Follow the News Bengaluru channel on WhatsApp

ഒരിക്കൽ ഒരിടത്ത്

നോവൽ ▪️ ബ്രിജി. കെ. ടി.

അധ്യായം പതിനൊന്ന്

മായ ഉച്ചയൂണു കഴിഞ്ഞു അമ്മയുടെ മുറിയുടെ ചാരിയ വാതിൽ പതുക്കെ തുറന്നപ്പോൾ അമ്മിണി വാരസ്യാർ ഓടിയെത്തി.
തമ്പുരാട്ടി ഉറങ്ങ്വാണ്‌…ട്ടോ… കണ്ണില് കരുകരുപ്പാന്ന് പറഞ്ഞിട്ട്, ഇളനീർകുഴമ്പ് തേക്കണം ന്ന് പറഞ്ഞ് തേച്ചു കൊടുത്തു.   ന്ന്..ട്ടിപ്പോ…. ഒരു സുഖം കിട്ടീപ്പൊ ഒറങ്ങി.

മായ ഒന്നും മിണ്ടാതെ ഗോവണി ഇറങ്ങി നടുമുറ്റത്തെ  ചുറ്റു വരാന്തയിലെ ആട്ടുകട്ടിലിൽ ചെന്നു കിടന്നു. ഉണ്ണൂലി മുരടനക്കി.
ങാ …ഇപ്പൊ നിരീച്ചതേയുള്ളു.
കുളിച്ച് ഈറനോടെ ചാണകം മെഴുകി അടുപ്പ് കത്തിക്കണത് എന്തിനാണെന്ന് അമ്മയോട് ചോദിക്കാമെന്നു കരുതി, അങ്ങട് ചെന്നു. പക്ഷെ അമ്മ ഉറങ്ങ്വായിരുന്നു.
തമ്പുരാട്ട്യോട്  ചോയ്ക്ക്യേ…ഈ ആത്തോലിനെന്താ.. ഉണ്ണൂലി തലയിൽ കൈ വെച്ചു.
…ന്നാ ഉണ്ണിലി പറയൂ.
അതേയ്..ഇവിടത്തെ വല്യ തിരുമനസ്സിന്റെ അനുജൻ അഫൻ നമ്പൂതിരി പേരു കേട്ട വൈദ്യനാർന്നു. വല്യ യോഗി. വേളിയൊന്നും കഴിക്ക്യാണ്ടെ ഒറ്റത്തടി.. ഈ ബാധ ഒഴിപ്പിക്കണേലൊക്കെ വല്യ സമർത്ഥൻ.
കളപ്പുരേടെ മച്ച് മാളികേലായിരുന്നു താമസം. അവടെ മാളികപ്പുരയുടെ പടിഞ്ഞാറു വശത്ത്, ഒരു മുറി ചിത്രത്താഴിട്ട് പൂട്ടിയിരിക്കണ കണ്ടിട്ട് ണ്ടോ..,അതിലായിരുന്നു ബാധ ഒഴിപ്പിക്കലും, പൂജയും, ഹോമവും ഒക്കെ നടന്നീർന്നതേയ്.
ഒരിക്കൽ ഇവിടത്തെ വല്യത്തോലിന്റെ അമ്മേടെ ഇളയ അനുജത്തി വ്ടെ  ണ്ടായിരുന്നു. ഒരു പത്തു പന്ത്രണ്ട് വയസ്സ് പ്രായം.
കളത്തിലെ കൊട്ടും ,പാട്ടും, ഒക്കെ കേട്ട് ഈ കുട്ടി അങ്ങട് ചെന്നു. ആരും ശ്രദ്ധിച്ചൂല്യാ. അപ്പൊ.., ഒരു സ്ത്രീയുടെ ദേഹത്തുന്ന്… ചുടല ഭൂതത്തെ ഒഴിപ്പിക്ക്യാർന്നുത്രെ.
പാതി കത്തിയ ശവത്തിൽ നിന്നും കൂടിയതാണേയ്.
ഒഴിയില്ലേ…ഒഴിഞ്ഞു പോവില്ലേ എന്നുറക്കെ അലറിക്കൊണ്ട് നമ്പൂതിരി അതിനെ തച്ചു.
പോവാം… പൊയ്ക്കൊള്ളാം…എന്ന് പറഞ്ഞു തളർന്ന സ്ത്രീ, പെട്ടന്നു നോട്ടം വാതില്ക്കൽ ഉറപ്പിച്ചു. തുറിച്ചു നോക്കി ക്കൊണ്ട് നിന്ന സ്ത്രീയുടെ ബാധ ആരെയോ ലക്ഷ്യമാക്കി ഇറങ്ങാൻ തുടങ്ങുന്നത് കണ്ട് നമ്പൂതിരി തിരിഞ്ഞു നോക്കി.
ഈ കുഞ്ഞാത്തല് പാവം, ഇതൊക്കെ കണ്ട് വാതില്ക്കൽ തന്നെ അന്തിച്ചങ്ങനെ നിക്ക്വായിരുന്നു.
അരുത്.!
എന്ന് നമ്പൂതിരി അലറി, പാണ വടി കൊണ്ട് തടുത്തെങ്കിലും, ബാധ കുഞ്ഞാത്തലിന്റെ ദേഹത്തു തന്നെ കയറിക്കൂടി.
എന്നിട്ട് ….?! .മായ ഭയന്ന് ചുറ്റും നോക്കി.
എന്നിട്ട് …പിന്നെ ഈ കുഞ്ഞാത്തലിനു എപ്പാഴും തീകൊണ്ടാ കളി.
ഒടുവിൽ, ഹോമ കുണ്ഡം ഒരുക്കി ചുടലയെ ഒഴിപ്പിക്കാൻ തീരുമാനിച്ചു.
കുളിപ്പിച്ചു ഹോമ കുണ്ഡത്തിന്റെ മുമ്പിലിരുത്തിയ കുട്ടി.., നമ്പൂതിരി  കടക്കുന്നതിനു മുമ്പേ..പെട്ടന്ന് വാതിലടച്ചു കളഞ്ഞു. ആ ഹോമത്തിലന്നെ എരിഞ്ഞടങ്ങി. മഴ നനയണ പോല്യാത്രെ കുഞ്ഞാത്തലു തിയ്യിൽ നിന്നു കളിച്ചീരുന്നത് ന്നാ പറേ ണേ..
അതിനു ശേഷം, ഇല്ലത്തും, തൊടിയിലും, കളപ്പുരേലുമൊക്കെ എടക്കെടയ്ക്ക് തീ കാണും. അഫനും എന്തോ ദീനം വന്ന് മരിച്ചു.
കളപ്പുര മുറ്റത്തെ വൈയ്ക്കോൽ കുണ്ട യൊക്കെ അർദ്ധ രാത്രി ..ങനെ..നിന്ന് കത്തും.
അട്ക്കളേന്നന്നെ എത്ര പ്രാവശ്യം അപകടം..ണ്ടായീന്നറിയ്യൊ..ഒരിക്കൽ തമ്പുരാട്ടീടെ വേഷ്ടി കത്തിപ്പിടിച്ചു. കൊറേ കത്തീട്ടാ കണ്ടതെയ്.  ഒന്നും പറ്റീല്യാന്നു മാത്രം.
അപ്പൊ പ്പിന്നെ പ്രശ്നം വെപ്പിച്ചു. അപ്പഴാ കണ്ടത്. ആ കുട്ടീടെ ആത്മാവാണെന്ന്.!
പിന്നെ പൂജകളും, ഹോമവും ഒക്കെ  നടത്തി, ആ മുറി പൂട്ടി മുദ്ര വെച്ചു. എന്നിട്ട് മഹാ തന്ത്രി വിധിച്ചതാ.. ദ്.   ഈ പരിഹാരം.
കുളിച്ച് ശുദ്ധായിട്ട് വന്ന്, അഗ്നി ഭഗവാനെ ധ്യാനിച്ച്, ചാണകം മെഴുകി വെടിപ്പാക്കിയ അടുപ്പിൽ വേണം തീ കത്തിക്കാൻ.
അങ്ങന്യാ അതു തൊടങ്ങീത്. പിന്നെ അനർഥങ്ങളൊന്നും …ണ്ടായിട്ടില്യാ..പിന്നെ മൊടക്കീട്ടൂല്യാ.

ഉണ്ണൂലി കണ്ടിട്ട് ണ്ടോ ഈ കുഞ്ഞാത്തലിനെ ? മായയുടെ നാവ് വരണ്ടിരുന്നു.
നിയ്ക്കൊർമ്മയില്യാ.. ന്റെ അമ്മയായിരുന്നു.. ഇവടത്തെ കാര്യം. പട്ടു പാവാടേം കൊലുസ്സുമൊക്കെയിട്ട പൊന്നിന്റെ നിറമുള്ള തമ്പുരാട്ടിക്കുട്ടി. പാവം യോഗല്യാ.
ഞങ്ങള് എത്ര തലമുറയായിട്ടാ ഈ ഇല്ലത്തിന്റെ ചോറുണ്ട്  കഴിയണേന്നറിയ്യോ,, ഉണ്ണൂലി നെടുവീർപ്പിട്ടു.
എനി…, ഈ ഉണ്ണുലിയോട് കൂടി..എല്ലാം കഴിഞ്ഞു.ഉണ്ണൂലിക്ക് ആരൂം ല്യാ.!
മായ ഉണ്ണൂലിയെ നോക്കി.

മിക്കവാറും, നര കയറിയ മുടി. വെളുത്ത റവുക്കയിൽ തൂങ്ങിയാടുന്ന ശുഷ്ക്കിച്ച മുലകൾ. സ്വല്പ്പം കൂനുണ്ടെങ്കിലും, നല്ല ദൃഢമായ  കൈകളും, കാലുകളും. എത്ര ജോലി ചെയ്താലും, തളരാത്ത ശരീരവും, എത്ര സംസാരിച്ചാലും തളരാത്ത നാവും.!
വായിച്ചാലും വായിച്ചാലും തീരാത്ത ഒരു യക്ഷിക്കഥാ പുസ്തകമാണ്‌ ഉണ്ണൂലി. അതോ…ഇപ്പറഞ്ഞ ബാധകളെല്ലാം കൂടി, കുടിയിരിക്കുന്ന ഒരു ദുർഭൂതമോ ?!
എന്തൊക്കെ അന്ധ വിശ്വാസങ്ങളാണ്. മായ യുക്തിപരമായി ചിന്തിക്കാൻ ശ്രമിച്ചു.
അടികൊണ്ട്, പുളയുന്ന മുടിയഴിച്ചിട്ട സ്ത്രീ, തുറിച്ച കണ്ണുകളുമായി നില്ക്കുന്നത് കണ്ട് ഭയന്ന പട്ടു പാവാടക്കാരിയെ മായ കണ്ടു.
പാവം കുട്ടി. വേദന കൊണ്ട് പുളയുന്ന സ്ത്രീ എന്തെങ്കിലും ഒരു ആശ്രയത്തിനു വേണ്ടിയാവും ആ കുട്ടിയെ നോക്കിക്കൊണ്ടിരുന്നത്.  ഈശ്വരാ..!
വെറുതെ ആ കുഞ്ഞാത്തലിനെ ഹോമത്തിലെരിച്ചു. എന്തൊക്കെ ആചാരങ്ങളാണ്?

വര / ബ്രിജി കെ.ടി.

ഇതാ.. കത്തുണ്ട്.
ശബ്ദം കേട്ട് മായ ഞെട്ടിത്തിരിഞ്ഞു.
ഗോപന്‌ ചിരി വന്നു. എന്താ പേടിച്ചോ?
ദുരൂഹതയുടെ കുമിള പൊട്ടിച്ച് പുറത്തുകടക്കാൻ മായ നിമിഷങ്ങളെടുത്തു.
നിയ്ക്ക് ശരിക്കും പേട്യാവണു ണ്ട് ട്ടൊ ഉണ്ണൂലീ.
ദാ..പ്പൊ നല്ല കഥ്യായേ..ഇവ് ട്ന്നു ചോദിച്ചിട്ടല്ലേ ഞാൻ പറഞ്ഞേ…ശ് …ദാ…,വാരരു കുട്ടി എന്തോ ചോദിക്കണൂ.
ങേ…ഹാ.. ഗോപനോ ? മായ.. വിക്കി.
ഇതെന്താ ഉറക്ക പ്പിച്ചോ..ഗോപൻ ചിരിച്ചു.
ഹേ..യ്. ദാ.., ഈ ഉണ്ണൂലീടെ ഓരോ കഥകൾ കേട്ട്..
ആത്തോലേ… ! ഉണ്ണൂലി കണ്ണുരുട്ടി …നിശ്ശബ്ദമായി യാചിച്ചു.
എനിക്കുമുണ്ടൊരു കത്ത്. വിഷ്ണുവേട്ടന്റെ. ഞാൻ കവറും സ്റ്റാമ്പുമൊന്നും സമയത്ത് വാങ്ങിത്തരാത്തതു കൊണ്ടാണു് ഇവ്ട്ന്ന് കത്തെഴുതാത്തത് എന്ന് മായ പൊട്ടിച്ചിരിച്ചു.
‘ഇവ്ട്ന്നോ’…ന്നെ തമ്പുരാട്ടിയൊന്നും ആക്കണ്ടാ..ട്ടൊ. പേരു വിളിച്ചോളൂ.
മായ കയ്യിലിരുന്ന വിഷ്ണുവിന്റെ കത്തിലേക്ക് നോക്കി.  ഏതോ അപരിചിതന്റെ കൈപ്പട പോലെ.
പെട്ടന്നു ഉണ്ണീലി എഴുന്നേറ്റ് ഓടുന്നതു കണ്ടു.
ഏട്ടനാണ്.
ഗോപനെന്താ ഇവിടെ..?
മായക്കുട്ട്യേ.. ആ അമ്മിണി വാരസ്യാരെ കണ്ടില്ലല്ലോ. അമ്മയ്ക്ക് ഇളനീരു കൊടുത്വോ ആവോ.
ഏട്ടൻ ഗോപനെ രൂക്ഷമായി നോക്കിയെന്നു തോന്നി.
ഗോപൻ കയ്യിലിരുന്ന മാസികകളും മറ്റും തിണ്ണയിൽ വെച്ചിട്ട് പെട്ടന്നു പോയി.
മായ ഏട്ടനെ ആദ്യമായി കാണുന്നതു പോലെ നോക്കി. ഉണ്ണൂലി പറഞ്ഞത് ഓർമ്മ വന്നു. എത്ര വലിയൊരു പാതകം ചെയ്തിട്ട് യാതൊരു കുറ്റ ബോധവുമില്ലാതെ എങ്ങിനെ ഇത്ര നല്ലവനായി അഭിനയിക്കാൻ കഴിയുന്നു.?
ഗോപനോടെന്തിനാണ് ഇങ്ങിനെയൊരു സമീപനം. മായക്കൊന്നും മനസ്സിലായില്ല.
ഏട്ടൻ പോയപ്പോൾ, വീണ്ടും ഉണ്ണൂലി ഒളിഞ്ഞു നോക്കി.
മായയുടെ വല്ലാത്ത ഭാവം കണ്ട് ഉണ്ണൂലി കേണു.
ന്റെ….ആത്തോലേ…ഞാൻ പറഞ്ഞതൊന്നും ആരോടും പറയരുത്…ട്ടൊ..  പറഞ്ഞാൽ ..,അട്യേന്റെ കഥ കഴിഞ്ഞതു തന്നെ. ഉണ്ണൂലി കണ്ണു തുടച്ചു.
അമ്മിണി വാരസ്യാരെ വിളിക്കട്ടെ.
മായ ഒന്നും മിണ്ടാതെ മുറിയിലേക്ക് പോയി.
വിഷ്ണുവിന്റെ കത്തു തുറന്നു.
മേശയ്ക്കകത്ത് തുറക്കാത്തെ ചില കത്തുകളും ഉണ്ട്.
പെട്ടന്നു എല്ലാ രംഗങ്ങളും മാറിയത് പോലെ. എല്ലാവരും അപരിചിതരായതു പോലെ.
വിഷ്ണുവിനെ വിവാഹം കഴിച്ചതും ഒന്നിച്ച് കഴിഞ്ഞതും..എല്ലാം.!
അമ്മാത്ത് ഓടിനടന്നിരുന്ന മായ..എത്രയോ യുഗങ്ങൾക്ക് മുമ്പ് കണ്ട് മറന്നൊരു നാടക രംഗത്തിലെ കഥാപാത്രം പോലെ.
ഏതോ വേദിയിൽ അരങ്ങേറിക്കൊണ്ടിരിക്കുന്ന അവ്യക്തമായ രംഗങ്ങൾ.!
വിഷ്ണു, ഏട്ടൻ, ചിറ്റ, ആര്യ ഏട്ത്തി,അമ്മ, ഉണ്ണൂലി, അഫൻ, ബാധകയറിയ സ്ത്രീ, ഹോമത്തിലെരിഞ്ഞ പെൺകുട്ടി..,അങ്ങിനെയങ്ങിനെ പലരും വന്ന്…മറഞ്ഞു പോകുന്ന ആ വേദിക്ക് മുമ്പിലിരുന്നു ഒന്നുമറിയാതെ നാടകം കാണാൻ മായ മാത്രം.
അവരെല്ലാം എന്തൊക്കെയോ സംഭാഷണങ്ങൾ പറയുന്നുണ്ട്. പക്ഷെ ഒരു വലിയ ഓവിൽ നിന്നും വരുന്ന ശബ്ദം പോലെ.. ഒരു മുഴക്കമല്ലാതെ ഒന്നും മനസ്സിലാവുന്നുണ്ടായിരുന്നില്ല.
കെട്ടുകഥകളുടെ ഒരു വലിയ എട്ടുകാലി വലയിൽ കുരുക്കി, ദുരൂഹതകളുടെ ഒട്ടു നൂൽ കൊണ്ട് ചുറ്റിവരിഞ്ഞ് മറ്റൊന്നിനും കഴിവില്ലാത്ത ഒരു ശലഭമായ്… മായ ,വെറുതെ കിടന്നു. സ്വേഛ യും കഴിവും നഷ്ടപ്പെട്ട ഒരു ശലഭം.
വിഷ്ണുവിന്റെ കത്ത് പോലും വായിക്കാനാവുന്നില്ല.
ആത്തോലേ….അമ്മാത്തു നിന്നും അവരൊക്കെ വന്നിരിക്ക്ണൂ..ഉണ്ണൂലി ഓടിക്കിതച്ചു വന്നു.
മായ ഞെട്ടി പ്പിടഞ്ഞെണീറ്റു.
ന്താ,…ആത്തോലേ.. ങനെ നോക്കണേ..ഞാൻ പറഞ്ഞത് സത്യാണു്. ആത്തോലിന്റെ അമ്മ…അതേന്നേയ്.
പരിസര ബോധം വീണ്ടുകിട്ടിയ മായ ഓടി.
ആൾക്കൂട്ടത്തിൽ കൈ വിട്ടു പോയ കുഞ്ഞ്..അമ്മയെ കണ്ടെത്തിയതു പോലെ മായയുടെ മനസ്സ് തുള്ളിച്ചാടി.
ഇടനാഴിക്ക് ഒരുപാട് ദൂരം…അമ്മയുടെ അടുത്തേക്ക് എത്ര ഓടിയിട്ടും എത്തുന്നില്ല.
മായ ഓടിച്ചെന്നു അമ്മയുടെ നീട്ടിയ കൈകളിലേക്ക് വീണു വിങ്ങിപ്പൊട്ടി. ഇതെനാളും മകളെ കാണാത്ത അമ്മമനസ്സിന്റെയും തീരങ്ങളെല്ലാം കവിഞ്ഞൊഴുകി.
അമ്മയുടെ നെഞ്ച് വല്ലാതെ തുടിക്കുന്നത് മായയറിഞ്ഞു.
എന്ത് കോലാ…ദ് കുട്ട്യേ.. ഒരു കുറീം കൂടി തൊടാതെ.
വല്ലാതെ വിളറിയ മായയുടെ മുഖം കണ്ട് അമ്മയുടെ മനസ്സ് വീണ്ടും തേങ്ങി.
കുട്ടിക്കളിയൊക്കെ മാ റിയൊ…ന്റെ കുട്ടീടെ.ഒരു കത്തും കൂടി എഴുതില്യാ..ഒക്കെ അങ്ങട് മറന്നു.!
മായ അഛന്റെ മാറിൽ ചാരി ,കണ്ണീരിലൂടെ പുഞ്ചിരിച്ചു.
അമ്മയ്ക്ക് ദീനം വന്നതോടു കൂടി മായ ക്കുട്ടിക്ക് ബുദ്ധിമുട്ടായി.
ഏട്ടൻ കുറ്റം ഏല്ക്കുന്ന മട്ടിൽ പറഞ്ഞു.
അതൊന്നും സാരംല്യാ..ഒക്കെ സമയം വരുമ്പോൾ ചെയ്യാണ്ടെ പറ്റ്വോ..?
അകത്തൊന്നു കയറി കാണണോ ..ണ്ട്. വിരോധം ണ്ടോ? ഞങ്ങൾക്കങ്ങിനെ വല്യ ചിട്ടകളൊന്നൂല്യാ..ഇതും ഒരസുഖം തന്ന്യല്ലെ. പകരും ന്ന് മാത്രം.
ഉണ്ണൂലിയും വാല്യക്കാരും കൂടി..അമ്മാത്തു നിന്നും കൊണ്ടു വന്ന പലഹാരങ്ങളും, പഴങ്ങളും, മറ്റു സാധനങ്ങളും, ഒക്കെ തലച്ചുമടായി എടുത്ത് വയ്ക്കുന്നു.
അമ്മയും മായയും വാതോരാതെ സംസാരിച്ചു കൊണ്ടിരുന്നു. ഇലയടയും അവിലു നനച്ചതും കദളിപ്പഴവും ഒക്കെ മേശപ്പുറത്ത് എടുത്തു വെച്ച് ഉണ്ണൂലി പതുങ്ങി നിന്നു.
കാപ്പി കുടി കഴിഞ്ഞ് ഏട്ടനും അഛനും ഉമ്മറത്തിരുന്നു സംസാരിച്ചു.
വൈകീട്ട് അവർ പോകാനൊരുങ്ങിയപ്പോൾ മായ ചിണുങ്ങാൻ തുടങ്ങി.
ഞാനും വരുന്നു.
അമ്മ കരച്ചിലടക്കിക്കൊണ്ട് പറഞ്ഞു.
ന്താ..ദ്.. കുട്ട്യേ ഇപ്പറേണേ. അമ്മ കിടക്കല്ലേ.. നീ വേണ്ടേ നോക്കാൻ ഞങ്ങളിനിയും വരാം.
അപ്പൊ നങ്ങേല്യേ ക്കൂടെ കൂട്ടണം ട്ടൊ.
നങ്ങേലിയ്ക്ക് കുട്ട്യേ കാണാണ്ട്..ശ്ശി വെഷമം ണ്ട്…ട്ടോ.പാവം.
നങ്ങേലീടെ കോലുനാരായണനെ ഞാൻ ചോയ്ച്ചൂന്ന് പറയണം.
ഇവടെ,… അവളെക്കാൾ കേമത്തി ഒരാളുണ്ട്,. ദാ നിക്ക്ണൂ വാതിലിന്റെ പുറകിൽ. നങ്ങേല്യേക്കാൾ ഒരു പത്തിരട്ടി ക്കഥകളറിയാം ചങ്ങാതിക്ക്.
ങാ…. ന്നാൽ.., തരായി..!ഉണ്ണൂലിയെ നോക്കി അമ്മ പറഞ്ഞു.
ദൊക്കെ കേട്ട് കേട്ട്, രാത്ര്യായീ ന്ന് ച്ചാ..വല്യ പേട്യാണേനും.
ഉണ്ണൂലി തലയാട്ടി ചിരിച്ചു.
അമ്മ ഉണ്ണൂലിക്ക് കൈ നിറയെ പണം കൊടുത്തു.
ആത്തോലമ്മ ദേവ്യന്നെ…ദേവി.
അമ്മ യാത്ര പറഞ്ഞപ്പോൾ മായ …കുട്ടികളെ പ്പോലെ പൊട്ടിക്കരഞ്ഞു. അമ്മയും കരഞ്ഞു. അഛൻ കണ്ണു നീർ പുറത്തു കാണാതിരിക്കാൻ പാടുപെട്ടു.
ഏട്ടൻ വാല്യക്കാരെക്കൊണ്ട് വാഴക്കുലകളും മറ്റും കാറിന്റെ ഡിക്കിയിൽ വെയ്പ്പിച്ചു.
ന്നാലിനി..യാത്രയില്ല്യാ….
 
രാത്രി മായ  മുറിയിൽ ഒറ്റക്കായപ്പോൾ പുറത്താക്കിയ ഓർമ്മകളൊക്കെ വീണ്ടും ചാടിക്കയറി.
നല്ല ക്ഷീണം. എന്നാലും, ഇന്നെങ്കിലും വിഷ്ണുവിന്റെ കത്തുകൾക്ക് മറുപടി എഴുതണം. ചിലതു തുറന്നിട്ടു പോലുമില്ല. മായ എഴുന്നേറ്റ് മേശവലിപ്പിൽ നിന്നും കത്തുകളും പേപ്പറും എല്ലാം എടുക്കുന്നതിനിടെ കറന്റു പോയി. പെട്ടന്നു ഫാൻ നിന്നപ്പോൾ വല്ലാത്ത ചൂട്.
വിളക്ക് കത്തിച്ചു വെച്ചു,
ജനാലകൾ തുറന്നിട്ടാൽ വാഴ ത്തോട്ടത്തിൽ നിന്നും കാറ്റു വരും. നിലാവിൽ മുങ്ങിക്കുളിച്ച് നില്ക്കുന്ന വാഴ ത്തോട്ടം. ഒടിഞ്ഞു തൂങ്ങിയ വാഴത്തണ്ടുകളിൽ നിഴലും നിലാവും മറഞ്ഞും തെളിഞ്ഞും വീഴുന്നു. വഴച്ചാലിന്റെ ഓരത്തെ  ആനച്ചെവി പോലത്തെ ചേമ്പിലകളിൽ വീണു തുളുമ്പുന്ന നിലാവ്. അതിലൊരിത്തിരി തെളിനിലാവ്, ചേമ്പിലയിൽ പൊതിഞ്ഞെടുത്ത് വെച്ച് കർക്കിടക രാവിലെ കൂരിരുട്ടിനു കടം കൊടുക്കാമായിരുന്നു.
കവിത..!വിഷ്ണു ഉണ്ടായിരുന്നെങ്കിൽ കളിയാക്കിയേനെ. വിഷ്ണു ഇപ്പോൾ എന്തു ചെയ്യുകയായിരിക്കും. മായ കുറേ നേരം അങ്ങിനെ നിന്നു.
സാവധാനം..തുടങ്ങി…ഗാഢമാവുന്ന എന്തോ ഒരു സുഗന്ധം. നടുമുറ്റത്തെ കുടമുല്ലവള്ളി നിറയെ പവിഴമൊട്ടുകൾ കണ്ടതാണു്. അതൊക്കെ വിരിഞ്ഞിട്ടുണ്ടാവും.
അതോ ഉണ്ണൂലിയുടെ കഥകളിലെ യക്ഷികളും പ്രേതാത്മക്കളുമൊക്കെ ഇറങ്ങിക്കാണുമോ?!. അരുമയായി പെയ്തിറങ്ങുന്ന നിലാവിൽ തിളങ്ങുന്ന പുതിയ കൂമ്പിലകളിൽ ഊർന്നു വീണ…യക്ഷികളുടെ ഉടയാടകൾ.!  
പെട്ടന്നു മായ ശ്രദ്ധിച്ചു. കൂട്ടമായി നില്ക്കുന്ന വാഴകളുടെ ഒടിഞ്ഞു തൂങ്ങിയ ഇലകൾക്കിടയിൽ ആരോ നില്ക്കുന്നുണ്ടോ.?!
നല്ല നിലാവുണ്ടെങ്കിലും മങ്ങിയ കാഴ്ച. തിരുവാതിര ആവാറായി. അതാണീ തെളി നിലാവ്!
തിരുവാതിര..!! മായ ഞെട്ടി. ഉണ്ണൂലി പറഞ്ഞതല്ലേ. ഏട്ത്തി മരിച്ച ദിവസം അടുത്തു.
മായയുടെ ഹൃദയമിടിപ്പ് വർദ്ധിച്ചു.
അതെ..ആരോ..നില്ക്കുന്നുണ്ട്.
ഈശ്വരാ…മായ ജനാല വലിച്ചടച്ചു കിതച്ചു കൊണ്ട് കട്ടിലിൽ വന്നിരുന്നതും പെട്ടന്നു കറന്റ് വന്നു. മായ ഞെട്ടിവിറച്ചു കണ്ണൂകൾ ഇറുക്കി അടച്ചു കിടന്നു.
കണ്ണടച്ചിട്ടും വാഴത്തോട്ടത്തിൽ നിന്നിരുന്ന രൂപം മനസ്സിൽ നിന്നും മാഞ്ഞുപോകുന്നില്ല.
താൻ ശരിക്കും കണ്ടുവോ..?
ഹേയ്…തോന്നിയതാവും. ഭീരുക്കൾ നൂറു വട്ടം മരിക്കും എന്ന് അച്ഛന്‍ എന്നും വഴക്ക് പറയും.
അല്ല.!!  ശരിക്കും കണ്ടു…
ആര്യ ഏട്ത്തി.!!!

 

തുടരും……..

മുന്‍ അധ്യായങ്ങള്‍ ഇവിടെ വായിക്കാം: https://newsbengaluru.com/category/briji-k-t/


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.