Follow the News Bengaluru channel on WhatsApp

വിപ്ലവവും പ്രതിവിപ്ലവവും ഒളിച്ചു കടത്തുന്ന കലയുടെ ഭ്രമയുഗം

സിനിമ ▪️ ഡോ. കീർത്തി പ്രഭ

ഭൂതകാലം മുതൽ കണ്ണ് വച്ചതാണ് രാഹുൽ സദാശിവൻ എന്ന സൂത്രധാരനെ. ആ പേരിനൊപ്പം മമ്മൂട്ടി കൂടി ചേർന്നപ്പോൾ സിനിമാ തിരശീലയിൽ നടന്നത് ഒരു മാജിക്‌ റിയലിസമാണ്. ഒരു പ്രായം കഴിയുമ്പോൾ എല്ലാം വച്ചവസാനിപ്പിച്ച് ഒരിടത്ത് ഒതുങ്ങാൻ തീരുമാനിക്കുകയും അത്‌ മറ്റുള്ളവരോട് ഉപദേശിക്കുകയും ചെയ്യുന്ന ബഹുഭൂരിപക്ഷത്തിനിടയിൽ എഴുപതുകളിൽ സ്വന്തം അഭിനിവേശങ്ങൾക്ക് പുറകെ ഭ്രാന്തമായ ഊർജസ്വലതയോടെ നടക്കുന്ന മലയാളത്തിന്റെ മമ്മൂട്ടി അസാധാരണമായ പ്രവർത്തികളിലേക്കും സർഗ്ഗാത്മകതയിലേക്കും മനസ്സിനെ ഉണർത്തുന്ന ആകർഷണ കേന്ദ്രമായി മാറുകയാണ്.പണവും പദവിയും ഉണ്ടാക്കിക്കൊടുക്കുന്ന ആനുകൂല്യങ്ങളുണ്ടെങ്കിൽ ആർക്കും സാധിക്കുന്ന ഒന്നായി ആ അഭിനിവേശങ്ങളെ ചുരുക്കിക്കളയാൻ കഴിയുമെന്ന് കരുതുന്നില്ല. ആഗ്രഹങ്ങളുടെ പുറകെ തളരാതെ പായാനുള്ള ഊർജം എഴുപതുകളിൽ അയാളിലേക്ക് പെട്ടന്ന് കടന്നു വന്നതുമല്ല. അയാളുടെ സിനിമാ ജീവിതത്തിന്റെ ഉദ്ഭവവും ഒഴുക്കുമെല്ലാം നിരന്തരമായ പ്രയത്നങ്ങളും ചലനങ്ങളും ചേരുന്നതും സ്വന്തം പ്രവർത്തന മണ്ഡലത്തിലെ നൂതനമായ ആശയങ്ങളെ സ്വാംശീകരിക്കാനുമുള്ള താല്പര്യങ്ങളിൽ നിന്നും രൂപപ്പെട്ടതാണ്.

സ്വന്തം അഭിനയാസക്തിയെ പുത്തൻ സിനിമാ തന്ത്രങ്ങളുടെ മന്ത്രങ്ങളാൽ ആവാഹിപ്പിച്ച് നിർത്തുന്ന അദ്ദേഹത്തിലെ ചാത്തൻ എവിടെയും മമ്മൂട്ടി മാത്രം ആഘോഷങ്ങളുടെ കേന്ദ്രമാകുന്നു എന്ന ആവലാതി പറച്ചിലുകളെ നിഷ്പ്രഭമാക്കാൻ പോന്നതാണ്. മെഗാസ്റ്റാർ എന്ന വിളിയുടെ കുരുക്കുകളിൽ നിന്ന് സ്വയം അയഞ്ഞുകൊണ്ടും ആ വിളിയുടെ അംശങ്ങൾ നമ്മളിൽ നിന്ന് ആവാഹിച്ചെടുത്ത് വീര്യം കുറച്ച് നേർപ്പിച്ചുകൊണ്ടും നടനമേ ഭ്രമം എന്ന മട്ടിൽ ഭ്രാന്തമായ ഭ്രമിപ്പിക്കുന്ന ഇതുപോലൊരു മനുഷ്യൻ എന്റെ ബുദ്ധിമണ്ഡലത്തിന്റെ ഭാഗമാകുമെന്ന് പ്രതീക്ഷിച്ചിട്ടു പോലുമില്ല. മമ്മൂട്ടി എന്ന താരമല്ല, മമ്മൂട്ടി എന്ന നടൻ ഓരോ തവണയും സൃഷ്ടിക്കുന്ന പ്രഭാവലയം ഇനിയും അദ്ദേഹത്തിലേക്ക് തന്നെ കണ്ണു നട്ടിരിക്കാൻ പ്രലോഭിപ്പിക്കുകയാണ്. പോറ്റിയുടെ മനയിലേക്കും മമ്മൂട്ടിയുടെ ഭ്രമങ്ങളിലേക്കും കയറിച്ചെന്നാൽ ചക്രവ്യൂഹത്തിൽ അകപ്പെട്ട പോലെ തിരിച്ചിറങ്ങാൻ പ്രയാസവുമാണ്.

അസാധാരണമായ അഭിനയ പാടവമുണ്ടായിരുന്ന കെ പി എ സി ലളിതയുടെയും തൂലികകൊണ്ട് ഇന്ദ്രജാലങ്ങൾ തീർത്ത ഭരതന്റെയും മകൻ സിദ്ധാർഥിന്റെ ഉള്ളിലെ ഭീകരനായ പ്രതിഭയെ കണ്ടത് ഭ്രമയുഗത്തിലാണ്. രൂക്ഷമായി ഭീതിപ്പെടുത്തുകയും ഭീതിയും നിസ്സഹായതയും കൊണ്ട് വിറങ്ങലിക്കുകയും മനയിലെ പുതിയ അതിഥിയോടുള്ള അറപ്പും വെറുപ്പും കൊണ്ട് പിടയുകയും പകയിൽ എരിയുകയും ചെയ്ത് ഒരിക്കലും അനുഭവിപ്പിച്ചിട്ടില്ലാത്ത അതിഭീകരമായ ഭാവപ്പകർച്ചകളിലൂടെ സിദ്ധാർഥ് ഭരതൻ ആശ്ചര്യപ്പെടുത്തിയെങ്കിലും നിലവിൽ പറയപ്പെടുന്ന നായകഭാവങ്ങൾ ഒളിഞ്ഞിരിക്കുന്ന കഥാപാത്രത്തിലൂടെ അർജുൻ അശോകൻ മനം കവർന്നുവെങ്കിലും നമുക്കറിയാവുന്ന പല കാരണങ്ങൾ കൊണ്ടും മമ്മൂട്ടിയിലെ നടൻ എല്ലാത്തിനുമുപരിയായി ശോഭിക്കപ്പെടുന്നു.ഇക്കഴിഞ്ഞ നീണ്ട സിനിമാ വർഷങ്ങളിൽ അദ്ദേഹം ഉണ്ടാക്കി വച്ച താര നടന മൂല്യങ്ങളുടെ പ്രഭയും മമ്മൂട്ടി എന്ന മനുഷ്യന്റെ സാമൂഹിക സിനിമാ അവബോധങ്ങളുടെ ആഴവും വിശാലതയും ഒത്തുചേരുമ്പോഴുള്ള സ്വീകാര്യതയുമെല്ലാം മറ്റാർക്കുമപ്പുറം മമ്മൂട്ടി അംഗീകരിക്കപ്പെടുന്നതിന്റെ ഉത്തരമാണ്. രണ്ടുതരം കഥാപാത്രങ്ങളിലേക്കുള്ള പ്രയാണം മമ്മൂട്ടിക്ക് കേവലം പതിഞ്ഞ ചിരിയിൽ നിന്നും ആർത്തട്ടഹാസത്തിലേക്കുള്ള ചുവടുമാറ്റം മാത്രമല്ല. അദ്ദേഹത്തിന്റെ നടന ശരീരത്തിന്റെ ഓരോ അണുവിലും കഥാപാത്രസ്വഭാവങ്ങൾ വിസ്മയിപ്പിക്കും വിധം അനായാസമായി മാറിമറിയുകയായിരുന്നു.

രാഹുൽ സദാശിവൻ മമ്മൂട്ടിയോടൊപ്പം

വെള്ളസാരിയും ദംഷ്‌ട്രകളും അല്ലെങ്കിൽ കസവുടുത്ത സവർണ തമ്പുരാട്ടിമാരുടെ രൂപം, ഇങ്ങനെയുള്ള യക്ഷികളെ നമുക്ക് പരിചയിപ്പിച്ച അതേ സിനിമാലോകത്തു നിന്നും സ്ത്രീയും പുരുഷനും ശരീരത്തിന്റെ മേൽപ്പാതി മറക്കാത്ത ഭൂതകാലത്തിനുസൃതമായ വസ്ത്ര സാധ്യതകളിൽ വ്യത്യസ്തയായ യക്ഷിയുടെ രൂപം അമാൽഡ ലിസ് വശീകരിക്കും വിധം മനോഹരമാക്കിയിട്ടുണ്ട്. ശക്തമായ സ്ത്രീ സങ്കൽപ്പങ്ങളിൽ ഒന്നാണ് യക്ഷി എന്ന് തോന്നിപ്പിക്കും വിധം പൂർണമായ ഫാന്റസിയിലേക്ക് പോകാതെ യഥാർഥ്യത്തെയും കാലത്തെയും പാടേ തള്ളിക്കളയാതെ വന്ന യക്ഷിയെന്ന ആശയം ഭ്രമയുഗത്തിന്റെ ആസുര സാധ്യതകൾക്ക് മാറ്റ് കൂട്ടി.

സമകാലിക രാഷ്ട്രീയവും സാമൂഹിക അവസ്ഥയും പച്ചയ്ക്ക് കടിച്ചു കീറുന്ന പ്രമേയത്തിന്റെ പുറകിൽ സംവിധായകൻ രാഹുൽ സദാശിവൻ തന്നെയാണ്. കഥയും തിരക്കഥയും രാഹുലിന്റേതെങ്കിലും സിനിമയിലെ ഭ്രമിപ്പിക്കുന്ന സംഭാഷണങ്ങൾ എഴുതിയത് മാമ ആഫ്രിക്കയും സുഗന്ധി എന്ന ആണ്ടാൾ ദേവനായകിയും ഫ്രാൻസിസ് ഇട്ടിക്കോരയും ഒക്കെ എഴുതി ഭാഷയെ അപൂർവമായ താളത്തിൽ നൃത്തം ചെയ്യിപ്പിച്ച ടി ഡി രാമകൃഷ്ണനാണ്. ഭ്രമയുഗകാലത്തെ ഭാഷ ഇതിലും കയ്യടക്കത്തോടെ കുറുക്കിയെടുക്കാൻ മറ്റൊരാൾക്ക് സാധിക്കില്ല എന്ന് തന്നെ തോന്നി.
തിരക്കഥയും സംഭാഷണങ്ങളും തീവ്രശക്തിയിൽ പ്രേക്ഷകരിലേക്ക് ഒഴുക്കി വിടുന്നതിൽ കലാസംവിധാനത്തിനും ഛായാഗ്രഹണത്തിനും എഡിറ്റിങ്ങിനും സംഗീതത്തിനുമൊക്കെയുള്ള പങ്ക് എടുത്തു പറയാതെ വയ്യ. കൊടുമൺ പോറ്റിയുടെ മനയ്ക്ക് ഭീതിതമായ,കാലഘട്ടത്തിനനുസൃതമായ ആകാരം നൽകുവാൻ ജ്യോതിഷ് ശങ്കറിന്റെ കലാസംവിധാന മികവിന് തീർച്ചയായും കഴിഞ്ഞിട്ടുണ്ട്. ഒരു ചെറിയ പരിഭവം കൂടി അതോടൊപ്പം രേഖപ്പെടുത്തുന്നു. പുരാതന കേരളീയരുടെ കുലീന ഭവനങ്ങൾ ഓലയോ പുല്ലോ മേഞ്ഞതായിരുന്നു എന്ന് കേട്ടറിവുള്ള പതിനേഴാം നൂറ്റാണ്ടിലെ പോറ്റിയുടെ മന പുല്ലോ ഓലയോ അല്ലെങ്കിൽ അക്കാലത്ത് ഉണ്ടായിരുന്ന കൈവേലകൾ കൊണ്ട് നിർമ്മിതമായ ഓടോ ആയിരുന്നു എങ്കിൽ ഇനിയും ഒരു ഒരു പടി കൂടി സിനിമ ഉയർന്നു നിന്നേനേ. ഷഹനാദ് ജലാലിന്റെ ക്യാമറക്കണ്ണുകൾ കറുപ്പിലും വെളുപ്പിലും ഒപ്പിയെടുത്ത ഓരോ രംഗങ്ങളും കഥയും സംഭാഷണങ്ങളും ആവശ്യപ്പെടുന്ന ഭീതിയെ അതിഗൂഢമായി പിന്തുടരുകയും കഥാപാത്രങ്ങളുടെ സ്വഭാവവിശേഷങ്ങളോട് പരിപൂർണ്ണമായി പൊരുത്തപ്പെട്ട് സഞ്ചരിക്കുകയും ചെയ്തിട്ടുണ്ട്. പോറ്റിയും തേവനും ചാത്തനും യക്ഷിയും പാചകക്കാരനും അഴിഞ്ഞാട്ടം നടത്തിയ മനയിലൂടെ ഒഴുകിയ സംഗീതത്തിന്റെ സൂത്രധാരൻ ക്രിസ്റ്റോ സേവ്യറാണ്. കഥാപാത്രങ്ങളുടെ ഭീകരമായ അഴിഞ്ഞാട്ടത്തിനുള്ള സകല സാധ്യതകളും പഴുതുകളില്ലാതെ തുറന്നുവച്ച മാന്ത്രികസംഗീതമാണ് ഭ്രമയുഗത്തിലുടനീളം. വെറും മൂന്ന് മുഴുനീള കഥാപാത്രങ്ങൾക്ക്, കറുപ്പും വെള്ളയും എന്ന രണ്ടേ രണ്ട് നിറങ്ങളിൽ വെള്ളിത്തിരയിൽ ആറാടി ഒരു വലിയ പ്രേക്ഷക സമൂഹത്തിന്റെ ആസ്വാദനപരതയെ തീക്ഷ്ണമായി കടന്നാക്രമിക്കാൻ സാധിച്ചു എങ്കിൽ ഈ സിനിമയുടെ സകല കോണുകളുടെ സൃഷ്ടാക്കളുടെയും പ്രയത്നങ്ങൾ എടുത്തു പറയാതെ വയ്യ.

ടി ഡി രാമകൃഷ്ണന്‍

 

എന്തൊരു ചന്തവും വിഭവസമൃദ്ധവുമാണ് ചാത്തന്റെ അടുക്കള. കിഴങ്ങുകളും ഇറച്ചിയും ഇലകളും കായ്കളും വീഞ്ഞും ചാത്തനധികാരത്തിന്റെ സമ്പന്നമായ കാഴ്ചകളാണ്. കിഴങ്ങുകൾ ചേർത്ത് വേവിച്ച വലിയ ഇറച്ചിക്കഷണങ്ങൾ കറ പിടിച്ച പല്ലുകൾ കൊണ്ട് കടിച്ചു വലിക്കുന്ന ചാത്തന്റെ രൂപം മറക്കാനാകുമോ. ഉറുമ്പും പഴുതാരയും ചിലന്തിയുമൊക്കെ ആഹാരത്തിൽ ചേർത്ത് പാചകം ചെയ്ത് കഴിക്കുന്ന ചാത്തൻ വിശേഷങ്ങൾ പുരാതനമായ കേട്ടറിവാണ്. അതിന്റെ ഓരോ അണുവും ചാത്തന്റെ അടുക്കളയിൽ ഭീതി നിറച്ച കാവ്യം പോലെ വർണ്ണിക്കപ്പെടുന്നു. ഈ കാഴ്ചകളൊക്കെ ഇത്രയും സൂക്ഷ്മതയിൽ വിസ്തരിക്കപ്പെടുന്നത് എവിടെയും കണ്ടിട്ടില്ലാത്ത കാഴ്ചകളാണ്. രാഹുൽ സദാശിവനും കൂട്ടർക്കുമല്ലാതെ ആർക്ക് സാധിക്കും ഇതൊക്കെ. എന്തു മാത്രം പരീക്ഷണങ്ങളാണ് കലയിൽ സാധ്യമായിട്ടുള്ളത്.

മേൽപ്പറഞ്ഞ സിനിമാ വർണ്ണനകൾക്ക് പുറമെ വിശാലമായ വായനകൾക്കും ചർച്ചകൾക്കും ഇടം നൽകുന്ന ഭ്രമയുഗത്തിന്റെ പ്രമേയം കാലാതീതമാണ്. അധികാരമോഹമുള്ള ചാത്തൻ ഉള്ളിൽ ഉറങ്ങിക്കിടക്കാത്ത മനുഷ്യരുണ്ടോ?അധികാരമെന്നാൽ ഒരു രാജ്യത്തിന്റെയോ സംസ്ഥാനത്തിന്റെയോ ജില്ലയുടെയോ നഗരസഭയുടെയോ പഞ്ചായത്തിന്റെയോ ഭരണം മാത്രമല്ല. സ്വന്തം ആഗ്രഹങ്ങളുടെയും ഒരു മൊട്ടുസൂചിയെങ്കിലും വെട്ടിപ്പിടിക്കാനുള്ള ത്വരകളുടെയും ചാത്തൻ എല്ലാവർക്കുമുള്ളിലുണ്ട്. അങ്ങനെ വരുമ്പോൾ ഇന്നത്തെ-ഈ ഭ്രമയുഗത്തിലെ നായകൻ ചാത്തൻ തന്നെയാണ്. ചാത്തന്മാർ നായകൻമാരായി വിലസുന്ന കാലമാണ്. അത്‌ ഒരാളിൽ നിന്ന് മറ്റൊരാളിലേക്ക് പടരുന്ന പകർച്ച വ്യാധിയാണ്. ഒരു പക്ഷെ ഭ്രമയുഗത്തിന്റെ ശരി ചാത്തൻ തന്നെയാവാം. ജനാധിപത്യം എന്ന് ആർത്തുറച്ചു പറയുന്നു എങ്കിലും അധിപനായാൽ മറ്റുള്ളവരെ ഒന്ന് അടക്കി നിർത്താൻ കൗതുകം തോന്നാത്ത മനുഷ്യർ ഇല്ല. സമൂഹത്തിന്റെ ഏറ്റവും ചെറിയ കണികയായ കുടുംബങ്ങളും ജനാധിപത്യമാണെന്ന പുറം മോടിയിൽ ഏകാധിപത്യത്തിന്റെ രുചി നുണയുന്നുണ്ട്. പെണ്ണിന്റെ മേൽ അധികാരം ആഗ്രഹിക്കുന്ന ആൺകോയ്മകൾ, കീഴുദ്യോഗസ്ഥരുടെ മേൽ അധികാരം ആഗ്രഹിക്കുന്ന മേലുദ്യോഗസ്ഥർ, ജാതിയിലൂന്നിയ അധികാര ഭാവങ്ങൾ,വളർത്തി വലുതാക്കിയെന്ന കാരണത്താൽ മക്കളും അവരുടെ ഇഷ്ടങ്ങളും തങ്ങൾക്ക് വിധേയരായിരിക്കണം എന്ന മാതാപിതാക്കളുടെ ശാഠ്യങ്ങൾ…..എവിടെയാണ് പൂർണ്ണമായ ജനാധിപത്യം ഉള്ളത്. ചാത്തനും തേവനും പാചകക്കാരനും മാത്രം മതി ഈ സമൂഹത്തിലെ മനുഷ്യരെ ആകെ പ്രതിനിധീകരിക്കാൻ. അതിനൊരു വലിയ ജനക്കൂട്ടവും പലവിധ വർണ്ണങ്ങളും ആവശ്യമില്ല,ആ മൂന്നുപേരിലും കറുപ്പിലും വെള്ളയിലും സകല സമൂഹങ്ങളും കുടികൊള്ളുന്നു. അധികാരമോഹവും അതിജീവനവും വിധേയത്വവും ഭീതിയും ദൈന്യതയും കരുണയും പ്രണയവും ലൈംഗികതയും എല്ലാം അവരിലൊതുങ്ങുന്നു.

 

ഡോ. കീർത്തി പ്രഭ

“നിനക്ക് ഭക്ഷണം തന്നത് ഞാനല്ലേ..പിന്നെന്തിനാ ദൈവത്തിന് നന്ദി പറയുന്നത്” ഒരു മിഠായി മേടിച്ചു കൊടുത്തതിന് പോലും അവർ നമുക്ക് വിധേയരായിരിക്കണം എന്ന അധികാരബോധം ഉള്ളിന്റെയുള്ളിലുള്ള മനുഷ്യരാണ് ബഹുഭൂരിപക്ഷവും.” നിനക്ക് നിന്റെ പേര് ഓർമ്മയുണ്ടോ, നീ വന്നിട്ട് എത്ര നാളായി എന്ന് ഓർമ്മയുണ്ടോ” പോറ്റിയുടെ ചോദ്യത്തിന് തേവന് ഉത്തരമില്ല. പോറ്റിയുടെ അധികാരത്തിന്റെ വലയത്തിൽ കിടന്ന് താൻ എന്തെന്ന് മറന്നിരിക്കുന്നു തേവൻ. നാളുകളായി നമ്മൾ കൊണ്ടുനടക്കുന്ന ഇഷ്ടങ്ങളും വിശ്വാസങ്ങളും ഒരു സുപ്രഭാതത്തിൽ മറ്റൊരാളാൽ തച്ചുടയ്ക്കപ്പെടുകയും നിസ്സഹായരായി അതിനോട് അനുരൂപപ്പെട്ട് ജീവിക്കേണ്ടി വരികയും ചെയ്യുന്ന തേവൻമാർ പോറ്റിയുടെ മനയിൽ മാത്രമല്ല പല രൂപങ്ങളിൽ സകല വീടുകളിലും ഉണ്ട്. പോറ്റി തേവന് കൊടുക്കുന്ന അന്നം അവന്റെ സ്വാതന്ത്ര്യവും അവകാശങ്ങളും അടിയറ വയ്ക്കാനുള്ള കൈക്കൂലിയാണ്. അത് തന്റെ ഔദാര്യമാണെന്ന ബോധം പോറ്റി തേവനിൽ കുത്തിവയ്ക്കുകയും ചെയ്യുന്നു. ജനാധിപത്യം എന്ന് തലയുയർത്തിപ്പറയുന്ന നമ്മുടെ രാജ്യത്തും പൗരനെ തേവൻ എന്ന് പേരിടാവുന്ന പരിതസ്ഥിതി നിലനിൽക്കുന്നത് പലർക്കും ഇതുവരെ ബോധ്യപ്പെട്ടിട്ടില്ല.

പകിട കളിയുടെ സകല നിയന്ത്രണങ്ങളും തന്റെ കയ്യിൽ ആണെന്ന് ഉറപ്പുള്ള പോറ്റി തേവനെ മത്സരിക്കാൻ വിളിക്കുന്നു, ചതിയെന്നറിഞ്ഞിട്ടും പോറ്റിയുടെ അധികാരത്തെ കളങ്കമില്ലാതെ ബഹുമാനിക്കുന്ന നിസ്സഹായത അർജുൻ അശോകൻ അതിമനോഹരമാക്കിയിട്ടുണ്ട്. ജയം എനിക്ക് തന്നെ അതുകൊണ്ട് നിന്റെ സ്വാതന്ത്ര്യവും സമയവും എനിക്ക് എന്ന് അട്ടഹസിക്കുന്ന പോറ്റിമാർ നിറഞ്ഞ ആസുരകാലം ഒന്നിൽ നിന്നും മറ്റൊന്നിലേക്ക് പടർന്ന് എന്നും തുടർന്നു പോകുമോ എന്ന ഭീതി നിലനിൽക്കുന്നുണ്ട് ഭ്രമയുഗത്തിന്റെ അന്ത്യത്തിൽ. കാലത്തെ അപമാനിച്ചു കൊണ്ട് അധികാരിയും അടിമയും എന്ന വേർതിരിവിനെ തൊട്ടുരുമ്മിയിരിക്കുന്ന അതികായന്മാരായ ചാത്തന്മാരുടെ കെടാവിളക്കുകൾ ഊതിയണക്കുന്ന വിപ്ലവവീര്യമുള്ള മനുഷ്യരിലെ തീ ഒരിക്കലും അണയാതിരിക്കട്ടെ. വിപ്ലവവും പ്രതിവിപ്ലവവും തമ്മിലുള്ള കലഹങ്ങളാണ് സമകാലിക രാഷ്ട്രീയത്തിന്റെയും ഭ്രമയുഗത്തിന്റെയും കാതൽ.🟥


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.