Follow the News Bengaluru channel on WhatsApp

സ്ത്രീകളിൽ നിക്ഷേപിക്കുക

ഷാന്റി തോമസ്

മറ്റൊരു വനിതാ ദിനം കൂടി കടന്നുപോയിരിക്കുന്നു. തൊഴിലിടങ്ങളിലും സാമൂഹ്യ മാധ്യമങ്ങളിലും സമൂഹത്തിന്റെ ചില കോണുകളിലും മാത്രം നടത്തപ്പെടുന്ന യാഥാർഥ്യലോകത്തെ തഴുകാത്ത ഫെമിനിസ്റ്റ് ആശയമാണ് പൊതുസമൂഹത്തിന്റെ മുന്നിൽ ഇപ്പോഴും ഈ ദിവസം.

പുരുഷ കേന്ദ്രീകൃതമായ ഈ ലോകത്ത് സ്ത്രീത്വത്തെ ആഘോഷിക്കുവാനും, സ്ത്രീയും പുരുഷനും ഒരു നാണയത്തിന്റെ ഇരു വശങ്ങളാണന്ന് ഓർമ്മിപ്പിക്കുവാനും, കഴിവിലും, ചുമതലകൾ നിറവേറ്റുന്നതിലും, സമൂഹത്തെ മുന്നോട്ട് നയിക്കുന്നതിലും പുരുഷനൊപ്പം സ്ത്രീക്കും തുല്യ അവകാശങ്ങളും അധികാരങ്ങളും ഉത്തരവാദിത്തങ്ങളും ഉണ്ടെന്ന് ഓർമ്മപ്പെടുത്തുവാനുമാണ് വനിതാദിനം ആഘോഷിക്കുന്നത്. അത്‌ എല്ലാ സ്ത്രീകൾക്കും വേണ്ടി മാത്രമുള്ളതല്ല, നമ്മുടെ സമൂഹത്തിന്റെ എല്ലാ വിഭാഗങ്ങൾക്കും വേണ്ടിയുള്ളതാണ്.

സ്ത്രീപുരുഷ സമത്വം ആവശ്യപ്പെടുന്ന ഒരു സമൂഹത്തിൽ വനിതകൾക്ക് മാത്രമായി ഒരു ദിവസം ആഘോഷിക്കുന്നതിനെ പ്രോത്സാഹിപ്പിക്കേണ്ടതുണ്ടോ എന്നതാണ് ഈ ദിവസവമായി ബന്ധപ്പെട്ട് ഉയർന്നു വരാറുള്ള പ്രധാന ചോദ്യം.

“ഉണ്ട്” എന്നുതന്നെയാണ് അതിന്റെ ഉത്തരം. കാരണം ‘സാമൂഹികമായ രൂപപ്പെടുത്തൽ’ അഥവാ ‘സോഷ്യൽ കണ്ടീഷണിങ്’ എന്നൊരു സാമൂഹ്യ യഥാർത്ഥ്യമുണ്ട്. അതിന്റെ സ്വാധീനത്തിലാണ് നമ്മുടെ നാട്ടിൽ ആൺകുട്ടികളും പെൺകുട്ടികളും വളർത്തപ്പെടുന്നത്. ഒരു ആൺകുട്ടിക്ക് കളിക്കാൻ തോക്കും, കാറും, നൽകപ്പെടുമ്പോൾ പെൺകുട്ടികൾക്കത് കിച്ചൺ സെറ്റും, ടെഡി ബിയറും, മേക്കപ്പ് കിറ്റുകളുമാണ്. ഒരു ആൺകുട്ടിയെ വലുതാവുമ്പോൾ ജോലിക്ക് പോയി കുടുംബം പുലർത്തേണ്ടവനാണ് എന്ന് പറഞ്ഞു പഠിപ്പിക്കുമ്പോൾ നാം പെൺകുട്ടികളോട് പറയുന്നത് മറ്റൊരുത്തന്റെ വീട്ടിൽ കേറി ചെല്ലേണ്ടവളാണന്ന് മറക്കരുതെന്നാണ്. ശ്രദ്ധയോടെ ഒന്നുകൂടി നോക്കിയാൽ സോഷ്യൽ കണ്ടീഷനിങ്ങിന്റെ ഭാഗമായി നടക്കുന്ന ഇതുപോലെയുള്ള ഒരായിരം ഉദാഹരങ്ങൾ നമ്മുടെ സമൂഹത്തിൽ കാണാൻ കഴിയും. വിദ്യാഭ്യാസവും ജോലിയും നേടുകയും ജീവിതത്തെ കൂടുതൽ ഉത്തരവാദിത്തങ്ങളിലൂടെ വിലയിരുത്തുകയും ചെയ്യുന്ന ചെറിയ ഒരു കൂട്ടം വനിതകൾക്ക് ഈ സോഷ്യൽ കണ്ടീഷനിങ് അവഗണിക്കാൻ കഴിഞ്ഞേക്കും. പക്ഷെ ബഹു ഭൂരിപക്ഷം വരുന്ന നമ്മുടെ സഹോദരിമാരുടെ കഥ അതല്ല.

പെൺ ഭ്രൂണഹത്യയും, സ്ത്രീധന മരണങ്ങളും, മാത്രമല്ല പെൺകുട്ടി ആയതുകൊണ്ട് മാത്രം പഠിക്കാനും ജോലി ചെയ്യാനുമുള്ള അവസരങ്ങൾ ഇല്ലാതെയാകുന്ന സാഹചര്യങ്ങളുമുണ്ട്. “ബേട്ടി ബജാവോ ബേട്ടി പഠാവോ” അഥവാ “പെൺകുട്ടികളെ രക്ഷിക്കൂ, അവരെ പഠിപ്പിക്കു” എന്ന് ഒരു രാജ്യത്തെ സർക്കാരിന് നിരന്തരം പരസ്യങ്ങൾ നൽകേണ്ടി വരുന്നത് ഏതു സാഹചര്യത്തിലാണന്ന് ഓർത്താൽ നമുക്കിത് മനസിലാക്കാവുന്നതേ ഉള്ളൂ. സുകന്യ സമൃധി പോലെയൊരു സർക്കാർ പദ്ധതി മാർക്കറ്റ് ചെയ്യപ്പെടുന്നത് തന്നെ പെൺകുട്ടികളെ കല്യാണം കഴിപ്പിച്ചു വിടാൻ സഹായമാകും എന്നു ചൂണ്ടിക്കാട്ടിയാണ്.

തുല്യത ആവശ്യപ്പെടുമ്പോഴും വനിതകൾക്കായി ഒരു പ്രതേക ദിവസം ആവശ്യമുണ്ടോ എന്ന ചോദ്യത്തിന് “ഉണ്ട്” എന്ന ഉത്തരം നൽകാൻ ഈ മനസിലാക്കലുകൾ സഹായിക്കുന്നു.

സ്ത്രീകളിൽ നിക്ഷേപിക്കുക എന്നതായിരുന്നു ഈ വർഷത്തെ വനിതാ ദിനത്തിന്റെ തീം. അത്‌ സ്ത്രീകളുടെ പേരിൽ ബാങ്കിലും പോസ്റ്റ്‌ ഓഫീസുകളിലും മറ്റ് ധനകാര്യ സ്ഥാപനങ്ങളിലും അക്കൗണ്ടുകൾ തുടങ്ങി സമ്പാദ്യശീലം വർദ്ധിപ്പിക്കുക എന്നതല്ല. സ്ത്രീകളുടെ വളർച്ചക്കും ഉന്നമന്നതിനുമായി കൂടുതൽ ശ്രദ്ധചെലുത്തുക എന്നതാണ്. കുടുംബ ശ്രീയുടെ പ്രവർത്തങ്ങൾ നമ്മുടെ നാട്ടിൽ ഉയർന്നു വന്നത് സ്ത്രീകളിൽ നിക്ഷേപം ചെയ്യുന്നതിന്റെ ഉദാഹരണമായിട്ടാണ് ഞാൻ കണക്കാക്കുന്നത്. അയൽക്കൂട്ടങ്ങളുടെ നേതൃത്വത്തിൽ നമ്മുടെ നാട്ടിലുണ്ടായ മാറ്റങ്ങൾ അതിനു സാക്ഷ്യം വഹിക്കുന്നു. സ്ത്രീകളുടെ നേതൃത്വത്തിലുള്ള എത്രയധികം സ്ഥാപനകളാണ് കുടുംബശ്രീ വഴി നമ്മുടെ നാട്ടിൽ ഉണ്ടായിരിക്കുന്നത്.

പഞ്ചായത്തിലും മുനിസിപ്പാലിറ്റിയിലും മറ്റും 50% സ്ത്രീ സംവരണം കൊണ്ടുവന്നതും സ്ത്രീകളിൽ നിക്ഷേപിക്കുന്നതിനുള്ള ഉദാഹരണമാണ്. ഇന്ന് കേരളത്തിൽ ബഹുഭൂരിപക്ഷം തദ്ദേശ ഭരണ സ്ഥാപനങ്ങളുടെയും ചുക്കാൻ പിടിക്കുന്നത് അങ്ങനെ ലഭിച്ച അവസരം ഉപയോഗപ്പെടുത്തിയ സ്ത്രീകളാണ്. പക്ഷെ അതൊക്കെ കേരളമെന്ന ഈ ചെറിയ പ്രദേശത്ത് മാത്രം സംഭവിച്ച കാര്യങ്ങളാണ്. നമ്മുടെ രാജ്യത്തിലെ മറ്റ് സംസ്ഥാനങ്ങളിൽ സ്ഥിതി ഇങ്ങനെയല്ല.

പെണ്ണായതുകൊണ്ട് മാത്രം രണ്ടാം തരക്കാരായിട്ടാണ് അവിടെങ്ങളിൽ സ്ത്രീകൾ കണക്കാക്കപ്പെടുന്നത്. ഉന്നത വിദ്യാഭ്യാസത്തിന് അനുവാദം നഷ്ടപ്പെടുന്നതും, സ്വയം വെച്ചുണ്ടാക്കുന്ന ഭക്ഷണം വീട്ടിലെ പുരുഷന്മാർക്കൊപ്പം ഇരുന്നു കഴിക്കാൻ അവസരമില്ലാത്തവരും, ബൂംഗട്ട് എന്നോ പർദ്ധ എന്നോ തരം പോലെ വിളിക്കാവുന്ന തുണിയുടെ മറയില്ലാതെ വീടിനു പുറത്തിറങ്ങാൻ അവകാശമില്ലാത്തവരുമായ സ്ത്രീകൾ ഇപ്പോഴും അവിടെങ്ങളിൽ ഉണ്ടെന്നു പറഞ്ഞാൽ അത്‌ അതിശയോക്തിയായി കരുതരുത്.

ഇത്തരം അസമത്വങ്ങളെയും വേർതിരിവുകളെയും അവസാനിപ്പിക്കാനാണ് സ്ത്രീകളിൽ നിക്ഷേപിക്കണമെന്ന് ഈ വനിതാ ദിനവും ഇനി വരുന്ന വനിതാ ദിനങ്ങളും നമ്മെ ഓർമ്മിപ്പിക്കുന്നത്.

അതുകൊണ്ട് നമ്മുടെ പെൺകുട്ടികൾക്ക് നല്ല വിദ്യാഭ്യാസം കൊടുക്കുക. മറ്റൊരുത്തന്റെ വീട്ടിൽ പോകേണ്ടവളായിട്ടല്ല സ്വന്തം കാലിൽ നിൽക്കേണ്ടവളായും തീരുമാനങ്ങൾ എടുക്കാൻ പ്രാപ്തിയുള്ളവരായും അവരെ വളർത്തുക. അവളുടെ സ്വപ്നങ്ങൾക്ക് അതിർത്തികൾ നിർണ്ണയിക്കുന്നത് അവസാനിപ്പിക്കുക. ചിറകുകൾ വിടർത്തി നമ്മുടെ പെൺപക്ഷികൾ ആകാശത്തിലേക്ക് ഉയരത്തിൽ പറക്കട്ടെ.

ലിംഗവ്യത്യാസമില്ലാത്ത ഒരു പുതിയ പുലരിയുടെ ഉദയത്തിന് നമുക്ക് കണ്ണിമചിമ്മാതെ കാത്തിരിക്കാം.

▪️ നാഷണൽ ഫെഡറേഷൻ ഓഫ് പോസ്റ്റൽ എംപ്ലോയീസ് (എൻ.എഫ്.പി.ഇ) സംസ്ഥാന മഹിളാകമ്മറ്റി അംഗമാണ് ലേഖിക


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.