Follow the News Bengaluru channel on WhatsApp

തോളിൽ കയറിയ പെണ്ണും സ്റ്റേജിൽ കയറാത്ത പെൺകുട്ടിയും

അജി മാത്യൂ കോളൂത്ര

പ്രോമിത്യൂസിന്റെ ഹൃദയം
അധ്യായം ഇരുപത്

പാട്രിയാര്‍ക്കിയും അത് നിലനിർത്തികൊണ്ടുപോകുന്ന യഥാസ്ഥിതിക ചിന്താഗതിയും നമ്മുടെ സമൂഹം നിലവിൽ ചർച്ച ചെയ്തുകൊണ്ടിരിക്കുന്ന വിഷയമാണ്. സ്ത്രീ സ്വാതന്ത്ര്യത്തിനുമേൽ അടിച്ചേല്പിക്കുന്ന നിബന്ധനകളാണ് ഇത്തരം ചർച്ചകളിൽ ഏറ്റവും കൂടുതൽ വിഷയീകരിക്കപ്പെടുന്നത്. ജനാധിപത്യത്തിന്റെ ഏഴരപതിറ്റാണ്ടുകൾക്ക് ശേഷവും സ്ത്രീ, പുരുഷനോളം തന്നെ സ്വതന്ത്രയാണെന്നും തുല്യ അവകാശങ്ങളുള്ള വ്യക്തിയാണെന്നും അംഗീകരിച്ചു കൊടുക്കുവാൻ പാട്രിയാര്‍ക്കിയിൽ അധിഷ്ഠിതമായ നമ്മുടെ സമൂഹത്തിനായിട്ടില്ല. സ്ത്രീകൾ പുരുഷന്റെ അധികാരപരിധിയിൽ വരുന്നവരായും അവന്റെ അവകാശത്തിലുള്ള സ്വത്തായും ഇവിടെ കണക്കാക്കപ്പെടുന്നു. സ്വത്ത് നഷ്ടപ്പെടുന്നുവെന്നോ, പങ്കുവെയ്ക്കപ്പെടുന്നുവെന്നോ, തന്റെ താല്പര്യങ്ങൾക്കതീതമായി കൈമാറ്റം ചെയ്യുന്നുവെന്നോ തോന്നിയാൽ അവൻ യുദ്ധസന്നദ്ധനായി പുറത്തിറങ്ങും. ഉടമയുടെ താല്പര്യങ്ങൾക്ക് നിന്നു കൊടുക്കയെന്നല്ലാതെ സ്വത്തിന് സ്വത്വം അനുവദനീയമല്ല. പുരോഗമനപരമായ, സ്ത്രീപക്ഷപരമായ എല്ലാ ചർച്ചകളും ഫലരഹിതമാകുന്നത് സമൂഹത്തിൽ രൂഢമൂലമായ ഈ വിശ്വാസം കാരണമാണ്.

കഴിഞ്ഞ ഒരാഴ്ച്ച കേരളത്തിലെ സാമൂഹ്യ മാധ്യമങ്ങളാകെ ചർച്ച ചെയ്തത് രണ്ട് പെൺകുട്ടികളുടെ കഥകളാണ്. ആൾക്കൂട്ടത്തിന്റെ ബഹളങ്ങൾക്കിടയിൽ തൃശൂർ പൂരം കാണാൻ കഴിയാതെ വന്നപ്പോൾ സുഹൃത്തിന്റെ തോളിൽ കയറി പൂരം കണ്ട പെൺകുട്ടിയാണ് ആദ്യത്തേത്. മലപ്പുറം രാമപുരത്ത് മദ്രസ ഉത്ഘാടനത്തിനിടക്ക് പത്താം ക്‌ളാസിലെ വിജയികൾക്ക് അനുമോദനം നൽകുന്ന ചടങ്ങിൽ ‘സമസ്ത’ നേതാവിന്റെ അതിതീവ്ര നിലപാടുകളെ തുടർന്ന് വേദിയിൽ നിന്നും അപമാനിതയായി തിരിച്ചിറങ്ങി പോരേണ്ടി വന്ന പെൺകുട്ടിയാണ് രണ്ടാമത്തേത്.

ഒറ്റ നോട്ടത്തിൽ നോക്കുമ്പോൾ ഒന്ന് മറ്റൊന്നിന്റെ നേർ വിപരീതമായി തോന്നുമെങ്കിലും പൂർണമായും അതങ്ങനെയല്ല. വല്ലവന്റെയും തോളിൽ കയറി പൂരം കാണാൻ ആ പെൺകുട്ടിക്ക് എന്തിന്റെ കേടാണ് എന്നാണ് മതം തലയ്ക്കു പിടിച്ച സദാചാരത്തിന്റെ കാവലാളുകൾ ചോദിക്കുന്നത്. പത്താം ക്ലാസിൽ പഠിക്കുന്ന ഒരു പെൺകുട്ടി പൊതുയിടത്തിൽ വരാനുള്ളവളല്ല എന്നാണ് രണ്ടാമത്തെ വിഭാഗത്തിലെ മത സദാചാരക്കാർ പ്രഖ്യാപിക്കുന്നത്. രണ്ട് കൂട്ടരും ഒരേപോലെ സ്ത്രീവിരുദ്ധത പറയുന്നവരാണ്. ആണാധികാര ഇടങ്ങളിലേക്ക് കയറിചെല്ലാൻ ശ്രമിക്കുന്ന പെണ്ണിന്റെ അവകാശബോധത്തോടുള്ള എതിർപ്പാണ് രണ്ടിടങ്ങളിലും കാണുന്നത്. തൃശൂർ പൂരത്തിന്റെ കാഴ്ച്ചക്കാരെ ‘ആൾകൂട്ടം’ എന്ന വാക്കുകൊണ്ട് വിവരിക്കാവുന്നതല്ല. അത് ‘പുരുഷാ’രമാണ്. അവിടേക്ക് കടന്നെത്തുന്ന സ്ത്രീകൾ ഈ പുരുഷകൂട്ടത്തിന്റെ അതിക്രമങ്ങൾക്ക് വിധേയരാകുമെന്ന ഭീതിയിൽ തൃശൂർ നഗരത്തിൽ താമസിക്കുന്ന സ്ത്രീകൾ പോലും പ്രധാനപൂരത്തിന്റെ ദിവസം അങ്ങോട്ടേക്ക് പോകാറില്ല. പൂരം പുരുഷന്മാർക്ക് മാത്രമുള്ളതാണെന്ന അലംഘിത നിയമം നിലനിൽക്കപ്പെടുന്നത് അങ്ങനെയാണ്. അവിടെയാണ് സുഹൃത്തിന്റെ തോളിലേറി ഒരു ‘പെണ്ണ്’ പൂരം കണ്ടതും സന്തോഷത്തോടെ കണ്ണീരണിഞ്ഞതും.

യാഥാസ്ഥിതിക മുസ്‌ളീം വിഭാഗങ്ങൾക്ക് സ്ത്രീ പൊതിഞ്ഞു സൂക്ഷിക്കപ്പെടേണ്ട മിഠായിപോലെയാണ്. ഒരർത്ഥത്തിൽ ആർക്കോ രുചിക്കാൻ വേണ്ടി പൊതിഞ്ഞു സൂക്ഷിക്കുന്ന മധുരഫലഹാരം മാത്രമാണ് സ്ത്രീ എന്നാണ് അവർ പറഞ്ഞു വെയ്ക്കുന്നത്. പെണോന്ന് തന്റേടത്തോടെ നടന്നാൽ, പൊതുവിടങ്ങളിൽ മുഖം കാട്ടിയാൽ, ആണുങ്ങളുടെ സദസിൽ വന്നു നിൽക്കുകയോ അഭിപ്രായം പറയുകയോ ചെയ്‌താൽ ആകാശം ഇടിഞ്ഞു വീഴുമെന്ന് ഇവർ കരുതുന്നു. അത് ശരിയാണ്, പെണ്ണ് സ്വന്തം കാലിൽ നിൽക്കുമ്പോൾ ഇവരുടെ മൂഢസ്വർഗങ്ങൾ ഇടിഞ്ഞു വീഴാൻ തുടങ്ങും. മനുഷ്യത്തത്തിന്റെ നിഴൽ തട്ടിയിട്ടില്ലാത്ത, തുല്യതയെന്ന പേര് കേട്ടിട്ടുകൂടിയില്ലാത്ത അത്തരം മൂഢസ്വർഗങ്ങൾ തകർക്കപ്പെട്ടു പോകട്ടെ.

ഈ രണ്ട് സംഭവങ്ങളിലും നല്ലൊരു ശതമാനം യുവ തലമുറ പെൺകുട്ടികൾക്കൊപ്പം നിന്നു എന്നതാണ് ഒരു സമൂഹമെന്ന നിലയിൽ നമുക്ക് അഭിമാനിക്കാൻ വകനൽകുന്ന കാര്യം. പെൺ വിമർശകരെയാകെ നിലംപരിശാക്കും വിധം അവർ പെൺകുട്ടികൾക്ക് പിന്തുണ നൽകി. അവരോടൊപ്പം കൈചേർത്ത് നിന്നു. പ്രതീക്ഷ നൽകുന്ന നിലപാടാണത്. പാട്രിയാര്‍ക്കിയുടെ മുറുകെപിടിത്തങ്ങളിൽ നിന്നുമുള്ള മോചനം വരുന്ന തലമുറയിലൂടെയെങ്കിലും സാധ്യമാകട്ടെ.

മറ്റുള്ളവർ കടന്നുപോകാൻ മടിച്ച വഴിയിലൂടെ യാത്ര ചെയ്തവരും ആരും ചിന്തിക്കാത്ത രീതിയിൽ പുതിയ ആശയങ്ങൾക്കായി തേടിപോയവരും പിന്നിലേക്ക് പിടിച്ചു നിർത്തിയിരുന്ന ബന്ധങ്ങളെയെല്ലാം തകർത്തെറിഞ്ഞവരുമാണ് ഇന്ന് നാം കാണുന്ന ഈ ലോകം പടുത്തുയർത്തിയത്. പെണ്ണുങ്ങളെ, . . .. നിങ്ങൾ ആഗ്രഹിക്കുന്ന വിധം നിങ്ങളുടെ ജീവിതം ജീവിക്കുക. വിദ്യാഭ്യാസം കൊണ്ടും അനുഭവങ്ങൾക്കൊണ്ടും കരുത്താർജ്ജിക്കുക. അന്യനെ ആശ്രയിക്കാതെ ജീവിക്കാൻ കഴിയുംവിധം വരുമാനമാർജിക്കുക. താടിയുള്ള ഒരപ്പനെയും പേടിക്കാതെ സ്വന്തം നിലപാടുകൾക്കൊപ്പം ആത്മാഭിമാനത്തോടെ നിലകൊള്ളുക. നിങ്ങളെ കാത്തിരിക്കുന്ന വേദികളിലേക്ക് ഉറച്ച കാൽ വെയ്പ്പുകളോടെ കടന്നു ചെല്ലുക. നിങ്ങളുടെ ലോകം നിങ്ങളുടെ കൈപ്പടിയിലാകും കാലം വരേയ്ക്കും പോരാട്ടം നിർത്താതിരിക്കുക🟢


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.