Follow the News Bengaluru channel on WhatsApp

സംഭാഷണം : വിപിൻ ദാസ്- ഡോ. കീർത്തി പ്രഭ

 

ടോക് ടൈം 

🟡

 വിപിന്‍ ദാസ് | ഡോ. കീർത്തി പ്രഭ

 

പ്രേക്ഷക ശ്രദ്ധപിടിച്ചു പറ്റിയ അന്താക്ഷരി എന്ന മലയാള ചിത്രത്തിന്റെ സംവിധായകന്‍ വിപിന്‍ ദാസ് ന്യൂസ് ബെംഗളൂരു ഡോട്ട് കോം പ്രതിനിധി ഡോ. കീര്‍ത്തി പ്രഭയുമായി നടത്തിയ സംഭാഷണത്തില്‍ നിന്ന്. തന്റെ പിന്നിട്ട ചലച്ചിത്ര വഴികളെ കുറിച്ചും ചലച്ചിത്ര സങ്കല്‍പ്പങ്ങളെ കുറിച്ചും അദ്ദേഹം മനസ് തുറക്കുന്നു.

🟡മുദ്ദുഗൗവിൽ നിന്നും അന്താക്ഷരിയിലേക്കുള്ള യാത്രയെ എങ്ങനെയാണ് വിലയിരുത്തുന്നത്?

മുദ്ദുഗൗവിൽ നിന്നും അന്താക്ഷരിയിലേക്കുള്ള യാത്ര കുറച്ച് ബുദ്ധിമുട്ടായിരുന്നു. ആദ്യത്തെ സിനിമയ്ക്ക് പ്രൊഡ്യൂസറിനെ കിട്ടാൻ വലിയ ബുദ്ധിമുട്ട് ഉണ്ടായില്ല. പക്ഷെ രണ്ടാമത്തെ പടത്തിലോട്ട് എത്തിയപ്പോൾ മുദ്ദുഗൗ ഒരു വിജയം അല്ലാതിരുന്നത് കൊണ്ട് തന്നെ കഥയുടെ രീതിയും അന്താക്ഷരിയും ഒക്കെ വച്ച് നോക്കുമ്പോൾ ഈ പടം എത്രത്തോളം വിജയിക്കും എന്നും എത്രമാത്രം വർക്ക് ഔട്ട്‌ ആവും എന്നുള്ള സംശയങ്ങൾ ഞാൻ സമീപിച്ച നിർമാതാക്കളുടെയും ആക്ടർസിന്റെയും ഒക്കെ ഭാഗത്ത്‌ നിന്നും ഉണ്ടായി. പലയിടത്തു നിന്നും എനിക്ക് പലരെയും പറഞ്ഞ് സംസാരിച്ച് കൺവിൻസ് ചെയ്യാൻ ബുദ്ധിമുട്ട് ഉണ്ടായിരുന്നു. ഒരു സമയത്ത് ഇത് നടക്കില്ല എന്ന് പോലും തോന്നിയിട്ടുണ്ട്. അതുകൊണ്ട് തന്നെ ഈ ഒരു 6 വർഷം മുദ്ദുഗൗവിനേക്കാൾ ബുദ്ധിമുട്ടിയ ഒരു കാലയളവ് ആയി എനിക്ക് തോന്നിയിട്ടുണ്ട്.

🟡സീരിയൽ കില്ലിംഗ് പ്രമേയമായിട്ടുള്ള ഒരുപാട് സിനിമകളും കഥകളും നോവലുകളും ഒക്കെ നമുക്കുണ്ടായിട്ടുണ്ട്.അപ്പോൾ അത്തരം ഒരു വിഷയം സിനിമയ്ക്കായി തിരഞ്ഞെടുക്കുമ്പോൾ ഒരു ആവർത്തനം ആവാതെയിരിക്കാൻ എന്തൊക്കെയാണ് ശ്രദ്ധിച്ചത്?

ഞാൻ പൊതുവെ സീരിയൽ കില്ലർ ത്രില്ലർ സിനിമകളുടെ ഒരു ഫാൻ അല്ല. ഭയങ്കര ട്വിസ്റ്റും ടേണും ഒക്കെയായി ഫാസ്റ്റ് ആയി പോവുന്ന, ആളുകൾക്ക് ചിന്തിക്കാൻ സമയം കൊടുക്കാത്ത സിനിമകളുടെ ഫാൻ അല്ല. പക്ഷെ അത്തരം സിനിമകൾ കാണാറൊക്കെയുണ്ട്. സിനിമ പഠിക്കുന്നതിന്റെ ഭാഗമായി കാണും എന്നല്ലാതെ ഡൈ ഹാർട്ട് ഫാൻ ഒന്നും അല്ല. അതുകൊണ്ട് തന്നെ അന്താക്ഷരിയിലേക്ക് വരുമ്പോൾ സ്ഥിരം ത്രില്ലർ സിനിമകളിൽ വരുന്ന ട്വിസ്റ്റ്‌, ടേൺ, ഫാസ്റ്റ് കട്ട്സ്, മ്യൂസിക്കൽ എലമെന്റ്സ്, സസ്പെൻസ് തുടങ്ങിയ ഫോർമുലാസ് ഒക്കെ മാക്സിമം മാറ്റി വച്ചിട്ടുണ്ട്. പ്രേക്ഷകരുടെ തിങ്കിങ് പ്രോസസ്സ് കൂടെ കൂട്ടിച്ചേർത്തു കൊണ്ട് എല്ലാത്തിനും ഒരു സ്പേസ് കൊടുത്ത് പോകുന്ന ഒരു രീതിയാണ് ഞാൻ പ്ലാൻ ചെയ്തിട്ടുണ്ടായിരുന്നത്. അതാണ് മറ്റ് ത്രില്ലർ സിനിമകളിൽ നിന്നും ഉണ്ടായ ഒരു മാറ്റം. കാരണം ആളുകൾക്ക് ചിന്തിക്കാനും പല കാര്യങ്ങളെക്കുറിച്ചും ആലോചിക്കാനും ഒക്കെയുള്ള ഒരു സ്പേസ് ഉണ്ടാക്കിയെടുക്കാൻ പറ്റി. പല കഥാപാത്രങ്ങളും പാതിവഴിയിൽ നിൽക്കുന്നത് കൊണ്ട് അതിന്റെ ഒരു കൺക്ലൂഷനും ഡീറ്റെയിൽസും അവർക്ക് എന്തു പറ്റി എന്ന് ആലോചിക്കാൻ ഉള്ള ഒരു പ്ലോട്ട് ഇട്ടിട്ടാണ് ഞാൻ സിനിമ നിർത്തിയിരിക്കുന്നത്. അതൊരു പുതിയ രീതിയായിട്ടാണ് എനിക്ക് തോന്നുന്നത്. എല്ലാവരും കൊടുക്കുന്നത് പോലെ എല്ലാം കംപ്ലീറ്റഡ് ആയിട്ട് കൊടുക്കാൻ എനിക്ക് താല്പര്യം ഇല്ലായിരുന്നു. ഇൻകംപ്ലീറ്റ് ആയിട്ടുള്ള ഒരുപാടു കഥാപാത്രങ്ങൾ സോഡിയാക്, മെമ്മറീസ് ഓഫ് മർഡർ പോലുള്ള ക്ലാസ്സിക്‌ സിനിമകളിൽ ഒക്കെ ഉണ്ട്. അതിനെ പിൻപറ്റി അതുപോലൊരു ശ്രമം ആണ് ഞാൻ നടത്തിയത്. അത് എത്രത്തോളം വർക്ക് ഔട്ട്‌ ആയി എന്നറിയില്ല. പലർക്കും ആ ഇൻകംപ്ലീറ്റ് ആയിട്ടുള്ള ഫീൽ ഓക്വേഡ് ആയിട്ട് തോന്നിയിട്ടുണ്ട്. പക്ഷെ ഞാനത് ഒരുപാട് ഇഷ്ടപ്പെട്ട് ചെയ്തതാണ്. ടെക്നിഷ്യൻസിനൊക്കെ ഇഷ്ടപ്പെട്ട ഏരിയ അതായിരുന്നു. പലതും കംപ്ലീറ്റ് ചെയ്യാതെ കാണുന്നവർക്ക് ചിന്തിക്കാൻ വിട്ടു കൊടുത്തിട്ടുള്ള ഒരു രീതി. അതു തന്നെയാവും മറ്റ് ത്രില്ലർ സിനിമകളിൽ നിന്നും ഉള്ള വ്യത്യാസം.

അന്താക്ഷരി
🟡വ്യക്തിപരമായി സംഗീതവുമായുള്ള ബന്ധം?

വ്യക്തിപരമായ ബന്ധം എന്ന് പറയുമ്പോൾ ഒരുപാട് പാട്ടുകൾ കേൾക്കും. എല്ലാത്തരം പാട്ടുകളും കേൾക്കാൻ ഇഷ്ടമാണ്. പല ഭാഷകളിലുള്ള പാട്ടുകൾ, പഴയ പാട്ടുകൾ, പുതിയ പാട്ടുകൾ എല്ലാം കേൾക്കും. പട്ടികളുടെ വരികളും അതിന്റെ ഇമോഷൻസും തുടങ്ങി വളരെ ഡീറ്റെയിൽസ് ആയി പാട്ട് കേൾക്കാറുണ്ട്. എന്നാൽ പാട്ട് പാടാൻ അറിയില്ല, അതിനെപ്പറ്റി വലിയ അവഗാഹവും ഇല്ല. പക്ഷെ അതിന്റെ ഇൻസ്‌ട്രുമെന്റേഷനും അതിൽ എത്തരത്തിലുള്ള മ്യൂസിക് എവിടെയൊക്കെ ഉപയോഗിച്ചാൽ എന്തൊക്കെ ഫീൽ കിട്ടും, എന്തൊക്കെ ഇമോഷൻസ് അതുണ്ടാക്കും അങ്ങനെയൊക്കെ സ്ഥിരമായി ശ്രദ്ധിക്കാറുണ്ട്. പാട്ടിനെക്കുറിച്ച് അത്യാവശ്യം വായിക്കുകയും കേൾക്കുകയും ചെയ്യുന്ന ഒരാളാണ്. അതാണ് സംഗീതവുമായുള്ള ബന്ധം.

🟡എഴുത്തുകാരനും സംവിധായകനും ഒരാൾ തന്നെ ആവുമ്പോൾ ഒരു സിനിമയ്ക്ക് ചന്തം കൂടുന്നു എന്ന് തോന്നിയിട്ടുണ്ടോ?

അങ്ങനെ ചന്തം കൂടുമോയെന്ന് അറിയില്ല. ഞാൻ എന്റെ കഥകളിൽ മാത്രമേ വർക്ക് ചെയ്തിട്ടുള്ളു. ഇപ്പൊ ഈ ചെയ്തതും എന്റെ കഥ തന്നെ. ഇനി വരാൻ പോകുന്ന സിനിമയിൽ സഹായിക്കാനും സ്പീഡ് കൂടാനും എന്റെ മനസിൽ വരാത്ത ചിന്തകൾ കൂടെ കഥകളിലേക്ക് കൊണ്ടുവരാനും വേണ്ടി വേറൊരു കോറൈറ്ററെ കൂടെ വെക്കുന്നുണ്ട്.

ഒറ്റയ്ക്ക് എഴുതുന്നതിനും അല്ലാതെ എഴുതുന്നതിനും ഗുണങ്ങളും ദോഷങ്ങളും ഉണ്ടാവും എന്ന് തോന്നുന്നു. ഒറ്റയ്ക്ക് എഴുതുമ്പോ കുറച്ചൂടെ ഫ്രീഡം കിട്ടുന്നു എന്ന് തോന്നിയിട്ടുണ്ട്. നമ്മുടേതായ ഒരു മൈൻഡ്സെറ്റിൽ എഴുതാൻ പറ്റും. പക്ഷെ വേറൊരാളുടെ ഐഡിയോളജി കൂടെ വരുമ്പോൾ നമുക്ക് ചിലപ്പോൾ കഥയുടെ വേറൊരു പെർസ്പെക്റ്റീവ് കിട്ടും. കൂടാതെ ചിലപ്പോൾ നമ്മുടെ മനസിലുള്ളതിനേക്കാൾ ബെറ്റർ ഓപ്ഷൻസ് കിട്ടാനും സാധ്യതയുണ്ട്. അപ്പോൾ രണ്ടിനും ഗുണവും ദോഷവും ഉണ്ട്.

🟡മലയാള സിനിമ ഒരു മാറ്റത്തിന്റെ വഴിയിലാണ് ഇന്ന്. മെയിൽ ഷോവണിസങ്ങളുടെയും സ്ത്രീ വിരുദ്ധതയുടെയും അതിപ്രസരങ്ങളിൽ നിന്നും കരകയറുന്ന സിനിമയെ എങ്ങനെയാണ് താങ്കൾ നോക്കിക്കാണുന്നത്?

മലയാള സിനിമയിൽ പണ്ടും മാറ്റങ്ങൾ ഉണ്ടായിട്ടുണ്ട്. മെയിൽ ഷോവണിസവും സ്ത്രീപക്ഷ ചിന്തകളും ഒക്കെ വളരെ പഴയ പ്രേംനസിർ, സത്യൻ, തിക്കുറിശ്ശി മുതലായവരുടെ സിനിമകൾ മുതൽ കാണുന്നുണ്ട്. പക്ഷെ അത് എത്രത്തോളം പ്രേക്ഷകരിലോട്ട് എത്തിയിട്ടുണ്ടെന്നും കമ്മ്യൂണിക്കേറ്റ് ആയിട്ടുണ്ടെന്നും അറിയില്ല. 90കളിലെ പത്മരാജൻ സിനിമകളിൽ അത് കുറച്ചൊക്കെ കമ്മ്യൂണിക്കേറ്റ് ആയിട്ടുണ്ട്. ഇപ്പോൾ കുറച്ച് കൂടുതലായി കമ്മ്യൂണിക്കേറ്റ് ആവുന്നുണ്ടെന്നും ചർച്ചകൾ നടക്കുന്നുണ്ടെന്നുമേയുള്ളു, മാറ്റം പണ്ട് മുതലേയുണ്ട്. അത് ആളുകൾ ശ്രദ്ധിച്ചു തുടങ്ങിയത് ഇപ്പോളാണെന്നു തോന്നുന്നു. വിദ്യാഭ്യാസ രംഗത്തും രാഷ്ട്രീയ സാമൂഹിക കാഴ്ചപ്പാടുകളിലും ആളുകൾക്കും സമൂഹത്തിനുമുണ്ടായ പുരോഗതി ആ മാറ്റങ്ങൾ കൂടുതൽ ശ്രദ്ധിക്കപ്പെടുന്നതിനു കാരണമായിട്ടുണ്ട് എന്നത് നല്ല കാര്യമാണ്. ഇനിയങ്ങോട്ടും മാറ്റങ്ങൾ ഉൾക്കൊണ്ടു കൊണ്ട് ഇതിനേക്കാൾ നല്ല രീതിയിൽ പൊളിറ്റിക്കലി കറക്റ്റഡ് ആയിട്ടുള്ള സിനിമകളും കഥാപത്രങ്ങളും കലാകാരന്മാരും ഒക്കെ ഉണ്ടായിക്കൊണ്ടിരിക്കും എന്ന് തന്നെ വിശ്വസിക്കുന്നു.

മുദ്ദുഗൗ
🟡അന്താക്ഷരിയിലെ ഏതെങ്കിലും കഥപാത്രത്തിന് താങ്കളുടെ ജീവിത അനുഭങ്ങളുമായി ബന്ധമുണ്ടോ?

ഇല്ല, അന്താക്ഷരിയിലെ ഒരു കഥാപാത്രങ്ങൾക്കും എന്റെയോ മറ്റാരുടെയോ ജീവിതവുമായി ബന്ധമില്ല. അതിന്റെ കഥയും കഥാരീതിയും കഥാപാത്രങ്ങളും ലൊക്കേഷനും ഒക്കെ കംപ്ലീറ്റ് ഫിക്ഷൻ ആണ്. അതുകൊണ്ട് തന്നെയാണ് ഞാൻ കേദാരം എന്നൊരു സ്ഥലപ്പേര് തന്നെ കൊടുത്തത്. അങ്ങനൊരു സ്ഥലം എന്റെ അറിവിൽ ഇല്ല. അതൊരു രാഗത്തിന്റെ പേരാണ്. മുഴുവനായും ഒരു ഫിക്ഷൻ തന്നെയാണ് അന്താക്ഷരി, അത് റിയൽ ലൈഫിൽ ഉണ്ടാവാൻ സാധ്യത ഇല്ല.

🟡ഓ.ടി.ടി പ്ലാറ്റ്ഫോമുകൾ സിനിമകളെ കൂടുതൽ ജനകീയമാക്കുകയും ആരോഗ്യകരമായ ചർച്ചകൾക്ക് വഴിയൊരുക്കുകയും ചെയ്യുന്നു എന്ന് തോന്നുന്നുണ്ടോ?

ഉറപ്പായിട്ടും. ജനകീയമാക്കുന്നതിൽ മാത്രമല്ല. ചെറിയ ചെറിയ സിനിമകൾക്കും ടെൻഷൻ ഫ്രീ ആയിട്ട് മുന്നോട്ട് പോവാൻ പറ്റുന്ന രീതിയിൽ കാര്യങ്ങൾ കൊണ്ട് പോവുന്നുണ്ട്. ഈ സിനിമ തിയേറ്ററിൽ ഇറക്കിയിരുന്നെങ്കിൽ ആദ്യത്തെ കുറച്ച് ദിവസങ്ങൾ ആൾക്കാരെ തീയേറ്ററിലേക്ക് കയറ്റി സിനിമ ഓടിച്ചെടുക്കേണ്ട ബാധ്യത തീയേറ്ററുകാർക്കും  നിർമാതാവിനും ഉണ്ടാവും. കാരണം വലിയൊരു ഫാൻ സപ്പോർട്ട് ഒന്നും ഇല്ലാത്ത ആൾക്കാരാണല്ലോ ഇത് ചെയ്തിരിക്കുന്നത്. ഓ.ടി.ടി യെ സംബന്ധിച്ച് അങ്ങനെയില്ല. ആദ്യദിവസം തന്നെ എല്ലാത്തരം ആൾക്കാരും കാണുകയും അതിനെക്കുറിച്ചു ചർച്ച ചെയ്യുകയും പടം നല്ലതാണെങ്കിൽ കൂടുതൽ ആളുകളിലേക്ക് എത്തുകയും ചെയ്യും. അതുകൊണ്ട് തന്നെ ഓ.ടി.ടി നല്ലൊരു ഓപ്ഷൻ ആയിട്ട് തന്നെ മാറുന്നുണ്ട് ഇപ്പോൾ.

🟡അന്താക്ഷരിയുടെ കഥ എഴുതുമ്പോൾ തന്നെ അതിൽ ചില കഥാപാത്രങ്ങൾ അവതരിപ്പിക്കാൻ  ഈ അഭിനേതാവ് തന്നെ വേണം എന്ന് തോന്നിയിട്ടുണ്ടോ?

അങ്ങനെയൊരു മുൻധാരണയിലല്ല ഞാൻ അന്താക്ഷരി എഴുതിയത്. കഥാപാത്രങ്ങളെ തീരുമാനിച്ചതിനു ശേഷം അവരുടെ മാനറിസങ്ങൾക്ക് അനുസരിച്ച് കാര്യങ്ങൾ കുറച്ച് മാറ്റിയിട്ടുണ്ടാവും എന്നല്ലാതെ ഒരു സിനിമ എഴുത്തുമ്പോഴും ഈ ആക്ടർ വേണം എന്ന് മനസ്സിൽ ഉറപ്പിച്ച് എഴുതാറില്ല.

🟡സൈജു കുറുപ്പ് ദാസ് എന്ന കഥാപാത്രം എത്രത്തോളം മനോഹരമാക്കി എന്നാണ് പറയാനുള്ളത്?

സത്യത്തിൽ സൈജു ചേട്ടൻ എന്റെ ഫസ്റ്റ് ഓപ്ഷൻ അല്ലായിരുന്നു. വേറെ പല നടന്മാരെയും നോക്കിയതിനു ശേഷമാണു ഞാൻ സൈജു ചേട്ടനിലേക്ക് എത്തുന്നത്. പക്ഷെ സിനിമയുടെ എല്ലാ പ്രോസസ്സുകളിലൂടെയും കടന്ന് പോയി അവസാനമായപ്പോൾ സൈജു ചേട്ടനാണ് ഈ കഥാപാത്രത്തിന് ഏറ്റവും ആപ്റ്റ് എന്ന് തോന്നിയിട്ടുണ്ട്. കാരണം സൈജു ചേട്ടന്റെ ഒരു പ്രത്യേക അഭിനയ രീതി ഒക്കെ എനിക്ക് വളരെയധികം ഗുണം ചെയ്തിട്ടുണ്ട്. സൈജു ചേട്ടനാണോ ഇതിന്റെ വില്ലൻ എന്നുപോലും പലരും സംശയിച്ച ഒരു അവസ്ഥ വന്നിട്ടുണ്ടായിരുന്നു. ഇപ്പോൾ സൈജു ചേട്ടനല്ലാതെ വേറൊരാളെയും ആ കഥാപാത്രമായി സങ്കൽപ്പിക്കാൻ കഴിയുന്നില്ല.

🟡സംഘട്ടനങ്ങളിൽ പോലും നിലനിർത്തിയ സ്വഭാവികത ബോധപൂർവം ആണോ അതോ താങ്കളിലെ സാധാരണ മനുഷ്യനിൽ നിന്നും അറിയാതെ വന്നതാണോ?

സംഘടനത്തിലായാലും മറ്റെല്ലാ ഫ്രയിമിയിലായാലും അയാളൊരു സാധാരണക്കാരനാണെന്നും വളരെ വ്യക്തമായി എല്ലാവർക്കും കണക്റ്റ് ചെയ്യാൻ പറ്റണം എന്നും വിചാരിച്ചിരുന്നു. കഥയിലെ ട്വിസ്റ്റുകൾ ഒക്കെ പറയുന്നത് അടുക്കളയിൽ ഭാര്യയുമായി ഇരുന്നു കൊണ്ടാണ്. അതൊക്കെ മനപ്പൂർവം അങ്ങനെ ചെയ്തെടുത്തതാണ്. അതല്ലാതെ ഇതൊക്കെ ഒരു ഡാർക് റൂമിൽ ലൈറ്റ് ഒക്കെ വച്ച് റൂട്ട് മാപ്പൊക്കെ വരപ്പിച്ച് ചെയ്യിപ്പിക്കാൻ പറ്റുന്നൊരു കാര്യമാണ്. പക്ഷെ ഞാനത് കുറച്ചു കൂടെ സിംപ്ലിഫൈ ചെയ്തു. രണ്ട് ഉദ്ദേശങ്ങൾ ഉണ്ടായിരുന്നു. ഒന്ന് സ്ഥിരം ക്‌ളീഷെകൾ ഒക്കെ ബ്രേക്ക്‌ ചെയ്യണം എന്നത്, രണ്ട് സാധാരണക്കാരിലേക്ക് എത്തിച്ച് അവർക്കിടയിൽ നടക്കുന്ന ഒരു കഥയുടെ ഫീൽ ഉണ്ടാക്കുക എന്നത്.

🟡പോലീസുകാരെയും ഡോക്ടർമാരെയും അതുപോലെ എല്ലാവരെയും സ്റ്റീരിയോടൈപ്പ് ചെയ്യുന്ന പ്രവണത സമൂഹത്തിലെന്നപോലെ സിനിമയിലും പ്രതിഫലിക്കാറുണ്ട്. അതിൽ നിന്നും വ്യത്യസ്തനായി ദാസിനെ ചിത്രീകരിച്ചത് മനപ്പൂർവമാണോ?

അങ്ങനെ വ്യത്യസ്തമായി ചെയ്യണം എന്നല്ല, എല്ലായ്പോഴും കാണുന്ന സിനിമാറ്റിക് ആയിട്ടുള്ള ഒരു പോലീസുകാരൻ വേണ്ടെന്ന് ആദ്യമേ തീരുമാനിച്ചിരുന്നു. റിയൽ ലൈഫിൽ പോലീസുകാരും ഡോക്ടർസും ഒക്കെ നല്ലതും ചീത്തയും ആയിട്ടുള്ള ആൾക്കാരുണ്ട്. അതിൽ ആവശ്യം ഉള്ളവരെ ഞാൻ മാറ്റി മാറ്റി ഉപയോഗിച്ചു എന്നേയുള്ളു. അല്ലാതെ മനപ്പൂർവം മാറ്റിയതല്ല. ഈ സിനിമയ്ക്ക് അതാണ് കൂടുതൽ നന്നാവുക എന്ന് തോന്നി. കൂടെ അത് പല ക്‌ളീഷെകളും ബ്രേക്ക്‌ ചെയ്യുന്നതായും തോന്നി.

🟡സിനിമ മേഖലയിലെ ആണാധികാര പ്രവണത, ലിംഗ അനീതികൾ, സ്ത്രീ സുരക്ഷിതത്വം എന്നിവയെ പറ്റി എന്താണ് പറയാനുള്ളത്?

അങ്ങനൊരു ആണധികാര പ്രവണതയും ലിംഗ അനീതിയും ഉള്ളതായി എനിക്ക് തോന്നിയിട്ടില്ല. ഞങ്ങളുടെ കൂടെയും സ്ത്രീകൾ വർക്ക് ചെയ്യാറുണ്ട്. അവർക്ക് അവരുടെ വാല്യു കൊടുക്കുന്നുണ്ട്. അവർ എത്രത്തോളം മുന്നോട്ട് വരുന്നോ അത്രയും തന്നെ അവർക്ക് സിനിമയിൽ ചെയ്യാൻ പറ്റുന്നുണ്ട്. ഇപ്പോൾ പുഴു എന്ന സിനിമ മമ്മൂട്ടിയെ വച്ച് സംവിധാനം ചെയ്തത് ഒരു സ്ത്രീയാണ്. മലയാളത്തിൽ ഞാൻ ഉൾപ്പെടെ എത്രയോ ആൺ സംവിധായകർ മമ്മൂട്ടിയെ വച്ച് ഒരു പടം ചെയ്യാൻ കാത്തിരിക്കുന്നുണ്ട്. അതൊരു സ്ത്രീക്ക് സാധിച്ചിട്ടുണ്ടെങ്കിൽ അതൊരു മുന്നേറ്റം തന്നെയാണ്. മറ്റെല്ലാ മേഖലയിലും ഉള്ളത് പോലെ തന്നെയാണ് സിനിമയിലും.

🟡കോവിഡ് കാലം സിനിമ ആസ്വാദനതലങ്ങളെ എങ്ങനെയൊക്കെ മാറ്റി മറിച്ചിട്ടുണ്ട്? സിനിമയുടെ പ്രമേയങ്ങൾ തിരഞ്ഞെടുക്കുന്നതിൽ  കോവിഡ് കാലം വലിയ മാറ്റങ്ങളാണ് വരുത്തിയത്? അതിനെയൊക്കെ എങ്ങനെയാണു നോക്കിക്കാണുന്നത്?

കോവിഡ് കാലത്ത് ഒരുപാട് മാറ്റം ഉണ്ടായിട്ടുണ്ട്. ആളുകൾ സിനിമ കാണുന്ന രീതിയും ജീവിക്കുന്ന രീതിയും ഒക്കെ മാറിയിട്ടുണ്ട്. സിനിമയിൽ മാത്രമല്ല എല്ലാ രീതിയിലും ഒരുപാട് മാറ്റം ഫീൽ ചെയ്യുന്നുണ്ട്. സിനിമയിലാണെങ്കിൽ പ്രത്യേകിച്ച് ഓ.ടി.ടി വന്നതിനു ശേഷം പല ഭാഷകളിലുള്ള പല തരം സിനിമകൾ സാധാരണക്കാർ കണ്ടു തുടങ്ങിയിട്ടുണ്ട്. ആസ്വാദന രീതി മാറുന്നത് ടെക്‌നിഷ്യൻസിനും നല്ലതാണ്. പലവിധ വിഷ്വൽ സാധ്യതകളിലേക്കും പോവാൻ അവർക്കിത് ധൈര്യം കൊടുക്കുന്നുണ്ടാവും. മാറ്റത്തെ നല്ലതായിട്ട് തന്നെ കാണുന്നു.🟡


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.