ആർദ്രത മറയുമ്പോൾ
വരികള്‍ ഇഴചേര്‍ക്കുമ്പോള്‍ ◾ ഇന്ദിരാബാലന്‍

സമകാലികജീവിതത്തിൽ ആർദ്രത നഷ്ടമാകുന്ന ഒരു കാലമാണ് നമുക്കു മുന്നിൽ. സ്വാർത്ഥതയ്ക്ക് കുട പിടിയ്ക്കുന്ന കാലത്ത് ആർദ്രത കണ്ടെത്താമെന്നത് വെറും വ്യാമോഹമായിത്തീരുന്നു. അടുപ്പം, സ്നേഹം, കരുതൽ തുടങ്ങിയ മാനുഷികഭാവങ്ങൾക്കൊന്നും ഇന്ന് സ്ഥാനമില്ലാതായിരിക്കുന്നു എന്ന യാഥാർത്ഥ്യത്തെ അരക്കിട്ടുറപ്പിക്കുന്ന കവിതയാണ് വിജയലക്ഷ്മിയുടെ“ആർദ്രത” എന്ന രചന.

വിജയലക്ഷ്മി എന്ന കവിയന്വേഷിയ്ക്കുന്നത് മാനവികതയുടെ പച്ചത്തുരുത്തുകളെയാണ്.കവിതയുടെ ജൈവികമൌലികതകൾ കൊണ്ട് വരികളിലൂടെ ഉദാത്തഭാവങ്ങൾ അവതരിപ്പിയ്ക്കുന്നു. സ്ത്രീ,സ്ത്രീ ആയിരിക്കുന്നതിലാണ് കവി അഭിമാനിയ്ക്കുന്നത്. രൂപഭാവതാളങ്ങളുടെ സ്വാഭാവികലയവും, ആത്മാംശത്തിന്റെ സ്വതന്ത്രപ്രകാശനവും അവരുടെ കവിതകൾക്ക് അസാമാന്യ ചാരുത കൂട്ടുന്നുണ്ട്. അങ്ങനെയുള്ള ഒരു കവി ഇവിടെ ആർദ്രത വറ്റിപ്പോകുന്നതിനെക്കുറിച്ച് വേവലാതി
കൊള്ളുന്നു. കരുണയുടേയും നനവിൻ്റെയും തിരോധാനം പല രൂപകങ്ങളിലൂടെ ഈ കവിതയിൽ ധ്വനിപ്പിയ്ക്കുന്നു.
വികസനത്തിന്റെ കൊടുമുടി കയറുന്ന മനുഷ്യൻ ഇന്ന് പ്രകൃതിയെ നശിപ്പിച്ചുകൊണ്ടിരിക്കയാണ്. എല്ലാം പിടിച്ചടക്കി തന്റെ കാൽ കീഴിലാക്കുന്ന സ്വാർത്ഥചിന്തകൾ കൂടുന്ന വർത്തമാന കാലത്ത് നമ്മുടെ ജൈവികസ്രോതസ്സുകളായ നദികളെല്ലാം മാലിന്യമെറിഞ്ഞ് രോഗാതുരമായി അസ്ഥിമാത്ര പ്രായമായ ഞരമ്പു രൂപമാകുന്നു. പ്രകൃതിയുടെ അസ്തിത്വമാണിവിടെ കവർന്നെടുക്ക
പെടുന്നത്. ഉർവ്വരത നഷ്ടമായി ഊഷരത കുടിയേറുമ്പോൾ ആ ഇടത്തെ ആർദ്രതയും നഷ്ടമാകുന്നു. മനുഷ്യമനസ്സിലെ ഈർപ്പവും അനുദിനം നഷ്ടമായിക്കൊണ്ടിരിക്കയാണ്. പരസ്പരം അറിയാനോ,സ്നേഹമോ, വിശ്വാസമോ, കരുതലോ,കരുണയോ, ചേർത്തുനിർത്തലോ എല്ലാം വിദൂരം. ആർക്കും ഒന്നിനും നേരമില്ല. സ്മാർട്ട്ഫോൺ ലോകത്തിൻ്റെ അകത്തളങ്ങളിലാണ് ഏറിയ പേരും. ഏത് നേരവും അതിൽ നോക്കിയിരുന്ന് പരസ്പരം അറിയാൻ, മനസ്സിലാക്കാൻ പോലും മറന്നു പോകുന്ന കാലം. മാറ്റം അനിവാര്യമാണ്. പക്ഷേ ആ മാറ്റത്തിൽ ജീവിതത്തിന് വേണ്ട പലതും ഒലിച്ചുപോകുന്നെന്ന യാഥാർത്ഥ്യം മനസ്സിലാക്കുമ്പോൾ കാലം കടന്നുപോയിട്ടുണ്ടാകാം.
വറ്റിയപുഴപോലെ, ഗർഭം ധരിക്കാത്ത മേഘം പോലെ, ഓക്സിജനും തണലും തരുന്ന മരങ്ങളെല്ലാം വെട്ടിനശിപ്പിച്ച് പച്ചകളെല്ലാം വരണ്ട് ഊഷരമായ ഭൂമി പോലെ, നക്ഷത്രങ്ങളില്ലാത്ത രാത്രിയിലെ ആകാശം പോലെ മനസ്സിന്റെ തലങ്ങളിൽ ഒറ്റസ്വപ്നവും ശേഷിക്കാത്തതുപോലെയാണിവിടെ ആർദ്രത നഷ്ടമാകുന്നെന്ന് കവി കരളു കടഞ്ഞു പറയുന്നു. നെഞ്ചുകീറി നോക്കിയാൽ കാണുന്നത് യാന്ത്രികമായ ജീവിതം മാത്രം. നിർവികാരമായ അതിജീവനത്തിന്റെ ഞരക്കങ്ങൾ മാത്രം. പലയിടങ്ങളിൽ നിന്നും പറന്നെത്തുന്ന ദേശാടന കിളികൾ പോലും നനവു നഷ്ടമായ ഇടം കണ്ട് ചിറകു കുടഞ്ഞ് കാട്ടിലേയ്ക്ക് പറക്കുന്നു. കാടും ഇവിടെ നാമാവശേഷമായിക്കൊണ്ടിരിയ്ക്കുന്നു. കാട് പോലും മനുഷ്യൻ്റെ വരുതിയിലാക്കുന്നു. വന്യജീവികൾ തങ്ങളുടെ ഇടം നഷ്ടപ്പെട്ട് നാട്ടകങ്ങളിലേയ്ക്കിറങ്ങുന്നു. സത്യത്തിൽ കാട്ടുജീവികളെക്കാൾ വന്യത സംസ്കൃതച്ചിത്തരെന്ന് കരുതുന്ന മനുഷ്യരിലാണ് കൂടുതൽ. ആർദ്രത നഷ്ടമായാൽ മനസ്സും ക്രൂരമായ കാടത്തത്തിലേക്കെത്തുന്നു. കാട് ലക്ഷ്യ മാക്കി പറക്കുന്ന പക്ഷികളെ വെടിവെച്ച് വീഴ്ത്താനും മടിയ്ക്കാത്ത മനുഷ്യൻ. തടാകങ്ങളെല്ലാം വിഷഭരിതമായിരിക്കുന്നു. ആ തീരത്തിൽ കാണുന്നത് വെടിയേറ്റൊടുങ്ങിയ തൂവലും കാലുകളും മാത്രം. ഹിംസയാണെല്ലായിടത്തും.അഹിംസയുടെ അനുരഞ്ജനം ഇവിടെ കാണുന്നില്ലെന്ന് കവിത അടിവരയിടുന്നു.
പണ്ട് ഉൽസവഭരിതമായിരുന്ന ഗ്രാമങ്ങൾ പോലും ഇന്ന് നാഗരികതയുടെ വലയത്തിലാണ്. പട്ടണപരിഷ്ക്കാരങ്ങൾ ഗ്രാമങ്ങളുടെ തനിമയെ ചോർത്തി. ഉൽസവം സാംസ്ക്കരികതയുടെയും ബഹുസ്വരതയുടെയും ചിഹ്നമാണ്.പഞ്ചാരിയ്ക്കും മേളത്തിനും അകമ്പടി വഹിച്ചിരുന്ന നെറ്റിപ്പട്ടം കെട്ടിയ ഗജവീരൻ ഇന്ന് ഒറ്റയാനായി ചമയങ്ങളില്ലാതെ മടങ്ങുന്നു. ആ മടക്കം ആശ്വാസത്തിൻ്റെതാണ്. അവ സ്വതന്ത്രരാവട്ടെ, ചമയങ്ങളിൽ തടവിലാക്കപ്പെടാതെ .
ആനകളെ തടവിലാക്കി ഉൽസവക്കാഴ്ച്ചകൾക്ക് ഒരുക്കുന്ന മനുഷ്യൻ ആ മൃഗത്തെ യഥാർത്ഥത്തിൽ കൂച്ചുവിലങ്ങിട്ടു പൂട്ടുകയാണ്. മേളപ്രമാണത്തിൽ മനുഷ്യൻ അഭിരമിയ്ക്കുമ്പോൾ ആ മിണ്ടാപ്രാണി മുറം പോലുള്ള ചെവിയും, വാലും ആട്ടി നില്ക്കുന്നത് ,അതാസ്വദിച്ചല്ലെന്ന സത്യം ഇനിയെങ്കിലും നാം തിരിച്ചറിയേണ്ടതുണ്ട്. അവ പാപ്പാനെ അനുസരിച്ചില്ലെങ്കിൽ അവയ്ക്ക് കിട്ടുന്ന ശിക്ഷകളുടെ കാഠിന്യം. പ്രഹരമേൽപ്പിയ്ക്കുന്ന ശരീരവ്രണങ്ങൾ.അതിന്റെ കുഞ്ഞിക്കണ്ണുകളിലൊഴുകുന്ന കണ്ണീരു കാണാൻ മനുഷ്യന് കഴിയുന്നില്ല. ആ വേദനയുടെ നീറ്റലിലാണ് മനുഷ്യന്റെ ആസ്വാദനഭൂവായ പൂരപ്പറമ്പുകൾ. മസ്തകത്തിലും മദപ്പാടിലുമുള്ള വ്രണങ്ങളിൽ ചോരയൂറ്റിക്കുടിക്കുന്ന പ്രാണികൾ. ആ പ്രണികളേക്കാൾ ക്രൂരമാണ് മനുഷ്യന്റെ ചെയ്തികൾ. മാടമ്പിത്തരങ്ങളെല്ലാം അവസാനിപ്പിക്കേണ്ട കാലം കഴിഞ്ഞു. ഭൂമിയെന്നത് മനുഷ്യനെപ്പോലെത്തന്നെ സകലപ്രാണികളുടേയും ആവാസസ്ഥനമാണ്. ഇങ്ങനെ ചുറ്റും ആർദ്രരഹിതമായ കാഴ്ചകൾ മാത്രമാണിവിടെ.
മനുഷ്യത്വമില്ലാത്ത പ്രവൃത്തികൾ മനുഷ്യനെ നയിക്കുന്നത് രോഗവും വാർദ്ധക്യവും മൃത്യുവും കൂടിച്ചേർന്ന് ചത്തുജീവിക്കുന്നതിലേക്കാണെന്ന് കവി ഓർമ്മിപ്പിയ്ക്കുന്നു. ചെയ്തികളുടെ ഫലം നല്ലതാണെങ്കിലും ചീത്തയാണെങ്കിലും ഭൂമി വിടുന്നതിന് മുമ്പ് അനുഭവിക്കാതെ പോവില്ല.നല്ല രീതിയിൽ പ്രകൃതിയോട് യാത്ര പറയണമെങ്കിൽ മനുഷ്യത്വമുള്ളവരായിത്തീരുക തന്നെവേണം. ഭിക്ഷ തേടുന്ന കൈകളിലേക്ക് തിളച്ച വെള്ളമൊഴിക്കരുത്. ആശ്രയം തേടി വന്നവരെ രക്ഷിച്ചില്ലെങ്കിലും ശിക്ഷിക്കരുത്. ആർദ്രത ഉണ്ടെന്ന് കപടമനുഷ്യൻ വാദിക്കുമ്പോഴും അതിവിടെ ഇല്ലെന്ന തിരിച്ചറിവിലേക്കാണ് കവിത എത്തുന്നത്.ആർദ്രത എന്നത് നിസ്സഹായതമാത്രമാണ്. നേർത്തു നേർത്തില്ലാതെയാകുന്ന പ്രാണവായുവിനെപ്പോലെയെന്ന് ഊന്നിപ്പറയുമ്പോൾ ആദ്യം പറഞ്ഞയിടം ഒന്നുകൂടി കവി ഊട്ടിയുറപ്പിയ്ക്കുന്നു.
“വറ്റിയ പുഴപോലെ,വരണ്ട മേഘം പോലെ,പച്ചകളെല്ലാം വെട്ടിപ്പോയ ഭൂമിയെപ്പോലെ,നക്ഷത്രഹീനം ശൂന്യാകാശമെന്നപോലെ,ഒറ്റ സ്വപ്നവും ശേഷിക്കാത്ത നിദ്രയെപ്പോലെ.”…….ആർദ്രത നഷ്ടപ്പെടാതെ നോക്കേണ്ടത് മനുഷ്യന്റെ ധാർമ്മികമായ ഉത്തരവാദിത്വം കൂടിയാണെന്ന് വ്യംഗ്യമായി പറഞ്ഞ് കവിതയ്ക്ക് തിരശ്ശീല വീഴുന്നു….! അതില്ലാതാവുമ്പോൾ പ്രകൃതി മനുഷ്യനോട് തിരിച്ചടിക്കുന്നു . പ്രളയമായും ഉരുൾപൊട്ടലുമായൊക്കെ . പ്രകൃതിരോഷം ലാവയായി ഉരുകിത്തിളയ്ക്കുന്നു. അതിനാൽ നഷ്ടപ്പെട്ടുക്കൊണ്ടിരിക്കുന്ന ഈർപ്പത്തെ നമുക്ക് തിരിച്ചു പിടിക്കാൻ കഴിയട്ടെ. ഈർപ്പമില്ലാതാവുമ്പോൾ വേരുകൾ പോലും പകച്ചു പോകുന്നു.◾
TAGS : INDIRA BALAN | LITERATURE | VARIKAL IZHACHERKKUMBOL



ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.