വിഷുക്കൈനീട്ടം
ചെറുകഥ 🟡 നവീൻ എസ്

🟡
കേരളത്തിന്റെ ദേശീയോത്സവം ഓണമാണെന്നതൊക്കെ ശരി തന്നെ; പക്ഷെ ഞങ്ങൾ വടക്കർക്ക് ഒരൽപം ഇഷ്ടക്കൂടുതൽ വിഷുവിനോടാണ്. ജന്മം കൊണ്ട് കേരളത്തിലെ വടക്കൻ ജില്ലക്കാരനും തൊഴിൽപരമായി വടക്കേ അമേരിക്കക്കാരനുമായ എനിക്കതിന്റെ കാര്യകാരണങ്ങളൊന്നും അറിയില്ല. ചെറുപ്പം തൊട്ടേ അതങ്ങനെയാണ്.
ആഘോഷത്തിനപ്പുറം വിഷു എനിക്ക് പൊള്ളുന്ന ഒരോർമ്മ കൂടിയാണ്. തിരക്കുകളുടെ കൂമ്പാരക്കെട്ടുകൾക്കിടയിൽ മറവിയുടെ ചാക്കിൽ കെട്ടി പൂഴ്ത്തി വെച്ച ഒരു ദുരന്തത്തിന്റെ ഓർമ്മദിവസം. രണ്ട് ദശാബ്ദങ്ങൾക്കിപ്പുറം ആ കീറച്ചാക്ക് തപ്പിയെടുത്ത് അഴിച്ചു നോക്കിയതിന്റെ കാരണം കേട്ടാൽ നിങ്ങൾ ചിലപ്പോൾ ചിരിക്കും.
കേരളത്തിലെ തിയേറ്ററുകളിൽ വിപ്ലവം തീർത്ത ‘പ്രേമം’ ഞാൻ കാണുന്നത്, ഇന്നലെ ചാനലിൽ സായാഹ്ന ചിത്രമായി കാണിച്ചപ്പോഴാണ്. ഇത് പതിമൂന്നാമത്തെ തവണയാണത്രേ ഈ പടം ഇതേ ചാനലിൽ വരുന്നത്. പതിവ് ഹിന്ദി സീരിയൽ കാണാൻ വിടാതെ റിമോട്ടും കാലിനിടയിൽ തിരുകിയുള്ള എന്റെ ഇരിപ്പ് കണ്ട് കലിപ്പ് കേറിയ ഭാര്യ തുള്ളിച്ചാടി പോകും വഴി എറിഞ്ഞിട്ട പിറുപിറുക്കലുകളിൽ നിന്നും കിട്ടിയ അറിവാണ്. അവളുടെ പക്കൽ ഇതിന്റെയൊക്കെ കൃത്യമായ കണക്കുണ്ട്. എങ്ങനെ കാണാതിരിക്കും. നാട്ടിലെ നല്ലൊരുദ്യോഗം രാജി വെപ്പിച്ച് ഇവിടെ കൊണ്ട് വന്ന് തളച്ചിട്ട് വർഷം പത്താകുന്നു. ഇവിടെയൊരു ജോലിക്ക് ശ്രമിക്കാമെന്ന പലപ്പോഴായുള്ള അവളുടെ ആവശ്യത്തോടുള്ള പ്രതികരണം ആവശ്യാനുസരണം നീട്ടുകയും കുറുക്കുകയും ചെയ്ത മൂളലുകളിൽ ഞാനൊതുക്കി. പോകെ പോകെ എന്റെ മൂളലുകളുടെ അർത്ഥം ഗ്രഹിച്ചിട്ടാവണം, ഓഫീസിലേക്ക് ഞാനും സ്ക്കൂളിലേക്ക് മകളും പോയാൽ കിട്ടുന്ന അധിക സമയം ടിവിക്കും ഇന്റർനെറ്റിനുമായി അവൾ പകുത്ത് നൽകിയത്. കണക്കുകൾ സൂക്ഷിക്കാനുള്ള അവളുടെ മികവിനെ പറ്റി പണ്ട് യാത്രയയപ്പ് യോഗത്തിൽ മേലുദ്യോഗസ്ഥൻ പറഞ്ഞത് ഭംഗി വാക്കെന്നാണ് അന്ന് കരുതിയത്. ഒരു വലിയ തെറ്റായിരുന്നു ആ ധാരണ. അവളുടെ പക്കൽ എല്ലാത്തിന്റേയും കൃത്യം കണക്കുണ്ട്; അതിലും വ്യക്തമായ കണക്ക് കൂട്ടലുകളും.
പറഞ്ഞ് പറഞ്ഞങ്ങ് കാട് കയറി പോയി. ‘പ്രേമം’ സിനിമയാണല്ലോ നമ്മുടെ വിഷയം. അതിലെ ഒരോ സീനും നിങ്ങൾക്ക് മന:പാഠമായിരിക്കുമെന്നറിയാം. നായകന്റെ “രണ്ടാം ഭാവത്തിലുള്ള” ഇൻട്രൊ സീൻ. സിനിമാറ്റിക് ഡാൻസ് നടക്കുന്ന സ്റ്റേജിന് താഴെ ഗുണ്ട് കത്തിച്ച് വെച്ച്, കറുത്ത കരയുള്ള മുണ്ടും മടക്കിക്കുത്തി കൂളായി നടന്ന് പോകുന്ന കറുത്ത ഷർട്ടിട്ട താടിക്കാരൻ നായകന് പുറകെ നിങ്ങൾ പോകുമ്പോൾ അയാൾ സ്റ്റേജിനടിയിൽ കത്തിച്ചു വെച്ച ഗുണ്ടിൽ എന്റെ മനസ്സുടക്കി കിടന്നു. ഈ സീൻ കണ്ടയുടനെ ഞാൻ ഹരിയെയും സെബിയേയും വിളിച്ചപ്പോൾ, ഇതേ സീനിൽ മനസ്സുടക്കിയ കാര്യം അവരും പറഞ്ഞു. ജോലി സ്ഥലത്തായത് കൊണ്ട് വാട്ട്സാപ്പിൽ മാത്രം അവയ്ലബിളായ ചാക്കോയും ഞങ്ങൾ മൂവരോടും യോജിച്ചു. വെറുതെ എന്നെ വിഷമിപ്പിക്കണ്ട എന്നോർത്താണത്രേ അവരാരും ഇതേ വരെ എന്നോടിത് പറയാതിരുന്നത്.
ഇനി ഞാൻ പറയാൻ പോകുന്നത് കിട്ടനെ പറ്റിയാണ്. ഞങ്ങളുടെ നാട്ടിലൊക്കെ അക്കാലത്ത് ‘ഷ് ‘- ൽ അവസാനിക്കുന്ന പേരുകൾക്ക് ഭയങ്കര ജനപ്രീതിയായിരുന്നു. അങ്ങനെയുള്ള ഏതോ ഫാഷൻ പേരാണ് കിട്ടന്റെ ഔദ്യോഗിക നാമം. പക്ഷെ ഉടുക്കാപ്പെട്ടികളായി കളിച്ചു നടക്കുന്ന കാലം തൊട്ടേ അവനെനിക്ക് കിട്ടനാണ്.
കിട്ടന്റെ അച്ഛന് പടക്കമുണ്ടാക്കുന്ന പണിയാണ്. പടക്കത്തിന് ഡിമാന്റില്ലാത്ത കാലത്ത് ബീഡി തെറുക്കും. ക്ഷയത്തിന്റെ ലക്ഷണങ്ങൾ കാട്ടിത്തുടങ്ങിയ ഞങ്ങളുടെ തറവാട്ടിലെ ആകെയുള്ള പണിക്കാരത്തിയായിരുന്നു അവന്റെ അമ്മ.
പാടവും തോടും ചാടി മറിഞ്ഞും മാവിലെറിഞ്ഞും പത്താം തരം വരെ ഞങ്ങളൊരുമിച്ച് നാട്ടിലെ സ്കൂളിൽ പോയി. വർഷം മുഴുവൻ എന്റെ പക്കൽ നിന്ന് പറ്റുന്ന ഔദാര്യത്തിന്റെ കണക്ക് അവൻ തീർക്കുന്നത് വിഷുക്കാലത്താണ്. വിഷുത്തലേന്നിനെ ഞങ്ങൾ ചെറിയ വിഷുവെന്നാണ് വിളിക്കുക. അന്ന് ഊണിന് ഇറച്ചിയൊക്കെ വെക്കും. ഉണ്ണാറാകുന്ന സമയത്ത് വലിയൊരു കൂട നിറയെ ഓലപ്പടക്കങ്ങളുമായി കിട്ടൻ ഹാജരുണ്ടാകും. ത്രികോണാകൃതിയിൽ പല വലിപ്പത്തിൽ പനയോലയിൽ മെടഞ്ഞെടുത്ത പടക്കങ്ങൾ വലിപ്പമനുസരിച്ച് കുട്ടികളും വലിയവരും പൊട്ടിക്കും. ധൈര്യശാലികൾ പടക്കത്തിന്റെ ചെറിയ തിരിയിൽ തീ പടർത്തി വായുവിൽ എറിഞ്ഞ് പൊട്ടിക്കും. എന്നെപ്പോലത്തെ പേടിത്തൊണ്ടൻമാർ നിലത്ത് വെച്ച പടക്കത്തിന്റെ തിരിയിൽ തൂക്കിയിട്ട നീണ്ട കടലാസ് കഷ്ണത്തിന് തീ കൊളുത്തി തിരിഞ്ഞോടും. മിക്കവാറും കടലാസ് മാത്രം കത്തിത്തീരും. ധീരൻമാർ അത്തരത്തിൽ ബാക്കി വരുന്ന പടക്കങ്ങൾ കൂടി എറിഞ്ഞ് പൊട്ടിക്കും. അതിനൊപ്പം എന്റെ അഭിമാനവും നല്ല ശബ്ദത്തിൽ തന്നെ പൊട്ടാറുണ്ട്. ഓലപ്പടക്കങ്ങൾ നിരയായി ചാക്ക് നൂലിൽ കോർത്തുണ്ടാക്കുന്ന മാലപ്പടക്കമാണ് വിഷുത്തീയിടുന്ന നേരത്തും പിറ്റേന്ന് കണി കാണുമ്പോഴും വിഷു സദ്യക്ക് ശേഷവും പൊട്ടിക്കുക.
പത്ത് പാസ്സായപ്പോൾ ഞാൻ പട്ടണത്തിലെ കോളേജിൽ പ്രീഡിഗ്രിക്ക് ചേർന്നു. തോറ്റു പോയ കിട്ടൻ അച്ഛനോടൊപ്പം പടക്കപ്പണിക്ക് പോയി. അതോടെ ഞങ്ങൾ തമ്മിൽ വലിയ ബന്ധമില്ലാതായി. കിട്ടനോട് മാത്രമല്ല, പട്ടണത്തിലെത്തിയതോടെ ദൂരത്തേക്കാളുപരി മനസ്സ് കൊണ്ട് നാടിനോട് ഞാൻ അകലം പാലിച്ചു. നാട്ടിലെ പാർട്ടിക്കാർ ബോംബുപയോഗിച്ചുള്ള രാഷ്ട്രീയ പ്രവർത്തനം ഉഷാറാക്കിയതോടെ പടക്കങ്ങൾക്ക് വർഷം മുഴുവൻ ഡിമാന്റായി. കിട്ടന്റെ ചേട്ടൻമാർ അങ്ങനെ കുറെ കാശുണ്ടാക്കുകയും ഇടക്കിടെ ജയിലിൽ പോയി വരികയും ചെയ്തു. അപ്പാേഴും കിട്ടൻ അച്ഛനൊപ്പം ഓലപ്പടക്കമുണ്ടാക്കിയും ബീഡി തെറുത്തും ജീവിതത്തോട് പന്തയം കളിച്ചു.
പിന്നെ ഞാൻ കിട്ടനോട് സംസാരിക്കുന്നത് കോളേജിലെ ബിരുദ ക്ലാസ്സിന്റെ ‘സെന്റ് ഓഫ് ഡേ’യുടെ തലേന്നാണ്. ഒടുക്കത്തെ രാത്രി ആഘോഷിക്കാൻ ‘കുപ്പികളിലാക്കിയ കവിതയുമായി’ ഹോസ്റ്റൽ ടെറസ്റ്റിൽ ഒത്ത് കൂടിയതാണ് ഞങ്ങൾ സുഹൃത്തുക്കൾ. എപ്പോഴുമെന്ന പോലെ സിനിമയും സാഹിത്യവും രാഷ്ട്രീയവുമെല്ലാമായി വിഷയ പരിധിയില്ലാത്ത ചർച്ചകൾ അന്താരാഷ്ട്രത്തിൽ നിന്നും രാഷ്ട്രത്തിലേക്കും പിന്നെയും താഴ്ന്ന് സംസ്ഥാനവും കടന്ന് ഒടുവിൽ ഞങ്ങളുടെ ക്യാമ്പസിൽ വന്ന് നിന്നു. അതോടെ വിഷയം അവളിലേക്ക് ചുരുങ്ങി – ‘നവാഗത സംഗമം’ തൊട്ട് പുറകെ നടക്കുന്ന എനിക്ക് പുല്ല് വില പോലും നൽകാതെ ക്യാമ്പസിനകത്തും പുറത്തും ഒരേ സമയം പലരേയും പ്രണയിച്ച് നടക്കുന്ന കോളേജ് ബ്യൂട്ടി. വീണ്ടും സിനിമയിലേക്ക് തന്നെ ഒന്ന് പോയി വരട്ടെ. നായകന്റെ ക്ലാസ്സിലെ ഒരു നിരാശാ കാമുകനെ നിങ്ങളോർക്കുന്നുണ്ടാകുമല്ലോ. അക്കാലത്ത് ഏതാണ്ട് അതേ അവസ്ഥയിലായിരുന്നു ഞാൻ. പക്ഷെ ചുറ്റിലുമിരിക്കുന്ന ഹൃദയ സൂക്ഷിപ്പുകാരും സിരകളിൽ നുരയുന്ന ലഹരിയും സ്വതേ ഭീരുവായ എന്നെ ധീരനായ താടിക്കാരൻ നായകനാക്കി മാറ്റി. അങ്ങനെ ഞാനും ഹരിയും സെബിയും ചാക്കോയുമടങ്ങുന്ന നാൽവർ സംഘം അവളോട് പ്രതികാരം ചെയ്യാൻ തന്നെ തീരുമാനിച്ചു. നാളെ വൈകിട്ടത്തെ കലാ പരിപാടിക്കിടെ കോളേജ് ബ്യൂട്ടിയുടെ നൃത്തം നടക്കുമ്പോൾ സ്റ്റേജിനടിയിൽ ഒരു ഗുണ്ട് പൊട്ടിക്കുക എന്ന പദ്ധതി രേഖ ഐക്യകണ്ഠേന പാസായി.
അവന്റെ ചേട്ടന്റെ വീട്ടിൽ ഫോൺ കണക്ഷൻ കിട്ടിയപ്പോൾ, എനിക്ക് തരാൻ വേണ്ടി കിട്ടൻ നമ്പറെഴുതി വീട്ടിലേൽപ്പിച്ച തുണ്ട് കടലാസ് ഞാൻ പേഴ്സിൽ നിന്നും തപ്പിയെടുത്തു. വർഷങ്ങൾക്ക് ശേഷം എന്റെ ശബ്ദം കേട്ടതിലുള്ള അപ്പുറത്തെ ആഹ്ലാദ പ്രകടനം ഗൗനിക്കാതെ ഞാൻ വിഷയമവതരിപ്പിച്ചു. കോളേജിലെ പരിപാടിക്ക് വേണ്ടി എന്ന് മാത്രമേ പറഞ്ഞുള്ളു. ഒഴിഞ്ഞു മാറാൻ അവനൊരുപാട് ശ്രമിച്ചതാണ്. പക്ഷെ പഴയ കാര്യങ്ങളും കടപ്പാടും വിളമ്പി ഞാനവന്റെ നിസ്സഹായത ചൂഷണം ചെയ്തു. പിറ്റേന്ന് ഉച്ചക്ക് സാധനം എത്തിക്കാമെന്ന ഉറപ്പ് വാങ്ങിച്ചിട്ടാണ് ഞാൻ ഫോൺ വെച്ചത്.
ലഹരിയുടെ കെട്ടിറങ്ങിയതോടെ പ്രതികാരത്തിന്റെ കാര്യമൊക്കെ ഞങ്ങൾ മറന്നിരുന്നു. എന്നാൽ കിട്ടനൊന്നും മറന്നിരുന്നില്ല എന്ന് അറിയുന്നത് അച്ഛന്റെ ഫോൺ വന്നപ്പോഴാണ്. തലേന്ന് രാത്രി പടക്കമുണ്ടാക്കുന്നതിനിടയിൽ അപകടം പറ്റി കിട്ടൻ ഗുരുതരാവസ്ഥയിൽ ആശുപത്രിയിലാണത്രേ. ഞാൻ ഫോണിൽ ആവശ്യപ്പെട്ട പ്രകാരമാണ് അവൻ ആ വൈകിയ നേരത്ത് പടക്കമുണ്ടാക്കാൻ പോയതെന്ന കേട്ടറിവ് ഉറപ്പിക്കാൻ വേണ്ടിയാണ് അച്ഛൻ വിളിച്ചത്. ഞാൻ കുറ്റം സമ്മതിച്ചു. ഒന്നും പറയാതെ ഫോൺ വെച്ച അച്ഛൻ, ഏതാണ്ട് അരമണിക്കൂറിന് ശേഷം തിരികെ വിളിച്ച് നേരെ ബോംബയിലെ ചെറിയച്ഛനടുത്തേക്ക് പൊയ്ക്കൊള്ളാൻ പറഞ്ഞു. അതിൽ പിന്നെ ഞാൻ നാട് കണ്ടിട്ടില്ല.
അമ്മ മരിക്കുമ്പോൾ ഞാൻ ദുബായിലാണ്. ഷോപ്പിങ്ങ് ഫെസ്റ്റിവൽ കാരണം ടിക്കറ്റിന് തീപിടിച്ച വിലയായിരുന്നു. അമേരിക്കയിലെത്തി പുതിയ ജോലിക്ക് ചേർന്നതിന്റെ അടുത്ത മാസമാണ് അച്ഛൻ മരിക്കുന്നത്. ലീവ് കിട്ടിയില്ല. അങ്ങനെയുള്ള ഞാനാണ് തറവാട് വസ്തുവിന്റെ വിൽപ്പനയുടെ പേരും പറഞ്ഞ് ഇപ്പോൾ നാട്ടിലേക്ക് പോകുന്നത്.
അളിയന് നൽകിയ പവറോഫ് അറ്റോർണിയുടെ ബലത്തിൽ എന്റെ അസാന്നിദ്ധ്യത്തിലും കാര്യങ്ങളൊക്കെ തടസ്സമില്ലാതെ നടത്താവുന്നതാണ്. എന്നിട്ടും, ഞാൻ എന്തിനാണ് ഇത്രയും കാശും മുടക്കി ഇപ്പോൾ നാട്ടിലേക്ക് പോകുന്നതെന്ന് നിങ്ങൾക്ക് ഊഹിക്കാൻ സാധിച്ചേക്കാം. അതേ, എനിക്കെന്റെ കിട്ടനെ കാണണം. ഇത്രയും വൈകിയ വേളയിൽ ഇനിയെന്തിനെന്ന് ചോദിച്ചാൽ ഉത്തരമില്ല. ഇങ്ങനെ ഉത്തരമില്ലാത്ത ചില ചോദ്യങ്ങളുടെ ഉത്തരം തിരയലാണല്ലോ നമ്മുടെയൊക്കെ ജീവിതം എന്നൊരു തത്വചിന്ത വേണമെങ്കിൽ വെച്ച് കാച്ചാം.
ചെറിയ വിഷുവിന്റന്നാണ് നാട്ടിലെത്തിയത്. കണ്ണൂർ എയർപ്പോർട്ടിൽ വിമാനമിറങ്ങി ടാക്സി പിടിച്ച് ഉച്ചയായപ്പോഴേക്ക് തറവാട്ടിലെത്തി. അവിടെ പെങ്ങളും അളിയനുമാണ് താമസം. പഴയ വീടിന്റെ സ്ഥാനത്ത് പഴമയുടെ മുഖംമൂടിയണിഞ്ഞ പുത്തൻ മാളിക തലയുയർത്തി നിൽപ്പുണ്ട്. ഊണ് കഴിഞ്ഞ് മയങ്ങാനായി മേലെ നിലയിലെ മുറിയിലേക്ക് പോയി. പുഴയുടെ നനവോർമ്മയിലേക്ക് തുറന്നു കിടന്ന ജനാല കൊട്ടിയടച്ച് ഏസി ഓൺ ചെയ്ത് പുറത്തെ തീവെയിലിൽ നിന്നും രക്ഷ നേടി.
വിഷുവിന് പുലർച്ചെ കുളിച്ച് തറവാട്ടമ്പലത്തിൽ പോയി കണി കണ്ടു. അമ്പലത്തിൽ നിന്നിറങ്ങിയപ്പോൾ വെളിച്ചം നന്നെ പരന്നിരുന്നു. നേരെ അവനെ ചെന്ന് കാണാനാണ് തോന്നിയത്. അമ്പലത്തിന് പുറകിലെ വയൽ കടന്ന് കുന്ന് കയറിയിറങ്ങിയാൽ അവന്റെ വീടാണ്. പക്ഷെ ചെന്ന് നോക്കിയപ്പോൾ വയല് കാണാനില്ല. പകരം നിരന്ന് നിൽക്കുന്ന കുറെ വീടുകൾ. അവക്കിടയിലൂടെ വരച്ചു ചേർക്കാൻ ശ്രമിച്ച ഓർമ്മയിലെ നാട്ടിടവഴികൾ ഉയർന്ന മതിലുകൾക്കും അടച്ചു പൂട്ടിയ കൂറ്റൻ ഗേറ്റുകൾക്കും മുന്നിൽ ചെന്ന് തീർന്നു. ഏറെ കറങ്ങി ഒടുവിൽ കണ്ണെത്തുന്നിടത്ത് കുന്ന് കണ്ടതോടെ ആശ്വാസമായി. പക്ഷെ കുന്ന് കയറാനായി താഴെയെത്തിയപ്പോൾ കാണുന്നത് കുന്നിനെ ചുറ്റിപ്പോകുന്ന വീതിയേറിയ ടാർ റോഡാണ്. അറ്റത്ത്, വിമാനത്താവളത്തിന്റെ കവാടം സ്വാഗതമോതുന്നു. ഏറെ ചുറ്റിത്തിരിഞ്ഞിട്ടാണെങ്കിലും ഒടുക്കം അവന്റെ വീട് കണ്ട് പിടിക്കുക തന്നെ ചെയ്തു.
ചെറ്റക്കുടിലിന് പകരം ചെത്തിത്തേക്കാത്ത ചെറിയൊരു വാർപ്പ് വീട്. ഉമ്മറക്കോലായിൽ തന്നെ കിട്ടനിരിപ്പുണ്ട്. ഞാൻ നേരെ ചെന്ന് അവന് മുന്നിലായി നിന്നു. അവിടവിടെ നരച്ച രോമങ്ങൾ തെറിച്ചു നിൽക്കുന്നുവെന്നല്ലാതെ കുട്ടിക്കാലത്തെ മുഖത്തിന് മാറ്റമൊന്നുമില്ല. തൂവെള്ള ഷർട്ടിന്റെ തെറുത്ത് വെച്ച സ്ലീവിനടിയിൽ മുട്ടിന് താഴെ അവസാനിക്കുന്ന ഇരു കൈകളുടെയും മുരടിപ്പിലാണ് നോട്ടം ചെന്ന് തറച്ചത്. തരിച്ചു നിൽക്കുന്ന എനിക്കരികിലേക്ക് എന്റെ പേര് നീട്ടി വിളിച്ചു കൊണ്ട് കിട്ടൻ ഓടി വന്നു. അവനെന്നെ ഇത്ര വേഗം തിരിച്ചറിയുമെന്ന് ഞാൻ പ്രതീക്ഷിച്ചിരുന്നില്ല.
എന്റെ വിശേഷങ്ങൾ ചോദിച്ചറിഞ്ഞും അവന്റെത് പറഞ്ഞും കിട്ടൻ നിർത്താതെ സംസാരിച്ചു; അല്ല അവൻ മാത്രമാണ് സംസാരിച്ചത്. ഇടക്കെപ്പഴോ, അന്ന് സംഭവിച്ചതിനെ പറ്റിയുള്ള എന്റെ വിറയാർന്ന ചോദ്യം അവൻ പാടെ അവഗണിച്ചു കളഞ്ഞു. ഞാൻ അത്രയും നേരം പിടിച്ചു വച്ചതെല്ലാം നിയന്ത്രണം വിട്ട് പൊട്ടിയൊഴുകുമെന്നായപ്പോൾ അവനെന്നെയും കൂട്ടി പുറത്തേക്ക് നടന്നു. പറമ്പിൽ അൽപമകലെയുള്ള ഒരു ഷെഡിലേക്കാണ് എന്നെ കൊണ്ട് പോയത്. അവിടെയിട്ട ഒരു മരബഞ്ചിന് മുന്നിൽ അവൻ ചെന്നു നിന്നു. അതിൽ കമിഴ്ന്നു കിടന്നാണത്രേ അവർ ശക്തിയുള്ള പടക്കങ്ങൾ നിർമ്മിക്കുക. അബദ്ധത്തിൽ പൊട്ടിയാലും മുഖവും ശരീരവും ഒഴിവാകണം. അന്ന്, വെളിച്ചം കുറവായിരുന്നതിനാൽ, ഉപയോഗിച്ച വെടിമരുന്നിന്റെ തരവും അളവും അൽപം തെറ്റിപ്പോയി. എങ്കിലും കൈകൾ മാത്രമല്ലേ നഷ്ടമായുള്ളു എന്ന് അവൻ ആശ്വസിക്കുമ്പോൾ, ഒരു മരവിപ്പോടെ നോക്കി നിൽക്കാനേ എനിക്ക് പറ്റിയുള്ളു.
തിരികെ നടക്കുമ്പോൾ കിട്ടൻ പറഞ്ഞത് മുഴുവൻ പോളിടെക്നിക് കഴിഞ്ഞ് നിൽക്കുന്ന മകനെ പറ്റിയാണ്. രാഷ്ട്രീയക്കാർ കണക്കുകൾ കൃത്യം കൃത്യമായി തീർക്കാൻ തുടങ്ങിയതോടെ ബോംബുകൾക്ക് പഴയതിനേക്കാൾ ഡിമാന്റാണ്. ചേട്ടൻമാരുടെ വഴിയെ മകനും പോകുമോ എന്ന് അവൻ ഭയക്കുന്നുണ്ട്.
കിട്ടന്റെ ഉമ്മറത്തിരുന്ന് ചെയ്ത ഒന്ന് രണ്ട് ഫോൺ വിളികളിലൂടെ അവന്റെ മകന് സാമാന്യം നല്ലൊരു ജോലി ഉറപ്പാക്കാനായി. തിരിച്ചിറങ്ങുമ്പോൾ, കയ്യിൽ കരുതിയ പണമെടുത്ത് ഞാൻ കിട്ടന്റെ കീശയിൽ തിരുകി. പെട്ടന്ന് മുന്നോട്ടാഞ്ഞ് എന്നെ കെട്ടിപ്പിടിച്ചപ്പോൾ അവന്റെ കൈകൾക്ക് നഷ്ടപ്പെട്ട നീളം തിരികെ കിട്ടിയതായി എനിക്ക് തോന്നി. എന്റെ കണ്ണീരിൽ അവന്റെ ചുമൽ കുതിർന്നു. തറവാട്ട് വസ്തുവിൽ എന്റെ വിഹിതത്തിന്റെ ഒരു പങ്ക് കിട്ടന്റെ പേരിലാക്കിയിട്ടാണ് തിരികെ പറന്നത്.
രാമന്‍ രാവണനെ നിഗ്രഹിച്ചതിനു ശേഷം സൂര്യന്‍ നേരേ ഉദിച്ചു തുടങ്ങിയതാണോ, അതോ വസന്ത കാലാരംഭത്തിൽ നരകാസുരനെ കൃഷ്ണൻ വധിച്ചതാണോ; ഏതാണ് വിഷുവിന്റെ ഐതിഹ്യമെന്ന് തീർച്ചയില്ല. പക്ഷെ ഒന്നുറപ്പിച്ച് പറയാം; കാലങ്ങളായി അടിത്തട്ടിൽ അടിഞ്ഞു കിടന്ന തിന്മക്ക് മേൽ നന്മ നേടിയ വിജയം എന്റെ മനസ്സ് പടക്കം പൊട്ടിച്ചും പൂത്തിരി കത്തിച്ചും ആഘോഷിക്കുകയായിരുന്നു.
⚫
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.
ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
