Follow the News Bengaluru channel on WhatsApp

പുഴു ഇഴയുന്ന വഴികൾ

സിനിമാസ്വാദനം 🟡 ഡോ. കീർത്തി പ്രഭ

പലതരം പുഴുക്കളുടെ മേളമാണ്‌ രതീനയുടെ ഒരൊറ്റ പുഴു. സങ്കോചങ്ങളിലൂടെ ശരീരം നീട്ടിയും ചെറുതാക്കിയും മനസുകളിലൂടെ ഇഴഞ്ഞിഴഞ്ഞ് അത് നമ്മളെ അലോസരപ്പെടുത്തും. കുടഞ്ഞിട്ടും തട്ടി മാറ്റാൻ നോക്കിയിട്ടും അത് പോവാതിരിക്കുമ്പോൾ നമുക്കുള്ളിൽ നമ്മൾ പോലുമറിയാതെ ഒളിച്ചിരിക്കുന്ന നമുക്കിഷ്ടമില്ലാത്ത നമ്മളെ അത് നമുക്ക് കാണിച്ചു തരും.

പ്രകടമായ ആക്രമണ സ്വഭാവമില്ലാതെ മൃദുവും ലോലവുമായ തന്റെ ബാഹ്യരൂപം ഒരു മറയാക്കി വൈകാരികമായ ചൊറിച്ചിലുകളുണ്ടാക്കുന്ന പുഴു നമ്മുടെയെല്ലാം ഉള്ളിലൂടെ ഇഴയുന്നുണ്ട്.ഈ പുഴുവിനെ എല്ലാവർക്കും ഇഷ്ടപെട്ടെന്ന് വരില്ല. കാരണം അത് നമ്മൾ പുറത്ത് കാണിക്കാൻ ആഗ്രഹിക്കാത്ത നമ്മുടെയൊക്കെ ഉള്ളിലെ പ്രാകൃത ചിന്തകളെ, ചില അഹംബോധങ്ങളെ പുറത്തേക്ക് വലിച്ചിടുന്നുണ്ട്.

നമ്മുടെ ചിന്തകളെ കാർന്നു തിന്നുന്ന ജാതിബോധം എന്ന പുഴു നമ്മളെ തന്നെ കണ്ണ് തുറിച്ച് നോക്കി നിൽക്കുമ്പോൾ പലർക്കും ഉൾക്കൊള്ളാൻ കഴിയില്ല.മകന്റെ മുറിവിന്റെ വേദനയെപ്പോലും വകവെക്കാതെ അതെന്തോ അശുദ്ധിയിൽ നിന്നും ഉണ്ടായതാണെന്ന ബോധത്തിൽ ആ മുറിവിനെ ഒത്തിരി നേരം ശക്തിയായി കഴുകിക്കളയാൻ ഒരച്ഛനെ തോന്നിപ്പിക്കുന്നതിന്റെ പുറകിൽ ഏതു പുഴുവാണ്?

പെങ്ങളെയും ജാതിയിൽ താഴ്ന്നവൻ എന്ന് സമൂഹം ഉണ്ടാക്കിക്കൊടുത്ത മേൽവിലാസവും കൊണ്ട് നടക്കേണ്ടി വരുന്ന, അതിനോട് എതിർത്തുകൊണ്ട് പൊരുതുന്ന അവളുടെ ഭർത്താവിനെയും അവരിരുവരിലൂടെ പിറക്കാൻ പോകുന്ന ജാതിയില്ലാത്ത പുതിയ ജീവനെയും ഇല്ലാതാക്കാൻ മാത്രമുള്ള പക ഒരു മനുഷ്യനിൽ ഉണ്ടാക്കിയെടുക്കുന്നത് ഏത് പുഴുവാണ്?

സംവിധായിക രത്തീന

പല്ലിന്റെ നിറം വെള്ളയാണെന്ന് പറയിപ്പിക്കുന്ന പുഴു, ഉന്നത കുല ജാതനെന്ന അഹംബോധത്തിൽ ചിലരെപ്പോഴും തന്റെ കീഴാളരായി ജീവിക്കേണ്ടവരാണെന്ന് ഒരുവനെ നിരന്തരം ഓർമ്മിപ്പിക്കുന്ന പുഴു, ചില ജാതിക്കാർ കക്കൂസു കഴുകി മാത്രമേ ജീവിക്കാവൂ എന്ന പൊതുബോധം ഉണ്ടാക്കുന്ന പുഴു, ഇങ്ങനെ അനവധിയായ പുഴുക്കൾ സിനിമയുടെ ഓരോ രംഗങ്ങളിലും നമ്മളെ അലോസരപ്പെടുത്തും. ഇതെല്ലാം ഒന്നാണെന്നുള്ള ബോധ്യം ഉണ്ടാവുന്നിടത്താണ് പുഴുവിന്റെ രാഷ്ട്രീയം വ്യക്തമാവുന്നത്. ഒരുവന്റെ ഉള്ളിലെ ജാതിബോധം പല സാഹചര്യങ്ങളിലുള്ള അവന്റെ പെരുമാറ്റത്തെയും ഇടപെടലുകളെയും ചിന്തകളെയും സ്വഭാവത്തെയും ഒക്കെ നിയന്ത്രിക്കുകയാണ്.ചിലപ്പോഴൊക്കെ ജാതിബോധം മാത്രമല്ല ഒരു മനുഷ്യനെ മറ്റൊരുവനാൽ അടിച്ചമർത്തപ്പെട്ടവനാക്കുന്നത്. ലിംഗം, അധികാരം, തൊഴിൽ ഇതെല്ലാം ഒരുവന്റെയുള്ളിലെ തൻപ്രമാണിത്തത്തെ വളർത്തും. അവന്റെ ചെയ്തികളെ നിയന്ത്രിക്കുക അതിലെല്ലാം അവനെക്കാൾ താഴ്ന്നവനെന്നു കരുതുന്നവരുടെ അധികാരിയാണെന്ന ബോധമാണ്.

ജാതിബോധം എന്ന പുഴു പ്രവേശിച്ച ഒരു മനുഷ്യന്റെ ഭാവങ്ങൾ,കാണുന്നവർക്ക് എത്ര മാത്രം അസ്വസ്ഥതകളും പ്രകോപനവും ഉണ്ടാക്കുന്ന രീതിയിലാണ് മമ്മൂക്കയിൽ മിന്നിമറഞ്ഞത്.ഒരു അഭിനേതാവിന്റെ കഴിവുകളെ ഏറ്റവും നന്നായി തേച്ചു മിനുക്കിയെടുക്കുന്നവളെ മികച്ച സംവിധായികയെന്ന് തന്നെ വിളിക്കാം.രതീന എന്ന സ്ത്രീയുടെ ആദ്യത്തെ സിനിമയുടെ ചന്തത്തിന്റെ അവകാശി അവര് തന്നെയാണ്. അവരുണ്ടാക്കിയ കൂട്ടായ്മയുടെ ഭംഗിയാണ് അതിൽ മുഴുവൻ.

സത്യത്തിൽ മമ്മൂക്കയുടെ മകനായി അഭിനയിച്ച വസുദേവ് സജീഷിനെ അയാളിൽ നിന്നും രക്ഷപ്പെടുത്തി കൂടെ കൂട്ടാൻ തോന്നി.അച്ഛന്റെ വൈകാരിക പ്രകടനങ്ങളിൽ നിന്നും മാനസികമായ വരിഞ്ഞു മുറുക്കലുകളിൽ നിന്നും ഓടി രക്ഷപ്പെടാൻ കൊതിക്കുന്ന ഒരു കുഞ്ഞിന്റെ നിസ്സഹായതകൾക്ക് എത്ര നന്നായിട്ടാണ് അവൻ ഭാവങ്ങൾ നൽകിയത്. ടോക്സിക് പേരെന്റ്റിംഗിന്റെ ഇതുപോലുള്ള ഇരകൾ എന്തു മാത്രമുണ്ടാവും ഈ ലോകത്ത്?

താൻ ചെയ്യുന്നതൊക്കെയും തന്റെയുള്ളിലെ ജാതിയുടെയും അധികാരത്തിന്റെയും ബോധത്തിൽ നിന്നാണെന്ന് പൂർണമായ ധാരണയില്ലാതെ ആ വ്യവസ്ഥാപിതമായ ബോധ്യങ്ങൾക്ക് അടിമപ്പെട്ട് ജീവിക്കുന്നവരാണ് അധികവും.തെറ്റുകളാണ് താൻ ചെയ്യുന്നത് എന്ന് മനസിലാക്കാതെ അതൊക്കെ ശെരികളാണെന്ന് മറ്റുള്ളവന്റെ മുമ്പിൽ സ്ഥാപിക്കാനുള്ള ശ്രമങ്ങളുമായി ഓടി നടക്കുന്ന ഒരുപാട് മനുഷ്യരുണ്ടിവിടെ. തന്റെ ജാതിബോധത്തെ, അധികാരബോധത്തെ അതിവൈകാരികമായ പ്രകടനങ്ങളിലൂടെ സ്വാ
ഭാവികമെന്ന് സ്ഥാപിക്കാനുള്ള ശ്രമങ്ങൾ നമുക്ക് ചുറ്റും എപ്പോളും സംഭവിക്കുന്നതാണ്.അതിനൊരു ബ്രാഹ്മണൻ ആവണം എന്നൊന്നുമില്ല.ഒത്തിരി ആളുകളുടെ ഉള്ളിലുണ്ടാവും മറ്റൊരുവനിൽ അധികാരം സ്ഥാപിക്കാൻ കൊതിക്കുന്ന മനസ്സ്.ഒരു ഭർത്താവിന് ഭാര്യയോടുണ്ടാവാം , മാതാപിതാക്കൾക്ക് മക്കളോടുണ്ടാവാം ,അധ്യാപകർക്ക് കുട്ടികളോടുണ്ടാവാം, ഒരു ബസ് കണ്ടക്ടർക്ക് അതിലെ യാത്രക്കാരോടുണ്ടാവാം , മുതലാളിക്ക് തൊഴിലാളിയോടുണ്ടാവാം. അങ്ങനെ മേൽക്കോയ്മ സ്ഥാപിക്കാനുള്ള പലവിധ പ്രവണതകളെ കൂടിയാണ് പുഴു പറയുന്നത് എന്ന് വിശ്വസിക്കാനാണ് ഇഷ്ടം.

അപ്പുണ്ണി ശശി പാർവതി ജോടികളെ കളിയാക്കിക്കൊണ്ടുള്ള ഒത്തിരി പ്രതികരണങ്ങൾ പലയിടങ്ങളിലായി കണ്ടു.അതിനുള്ള മറുപടി സിനിമയിൽ തന്നെ ഉണ്ട്. നമ്മുടെ ‘മെയ്ഡ് ഫോർ ഈച്ച് അദർ ‘ ബോധങ്ങൾ വളർത്തി കൊണ്ട് വന്നതിൽ സിനിമകൾക്കും ചെറുതല്ലാത്ത പങ്കുണ്ട്. അതിനെയൊക്കെ തിരിച്ചടിക്കാൻ കൂട്ടു നിന്ന പാർവതിക്കും അപ്പുണ്ണി ശശിക്കും ആശംസകൾ.

നിങ്ങളിൽ ഇഴയുന്ന ചൊറിയൻ പുഴുവിനെ തിരിച്ചറിയാൻ ഒരു മാർഗമാണ് റതീനയുടെ ഈ പുഴു.അതറിയാനും തിരുത്താനും നിങ്ങൾക്കും മനസുണ്ടാവണമെന്ന് മാത്രം. അതിന് കഴിയാത്തവർ ഇങ്ങനെ ചൊറിഞ്ഞു കൊണ്ടേയിരിക്കും.

കീർത്തി പ്രഭ


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.