Follow the News Bengaluru channel on WhatsApp

‘ആട്ടം’- സിംപിള്‍ ആണ്- ബട്ട് പവർഫുൾ

സിനിമ ▪️ ഡോ. കീർത്തി പ്രഭ

അലങ്കാരങ്ങളൊന്നും ഇല്ലാതെയാണ് ആനന്ദ് ഏകർഷിയും കൂട്ടരും ‘ആട്ടം’ ആടി തീർത്തത്. ആർത്തു വിളിച്ച് മതിമറന്നുപോകുന്ന ആട്ടമല്ല ഏകർഷിയുടെ ആട്ടം. സിനിമയെ ഒരുപാട് ഇഷ്ടപ്പെടുന്നവർക്ക്, മറ്റേത് കലയെക്കാളും സിനിമ ജീവനും ജീവിതവുമായി ബന്ധപ്പെട്ട് കിടക്കുന്നുവെന്ന തോന്നലുകളോടെ സിനിമ ആസ്വദിക്കുന്നവർക്ക് ആട്ടം ഇതുവരെ കാണാത്ത കാഴ്ചയും കാഴ്ചപ്പാടുകളെ പുനർജീവിപ്പിക്കുന്ന അനുഭവവുമാണ്. വലിയ പിരിമുറുക്കങ്ങൾ ഉണ്ടാക്കാതെ നമ്മുടെയൊക്കെ ഉള്ളിൽ അടിയുറച്ചു പോയ ചില സാമൂഹിക ബോധ്യങ്ങൾ ‘ആട്ടം’തകർത്തു കളയുന്നത് അനുഭവിക്കാൻ തന്നെ ഒരു സുഖമുണ്ട്.

വിനയ് ഫോർട്ട്, കലാഭവൻ ഷാജോൺ തുടങ്ങി പരിചയമുള്ള മുഖങ്ങളും ഇടയ്ക്ക് എവിടെയോ കണ്ടു പരിചയമുണ്ടെന്ന് തോന്നിപ്പിക്കുന്ന മുഖങ്ങളും പരിചയമില്ലാത്ത മറ്റൊരുപാട് മുഖങ്ങളും ചേർന്നതാണ് ആട്ടം. അധികം കണ്ട് പരിചയമില്ലാത്ത മുഖങ്ങൾ ഇതുപോലെ സ്ക്രീനും മനസ്സും നിറഞ്ഞാടുമ്പോൾ ഒരു പ്രത്യേക സൗന്ദര്യമാണ്. വിനയ് ഫോർട്ടിന്റെ ഭാഷയിൽ ‘ജാവ സിമ്പിൾ ആണ്, പവർഫുൾ ആണ്’ എന്ന് പറയുന്നത് പോലെ ലളിതമായ ആഖ്യാനങ്ങളിലൂടെയും സംഭാഷണങ്ങളിലൂടെയും സർവ്വശക്തിയും പ്രയോഗിച്ച് ഒരു ‘ആട്ട്’ നമ്മുടെ സമൂഹത്തിലെ ആണഹന്തങ്ങൾക്ക് ഇതുവരെ കിട്ടിയിട്ടുണ്ടാവില്ല. ഈ സിനിമ ഉണ്ടാക്കിയതിന് പുറകിൽ തന്നെ ഒരു നാടകക്കൂട്ടമുണ്ട്.

ആൺ മുഖങ്ങൾ ഏറെയുള്ള ഒരു സംഘം. സ്ത്രീകൾക്ക് പോലും സ്ത്രീപക്ഷം എന്താണെന്ന് തിരിച്ചറിയാൻ സാധിക്കാത്ത ഒരു ഒരു സാമൂഹിക സാഹചര്യത്തിൽ ഈ ആൺ കൂട്ടം ഇത്ര കൃത്യമായി സ്ത്രീപക്ഷം സംസാരിച്ചതിനു പുറകിൽ ഒരു കഥയുണ്ടാവണമല്ലോ എന്ന് ചിന്തിച്ചിരുന്നു. പക്ഷെ അങ്ങനെയൊരു ശക്തമായ രാഷ്ട്രീയവും സ്ത്രീപക്ഷവും എന്ന ചിന്ത സിനിമയുടെ എഴുത്ത് തുടങ്ങുന്ന സമയത്ത് ഇല്ലായിരുന്നു എന്നാണ് വിനയ് ഫോർട്ട്‌ പറഞ്ഞത്. അഭിനയിക്കുന്ന എല്ലാവരുടെയും പ്രതിഭയെ പരമാവധി ഉപയോഗിക്കാൻ സാധിക്കുന്ന മികച്ച കഥയും സിനിമയും മാത്രമായിരുന്നു അന്നത്തെ ചിന്തകൾ എന്നും വിനയ് പറയുന്നു.

“ഡോ. അജിത് ജോയ് എന്ന പ്രൊഡ്യൂസർ ആട്ടത്തിന്റെ കഥയും ആശയവും, ആ കൂട്ടായ്മക്ക് കലയോടുള്ള ആത്മാർത്ഥമായ സമീപനവും മനസിലാക്കിക്കൊണ്ടാണ് ഈ സിനിമ നിർമിക്കാൻ മുന്നോട്ട് വന്നത്. സ്ത്രീപക്ഷവും നിലപാടും രാഷ്ട്രീയ ശരികളുമെല്ലാം പ്രതിഭാശാലിയായ ഒരു എഴുത്തുകാരന്റെ ഉള്ളിൽ നിന്നും സ്വയമേ സൃഷ്ടിക്കപ്പെട്ടതാണ് ” ആനന്ദ് ഏകർഷി എന്ന എഴുത്തുകാരന്റെയും സംവിധായകന്റെയും കാഴ്ചപ്പാടുകളിലെ വ്യക്തത വിനയ് ഫോർട്ടിന്റെ ഈ വാക്കുകളിൽ തന്നെയുണ്ട്.

ഇനിയെന്ത് എന്ന് ആലോചിക്കാൻ പോലും ഇടതരാതെ കുറേ മനുഷ്യർ ചേർന്ന് ഇടപഴകുന്നത് നോക്കി ഇതുപോലെ മുഴുകിയിരുന്നത് അടുത്തെങ്ങുമുള്ള സിനിമാ ഓർമ്മകളിലൊന്നും ഇല്ല. അവാർഡുകളും അംഗീകാരങ്ങളും നേടിയ സിനിമകൾ സാധാരണ അതിന്റെ കമെർഷ്യൽ വശങ്ങളിൽ പരാജയപ്പെട്ടു പോകാറുണ്ട്. ആസ്വാദന ഉപാധി മാത്രമായി കണ്ടാൽ മതി എന്ന് എത്രതന്നെ പറഞ്ഞാലും സിനിമപോലെ മനുഷ്യന്റെ മനസിനെയും ജീവിതത്തെയും സ്വാധീനിക്കുന്ന മറ്റൊരു കല ഇല്ല. അതുകൊണ്ട് തന്നെ ആട്ടം പോലെ കാമ്പുള്ള,നിലപാടുകൾ ഉള്ളൊരു സിനിമ തിയേറ്ററുകൾ നിറച്ചു കൊണ്ട് പ്രേക്ഷകരുടെ പിന്തുണ നേടുന്നത് വലിയ സന്തോഷമാണ്. പറയുന്ന വിഷയവും ഉദ്ദേശിക്കുന്ന ചിന്തകളും എത്ര തന്നെ പ്രസക്തമാണെങ്കിലും അത്‌ ജനകീയമാകുമ്പോളും കൂടിയാണ് ഒരു കലാസൃഷ്ടി അതിന്റെ വിജയം കൈവരിക്കുന്നത്.  ആട്ടം ഇപ്പറഞ്ഞതെല്ലാം ഒരുപോലെ അവകാശപ്പെടാവുന്ന സിനിമയാണ്.

കണ്ട് ശീലിച്ചതല്ലാത്ത കുറേ മനുഷ്യരുടെ സംഭാഷണങ്ങളും ചലനങ്ങളും ഉണ്ടാക്കുന്ന പുതുമയും ആട്ടത്തിന്റെ ഭംഗി കൂട്ടുന്നുണ്ട്. എത്ര പെട്ടന്നാണ് മനുഷ്യന്റെ മനസ് ചാഞ്ചാട്ടങ്ങളുടെ അരങ്ങാവുന്നത്. ലൈംഗികമായി അതിക്രമിക്കപ്പെട്ട ഒരു സ്ത്രീയുടെ തുറന്നു പറച്ചിലുകളും, അവളുടെ പ്രണയവും, വസ്ത്രവും,പ്രവർത്തികളുമാണ് അതിക്രമിക്കുന്ന വ്യക്തിയേക്കാൾ ഇവിടുള്ള മനുഷ്യരെ അസ്വസ്ഥരാക്കുന്നത്. സിനിമയുടെ ആദ്യഭാഗത്ത് സംഭവിക്കുന്ന ഒരു കുറ്റകൃത്യം തെളിയിക്കാനുള്ള അന്വേഷണങ്ങളും സംസാരങ്ങളും സിനിമയ്ക്ക് ഒരു ത്രില്ലർ സ്വഭാവം നൽകുന്നു. കുറ്റവാളി ആരാണ് എന്ന ഉത്തരത്തിലേക്കുള്ള യാത്രയിൽ കാണുന്ന നമ്മളടക്കം കുറ്റം ചെയ്തവരും ചെയ്തുകൊണ്ടിരിക്കുന്നവരുമാണ് എന്ന തോന്നലുകൾ ഉണ്ടാക്കുന്നിടത്ത് ആട്ടത്തിന്റെ സാമൂഹിക മൂല്യം വർധിക്കുന്നു. ലൈംഗികമായി ചൂഷണം ചെയ്യപ്പെട്ട ഒരു സ്ത്രീ ആധുനിക ലോകത്ത് നേരിടേണ്ടി വരുന്ന വിചാരണകളും ചോദ്യങ്ങളും ഇവിടങ്ങളിലൊക്കെ അടിയുറച്ചു പോയ ആൺമേല്ക്കോയ്മകളുടെ ഞങ്ങളാണ് അധികാരികൾ എന്ന ഭാവത്തിന്റെ പ്രതിഫലനങ്ങളാണ്. ഒരു സ്ത്രീ തനിക്ക് നേരിട്ട ലൈംഗിക അതിക്രമം തെളിയിക്കേണ്ടി വരുന്ന അവസ്ഥ അതിക്രമത്തേക്കാൾ ഭീകരമാണ്. അത്തരമൊരു സാമൂഹികാവസ്ഥ നിലനിൽക്കുന്നത് കൊണ്ടു തന്നെ സ്ത്രീകൾക്കെതിരെയുള്ള ലൈംഗിക അതിക്രമങ്ങൾ ഏതെങ്കിലും ഒരാളിന്റെ രൂപത്തിലോ ഗന്ധത്തിലോ മാത്രം ഒതുങ്ങി നിൽക്കുകയില്ല എന്ന സാമൂഹിക അനീതിയുടെ ഉത്തരവാദിത്വങ്ങളെ പറ്റി ഇതുവരെയും ബോധ്യപ്പെടാത്ത മനുഷ്യരെയെല്ലാം തലകുനിച്ചു നിർത്തുന്ന വിശാലതയിലേക്കാണ് ആട്ടം സഞ്ചരിക്കുന്നത്.

വിനയ് ഫോർട്ടും സറിൻ ഷിഹാബും കലാഭവൻ ഷാജോണും മുഖപരിചയമില്ലാത്ത മറ്റെല്ലാ അഭിനേതാക്കളും ഒരുപോലെ ഒരൊറ്റ സിനിമയിൽ നിന്ന് അവർ ചെയ്ത കഥാപാത്രങ്ങളുടെതായ വലിയൊരു ലോകം ഉണ്ടാക്കി വച്ചിട്ടുണ്ട് എന്നത് അത്ഭുതം തന്നെയാണ്. ഈ മനുഷ്യർക്കുള്ളിലൊക്കെ ഇനിയും വലിയ അഭിനയസാധ്യതകളുടെ കടലിരമ്പങ്ങളുണ്ട്. 20 വർഷമായി നാടകത്തോട് ചേർന്നു ജീവിക്കുന്ന ആ കലാകാരന്മാരെക്കുറിച്ചും അവരെ ഏറ്റവും മനോഹരമായി ഈ സിനിമയോട് ചേർത്തുവച്ചതിനെക്കുറിച്ചും വിനയ് ഫോർട്ടിന് പറയാൻ ഒരുപാടുണ്ട്.

ഡോ കീർത്തി പ്രഭ

” ഡിഗ്രി പഠനകാലത്താണ് ലോകധർമി എന്ന നാടക സംഘത്തിൽ ചേരുന്നത്.വളരെ പ്രഗത്ഭരായ നാടക കലാകാരന്മാരുടെ ആ കൂട്ടായ്മയുമായി പിന്നീടുള്ള നാളുകളിൽ വലിയ ഹൃദയബന്ധം ഉണ്ടാവുകയും ഒരുമിച്ച് ജോലി ചെയ്യുകയും ഒരുപാട് യാത്രകൾ ചെയ്യുകയും ചെയ്തു. അങ്ങനെയുണ്ടായ ആത്മബന്ധം 20 വർഷമായി ഞങ്ങൾ തുടരുന്നു. ഒരു നല്ല സിനിമയിൽ മികച്ച വേഷം ചെയ്യുക എന്നത് ഇവരുടെയെല്ലാം ആഗ്രഹമായിരുന്നു. കഴിഞ്ഞ നാലഞ്ച് വർഷമായി അതുമായി ബന്ധപ്പെട്ട ആലോചനകളും നടന്നിരുന്നു. കോവിഡ് ലോക്ക് ഡൗൺ കഴിഞ്ഞ സമയത്ത് തട്ടേക്കാട് യാത്ര പോയപ്പോളാണ് നമ്മുടെ ഈ കൂട്ടായ്മയിൽ നിന്നൊരു സിനിമ ഉണ്ടാകണം എന്ന തീരുമാനം ശക്തമായത്.  ആനന്ദ് ഏകർഷിയും ഞങ്ങളുടെ കൂട്ടത്തിലുണ്ടായിരുന്ന ആളാണ്. സിനിമയുടെ സംവിധാന ഉത്തരവാദിത്തം ആനന്ദ് ഏറ്റെടുക്കുന്നതോടെ ആണ് ഈ സിനിമ ഉണ്ടാകുന്നത്”

“നായകൻ, നായിക, വില്ലൻ, അവരുടെ കുടുംബം ഇതൊക്കെ ചേർന്നിട്ടുള്ള ഒരു കമേര്‍ഷ്യൽ സിനിമയുടെ ‘സോ കാൾഡ്’ ഫോർമുലകളെ ബ്രേക്ക് ചെയ്തു കൊണ്ട് ഈ സിനിമ ഉണ്ടാക്കണമെന്നും എന്നാൽ എല്ലാ ആളുകളെയും രസിപ്പിക്കുന്ന തരത്തിൽ മികച്ച ത്രില്ലർ സ്വഭാവമുള്ള ഒന്നായിരിക്കണം എന്ന തീരുമാനം അന്നേ ഉണ്ടായിരുന്നു. ഈ നാടകക്കൂട്ടായ്മയിലെ ഓരോരുത്തരുടെയും പ്രതിഭ പരമാവധി ഉപയോഗിക്കണം എന്ന രീതിയിൽ തന്നെയാണ് ഈ സിനിമയുടെ എഴുത്ത് തുടങ്ങുന്നതും”

ആട്ടം എന്ന പേരിനു പിന്നിലുമുണ്ട് ഒരുപാട് അർഥങ്ങൾ. അരങ്ങിൽ നിറഞ്ഞാടുന്ന ഒരു നാടകക്കൂട്ടത്തിന്റെ, മനുഷ്യന്റെ മനസുകളുടെ ചാഞ്ചാട്ടത്തിന്റെ കഥയാണ് ആട്ടം എന്ന് വിനയ് പറയുന്നു.

“ആത്യന്തികമായി സിനിമ കാണികളെ പിടിച്ചിരുത്തുന്ന, രസിപ്പിക്കുന്ന, മുഴുകിപ്പിക്കുന്ന, അവരുടെ ജീവിതവുമായി ബന്ധപ്പെട്ട് കിടക്കുന്ന,അവരുടെ വൈകാരികതകളുമായി ചേർന്ന് നിൽക്കുന്ന ഒരു കഥ പറച്ചിലാണ്. ആട്ടം കണ്ടവരെല്ലാം ഇഷ്ടപ്പെടുന്നു എന്ന് പറയുന്നതിൽപരം സന്തോഷം മറ്റൊന്നില്ല. സിനിമയെ മോഹിക്കുന്ന കഴിവുറ്റ കുറച്ച് നാടക കലാകാരന്മാരെ അവരാഗ്രഹിച്ച ഒരു കലാജീവിതത്തിലേക്ക് കൈ പിടിച്ച് നടത്താൻ സാധിച്ചതും അവർക്ക് സിനിമാ മേഖലയിൽ മികച്ച ഒരു തുടക്കമായി മാറി ആട്ടം എന്നതും വലിയ സന്തോഷമാണ് “

ഒരു സിനിമ എങ്ങനെയാണ് രാഷ്ട്രീയശരികളെ മുറുകെ പിടിച്ചു കൊണ്ട് പ്രേക്ഷകരെ പിടിച്ചിരുത്തുന്ന കഥകൾ പറയുന്നത് എന്ന് ആട്ടം നമ്മളെ പഠിപ്പിക്കുന്നു.പൊളിറ്റിക്കൽ കറക്റ്റ്നസും സാമൂഹിക പ്രതിബദ്ധതയും പഠിപ്പിക്കുന്ന ഒരു ക്ലാസ്സ്‌ മുറിയാകാതെ അതിനെയൊക്കെ സിനിമയുടെ വിനോദവുമായും ആസ്വാദനവുമായും സംയോജിപ്പിച്ച് അവതരിപ്പിക്കുന്ന ആട്ടം പോലെ ഭാരം കുറഞ്ഞ സിനിമകളാണ് ഇനിയും ഇവിടെ ഉണ്ടാവേണ്ടത്. സിനിമയുടെ വാണിജ്യം വിനോദം തുടങ്ങിയ വശങ്ങളുടെ എല്ലാം പരിമിതികൾക്കുള്ളിൽ നിന്ന് കൊണ്ട് സാമൂഹിക മാറ്റത്തിന്റെ സന്ദേശങ്ങൾ പ്രേക്ഷകരിലേക്ക് എത്തിക്കാൻ ആട്ടം കൂട്ടായ്മയ്ക്ക് കഴിഞ്ഞിട്ടുണ്ട്. ആളുകളെ രസിപ്പിക്കുന്നതിലും പണം നേടുന്നതിലും ഗ്ലാമർ സമ്പാദിക്കുന്നതിനുമുള്ള ഒരു ഉപാധിയായി സിനിമയെ കാണുമ്പോൾ അതിലുപരി സിനിമയ്ക്ക് ഉയർന്ന ലക്ഷ്യങ്ങൾ ഉണ്ട് എന്ന് ആട്ടം പോലെ ചില സിനിമകൾ നമ്മളെ ഇടയ്ക്ക് ഓർമിപ്പിക്കും. ഗാഢമായ ഒരു ചുംബനം പോലും ആട്ടത്തിൽ വെറുമൊരു വിനോദക്കാഴ്ചയോ അനാവശ്യമായി തിരുകി കയറ്റിയ ഒരു രംഗമോ അല്ല. അതുകൊണ്ടുതന്നെ ആട്ടത്തിലെ അത്തരം സ്നേഹപ്രകടനങ്ങൾക്ക് മറ്റെവിടെയും കാണാത്ത മനോഹാരിതയുമുണ്ട്.  അരങ്ങ് വിശാലമെങ്കിലും ആട്ടത്തിലെ മനുഷ്യർ യാതൊരു ദക്ഷിണ്യവും ഇല്ലാതെ അഴിഞ്ഞാടിയത് അരങ്ങിന് പുറത്തുള്ള മനുഷ്യരുടെ ഇടുങ്ങിയ മനസുകളിലാണ്.⬛

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.