ബനഡിക്‌ട് പതിനാറാമൻ മാർപാപ്പ കാലം ചെയ്തു

പോപ്പ് എമിരറ്റസ് ബനഡിക്‌ട് പതിനാറാമൻ മാർപാപ്പ (95) കാലം ചെയ്തു. വത്തിക്കാനിലെ മേറ്റര്‍ എക്‌സീസിയാ മൊണാസ്ട്രിയില്‍ വച്ച് പ്രാദേശിക സമയം ശനിയാഴ്ച രാവിലെ 9.34നായിരുന്നു വിയോഗം. വത്തിക്കാനാണ് മരണ വിവരം പുറത്തുവിട്ടത്.

കുറച്ചു ദിവസങ്ങളായി ആരോഗ്യനില വഷളായിരുന്നു. ജോണ്‍ പോള്‍ രണ്ടാമൻ മാർപാപ്പയുടെ പിന്‍ഗാമിയായി 2005 ഏപ്രില്‍ 19 ന് സ്ഥാനമേറ്റ അദ്ദേഹം അനാരോഗ്യം മൂലം 2013 ഫെബ്രുവരി 28 ന് സ്ഥാനത്യാഗം ചെയ്തിരുന്നു. തുടർന്ന് പോപ് എമെരിറ്റസ് എന്ന പദവിയോടെ വത്തിക്കാൻ ഗാർഡന്‍സിലെ വസതിയിൽ വിശ്രമജീവിതത്തിലായിരുന്നു അദ്ദേഹം.

600 വര്‍ഷത്തിനിടെ സ്ഥാനത്യാഗം ചെയ്ത ആദ്യത്തെ മാര്‍പാപ്പയാണ് ബനഡിക്ട് പതിനാറാമന്‍. വാര്‍ധക്യസഹജമായ ബുദ്ധിമുട്ടുകള്‍ നേരിടുന്ന ബനഡിക്ട് പതിനാറാമന്റെ ആരോഗ്യസ്ഥിതി കഴിഞ്ഞ ആഴ്ചയാണ് വഷളായത്. ഈ മാസം ഒന്നിനു വത്തിക്കാന്‍ പുറത്തുവിട്ട ചിത്രത്തില്‍ അദ്ദേഹം തീര്‍ത്തും ക്ഷീണിതനായിരുന്നു. സ്ഥാനത്യാഗം ചെയ്ത ശേഷം സെക്രട്ടറി ആര്‍ച്ച്ബിഷപ് ജോര്‍ജ് ഗാന്‍സ്വെയിനൊപ്പം വത്തിക്കാന്‍ ഉദ്യാനത്തിലെ ഭവനത്തിലാണ് ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ താമസിച്ചിരുന്നത്.

സിസ്‌റ്റർ അൽഫോൻസാമ്മയെ ഭാരതസഭയിലെ ആദ്യവിശുദ്ധയായി നാമകരണം ചെയ്‌തത് ബനഡിക്ട് പതിനാറാമൻ മാർപാപ്പയായിരുന്നു. സിറോ മലബാർ സഭയിലും സിറോ മലങ്കര സഭയിലും രണ്ടു കർദിനാൾമാരെ വാഴിച്ചുകൊണ്ട് കേരളസഭയ്‌ക്കു വത്തിക്കാനിൽ ഉചിതമായ ‘പ്രാതിനിത്യവും അദ്ദേഹം നൽകിയിരുന്നു.

ജർമൻ പൗരനായ കർദ്ദിനാൾ ജോസഫ് റാറ്റ്‌സിങ്ങറാണ് ബനഡിക്‌ട് പതിനാറാമൻ എന്ന സ്ഥാനപ്പേരിൽ മാര്‍പാപ്പയായത്. ഒരേസമയം, യാഥാസ്‌ഥിതികനും പുരോഗമനവാദിയുമായ മാർപാപ്പ എന്നറിയപ്പെട്ട ബനഡിക്‌ട് പതിനാറാമൻ ധാർമികതയുടെ കാവലാൾ എന്നും വിശേഷിപ്പിക്കപ്പെട്ടിരുന്നു. 1927 ഏപ്രിൽ 16നു ജർമനിയിലെ ബവേറി പ്രവിശ്യയിലെ മാർക്ക്‌ത്തലിൽ പൊലീസ് ഓഫിസറായ ജോസഫ് റാറ്റ്‌സിങ്ങർ സീനിയറിന്റെയും മരിയയുടെയും മൂന്നാമത്തെ മകനായാണ് ജോസഫ് റാറ്റ്സിങ്ങർ ജനിച്ചത്. 14 വയസ്സുള്ളപ്പോൾ 1941 ൽ ഹിറ്റ്‌ലറുടെ യുവസൈന്യത്തിൽ ചേർക്കപ്പെട്ടെങ്കിലും സജീവമായി പ്രവർത്തിച്ചില്ല. 1945 ൽ സഹോദരൻ ജോർജ് റാറ്റ്‌സിങ്ങറിനൊപ്പം കത്തോലിക്കാ സെമിനാരിയിൽ ചേർന്നു. 1951 ജൂൺ 29 നു വൈദികനായി. 1977 ൽ മ്യൂണിക്കിലെ ആർച്ച്‌ബിഷപ്പായി.

1980 ൽ ബിഷപ്പുമാരുടെ സിനഡുകളിൽ മാർപാപ്പ അവതരിപ്പിക്കേണ്ട റിപ്പോർട്ടുകൾ തയാറാക്കുന്ന ചുമതല ലഭിച്ചു. 1981 നവംബർ 25നു ‘ഡൊക്‌ട്രിൻ ഓഫ് ഫെയ്‌ത്’ സമൂഹത്തിന്റെ പ്രിഫെക്‌ടായി ചുമതലയേറ്റു. 2002 ൽ കർദിനാൾ തിരുസംഘത്തിന്റെ ഡീൻ ആയി. ജർമനിയിലെ ഓസ്‌റ്റിയ ആർച്ച് ബിഷപ്പായിരിക്കെ, വിശുദ്ധ ജോൺപോൾ രണ്ടാമൻ മാർപാപ്പയുടെ പിൻഗാമിയായി 2005 ഏപ്രിൽ 19 നു മാർപാപ്പയായി തിരഞ്ഞെടുക്കപ്പെട്ടു. ജോസഫ് റാറ്റ്‌സിങ്ങർ എന്ന പേര് ഉപേക്ഷിച്ചു ബനഡിക്‌ട് പതിനാറാമൻ എന്ന പേരു സ്വീകരിച്ചു.

കത്തോലിക്കാ സഭയിലെ ഏറ്റവും പ്രശസ്തരായ നേതാക്കളില്‍ ഒരാളും മികച്ച എഴുത്തുകാരനുമായിരുന്നു ബെനഡിക്ട് പതിനാറാമന്‍. ജോണ്‍ പോള്‍ രണ്ടാമന്റെ അടുത്ത സഹായിയായിരുന്ന കര്‍ദ്ദിനാള്‍ റാറ്റ്സിംഗര്‍, മാര്‍പ്പാപ്പയാകുന്നതിനു മുന്‍പ് ജര്‍മനിയിലെ വിവിധ സര്‍വകലാശാലകളില്‍ അധ്യാപകന്‍, രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിന്റെ ദൈവശാസ്ത്ര ഉപദേഷ്ടകന്‍, മ്യൂണിക് ആന്റ് ഫ്രെയ്‌സിംഗ് അതിരൂപതാ മെത്രാപ്പോലീത്ത, കര്‍ദ്ദിനാള്‍,വിശ്വാസ തിരുസംഘത്തിന്റെ തലവന്‍, കര്‍ദ്ദിനാള്‍ സംഘത്തിന്റെ ഡീന്‍ തുടങ്ങിയ പദവികള്‍ അദേഹം വഹിച്ചിട്ടുണ്ട്.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444


മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECHശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം

Leave A Reply

Your email address will not be published.