Follow the News Bengaluru channel on WhatsApp

കൊച്ചുവർത്തമാനം

അജി മാത്യൂ കോളൂത്ര

പ്രോമിത്യൂസിന്റെ ഹൃദയം
അധ്യായം പതിനാല്

വർഷങ്ങൾക്ക് മുൻപാണ്, നടനും, തിരക്കഥാകൃത്തും, സംവിധായകനും ഗാനരചയിതാവുമൊക്കെയായി, ബഹുമുഖപ്രതിഭയായി മലയാള സിനിമയുടെ വെള്ളിത്തിരയിൽ തലയെടുപ്പോടെ നിന്ന ബാലചന്ദ്രമേനോൻ, ഏതോ ഒരു ചാനലിൽ തന്റെ പുതിയ പ്രോഗ്രാം ആരംഭിക്കുകയാണ്. ‘കൊച്ചുവർത്തമാനം’ എന്നാണ് പരുപാടിയുടെ പേര്. ആദ്യ എപ്പിസോഡിൽ അദ്ദേഹം എന്താണ് കൊച്ചുവർത്തമാനം എന്ന് വിശദീകരിക്കുകയാണ്.

“നാം രാവിലെ തലയിൽ എണ്ണയൊക്കെ തേച്ച്, തോളിൽ തോർത്തൊക്കെയിട്ട്, കൈലിയൊക്കെ മടക്കികുത്തി, പുഴയിലേക്ക് നടക്കുന്ന സമയത്ത് എതിർ വശത്തുനിന്നും നാട്ടുകാരനായ ഒരാൾ വരുന്നു. നമ്മെ കാണുന്ന ഏതൊരാൾക്കും ഒറ്റനോട്ടത്തിൽ മനസിലാകും കുളിക്കാൻ പോകുകയാണെന്ന്, എന്നാലും നമുക്കെതിരെ വരുന്ന ആ നാട്ടുകാരൻ ചോദിക്കും ‘കുളിക്കാൻ പോകുകകയാരിക്കും അല്ലേ?’ എന്ന്. അതാണ് കൊച്ചുവർത്തമാനം”. അദ്ദേഹം വിശദീകരിച്ചു.

ഇതിലും ലളിതമായി ആരെങ്കിലും എന്തിനെയെങ്കിലും വിവരിക്കുന്നത് ജീവിതത്തിൽ പിന്നീട് കണ്ടിട്ടില്ല. കൊച്ചുവർത്തമാനം മറ്റൊരാളിലേക്ക് കടന്ന് ചെല്ലാനായി നമ്മുക്ക് ലഭിക്കുന്ന വാതിലാണ്. പ്രസന്നമായ മുഖത്തോടെ ഒരാളുടെ സുഖവിവരങ്ങൾ അന്വേഷിക്കുന്നത്തിലൂടെ, അപരിചിതമായ ഒരു സ്ഥലത്ത് പുതുതായി ഒരാളെ പരിചയപെട്ടു സംസാരിക്കുന്നതിലൂടെ നാം ഒരു സാമൂഹ്യജീവിയായി മാറുകയാണ്. സഹപ്രവർത്തകരുടെ സംഘത്തിൽ, പൊതു  സമ്മേളനത്തിൽ, ഭവനത്തിലോ ഓഫീസിലോ മറ്റെവിടെയെങ്കിലും നടക്കുന്ന  ആഘോഷങ്ങളിൽ അങ്ങനെ ഒന്നിലധികം ആളുകൾ ഒരുമിച്ചു കൂടുന്ന ഏതൊരു സ്ഥലത്തും കൊച്ചുവർത്തമാനം പറയാനുള്ള കഴിവ് നിങ്ങളെ രക്ഷിക്കാനെത്തും. ഒരുകൂട്ടം ആളുകൾ ഒന്നും സംസാരിക്കാനില്ലാതെ പരസ്പരം മുഖത്തോട് മുഖം നോക്കി നിൽക്കുന്ന സാഹചര്യം ഒന്നോർത്തുനോക്കു. ന്യൂജനറേഷൻ ഭാഷയിൽ പറഞ്ഞാൽ “പോസ്റ്റായി പണ്ടാരമടങ്ങി പോകും ബ്രോ”.

കൊച്ചുവർത്തമാനം അഥവാ small talks നുള്ള കഴിവ് നാം പലപ്പോഴും പരിഗണിക്കാതെ വിടുന്ന ഒന്നാണ്. എന്നാൽ നവീന കോർപ്പറേറ്റ് ലോകത്ത് അത് അങ്ങനെയല്ല. മൃദു കഴിവുകൾ, അനൗദ്യോധിക കഴിവുകൾ എന്നെല്ലാം അറിയപ്പെടുന്ന സോഫ്റ്റ്‌ സ്കിൽസ്, ഒരാളെ  ജോലിക്കായി തിരഞ്ഞെടുക്കുന്നതിനുള്ള വളരേ പ്രധാന മാനദണ്ഡങ്ങളിൽ ഒന്നായി മാറിയിട്ടുണ്ട്. കൊച്ചുവർത്തമാനം പറയാനുള്ള കഴിവാണ് അത്തരത്തിൽ പരിഗണിക്കുന്ന കഴിവുകളിൽ ഒന്നെന്നു പറഞ്ഞാൽ ഒരുപക്ഷെ ആശ്ചര്യം തോന്നാം. എന്നാൽ അശ്ചര്യപ്പെടേണ്ട. കൊച്ചുവർത്തമാനം ജോലി ലഭിക്കാനുള്ള കാരണങ്ങളിൽ ഒന്നാണ്.

ഒരാൾ അസാമാന്യം കഴിവുള്ള  ഒരു സോഫ്റ്റ്‌വെയർ ഡവലപ്പർ ആയിരിക്കാം. പക്ഷെ അയാൾക്ക് ടീമിലുള്ള മറ്റ് ആളുകളോട് ഇഴകിചേരാൻ കഴിയുന്നില്ലങ്കിലോ?. എല്ലാവരും ഒരുമിച്ച് ചേരുന്ന അവസരങ്ങളിലൊക്കെ ‘അന്യഗ്രഹസ്ഥനായ’ ഒരുവനെപ്പോലെയാണ് അയാൾ പെരുമാറുന്നതെങ്കിലോ? ആ ടീമിമിന്റെ  പ്രവർത്തനം താറുമാറാക്കാൻ, ഒപ്പം ജോലി ചെയ്യുന്നവർക്ക് സ്ഥാപനത്തോടുള്ള താല്പര്യം നഷ്ടപ്പെടാൻ അത് മാത്രം മതി. വളരേ ചുരുങ്ങിയ സമയം കൊണ്ട് അയാളുടെ അസാമാന്യകഴിവുകൾ സ്ഥാപനത്തിന് ഒരു ബാധ്യതയായി മാറും.  മറ്റുള്ളവർക്കൊപ്പം ഒരു സംഘമായി പ്രവർത്തിക്കാൻ കഴിവില്ലങ്കിൽ നിങ്ങളുടെ മറ്റേല്ലാ കഴിവുകളും നിറംകെട്ടതായി മാറും. അല്ലങ്കിൽ നിങ്ങൾക്കായി മാത്രം തീർത്ത പൊന്നാപുരം കോട്ടയിലാകണം ജീവിതം.

കൊച്ചുവർത്തമാനത്തിൽ പ്രാവീണ്യം നേടുകയെന്നത് അത്ര ബുദ്ധിമുട്ടുള്ള  കാര്യമല്ല. ഓരോ സാഹചര്യത്തിനും അനുയോജ്യമായ ഒരു വിഷയം കണ്ടെത്താനും ചെറിയ വാചകങ്ങളിലൂടെ മറ്റുള്ളവർക്ക് അഭിപ്രായങ്ങൾ പ്രകടിപ്പിക്കാൻ കഴിയുംവിധം അത് അവതരിപ്പിക്കാനും കഴിവുണ്ടായാൽ മതി. അതിൽ രാഷ്ട്രീയം, സ്‌പോർട്സ്, വിലക്കയറ്റം, യുദ്ധം, പ്രാദേശികത, ഭാഷ  സംസ്കാരം, അന്താരാഷ്ട്ര പ്രശ്നങ്ങൾ, സൗഹൃദം, ഗോസിപ്പ്, ആരോഗ്യ-സൗന്ദര്യ-സാമ്പത്തിക ടിപ്പുകൾ പുസ്തകങ്ങൾ, കല ചലച്ചിത്രം അങ്ങനെ ഏതു വിഷയവും കടന്നുവരാം. വാദിക്കാനും ജയിക്കാനും വേണ്ടിയോ അറിയാനും അറിയിക്കാനും വേണ്ടിയോ ഉള്ളതല്ല കൊച്ചു വർത്തമാനമെന്നും അത് സമയംകൊല്ലാനും ബന്ധങ്ങളിൽ ഊഷ്മളത കൊണ്ടുവരാനുമുള്ള മാർഗമാണന്നുമുള്ള ബോധ്യം  എപ്പോഴുമുണ്ടാകണം. അതു കൊണ്ടുതന്നെ തന്റെ ഭാഗമാണ് ശരിയെന്ന് സമർത്തിക്കാനുള്ള വ്യഥവ്യായാമം നടത്തരുത്. സ്വന്തം അഭിപ്രായങ്ങൾ  പറയുന്നതിൽ മാത്രം ശ്രദ്ധകേന്ദ്രീകരിക്കാതെ കാത് മറ്റുള്ളവരുടെ വാക്കുകൾക്കായി തുറന്നു വയ്ക്കുക.

പരസ്പരസഹകരണത്തിന്റെയും സൗഹൃദത്തിന്റയും, നല്ല ബന്ധങ്ങളുടെയുമൊക്കെ ഊർജ്ജം  അതിലുണ്ടാകുന്ന  കൊച്ചുവർത്തമാനങ്ങളാണ്. അളന്നു തൂക്കി പറയുന്ന മഹത്തായ വാചകങ്ങളല്ല ചുണ്ടിൽ മന്ദഹാസം നിറയ്ക്കുന്ന നിഷ്പടവാക്കുകളാണ് മനുഷ്യരെ കൂടുതൽ  ഉറ്റവരാക്കുന്നത്. അതു തന്നെയാണ് നമ്മെ കൂടുതൽ സന്തുഷ്ടരാക്കുന്നതും. അതുകൊണ്ടുതന്നെ എല്ലാ മനുഷ്യരെയും സന്തോഷിപ്പിക്കുന്ന വാക്കുകൾ പറയാൻ പഠിക്കുക. കളങ്കമില്ലാത്ത കൊച്ചുവർത്തമാനങ്ങൾക്കായി നമുക്ക് ചുണ്ടും കാതും തയാറാക്കി വെയ്ക്കാം🟢


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.