Follow the News Bengaluru channel on WhatsApp

പിക്കാസോ നാളെ മുതല്‍ തിയറ്ററുകളില്‍; സംവിധായകന്‍ സുനിൽ കാര്യാട്ടുകര ചിത്രത്തിന്റെ വിശേഷങ്ങള്‍ പങ്കുവെയ്ക്കുന്നു

പകിട, ചാക്കോ രണ്ടാമന്‍ തുടങ്ങിയ ചിത്രങ്ങള്‍ക്ക് ശേഷം സുനില്‍ കാര്യാട്ടുകര സംവിധാനം ചെയ്യുന്ന പിക്കാസോ എന്ന ചിത്രം വെള്ളിയാഴ്ച തിയറ്ററുകളി എത്തുകയാണ്. കെ ജി എഫ് എന്ന സൂപ്പര്‍ഹിറ്റ് ആക്ഷന്‍ ത്രില്ലര്‍ മൂവിയിലൂടെ ശ്രദ്ധ നേടിയ രവി ബസ്‌റൂര്‍ ആദ്യമായി ഒരു മലയാള സിനിമയ്ക്ക് പശ്ചാത്തല സംഗീതം ഒരുക്കുകയാണ് പിക്കാസോയിലൂടെ. അയാന ഫിലിംസിന്റെ ബാനറില്‍ പുറത്തിറങ്ങുന്ന ചിത്രത്തില്‍ ഒഡിഷനിലൂടെ തെരഞ്ഞെടുത്ത പുതുമുഖങ്ങളാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

വലിയ പ്രതീക്ഷകളാണ് സംവിധായകനും മറ്റ് അണിയറ പ്രവര്‍ത്തകരും താരങ്ങളുമെല്ലാം സിനിമയെക്കുറിച്ച് പങ്കു വെക്കുന്നത്. മലയാളത്തിലെ പ്രമുഖ സംവിധായകരും മമ്മൂട്ടിയും സുരേഷ് ഗോപിയും അടക്കമുള്ള താരങ്ങളെല്ലാം പിക്കാസോയ്ക്ക് സ്‌നേഹാശംസകള്‍ അറിയിച്ചുകൊണ്ട് പോസ്റ്റര്‍ പ്രകാശനങ്ങളില്‍ പങ്കാളികളായിരുന്നു. ഒരുപാട് സിനിമകളില്‍ സഹസംവിധായകനായി ജോലി ചെയ്ത അദ്ദേഹം ഇപ്പോഴും അതു തുടര്‍ന്നുകൊണ്ടിരിക്കുമ്പോള്‍ തന്നെയാണ് സ്വന്തമായി സിനിമകള്‍ സംവിധാനം ചെയ്യുന്നത്.

സിനിമയെക്കുറിച്ചും പുതുമുഖങ്ങളിലേക്ക് എത്തിയതിനെക്കുറിച്ചും കെജിഎഫ് എന്ന സൂപ്പര്‍ ഹിറ്റ് സിനിമയുടെ സംഗീതമൊരുക്കിയ രവി ബസ്റൂറിലേക്ക് എത്തിയതിനെക്കുറിച്ചും ഒക്കെയുള്ള വിശേഷങ്ങള്‍ പിക്കാസോയുടെ സംവിധായകന്‍ സുനില്‍ കാര്യാട്ടുകര ന്യൂസ് ബെംഗളൂരുവിനോട് പങ്കുവെയ്ക്കുന്നു.

ടോക് ടൈം 

🟡

സുനിൽ കാര്യാട്ടുകര | ഡോ. കീർത്തി പ്രഭ

രവി ബസ്റൂറിലേക്ക് എത്തിയത്?

പികാസോ എഡിറ്റിംഗ് കഴിഞ്ഞ സമയത്ത് എന്റെ കുറച്ചു സുഹൃത്തുക്കള്‍ക്ക് അത് കാണിച്ചു കൊടുത്തപ്പോള്‍ അവര്‍ പറഞ്ഞു ഇതിന്റെ ബാക്ക്ഗ്രൗണ്ട് മ്യൂസിക് ഗംഭീരമാവണം, മികച്ച ആളുകളെക്കൊണ്ട് ചെയ്യിപ്പിക്കണം എന്നൊക്കെ. മലയാളത്തിലെയും തമിഴിലെയും ഒക്കെ പ്രശസ്തരായ പല സംഗീതസംവിധായകരെയും ഞങ്ങള്‍ സമീപിച്ചിരുന്നു. പക്ഷേ ഒരു വലിയ മുടക്ക് മുതല്‍ ഞങ്ങളുടെ കുഞ്ഞു പടത്തിന് താങ്ങാന്‍ പറ്റുന്നത് അല്ലായിരുന്നു. കെജിഎഫ് ഹിറ്റ് ആയിരിക്കുന്ന ഒരു സമയമായിരുന്നു അത്. ഞാന്‍ എന്റെ നിര്‍മാതാവിന്റെ അടുത്ത് വെറുതെ ഒരു ആഗ്രഹത്തിന് തമാശയ്ക്ക് പറഞ്ഞതാണ് നമുക്ക് കെജിഎഫിന്റെ സംഗീതസംവിധായകനെ സമീപിച്ചാലോ എന്ന്. നിര്‍മാതാവ് അഫ്‌സല്‍ ഉടനെ തന്നെ എന്നോട് നമ്പര്‍ സംഘടിപ്പിക്കൂ ഞാന്‍ സംസാരിക്കാം എന്ന് പറഞ്ഞു. അപ്പോള്‍ തന്നെ ഞാന്‍ ബെംഗളൂരുവില്‍ സൗണ്ട് ഡിസൈനര്‍ ആയി വര്‍ക്ക് ചെയ്യുന്ന രാഹുലിനെ വിളിക്കുന്നു. രാഹുല്‍ ചോദിച്ചപ്പോള്‍ തന്നെ എനിക്ക് രവി സാറിന്റെ നമ്പര്‍ സംഘടിപ്പിച്ചു തന്നു. ആ നിമിഷം തന്നെ അഫ്‌സല്‍ രവി സാറിനെ വിളിക്കുന്നു. അദ്ദേഹത്തോട് സംസാരിക്കാനായി ഫോണ്‍ എന്റെ കയ്യിലേക്ക് തന്നപ്പോള്‍ എന്ത് സംസാരിക്കണം എന്നറിയാത്ത ഒരു അവസ്ഥയിലായിരുന്നു ഞാന്‍. ഇത് പുതുമുഖങ്ങളുടെ പടമാണ് എന്ന് ഞാന്‍ സാറിന്റെ അടുത്ത് ആദ്യം തന്നെ പറഞ്ഞു. സാറിനെപ്പോലുള്ള ഒരാള്‍ പശ്ചാത്തല സംഗീതം ഒരുക്കിയാല്‍ ഈ പടത്തിനെ അത് വലിയ രീതിയില്‍ ലിഫ്റ്റ് ചെയ്യുകയും പടം നല്ല രീതിയില്‍ മാര്‍ക്കറ്റ് ചെയ്യാന്‍ കഴിയുകയും ചെയ്യും, അതുകൊണ്ട് സാര്‍ ഞങ്ങളെ ഒന്ന് സഹായിക്കണം എന്നാണ് ഞാന്‍ രവിസാറിനോട് പറഞ്ഞത്. ഇതൊരു ചെറിയ ബഡ്ജറ്റ് പടമാണ് എന്ന് സാറിനോട് സത്യസന്ധമായി തന്നെ ഞാന്‍ പറഞ്ഞു. ഞാന്‍ ആദ്യം പടം കാണട്ടെ പടം കണ്ടിട്ട് തീരുമാനിക്കാം എന്നാണ് സാര്‍ അപ്പോള്‍ പറഞ്ഞത്. ഒരുപക്ഷെ പടം കണ്ടതിന് ശേഷം മാത്രം താങ്കൾ തീരുമാനമെടുത്താൽ മതിയെന്ന എൻ്റെ അഭ്യർഥനയായിരിക്കാം അദ്ദേഹത്തെ പിക്കാസോയിലേക്ക് അടുപ്പിച്ചത്.

ഉഡുപ്പിക്കും മൂകാംബികയ്ക്കും ഇടയിലുള്ള ബസ്റൂര്‍ എന്ന സ്ഥലത്തുള്ള സാറിന്റെ വീട്ടിലുള്ള സ്റ്റുഡിയോയിലേക്ക് ഞങ്ങള്‍ പോയി സംസാരിച്ചു. ഇപ്പോള്‍ കുറച്ചു ഭാഗങ്ങള്‍ കണ്ടിട്ട് പിന്നീട് മുഴുവന്‍ പടം കണ്ട് വിവരം അറിയിക്കാം എന്നാണ് സാര്‍ ആദ്യം പറഞ്ഞത്. പക്ഷെ പടം കാണാന്‍ തുടങ്ങിയിട്ട് അത് നിര്‍ത്താതെ ഞങ്ങളുടെ മുമ്പില്‍ വച്ച് തന്നെ മുഴുവന്‍ കാണുകയായിരുന്നു. കണ്ടു കഴിഞ്ഞ് ആദ്യം ഒന്ന് ചിരിച്ച് പിന്നീട് ഞങ്ങളെ എല്ലാവരെയും നോക്കി ഇത് ഞാന്‍ ചെയ്യാം എന്ന് പറഞ്ഞു. അത് കേട്ടപ്പോള്‍ ഞങ്ങള്‍ക്ക് സന്തോഷവും ഒപ്പം ബഡ്ജറ്റിനെ പറ്റി പേടിയും ഉണ്ടായി. ഞങ്ങള്‍ സാറിനോട് ഇതൊരു ചെറിയ ബഡ്ജറ്റ് പടമാണെന്ന് വീണ്ടും ഓര്‍മിപ്പിച്ചു. സാറിനെപ്പോലുള്ളവര്‍ സപ്പോര്‍ട്ട് ചെയ്യുകയാണെങ്കില്‍ പടം ഗംഭീരമായി വരും എന്നും പറഞ്ഞു. പടം കണ്ടിട്ട് എന്ത് തോന്നി എന്ന് ചോദിച്ചപ്പോള്‍ അദ്ദേഹം ചിരിച്ചുകൊണ്ട് പറഞ്ഞു ‘ഐ ആം ഇൻ്ററസ്റ്റെഡ്’. ഇത് ഞാന്‍ ചെയ്യാം. എനിക്ക് പ്രൊഡ്യൂസറുമായി ഒന്ന് സംസാരിക്കണം. പ്രൊഡ്യൂസറുമായി സംസാരിച്ചതിനു ശേഷം എന്നെ വിളിച്ച് ഈ സിനിമയുടെ ക്യാമറയെക്കുറിച്ചും എഡിറ്റിങ്ങിനെക്കുറിച്ചും വിഷ്വല്‍സിനെ പറ്റിയും ഒക്കെ നല്ല അഭിപ്രായമാണെന്ന് പറഞ്ഞു. എല്ലാതരത്തിലും നല്ലൊരു സിനിമയാണ്, നമുക്ക് ഈ സ്റ്റുഡിയോയില്‍ നിന്ന് തന്നെ ഇതിന്റെ വര്‍ക്കുകള്‍ ചെയ്യാം എന്നും അദ്ദേഹം സമ്മതിക്കുകയായിരുന്നു.

എന്തുകൊണ്ട് പുതുമുഖങ്ങള്‍?

ഈ കഥ കേട്ട് കഴിഞ്ഞപ്പോള്‍ തന്നെ ഞങ്ങളുടെ ആദ്യത്തെ തീരുമാനം ഇതിലെല്ലാം പുതുമുഖങ്ങള്‍ മതി എന്നതായിരുന്നു. കഥയ്ക്കും കഥാപാത്രങ്ങള്‍ക്കും എല്ലാം ഏറ്റവും അനുയോജ്യമായി വരുന്നത് പുതിയ മുഖങ്ങള്‍ ആയിരിക്കും എന്ന് ഞങ്ങള്‍ വിശ്വസിച്ചു. കാരണം അപ്പോള്‍ കഥയെപ്പറ്റിയോ കഥാപാത്രങ്ങളെ പറ്റിയോ യാതൊരു മുന്‍ധാരണകളും പ്രേക്ഷകര്‍ക്ക് ഉണ്ടാകില്ല.ഈ സിനിമ കണ്ടാല്‍ പ്രേക്ഷകര്‍ക്ക് അത് മനസ്സിലാകും.

 

സുനിൽ കാര്യാട്ടുകര

 

നായികയും നായകനും?

നായികയെയും നായകനെയും തിരഞ്ഞെടുത്തത് ഓഡിഷനിലൂടെയാണ്. കോഴിക്കോട്, തൃശൂര്‍, കൊല്ലം തുടങ്ങിയ മൂന്നു സ്ഥലങ്ങളില്‍ ആയിരുന്നു ഓഡിഷന്‍ ഉണ്ടായിരുന്നത്.മൂന്ന് സ്ഥലത്തും 5000ത്തില്‍ പരം ആളുകള്‍ ഉണ്ടായിരുന്നു. അതില്‍നിന്ന് ആദ്യം ആയിരം പേരെ സെലക്ട് ചെയ്യുകയും പിന്നീട് അത് 200 ആവുകയും പിന്നീട് നൂറിലേക്ക് ചുരുങ്ങുകയും ആ നൂറില്‍ നിന്ന് വീണ്ടും സെലക്ട് ചെയ്തവരാണ് ഈ സിനിമയില്‍ അഭിനയിച്ചിരിക്കുന്നത്. അവസാനമായി തെരഞ്ഞെടുത്ത എല്ലാവരെയും ചേര്‍ത്ത് ഒരു ക്യാമ്പ് നടത്തുകയും ആ ക്യാമ്പില്‍ നിന്ന് ഓരോ കഥാപാത്രങ്ങള്‍ക്കും ഇണങ്ങിയവരെ തിരഞ്ഞെടുക്കുകയും ആയിരുന്നു. ആ ക്യാമ്പില്‍ നിന്നും സെലക്ട് ചെയ്തിട്ടാണ് നായകനെയും നായികയെയും വരെ ഞങ്ങള്‍ പ്രഖ്യാപിച്ചത്. സത്യത്തില്‍ ഓഡിഷന് നായികയായി അഭിനയിക്കാന്‍ ഒരു കുട്ടിയെ പോലും കിട്ടിയിട്ടുണ്ടായിരുന്നില്ല എന്നതാണ് സത്യം. ആ സമയത്ത് റീല്‍സ് ഒക്കെ ചെയ്തു വൈറല്‍ ആയിരുന്ന രണ്ടുമൂന്നു കുട്ടികളെ ഞങ്ങള്‍ കണ്ടു. അങ്ങനെ വന്നു ചേര്‍ന്ന കുട്ടിയാണ് അമൃത സജു.വളരെയധികം ശ്രദ്ധിക്കപ്പെട്ടതും മലയാളികളുടെ ജൂനിയര്‍ ഐശ്വര്യ റോയ് എന്നൊക്കെ അറിയപ്പെട്ടതുമായ കുട്ടിയാണ്. അമൃത സജുവാണ് ഈ ചിത്രത്തിലെ നായിക.

എന്തുകൊണ്ട് പികാസോ പ്രേക്ഷകര്‍ കാണണം?

ഈ സിനിമയുടെ ടാഗ് ലൈന്‍ തന്നെ കണ്ടതും കേട്ടതും കട്ട ലോക്കലും എന്നാണ്. ഞാന്‍ കണ്ടതോ കേട്ടതോ അല്ലെങ്കില്‍ എന്റെ എഴുത്തുകാരന്‍ കണ്ടതോ കേട്ടതോ അനുഭവിച്ചതോ ആയ കാര്യങ്ങളാണ് പിക്കാസോയുടെ കഥയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. തൃശ്ശൂരില്‍ നടന്ന ചില സംഭവങ്ങളെ അടിസ്ഥാനമാക്കിയിട്ടുള്ള ഒരു കഥയാണിത്. ഇതൊരു യഥാര്‍ത്ഥ കഥയാണെന്ന് വേണമെങ്കില്‍ പറയാം. നമ്മള്‍ കണ്ടതും കേട്ടതുമായ സാധാരണ ഒരു കഥയാണ് പറയുന്നത്. പക്ഷേ കണ്ടതും കേട്ടതുമായ ചില കാര്യങ്ങള്‍ പറയുമ്പോള്‍ ശ്രദ്ധിക്കപ്പെടാതെ പോയ ചില കാര്യങ്ങള്‍ പ്രേക്ഷകര്‍ കാണണമെന്ന് ഞങ്ങള്‍ ആഗ്രഹിക്കുന്നു.അതുകൊണ്ടുതന്നെയാണ് പിക്കാസോ എന്ന സിനിമ നിങ്ങള്‍ക്ക് കാണണമെന്ന് ഞങ്ങള്‍ ആഗ്രഹിക്കുന്നത്.

ഡോ. കീർത്തി പ്രഭ

സുനില്‍ കാര്യാട്ടുകരയുടെ സിനിമായാത്രകള്‍ തുടക്കം മുതല്‍ ഇതുവരെ..

എന്റെ സിനിമ യാത്ര തുടങ്ങുന്നത് സന്ധ്യാ മോഹന്‍, ടി കെ രാജീവ് കുമാര്‍ തുടങ്ങിയ സംവിധായകരുടെ സംവിധാന സഹായിയായിട്ടാണ്. അവരാണ് എന്റെ ഗുരുനാഥന്മാര്‍ അവരുടെ കൂടെയാണ് എന്റെ തുടക്കം. ആ കാലഘട്ടത്തിലെ സംവിധായകരായ സിഎസ്. സുധീഷ്, ടി എന്‍ വസന്തകുമാര്‍ തുടങ്ങിയവരുടെയും മറ്റ് പല സംവിധായകരുടെയും കൂടെ ജോലി ചെയ്യാന്‍ അവസരം കിട്ടിയിട്ടുണ്ട്. അങ്ങനെ സംവിധാന സഹായിയായി ജോലിചെയ്ത ഒരു എക്‌സ്പീരിയന്‍സില്‍ നിന്നാണ് ഞാന്‍ അസോസിയേറ്റ് ഡയറക്ടറായി മാറുന്നത്. അങ്ങനെയാണ് അനില്‍ സി മേനോന്‍, പ്രിയനന്ദനന്‍, റോഷന്‍ ആന്‍ഡ്രൂസ്, ബി ഉണ്ണികൃഷ്ണന്‍, സലിം അഹമ്മദ്,രതീഷ് അമ്പാട്ട് തുടങ്ങിയവരുടെ കൂടെ അസോസിയേറ്റ് ഡയറക്ടറായി ജോലി ചെയ്തത്. അസോസിയേറ്റ് ഡയറക്ടര്‍ ആയി വര്‍ക്ക് ചെയ്തുകൊണ്ടിരിക്കുമ്പോള്‍ തന്നെയാണ് ഞാന്‍ സ്വന്തം സിനിമകളെ പറ്റി ആലോചിക്കുന്നതും സിനിമകള്‍ ചെയ്യുന്നതും. അനിലേട്ടന്റെ കൂടെ ബെന്‍ ജോണ്‍സണ്‍ ചെയ്തുകൊണ്ടിരിക്കുന്ന സമയത്താണ് ഞാന്‍ ചാക്കോ രണ്ടാമനെ പറ്റി ആലോചിക്കുന്നത്. ചാക്കോ രണ്ടാമന്‍ ചെയ്തു കഴിഞ്ഞ് വീണ്ടും അസോസിയേറ്റ് ഡയറക്ടറായി ഞാന്‍ വര്‍ക്ക് ചെയ്തു. അതുകഴിഞ്ഞ് പകിട എന്ന സിനിമ സംവിധാനം ചെയ്തു. അതിനുശേഷം വീണ്ടും അസോസിയേറ്റ് ഡയറക്ടറായി ജോലി ചെയ്യുകയുണ്ടായി.അതുകഴിഞ്ഞ് വീണ്ടും ഒരു പുതിയ സിനിമയിലേക്ക് എത്തിയതാണ് പിക്കാസോ. സഹ സംവിധായകനായി ജോലി ചെയ്തുകൊണ്ടിരിക്കുമ്പോള്‍ തന്നെ അതില്‍ നിന്ന് കിട്ടുന്ന ഊര്‍ജ്ജത്തില്‍ നിന്നും പുതിയ സിനിമയെ പറ്റി ചിന്തിക്കുകയും പുതിയ സിനിമകള്‍ ഉണ്ടാക്കുന്നതിലൂടെയും ഒക്കെയാണ് എന്റെ സിനിമ യാത്രകള്‍ പോയിക്കൊണ്ടിരിക്കുന്നത്. ഇപ്പോഴും ഞാന്‍ സഹസംവിധായകനായിട്ടും പുതിയ തലമുറയില്‍ പെട്ട സിനിമ പ്രവര്‍ത്തകരും ആയിട്ടും ഒക്കെ ജോലി ചെയ്യുന്നുണ്ട്. ഓരോ വര്‍ക്കും നമുക്ക് തരുന്നത് ഓരോ അനുഭവങ്ങളാണ്. ആ അനുഭവങ്ങളാണ് എന്റെ ഊര്‍ജ്ജം, അതില്‍നിന്ന് തന്നെയാണ് എന്റെ സിനിമാ യാത്ര തുടര്‍ന്നുകൊണ്ടിരിക്കുന്നത്.

പുതിയ പ്രൊജക്ടുകള്‍?

തീര്‍ച്ചയായും പുതിയ പ്രൊജക്ടുകള്‍ ഉണ്ട്. ഡിസ്‌കഷനും എഴുത്തുകളും ഒക്കെ നടന്നുകൊണ്ടിരിക്കുന്നു. അതിന്റെ പല വര്‍ക്കുകളും നടന്നുകൊണ്ടിരിക്കുന്നതേയുള്ളൂ. ഏറ്റവും അടുത്ത് തന്നെ അതിനെക്കുറിച്ചുള്ള അനൗണ്‍സ്‌മെന്റ് പ്രതീക്ഷിക്കാം.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.