Follow the News Bengaluru channel on WhatsApp

മൂർച്ചയുള്ള ആയുധങ്ങൾ

അജി മാത്യൂ കോളൂത്ര

പ്രോമിത്യൂസിന്റെ ഹൃദയം
അധ്യായം പതിമൂന്ന്

ജീവിതത്തിന്റെ വ്യത്യസ്തമായ യാത്രകളില്‍ നിരാശ അനുഭവപ്പെടാത്തവര്‍ കുറവായിരിക്കും. അത് പ്രവര്‍ത്തന പന്ഥാവിലെ പിറുമുറുക്കങ്ങള്‍ കൊണ്ടാകാം. ബന്ധങ്ങളില്‍ അനുഭവപ്പെടുന്ന ഊഷരത കൊണ്ടാകാം, മറ്റ് പല കാരണങ്ങള്‍ കൊണ്ടുമാകാം. താന്‍ ചെയ്യുന്നതൊന്നും ശരിയാവുന്നില്ല എന്ന തോന്നലാണ് ഇതരത്തില്‍പ്പെട്ട നിരാശയുടെ അടിസ്ഥാനം. പ്രവര്‍ത്തനങ്ങളില്‍ പ്രതീക്ഷിച്ചത്ര ഫലം ലഭിക്കാതെ വരുമ്പോഴോ, ആകസ്മികമായി വിമര്‍ശനങ്ങള്‍ ഏല്‍ക്കേണ്ടി വരുമ്പോഴോ ഇതാരംഭിക്കാം. ജീവിതത്തില്‍ അനുഭവപ്പെടുന്ന മറ്റ് ഇച്ഛാഭംഗങ്ങളില്‍ നിന്നും ഇതിനേ വേര്‍തിരിക്കുന്നത് കൂടുതല്‍ സ്വീയമായ ഇതിന്റെ പ്രകൃതമാണ്. അതായത് മറ്റ് പല നിരാശകളും മറ്റൊരാളുടെ സഹായംകൊണ്ട് മാത്രം പരിഹരിക്കാന്‍ കഴിയുന്നതാകുമ്പോള്‍ ഈ വിഭാഗത്തില്‍ പെടുന്ന നിരാശകള്‍ക്ക് സ്വകേന്ദ്രീകൃതമായ സ്വഭാവമാറ്റമാണ് പരിഹാരം.

നിരാശനായ മരംവെട്ടുകാരനെക്കുറിച്ചുള്ള കഥ നിങ്ങള്‍ കെട്ടിട്ടുണ്ടാകും. അത് ഇങ്ങനെയാണ്. നാട്ടിലെ ഏറ്റവും പ്രശസ്തനായ മരംവെട്ടുകാരനായിരുന്നു അയാള്‍. ചുരുങ്ങിയ കാലം കൊണ്ട് തന്റെ ജോലിയില്‍ വളരേ മികവ് തെളിയിച്ചയാള്‍. ആകാശം മുട്ടെ വളര്‍ന്നു നില്‍ക്കുന്ന വന്‍വൃക്ഷങ്ങള്‍ പോലും അയാളുടെ മഴുവിന്റെ കരുത്തിനു മുന്‍പില്‍ നിമിഷങ്ങള്‍ കൊണ്ട് നിലത്തടിഞ്ഞു. എത്ര കടുപ്പമുളള തടികളും കൈകളുടെ അനായാസ ചലനങ്ങള്‍ക്കൊണ്ട് അയാള്‍ വിറകുക്കൊള്ളികളാക്കി മാറ്റി. എന്നാല്‍ അതെല്ലാമിപ്പോള്‍ പഴങ്കഥകളായി മാറിയിരിക്കുന്നു. മുന്‍പുള്ളത്ര കാര്യക്ഷമമായി പണിയെടുക്കാന്‍ ഈയിടെ അയാള്‍ക്ക് സാധിക്കുന്നില്ല. ഒരു ദിവസം ചെയ്തിരുന്ന ജോലിയുടെ പകുതിപോലും പൂര്‍ത്തിയാക്കാന്‍ ഇപ്പോള്‍ കഴിയുന്നില്ല. എന്നാല്‍ അധ്വാനത്തില്‍ ഒരു കുറവും ഉണ്ടായിട്ടില്ലതാനും. കഠിനമായി ജോലിചെയ്തിട്ടും പ്രതീക്ഷിച്ചത്ര ഫലമുണ്ടാകുന്നില്ല. ഒരു കാലത്ത് അയാളുടെ അധ്വാനമികവിന്റെ സ്തുതിപാടിയിരുന്നവര്‍ ഇപ്പോള്‍ മുറുമുറുക്കല്‍ തുടങ്ങിയിരിക്കുന്നു. കഠിനാധ്വാനിയായിരുന്ന അയാളിപ്പോള്‍ അഹങ്കാരിയും അലസനുമായി എന്നാണ് ഒരുപക്ഷം. അയാളുടെ ആരംഭശൂരത്വമെല്ലാം നഷ്ടപ്പെട്ട് മറ്റുള്ളവരെപ്പോലെ ആയിരിക്കുന്നു എന്നാണ് മറുപക്ഷം. കുത്തുവാക്കുകളും നിരാശയും വേട്ടയാടി തുടങ്ങിയപ്പോള്‍ അയാള്‍ തന്റെ ഗ്രാമത്തില്‍ തന്നെ ജീവിക്കുന്ന വൃദ്ധനായ മറ്റൊരു മരംവെട്ടുകാരനെ സമീപിച്ച് ഉപദേശം തേടി.

തന്റെ അടുക്കലേക്ക് വന്ന മരംവെട്ടുകാരന്റെ ‘കരളലിയിക്കുന്ന കഥനകഥ’ വൃദ്ധന്‍ സശ്രദ്ധം ശ്രവിച്ചു. വ്യകതമാകാതിരുന്ന സംശയങ്ങള്‍ തീര്‍ക്കാന്‍ ചോദ്യങ്ങള്‍ ഉന്നയിച്ചു. അങ്ങനെ അയാളുടെ ദിനകൃത്യങ്ങള്‍ ഒന്നൊന്നായി മനസിലാക്കി. ‘ഇത്രയേറെ സംസാരിച്ചിട്ടും, എപ്പോഴാണ് നി നിന്റെ മഴു രാകുന്നതെന്ന് എനിക്കു മനസിലായതേയില്ല. പറയു, എപ്പോഴാണ് അവസാനമായി നി നിന്റെ ആയുധങ്ങള്‍ക്ക് മൂര്‍ച്ച കൂട്ടിയത്’ സംഭാഷണത്തിന്റെ അവസാനത്തില്‍ അലിവാര്‍ന്ന കണ്ണുകളോടെ വൃദ്ധന്‍ മരംവെട്ടുകാരനോട് അന്വേഷിച്ചു.

വൃദ്ധന്റെ ചോദ്യം ഒരു നിമിഷം മരംവെട്ടുകാരനെ സ്തബ്ധനാക്കി. ശരിയാണ്. ജോലിയില്‍ കയറിയ നാളില്‍ വാങ്ങിയ പുതിയ മഴുവാണ് സ്ഥിരമായി താന്‍ ഉപയോഗിച്ചുകൊണ്ടിരിക്കുന്നത്. ഇതുവരെ കാര്യമായ ശ്രമങ്ങളൊന്നും അതിന്റെ മൂര്‍ച്ച കൂട്ടാനായി ചെയ്തിട്ടില്ല. വാത്തല നഷ്ടപെട്ട ആയുധങ്ങളാണ് തന്റെ പരിശ്രമങ്ങളെയാകെ ഇല്ലാതാക്കിയിരിക്കുന്നത്. അത് പരിഹരിക്കാനായാല്‍ തന്റെ അധ്വാനത്തിന് മെച്ചപ്പെട്ട ഫലം ലഭിക്കുകതന്നെ ചെയ്യും. അയാള്‍ മനസിലാക്കി.

‘ശാപം പിടിച്ച ജന്മമാണ് എന്റേത്’, ‘എനിക്ക് മാത്രമെന്താണ് ഇങ്ങനെ സംഭവിക്കുന്നത്’, ‘എന്തൊക്കെ ചെയ്തിട്ടും ഗതിപിടിക്കുന്നില്ലല്ലോ ഈശ്വരാ’ എന്നിവയില്‍ ഏതെങ്കിലും വാചകങ്ങള്‍ ജീവിതപ്രതിസന്ധികള്‍ക്കിടയില്‍ നിങ്ങളുടെ മനസ്സില്‍ ഉയരുന്നുണ്ടങ്കില്‍, ആയുധങ്ങള്‍ മൂര്‍ച്ച കൂട്ടാത്ത മരംവെട്ടുകാരന്റെ കഥയോര്‍ക്കണം. നമ്മുടെ പ്രവര്‍ത്തനങ്ങള്‍ പ്രതീക്ഷിച്ചത്ര ഫലം തരാത്തത് ‘വിധി’ പ്രതികൂലമായത് കൊണ്ടല്ല, മറിച്ച് നമ്മുടെ ആയുധങ്ങളില്‍ എന്തോ ഒന്ന് മൂര്‍ച്ച നഷ്ടപ്പെടുകയോ തുരുമ്പെടുക്കുകയോ ചെയ്തിട്ടുള്ളതുകൊണ്ടാണ്.

ഓരോ അഞ്ചു വര്‍ഷവും നാം നമ്മെത്തന്നെ പുതുതായി രൂപാന്തരപ്പെടുത്തണമെന്ന് പറയാറുണ്ട്.(Rejuvenate ourselves) അത് നമ്മുടെ പെരുമാറ്റങ്ങളില്‍ ഉണ്ടാക്കുന്ന മാറ്റങ്ങളിലൂടെയാകാം, പുതുതായി ഒരു കഴിവ് ആര്‍ജിക്കുന്നതിലൂടെയാകാം, ആത്മവിശ്വാസം വര്‍ധിപ്പിക്കുന്ന തരത്തില്‍ ‘മേക് ഓവര്‍’ നടത്തുന്നതിലൂടെയാകാം, ഔദ്യോഗികമായോ സാമൂഹികമായോ സ്റ്റാറ്റസ് വര്‍ധിപ്പിക്കുന്നതിലൂടെയുമാകാം. ഏത് മാര്‍ഗത്തിലൂടെയായാലും ‘സ്വയം പുതുക്കല്‍’ നടക്കുന്നുണ്ടോ ഇല്ലയോ എന്നതാണ് പ്രസക്തമായ ചോദ്യം. ഇല്ലാ എന്നാണ് ഉത്തരമെങ്കില്‍ നിങ്ങളുടെ പ്രവര്‍ത്തങ്ങളല്ല ആയുധങ്ങള്‍ മൂര്‍ച്ച കൂട്ടേണ്ട സമയമായിരിക്കുന്നു. വിധിയേ പഴിക്കുന്നതിന് മുന്‍പ് സ്വയം ചോദിക്കു ‘എപ്പോഴാണ് ഞാനെന്റെ ആയുധങ്ങള്‍ക്ക് മൂര്‍ച്ച കൂട്ടിയത് ? ‘

സ്മാര്‍ട്ട് ഫോണിന്റെ കാലത്ത് ബേസിക്ക് ഫോണും, കമ്പ്യൂട്ടറിന്റെ കാലത്ത് ടൈപ്പ് റൈറ്ററും മൂര്‍ച്ചയില്ലാത്ത ആയുധങ്ങളാണ്. ഓണ്‍ലൈന്‍ മീറ്റിങ്ങുകളുടെയും ഗ്രുപ്പ് കാളുകളുടെയും കാലത്ത് സദ്യസ്യര്‍ക്ക് മുന്നില്‍ മൈക്കില്‍ വസന്തം കാട്ടാനുള്ള കഴിവ് മൂര്‍ച്ചയില്ലാത്ത ആയുധമാണ്. ആര്‍ക്കായും ചിലവഴിക്കാന്‍ മനുഷ്യര്‍ക്ക് സമയമില്ലാത്ത കാലത്ത് ബന്ധങ്ങളില്‍ ഊഷ്മളത നിലനിര്‍ത്താനും കൂടുതല്‍ ആളുകളിലേക്ക് കടന്ന് ചെല്ലാനും കഴിയാത്തത് മൂര്‍ച്ചയില്ലാത്ത ആയുധമാണ്. ഒന്നിലധികം ഭാഷ അനായാസം കൈകാര്യം ചെയ്യുന്നവര്‍ക്ക് മുന്നില്‍ ‘I can understand english, but cannot speak’ ഉം ‘ഹിന്ദി തോടാ മാലൂം’ഉം മൂര്‍ച്ച നഷ്ടപെട്ട ആയുധങ്ങളാണ്. മാറുന്ന കാലത്തിനനുസരിച്ച് മാറാന്‍ കഴിയാത്തതെന്തും, വെല്ലുവിളികളോട് നേര്‍ക്കുനേര്‍ നില്‍ക്കാന്‍ കഴിയാത്തതെന്തും മൂര്‍ച്ചയില്ലാത്ത ആയുധങ്ങളാണ്

അധ്വാനത്തിനനുസരിച്ച് ഫലമുണ്ടാകുന്നില്ലന്ന നിരാശയില്‍ ചിന്താഭാരം നിറയ്ക്കുന്നതിനു മുന്‍പ് പറയു, എപ്പോഴാണ് അവസാനമായി നിങ്ങള്‍ നിങ്ങളെ പുതുതായി രൂപാന്തരപ്പെടുത്തിയത്. എപ്പോഴാണ് നിങ്ങളുടെ ആയുധങ്ങള്‍ക്ക് അവസാനമായി മൂര്‍ച്ച കൂട്ടിയത്.. . .🟢

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.