Follow the News Bengaluru channel on WhatsApp

സങ്കല്‍പ്പത്തിലെ തൊഴിലും എന്റെ ജീവിതവും

ജാതകത്താളിലെ ജീവിതമുദ്രകൾ
-വിഷ്ണുമംഗലം കുമാര്‍
അധ്യായം : മുപ്പത്തിയൊന്ന് 
🔵

വലുതാകുമ്പോള്‍ എന്താകണം എന്ന സ്വപ്‌നം ഏതൊരു കുട്ടിയ്ക്കുമുണ്ടാകും. ലക്ഷ്യബോധവും ദൃഢനിശ്ചയവും ഉണ്ടായാല്‍ ഏത് തൊഴില്‍സ്വപ്‌നവും സഫലീകരിക്കാന്‍ സാധിക്കും എന്നാണ് എന്റെ അനുഭവം. ഒരു പത്രക്കാരനാകണമെന്നായിരുന്നു സ്‌കൂളില്‍ പഠിക്കുന്ന കാലം മുതല്‍ എന്റെ ആഗ്രഹം. വാര്‍ത്ത എഴുതാനറിയില്ല. ജേണലിസം എന്താണെന്നറിയില്ല. എന്നിട്ടും പത്രപ്രവര്‍ത്തകനാവാന്‍ തീവ്രമായി ആഗ്രഹിച്ചു. മാതൃഭുമി പത്രവും ദേശമിത്രം മലയാളനാട് തുടങ്ങിയ വാരികകളും പതിവായി വായിച്ചിരുന്നു എന്നതുമാത്രമായിരുന്നു കുഗ്രാമവാസിയായ എനിക്ക് പത്രലോകവുമായുള്ള ഏകബന്ധം. സാഹിത്യം എന്താണെന്നും അറിയില്ല. പക്ഷെ കിട്ടുന്ന പുസ്തകങ്ങളൊക്കെ വായിക്കുമായിരുന്നു. കഥാസാരം വിവരിച്ച ശേഷം വെള്ളിത്തിരയില്‍ എന്നവസാനിക്കുന്ന സിനിമാപാട്ടുപുസ്തകങ്ങള്‍ വായിക്കാനായിരുന്നു കൂടുതല്‍ ഇഷ്ടം. ആകാംക്ഷയുടെ മുള്‍മുനയില്‍ നിര്‍ത്തിയാണ് കഥാസാരം അവസാനിക്കുക. ആ അനുഭവം സിനിമകള്‍ കാണാനുള്ള പ്രേരണ നല്‍കി. യൗവ്വനാരംഭത്തില്‍ ജോലിയുടെ ഭാഗമായി ബെംഗളുരുവിലെ ഒരു വ്യവസായശാലയിലാണ് എത്തിപ്പെട്ടത്. അന്യനാട്, അന്യഭാഷ, അപരിചിതരായ നാട്ടുകാര്‍. പക്ഷെ അവിചാരിതമായി തൊഴിലാളി യുണിയന്‍ സെക്രട്ടറിയായി. പുതിയ അനുഭവങ്ങളുണ്ടായി. എന്നാല്‍ ഫാക്ടറി ജോലിയില്‍ ഞാന്‍ സംതൃപ്തനായിരുന്നില്ല. ഒരു ജേണലിസ്റ്റാവണം, അറിയപ്പെടണം  എന്നൊക്കെയായിരുന്നു മനസില്‍. അക്കാലത്ത് ഒരു വാരികയിലെ ‘എന്റെ സങ്കല്പത്തിലെ തൊഴില്‍’ എന്ന പംക്തിയിലെഴുതിയ കുറിപ്പ് ഇപ്പോള്‍ വായിക്കുമ്പോള്‍ തോന്നുന്നത് അത്ഭുതം !.അത് താഴെ കൊടുക്കുന്നു.

 

മുപ്പത്തെട്ട് വര്‍ഷം മുമ്പ്, അതായത് 1983 ല്‍ ഒരു വാരികയില്‍ പ്രസിദ്ധപ്പെടുത്തിയ കുറിപ്പ്

എന്റെ സങ്കല്പത്തിലെ തൊഴില്‍

നാഴികകള്‍ക്ക് അകലെയുള്ള മറുനാടന്‍ നഗരത്തിലെ ഒരു വ്യവസായസ്ഥാപനത്തില്‍ ഒരു യന്ത്രപ്രവര്‍ത്തകനായി നാളുകള്‍ തള്ളിനീക്കാനാണ് യോഗമെങ്കിലും പത്രപ്രവര്‍ത്തകനാവുക എന്ന മോഹനസ്വപ്‌നം ഇന്നും എന്റെ മനസ്സില്‍ നിറംപിടിച്ചു കിടപ്പുണ്ട് . വര്‍ഷങ്ങളോളമായി മനസ്സിലിട്ട് താലോലിക്കുന്ന ആ മുഗ്ധസങ്കല്‍പം എന്നെങ്കിലും സാക്ഷാല്‍ക്കരിക്കപ്പെടുമോ ?ആവോ ആര്‍ക്കറിയാം. ഏകാന്തതയുടെ ധന്യനിമിഷങ്ങളില്‍ ഒരു പത്രപ്രവര്‍ത്തകനായി സ്വയം മാറുമ്പോള്‍ എന്നും മനസ്സിലെത്തുന്ന ഒരു രംഗമുണ്ട്. ഒരു ഉള്‍നാടന്‍ ഗ്രാമം. അവിടെ ഒരു അസാധാരണ സംഭവം നടന്നിരിക്കുന്നു. സംഭവസ്ഥലത്ത് വളരെയധികം ആളുകള്‍ കൂടിനില്‍പ്പുണ്ട്. അപ്പോഴാണ് ഞാന്‍ സ്‌കൂട്ടറില്‍ സ്ഥലത്തെത്തുന്നത് . സ്‌കൂട്ടര്‍ ഒരു ഭാഗത്ത് നിര്‍ത്തി ഞാനിറങ്ങി കൈയിലൊരു നോട്ടുബുക്കുമായി ആള്‍ക്കൂട്ടത്തെ സമീപിക്കുന്നു. ഞാന്‍ ആളുകളോട് സംഭവത്തെപ്പറ്റി ചോദിക്കുന്നു. അവര്‍ പറയുന്നതൊക്കെ നോട്ടുബുക്കില്‍ കുറിച്ചെടുക്കുന്നു.’സാറേതാ. മനസ്സിലായില്ലല്ലോ ?അത്ഭുതപൂര്‍വ്വം എന്നെ ശ്രദ്ധിച്ചിരുന്ന ആള്‍ക്കൂട്ടത്തില്‍ നിന്നും ഒരു ജിജ്ഞാസു ചോദിക്കുന്നു. ‘ഞാന്‍ (ഒരു പ്രസിദ്ധപത്രത്തിന്റെ പേര്)നിന്നാണ്. ‘യുടെ പ്രതിനിധിയാണോ ? ‘അതെ ‘.’ഈ വിവരങ്ങളൊക്കെ പത്രത്തില്‍ വരുമോ ?”തീര്‍ച്ചയായും’. അത് കേള്‍ക്കുമ്പോള്‍ എന്റെ ചുറ്റും കൂടിയ ആളുകളുടെ മുഖത്ത് അത്ഭുതം വിടരുന്നു.

ചിലരില്‍ ആരാധനാഭാവം. ഞാന്‍ ഉള്ളിലുയരുന്ന അഭിമാനം പുറത്തുകാട്ടാതെ അതൊന്നും ശ്രദ്ധിക്കുന്നില്ല എന്ന മട്ടില്‍ നോട്ട് കുറിച്ചുകൊണ്ടിരിക്കുന്നു. ചിലപ്പോള്‍ ഫാക്ടറിയില്‍ ജോലിചെയ്തുകൊണ്ടിരിക്കുമ്പോഴായിരിക്കും ഈ രംഗം മനസില്‍ തെളിയുക. മില്ലിങ് മെഷീന്റെ ബെഡില്‍ ഘടിപ്പിച്ച ഫിക്ച്ചറില്‍ ‘മില്‍’ ചെയ്യാനുള്ള ജോബ് പീസും ഫിറ്റ്‌ചെയ്തു മുകളില്‍ ഹൊറിസോണ്ടലായി കറങ്ങുന്ന സൈഡ് ആന്‍ഡ് ഫേസ് കട്ടറിന്റെ അടുത്തേക്ക് ബെഡ് ഉയര്‍ത്തിക്കൊണ്ടുവന്ന് കറക്റ്റായി സെറ്റ് ചെയ്തു ഓട്ടോഫീഡും കൊടുത്ത് വെറുതെ നില്‍ക്കുമ്പോഴായിരിക്കും പത്രപ്രവര്‍ത്തകന്‍ മനസില്‍ കയറിവരിക. പത്രപ്രവര്‍ത്തകനെ കാണേണ്ട താമസം യന്ത്രപ്രവര്‍ത്തകന്‍ സ്ഥലംവിടും !. യന്ത്രപ്രവര്‍ത്തകന്‍ നിയന്ത്രിക്കാനില്ലാത്തതുകൊണ്ട് വര്‍ക്ക് പീസ് മില്‍ ചെയ്തുകഴിഞ്ഞാലും ബെഡ് നില്‍ക്കാതെ മുന്നോട്ട് നീങ്ങിക്കൊണ്ടിരിക്കും. അവസാനം ഫിക്ച്ചര്‍ കട്ടറില്‍ ചെന്നിടിച്ച് കട്ടറിന്റെ സൈഡും ഫേസും നഷ്ടപ്പെടുന്ന, നടുക്കുന്ന ശബ്ദം കേട്ടായിരിക്കും യന്ത്രപ്രവര്‍ത്തകന്‍ കുതിച്ചെത്തുക!. അപ്പോഴേക്കും സംഭവിക്കേണ്ടത് സംഭവിച്ചിരിക്കും. എന്തുചെയ്യാം ഒരു പത്രപ്രവര്‍ത്തകന്റെ മാനസികാവസ്ഥയും യന്ത്രപ്രവര്‍ത്തകന്റെ ജോലിയും ഒരിക്കലും പൊരുത്തപ്പെടുകയില്ലല്ലോ?. സത്യസന്ധനായ ഒരു പത്രപ്രവര്‍ത്തകന്റെ കാര്യവും മറിച്ചല്ല. അയാള്‍ അപകടം വിലകൊടുത്തു വാങ്ങുകയാണ് ചെയ്യാറ്. എന്തായാലും ആ റിസ്‌ക് ഒരു അനുഭൂതിയാണ്. പ്രത്യേകിച്ചും പത്രപ്രവര്‍ത്തകനെയും മനസിലിട്ട് നടക്കുന്ന എനിക്ക്.

 

എന്നിട്ട് സ്വപ്‌നം സാക്ഷാല്‍ക്കരിച്ചോ? ജേണലിസ്റ്റായോ ? അക്കഥയാണ് ഇനി പറഞ്ഞുതുടങ്ങുന്നത്.

അടുത്ത ലക്കത്തിൽ : അക്ഷരലോകത്തേക്ക് ആകര്‍ഷിച്ച
ചൊക്കസാന്ദ്രയിലെ പ്രോഗ്രസ്സിവ് ലൈബ്രറി


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.