മുഖം.ഇങ്ങിനെ പേടിച്ചു വിറക്കുന്നതിനു പരിഹസിക്കുകയാണ്. ഫോട്ടോവിന് മുമ്പില്‍ ഇരിക്കുന്ന കത്തുകളില്‍ ,ഇനിയും തുറന്നു വായിക്കാനുണ്ട്. എടുത്ത് വായിക്കാം.
ഈ ഭയത്തിന്റെ ചിലന്തിവലയില്‍ നിന്നും ഒരു മോചനമാവുകയും ചെയ്യും.
മായ സാവധാനം പുതപ്പ് മാറ്റി, എഴുന്നേല്ക്കാന്‍ തുടങ്ങിയപ്പോള്‍,…ശ് ….
വളകള്‍ കിലുങ്ങിയോ..?
മായ പഞ്ചേന്ദ്രിയങ്ങളും അടക്കി ശ്രദ്ധിച്ചു.

ഉവ്വ്…വള കിലുങ്ങി.
കുറത്തികളെ പോലെ കൈ നിറയെ വള കളിടുന്നത് ഏട്ത്തിക്ക് ഇഷ്ടായിരുന്നൂ ന്നല്ലേ ഉണ്ണൂലി പറഞ്ഞേ.
മായ പൂര്‍വ്വാധികം ഭയന്നു. പുതപ്പ് തലവഴി മൂടിപ്പുതച്ചു. കണ്ണുകളിറുക്കിയടച്ച്, ഇരു ചെവിയും പൊത്തിപ്പിടിച്ചു.
പിന്നെ…, ഉറങ്ങിപ്പോയതറിഞ്ഞില്ല.
ഇടനാഴിയില്‍ കാല്‍പ്പെരുമാറ്റം കേട്ട് മായ ഞെട്ടിയുണര്‍ന്നു.
ഈശ്വരാ….തനെന്തേ വൈകിയത് ?
ഓടിപ്പോയി ..മുങ്ങി വന്ന് അടുപ്പ് കത്തിക്കണ്ടേ..?
ഉറക്കച്ചടവ് കണ്‍ പോളകളില്‍ ഭാരം തൂങ്ങി. കണ്ണൂകള്‍ ശരിക്ക് തുറക്കാനാവാത്ത പോലെ. എല്ലാറ്റിനും ഒരു മങ്ങല്‍.
അടുക്കളയില്‍ ആരോ ഉണ്ടല്ലോ. ഉണ്ണൂലി ഇത്ര നേരത്തെ വന്ന്വോ.
ഉണ്ണൂലി അല്ല. പുറം തിരിഞ്ഞു നില്ക്കുന്ന ആളുടെ സമൃദ്ധമായ മുടിയുടെ അറ്റത്ത് നിന്നും ഇറ്റി വീഴുന്ന ജലകണങ്ങള്‍ നനച്ച വേഷ്ടി. അടുപ്പ് കത്തിക്ക്യാണല്ലോ..ആരാണാവോ.
മായ അടുക്കളയിലേക്ക് കാലെടുത്ത് വെച്ച ശബ്ദം കേട്ട് അവര്‍ തിരിഞ്ഞു നോക്കി. വശ്യമായി ചിരിച്ചതിന്റെ അവ്യക്ത ചിത്രം.
മായ കണ്ണുകള്‍ വലിച്ചു തുറക്കാന്‍ നോക്കി.ഉറക്കം വിട്ടുമാറാത്ത ആലസ്യം ഒരു പുകമറ സൃഷ്ടിച്ചതു പോലെ.
എങ്കിലും മായ കണ്ടു. ആര്യ ഏട്ത്തി തന്നെ.!
ഫോട്ടൊയില്‍ കാണുന്ന അതേ മുഖം. അതിനേക്കാള്‍ കുറച്ചു തടിയുണ്ടെങ്കിലേ ഉള്ളൂ..മാംസളമായ വെളുത്ത് ചുവന്ന മുഖം.
കൈതപ്പൂവിന്റെ നിറമുള്ള ആ ശരീരത്ത്, നനഞ്ഞൊട്ടിയ വേഷ്ടിയും മുണ്ടും. ഏട്ത്തി രണ്ടു കൈകളും നീട്ടിയപ്പോള്‍ കൈമുട്ടറ്റം വരെ ഇട്ട കുപ്പിവളകള്‍ കിലുങ്ങി.
വാ…ഇവടെ ..നോക്കട്ടെ…ന്റെ വിണ്ണൂന്റെ വേളിയെ.
നടന്നടുക്കുന്ന ഏട്ത്തിയെ ക്കണ്ട് മായക്ക് തിരിഞ്ഞോടണമെന്നുണ്ട്.
പക്ഷെ കാലുകള്‍ അനങ്ങുന്നില്ല.
കൊലുസ്സിട്ട ആ കാലുകള്‍ പതുക്കെ എടുത്ത് വെച്ച് ഏട്ത്തി പതുക്കെ അടുത്ത് വന്നു. ഏട്ത്തി മായയെ അടക്കം പുണര്‍ന്നു. മായക്ക് ശ്വാസം മുട്ടി.!
ചന്ദനത്തിരിയുടേയും, ഭസ്മത്തിന്റേയും ഗന്ധം. ഏട്ത്തിയുടെ ശരീരം മായയുടെ ശരീരത്തമര്‍ന്ന്, ആ ശരീരത്തില്‍ പുതഞ്ഞു കയറുന്നതു പോലെ യുള്ള അനുഭവം.
മായ ശ്വാസത്തിനായി പിടഞ്ഞു.
ഒടുവില്‍…ഒരു ഞെട്ടലോടെ, പിടഞ്ഞെണീറ്റ മായ ആകെ വിയര്‍ത്തു കുളിച്ചിരുന്നു. മുറിയില്‍ അപ്പോഴും ലൈറ്റു കത്തുന്നുണ്ടായിരുന്നു. കുറച്ചു നേരത്തേക്ക് മായക്ക് ഒന്നും മനസ്സിലായില്ല.
എല്ലാം സ്വപ്നമായിരുന്നു. പെട്ടന്നു ക്‌ളോക്കിന്റെ മണി വലിയ മുഴക്കത്തോടെ അടിച്ചു. മായ കാതു പൊത്തി. ഒന്ന്… രണ്ട്.!
ചന്ദനത്തിരിയുടേയും ഭസ്മത്തിന്റേയും ഗന്ധം അപ്പോഴും മുറിയില്‍ തങ്ങിനിന്നിരുന്നു.!
മായ വിറയ്ക്കുന്ന കൈകള്‍ കൂട്ടിത്തിരുമ്മി. എല്ലാം ഒരു ദു:സ്വപ്നമായിരുന്നു എന്ന് വിശ്വസിക്കാന്‍ ശ്രമിച്ചു. അവ്യക്തമായിട്ടാണെങ്കിലും, ആ സാമീപ്യം താന്‍ ശരിക്കും അനുഭവിച്ചു. ആ സ്വരം ഇപ്പോഴും കാതിലുണ്ട്.
മായ, വെറുതെ കണ്ണടച്ച് കിടന്നു ഉറങ്ങാന്‍ ശ്രമിച്ചു.
പിന്നീട് …,നേരം നന്നെ വെളുത്തിട്ടാണ് മായ ഉണര്‍ന്നത്. പിടഞ്ഞോടിപ്പോയി കുളത്തില്‍ മുങ്ങിയെന്നു വരുത്തി ചാണകം എടുത്ത് കൊണ്ടു വന്ന് അടുക്കളയിലേക്കോടി അടുപ്പു മെഴുകിയപ്പോള്‍ കൈകളും ശരീരവും വിറക്കുന്നുണ്ടായിരുന്നു.
നാക്കില കഴുകിത്തുടച്ചു കൊണ്ടിരുന്ന ഉണ്ണൂലിയെ ശ്രദ്ധിച്ചില്ല. രാത്രി കണ്ട സ്വപ്നം കുടഞ്ഞു കളയാന്‍ വയ്യാത്ത ഒരു നീരാളിയായി മനസ്സിനെ ചുറ്റിവരിഞ്ഞിരുന്നു.
സ്വപ്നത്തെ ക്കുറിച്ച് ഇപ്പോള്‍ ആലോചിക്കുമ്പോള്‍, അത്ര വലിയ പേടി അനുഭവപ്പെടുന്നില്ല എന്നതാന് ഇപ്പോഴത്തെ അതിശയം.
അടുപ്പ് കത്തിച്ചപ്പോള്‍ ഓര്‍ത്തു. ഈ അടുക്കളയില്‍ ഇങ്ങിനെ പുറം തിരിഞ്ഞു നിന്നിരുന്നു..ഏട്ത്തി.ശരിക്കും നേരില്‍ കാണുന്നതു പോലെ. മഷിയൊലിച്ചിറങ്ങിയ ആ വലിയ കണ്ണുകള്‍ എന്തു മാദകങ്ങളായിരുന്നു. അതിന്റെ തിളക്കം !
ദാ വെള്ളം വെട്ടിത്തിളക്കണൂ.. ആത്തോല് നിന്നൊറങ്ങാണോ?
ഉണ്ണൂലിയുടെ ശബ്ദം കേട്ട് മായ ഞെട്ടി.
വേഗം കാപ്പിയിട്ട് മേശപ്പുറത്ത് എടുത്ത് വെക്കുമ്പോഴേക്കും ഏട്ടന്‍ ഒന്നു രണ്ടു പ്രാവശ്യം വന്നു നോക്കിപ്പോയത്രെ..
തിരുമേനിക്ക് ഇന്നു വൈകീട്ടൊ..ഉണ്ണൂലി പറഞ്ഞു.
തലയില്‍ കെട്ടി വെച്ച തുവര്‍ത്ത് അഴിച്ചു കൊണ്ട് മായ വേഗം ഈറന്‍ മാറ്റാന്‍ മുറിയിലേക്കോടി.
മുടി നന്നായി തുവര്‍ത്തി,പുറകോട്ടിട്ടപ്പോള്‍ കണ്ണാടിയില്‍ തിളിഞ്ഞ മായയുടെ രൂപത്തിനു ഒരു പാട് മാറ്റം വന്ന പോലെ.
ഇത്രയൊക്കെ തടി വെച്ചതെപ്പോഴാണ്. മുഖം നല്ല വട്ടത്തില്‍…. അയ്യേ!
പെട്ടന്ന്,… മഷിയൊലിച്ചിറങ്ങിയ രണ്ടു കണ്ണൂകള്‍ ഓര്‍മ്മ വന്നു. എന്ത് മാദകങ്ങളായിരുന്നു അവ. അപ്പോള്‍ മായയ്ക്ക് ഒരു കുസൃതി തോന്നി.
ഏതായാലും കളിയാക്കാന്‍ വിഷ്ണു സ്ഥലത്തില്ലല്ലോ.
കണ്ണു നിറയെ കണ്‍ മഷി എഴുതി, നെറ്റിയില്‍ വലിയ കുങ്കുമ പൊട്ടു തൊട്ടു, കുറിയും വരച്ചു.
ചുവന്ന കല്ലുള്ള പതക്കം എടുത്ത് കഴുത്തിറുക്കി കെട്ടി. ഇതു തനിക്ക് നന്നായി ചേരുന്നുണ്ടെന്ന് മായയ്ക്കറിയാമായിരുന്നു.
നനഞ്ഞ മുടി അലസമായി പുറകോട്ടിട്ട് ഇളനീരും കൊണ്ട് ഗോവണി കയറി അമ്മയുടെ മുറിയിലേക്ക് നടക്കുമ്പോള്‍ അമ്മയുടെ മുറിയില്‍ നിന്നും പുറത്തേക്കിറങ്ങുകയായിരുന്ന ഏട്ടന്‍ മായയെ കണ്ട് ഒന്നു പകച്ചു വെന്നു തോന്നി.
ഒരു നിമിഷം ആ കണ്ണൂകള്‍ മായയുടെ മുഖത്ത് ഉടക്കിയത് മായ ശ്രദ്ധിച്ചു. ഉള്ളില്‍ ഒരു തരം സന്തോഷം ഇരച്ചു കയറി. ആര്യ ഏട്ത്തിയുടെ ഛായ തനിക്കിപ്പോള്‍ ശരിക്കും ഉണ്ടെന്നുള്ളതിന്റെ തെളിവാണാ മുഖത്തെ അമ്പരപ്പ്.!
പകയോട് കൂടി മായ പുഞ്ചിരിച്ചു.
അമ്മ്യ്ക്ക് ദീനം കുറവുണ്ട് ട്ടൊ കുട്ട്യേ.. തിരുവാതിര ആവുമ്പഴക്കും കുളിക്ക്യാന്നാ വൈദ്യരു പറഞ്ഞെ.ഉണ്ണിക്ക് എഴുതിക്കോളൂ.. വിദ്വാന്‍ പേടിച്ചിട്ടുണ്ടാവും.
മായ അമ്മയുടെ മുറിയുടെ വാതുക്കല്‍ ഇട്ട സ്റ്റൂളില്‍ ഇളനീര്‍ വെച്ച് നിവര്‍ന്നപ്പോള്‍ അമ്മ കട്ടിലില്‍ ചാരി ഇരിക്കുകയായിരുന്നു. അമ്മ സന്തോഷത്തോടെ ചിരിച്ചു.

വര / ബ്രിജി കെ.ടി.

ഹാവൂ…ന്റെ കുട്ടി ഇന്നെങ്കിലും ഒരു പൊട്ട് വെച്ചൂലോ..? പെങ്കുട്ട്യോള് ..നല്ലോണം ഒരുങ്ങി നടക്കണ്ടേ…
ആര്യേം ങനെ തന്ന്യാര്‍ന്നു. കണ്ണില് മഷി വാരി വലിച്ച് തേക്കും. ഇനി അളുക്കില്‍ വല്ലതും ബാക്കീണ്ടോ..ഏട്ത്തീ ന്ന് ചോയ്ച്ച് ഉണ്ണി കളിയാക്കേം ചിയ്യും.
ഒരു പാട് ഓര്‍മ്മകള്‍ തള്ളിക്കയറി വരുന്ന ആ മുഖം മങ്ങുന്നത് മായ ശ്രദ്ധിച്ചു.
ഉണ്ണി ഒന്നിങ്ങട് വന്നാല്‍ മത്യാര്‍ന്നു. കാണാന്‍ തിടുക്കായി. അമ്മ കണ്ണു തുടച്ചു.
കാലല്യാത്ത കാലത്ത് ഈ ദീനോം. ന്റെ മായ ക്കുട്ടിക്ക് ഒരു പാട് വിഷമം ണ്ടാക്കി. അതും ഉണ്ണീം കൂടെ ഇവടെ ഇല്ല്യാണ്ടെ.
വേളി കഴുഞ്ഞൂടുമ്പൊത്തന്നെ ഇത്ര ദൂരത്തയ്ക്ക് പോണ്ടാന്നു പറഞ്ഞു വാശി പിടിക്ക്യാര്‍ന്നില്ലേ …ന്റെ കുട്ടിയ്ക്ക്.. അതും ണ്ടായില്യാ…
അപ്പോഴേക്കും വരസ്യാരെത്തി.
ന്താ വൈക്യേ…ഇളനീരും കൊണ്ട് മായക്കുട്ട്യാ വന്നതേയ്. കുട്ടിക്ക് ജോലിയൊന്നും ചെയ്ത് ശീലം ണ്ടാവില്യാന്നറീ ല്യേ.. കുട്ടിക്ക് നേര്‍ത്തെ എണീക്കണ്ട ശിക്ഷ തന്നെ ണ്ടല്ലൊ. പാവം.
ഹേയ്…. അങ്ങന്യൊന്നും ഇല്ല്യാ ..മായ ചിരിച്ചു.
കത്തു വല്ലതും പോസ്റ്റ് ചെയ്യാനുണ്ടോ…?
മുറ്റത്ത് നിന്നു ഗോപന്‍ ആരോടെന്നില്ലാതെ വിളിച്ചു ചോദിച്ചു.
മായ പെട്ടന്ന് ..തിരിഞ്ഞു നടന്നു. ഗോവണി ഓടിയിറങ്ങി .
ഇന്നലെ കിട്ടിയ കത്ത് തുറന്നു പോലും നോക്കിയിട്ടില്ലല്ലൊ.. എന്ന കുറ്റബോധത്തോടെ മായ വരാന്തയിലേക്ക് ചെന്നു.
മായയെ കണ്ട ഗോപന്‍ അമ്പരന്നു.
ഇങ്ങിനെ ഒരു വേഷം പതിവില്ലാത്തതായിരുന്നു. ആര്യ അന്തര്‍ജ്ജനമാണു ഇങ്ങിനെ തമ്പുരാട്ടി ചമയാറ്.
അന്തര്‍ജ്ജനം മരിക്കുമ്പോള്‍ ഗോപന്‍ എട്ടിലോ ഒമ്പതിലോ മറ്റോ ആയിരുന്നു.
ആ മുഖം എടുത്ത് വെച്ചതു പോലെയുണ്ട് .
ഉയര്‍ന്ന നെറ്റിത്തടത്തിലെ വലിയ കുങ്കുമ പ്പൊട്ടും,തടിച്ച കണ്‍ തടങ്ങളും,…അതിസുന്ദരിയായിരുന്നു ആര്യ അന്തര്‍ജ്ജനം.
അമ്പരപ്പ് മറയ്ക്കാതെ നിന്ന ഗോപനെ ക്കണ്ട് മായ ഗൂഢ മായി സന്തോഷിച്ചു. എന്തായാലും ചെറിയ തോതിലെങ്കിലും മായയുടെ ഉദ്ദേശം സാധിക്കുന്നുണ്ട്. ഏട്ടന്റെ മനസ്സിലും ആ പറയാ വാക്ക് ഉണ്ടെന്ന് മായ മനസ്സിലാക്കി.
ഏട്ടന്‍ മുകളിലത്തെ മുറിയില്‍ നിന്നും ഗോപനെ നോക്കുന്നുണ്ടെന്ന റിഞ്ഞു കൊണ്ടു തന്നെ മായ ഗോപനോട് ഉറക്കെ സംസാരിച്ചു വെറുതെ ചിരിച്ചു.
പടിപ്പുര മാളികയിലെ നമ്പൂതിരിയോട് സംസാരിച്ചതിന് ,ഏട്ത്തിയെ വക വരുത്തിയ ഏട്ടനെ ശിക്ഷിക്കാന്‍ തന്നെ മായ ഉറച്ചു.
പതിവില്ലാതെ ചിരിച്ചു വര്‍ത്തമാനം പറയുന്ന മായയെ നോക്കി ഗോപന്‍ അതിശയിച്ചു.
പക്ഷെ തിളങ്ങുന്ന കണ്ണുകളും,ചിരിക്കുമ്പോള്‍ വിരിഞ്ഞു മായുന്ന ആ നുണ ക്കുഴികളുടെ ഇന്ദ്രജാലത്തിലും ഒരു നിമിഷം വിസ്മയിച്ചങ്ങിനെ നിന്നു.
ഞാന്‍ ഇറങ്ങാണേ…നാളെ വരാം. പോസ്റ്റ് ചെയ്യാനുണ്ടെങ്കില്‍ എടുത്തു വെച്ചോളൂ.
ഗോപനിറങ്ങി നടന്നപ്പോള്‍ മായയും കൂടെ ചെന്നു. പടിപ്പുര എത്തിയപ്പോള്‍ ഗോപന്‍ ഭയന്നു.
മായയുടെ പെരുമാറ്റം അങ്ങേയറ്റം വിചിത്രമായാണ് തോന്നിയത്. ഗോപന്‍ ചുറ്റും നോക്കി.തിരുമേനിയെങ്ങാന്‍ കണ്ടാല്‍…
ഗോപനെന്താ ഇപ്പോള്‍ ആലോചിച്ചത്?
ഗോപന്‍ വെറുതെ ചുമലിളക്കി പുഞ്ചിരിച്ചു.
എന്നാല്‍ ഞാന്‍ പറയട്ടെ. ആര്യ ഏട്ത്തിയെക്കുറിച്ചല്ലേ ഗന്ധര്‍വ്വന്‍ ഇപ്പോള്‍ ആലോചിച്ചത്.
ഗന്ധര്‍വ്വനോ…? ഇത്തവണ ഗോപന്‍ ശരിക്കും അമ്പരന്നു.
ആത്തോല് ഫിലോസഫിയും സൈക്കോളജിയുമൊക്കെ ആയിരുന്നോ പഠിച്ചത്.?
അതൊക്കെ അറിയാം. ഇപ്പോള്‍ എന്നെ ക്കണ്ടാല്‍ ഏട്ത്തിയുടെ പോലെ ഉണ്ട് എന്നും ഓര്‍ത്തില്ലെ?..
മായ പൊട്ടിച്ചിരിച്ചു.
ഈശ്വരാ..അതെ .സത്യം.
രാവിലെ കണ്ടത് മുതല്‍ അതു തന്നെയാണു ഞാന്‍ ആലോചിച്ചത്. അപ്പോള്‍ ഇങ്ങനെയൊരു വേഷം മന:പ്പൂര്‍വ്വം കെട്ടിയതാണല്ലേ.
പക്ഷെ എത്ര ചമഞ്ഞാലും അന്തര്‍ജ്ജനത്തിന്റെ അത്രയ്ക്കങ്ങട് ആവില്ലേയ്. ഗോപന്‍ കളിയാക്കി.
മായയുടെ മുഖത്ത് പെട്ടന്നു ഒരു ഗൗരവം നിഴലിച്ചതു ഗോപന്‍ ശ്രദ്ധിച്ചു.
ഏട്ത്തി എങ്ങന്യാ മരിച്ചേന്നറിയ്യോ …?
അമ്പരപ്പ് മറച്ചുകൊണ്ട് ഗോപന്‍ പെട്ടന്നു പറഞ്ഞു.
എനിക്ക് ടൗണില്‍ പോയിട്ട് ഒരു കാര്യമുണ്ട്.
ഗോപന്‍ പെട്ടന്നു നടന്നു. തിരിഞ്ഞു നോക്കാതെ.!

തുടരും……..

മുന്‍ അധ്യായങ്ങള്‍ ഇവിടെ വായിക്കാം: https://newsbengaluru.com/category/briji-k-t/

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.