Categories: CINEMA

ഉള്ളു പൊള്ളിക്കുന്ന ഉള്ളൊഴുക്ക്

സിനിമയോട് പൂർണമായും നീതി പുലർത്തിയ പേരാണ് ഉള്ളൊഴുക്ക്. ജീവിതത്തിന്റെ സ്വഭാവികതകളോട് ഏറ്റവും അടുത്ത് നിൽക്കുന്ന ദൃശ്യാനുഭവമാണ് ഈ സിനിമ. കുറച്ചുനാളുകളായി ബോയ്സും അണ്ണന്മാരും ഒക്കെ അടക്കിവാണിരുന്ന സോഷ്യൽ മീഡിയയിലെ ഫീഡുകൾ നിറയെ രണ്ടു പെണ്ണുങ്ങൾ വന്നു നിറയുന്ന മനോഹരമായ കാഴ്ചയാണ് ഉള്ളൊഴുക്ക് ഒരുക്കിത്തന്നത്. ദേശീയ അവാർഡുകൾ നേടിയ കന്യക, കാമുകി തുടങ്ങിയ ഹ്രസ്വചിത്രങ്ങൾക്കും ‘കറി ആൻഡ് സയനൈഡ്’ എന്ന പേരിൽ കേരളത്തെ ഞെട്ടിച്ച കൂടത്തായി സംഭവത്തിന്റെ ഡോക്യുമെന്ററി ആവിഷ്കാരത്തിനും ശേഷം ക്രിസ്റ്റോ ടോമി എന്ന സംവിധായകന്റെ ആദ്യത്തെ ഫീച്ചർ ഫിലിം ആണ് ഉള്ളൊഴുക്ക്. ഇത്രയും പ്രതിഭാധനനായ സംവിധായകൻ ഇത്രനാളും എവിടെയായിരുന്നു എന്ന് ചോദ്യത്തിന് സിനിമയിൽ തന്നെ ഉത്തരമുണ്ട്. ഇത്രയും ആഴത്തിൽ സ്ത്രീയുടെ ഉള്ളൊഴുക്ക് മനസ്സിലാക്കുവാനും അത് തീവ്രമായ ഹൃദയഭാരം അനുഭവപ്പെടുന്ന രീതിയിൽ പ്രേക്ഷകരിലേക്ക് എത്തിക്കാനും ദീർഘകാലം ആ കഥയുടെയും കഥാപാത്രങ്ങളുടെയും കൂടെ സഞ്ചരിച്ച ഒരു വ്യക്തിക്ക് മാത്രമേ സാധിക്കുകയുള്ളൂ. ക്രിസ്റ്റോ എഴുതി വച്ചത് അതേ തീക്ഷ്ണതയിൽ, ഒരുപക്ഷേ അതിനെക്കാൾ വ്യാപ്തിയിൽ ഉർവശിക്കും പാർവതിക്കും പ്രകടിപ്പിക്കാൻ സാധിച്ചിട്ടുണ്ട് എന്ന് തന്നെ വിശ്വസിക്കുന്നു.

കൂടുതൽ സംഭാഷണങ്ങൾ ഇല്ലെങ്കിൽ പോലും മുഖഭാവങ്ങളും ചലനങ്ങളും കൊണ്ട് തന്റെ കഥാപാത്രത്തെ മികച്ചതാക്കിയ പ്രശാന്ത് മുരളിയും, സ്നേഹവും വെറുപ്പും ഉണ്ടാക്കുന്ന ശരി തെറ്റുകൾക്കിടയിൽ വീർപ്പുമുട്ടുന്ന അച്ഛനും അമ്മയുമായി അലൻസിയറും ജയാ കുറുപ്പും അഞ്ജുവിനും ലീലാമ്മയ്ക്കുമിടയിൽ കുമിഞ്ഞു കൂടുന്ന വേദനകളിൽ ഒരു ഇളം കാറ്റുപോലെ നേരിയ ആശ്വാസമായി എത്തിച്ചേരുന്ന വീണാ നായരുടെ സിസ്റ്റർ റോസമ്മയും എല്ലാം എഴുത്തിന്റെ ചട്ടക്കൂടുകൾക്കപ്പുറത്തേക്കുള്ള ആഴം അനുഭവിപ്പിച്ചിട്ടുണ്ട്. പാർവതിയെയും ഉർവശിയെയും ആണ് അഞ്ചുവും ലീലാമ്മയുമായി എക്കാലവും സ്വപ്നം കണ്ടിട്ടുള്ളത് എന്ന് ക്രിസ്റ്റോ പറയുന്നു.

തികച്ചും സ്വാഭാവികതയുള്ള മനുഷ്യരെ അഭിനയിച്ച് ഫലിപ്പിക്കാൻ ആണ് ഏറ്റവും ബുദ്ധിമുട്ട് എന്ന് പാർവതി ഒരു അഭിമുഖത്തിൽ പറയുകയുണ്ടായി. അന്തർലീനമായി കിടക്കുന്ന ഒരു സ്ഥായീഭാവം ഉണ്ടാകുമെങ്കിലും ഏറ്റവും സാമാന്യനായ ഒരു മനുഷ്യനിൽ അതിന്റെ ബാഹ്യപ്രകടനങ്ങൾ പലപ്പോഴും സ്ഥായിയായിരിക്കണം എന്നില്ല. അയാൾ ചിലപ്പോൾ ചില കാര്യങ്ങൾക്ക് അനാവശ്യമായി ദേഷ്യപ്പെടാം, ചില നേരങ്ങളിൽ അസാധാരണമായ സ്നേഹം പ്രകടിപ്പിക്കാം, പല അവസരങ്ങളിലും താൻ സ്നേഹിക്കുന്നവർക്ക് വേണ്ടി സ്വാർത്ഥരാകാം,ചില നിമിഷങ്ങളിൽ സമൂഹവും കുടുംബവും നിഷ്കർഷിക്കുന്നതിനപ്പുറത്തുള്ള പ്രണയം കാമം തുടങ്ങിയ മൃദുല ഭാവങ്ങളിലേക്ക് അലിഞ്ഞു ചേരാം.ഇങ്ങനെ സ്ഥായിയായ ഒരു സ്വഭാവരൂപീകരണത്തിനപ്പുറം വിവിധ വികാരങ്ങളുടെയും അതിന്റെ തീവ്രതകളുടെയും സമ്മിശ്രണം ഏറ്റവും സ്വാഭാവികമായി ഒരു മനുഷ്യന്റെ ജീവിതത്തിൽ ഉണ്ടാകാം. അത്തരത്തിലുള്ള ഒരു കഥാപാത്ര രൂപീകരണവും ആ കഥാപാത്രത്തെ മറ്റുള്ളവർക്ക് ഉൾക്കൊള്ളാവുന്ന തരത്തിൽ അഭിനയിച്ച് ഫലിപ്പിക്കുക എന്നതും അല്പം ബുദ്ധിമുട്ടുള്ള ജോലിയാണ്.ആ പ്രതിസന്ധിയെ ഏറ്റവും ലളിതം എന്ന് തോന്നിപ്പിക്കുന്ന തരത്തിൽ പ്രേക്ഷകരിലേക്ക് എത്തിക്കാൻ കഴിഞ്ഞു എന്നത് ക്രിസ്റ്റോ ടോമി എന്ന തിരക്കഥാകൃത്തിന്റെയും ഉള്ളൊഴുക്കിലൂടെ അദ്ദേഹം സൃഷ്‌ടിച്ച കഥാപാത്രങ്ങളെ അവതരിപ്പിച്ചവരുടെയും പ്രതിഭയാണ്.

ഉള്ളൊഴുക്കിലെ കഥാപാത്രങ്ങളിലേക്ക് ആഴത്തിൽ ഇറങ്ങി ചെല്ലാൻ അവർക്ക് ചുറ്റും ഒരുക്കിയ പ്രകൃതി കുറച്ചൊന്നുമല്ല സഹായിച്ചത്. ആർത്തു പെയ്യുമ്പോഴും ഇറ്റു വീഴുമ്പോഴുമുള്ള മഴത്തുള്ളികളുടെ താളവും തളം കെട്ടിക്കിടക്കുന്ന മഴവെള്ളത്തിലൂടെ കഥാപാത്രങ്ങൾ നടക്കുമ്പോഴും തുഴയുമ്പോഴും കാണുന്നവർക്ക് അനുഭവപ്പെടുന്ന തണുപ്പും പ്രേക്ഷകരെ ഉള്ളൊഴുക്കിലെ ഓരോ മനുഷ്യരിലേക്കും വഴുതി വീഴിക്കുകയാണ്. പ്രകൃതി ഉണ്ടാക്കുന്ന താളങ്ങളോട് അങ്ങേയറ്റം ലയിച്ചുകൊണ്ട് ഒട്ടും അതിഭാവുകത്വങ്ങൾ ഇല്ലാതെ അലിഞ്ഞുചേരുന്നതാണ് സുഷിൻ ശ്യാമിന്റെ സംഗീതം. സിനിമയിൽ ഉണ്ടാക്കിയെടുത്തിട്ടുള്ള ജീവിത സാഹചര്യങ്ങളോട് അങ്ങേയറ്റം ചേർന്ന് ജീവിക്കുന്ന മനുഷ്യരാണ് എന്ന തോന്നൽ ഒരു നിമിഷം പോലും തെറ്റിക്കാതെ ആണ് കഥാപാത്രങ്ങളുടെ വസ്ത്രധാരണ രീതികളും മറ്റ് മേക്കപ്പുകളും എല്ലാം. ചുറ്റുമുള്ള പ്രകൃതിയുടെയും കഥാപാത്രങ്ങളുടെയും ഭാവങ്ങൾ പൊടിക്കൈകളും മായങ്ങളും ഒന്നും ചേർക്കാതെ ഒപ്പിയെടുത്ത ഷഹനാദ് ജലാലിന്റെ ഛായാഗ്രഹണ മികവും ഈ സിനിമയുടെ മേന്മയെ ഉയർത്തി.മൂടിക്കെട്ടിയ ആകാശവും മഴയും കുട്ടനാട്ടിലെ ജലാശയങ്ങളുമെല്ലാം ഏച്ചുകെട്ടലുകളും അനാവശ്യകതകളുമില്ലാതെ ഷഹാനാദിന്റെ ക്യാമറ പകർത്തിയിട്ടുണ്ട്. 2018 ലെയും മറ്റു ചില വർഷങ്ങളിലെയും വെള്ളപ്പൊക്കത്തിന്റെ ഓർമ്മയ്ക്കപ്പുറം, വെള്ളപ്പൊക്കം ഉണ്ടാക്കുന്ന ദുരിതങ്ങൾ ഒരുപാട് അനുഭവിക്കാത്ത,കുട്ടനാടിന് പുറത്തുള്ള മനുഷ്യർക്കെല്ലാം,എല്ലാവർഷവും ഇതുപോലെ വെള്ളം കയറുന്ന വീടുകളിൽ താമസിക്കുന്നവരുടെ ബുദ്ധിമുട്ടുകൾ അതുപോലെ അനുഭവിപ്പിക്കാനും സിനിമയ്ക്ക് സാധിച്ചിട്ടുണ്ട്.

ക്രിസ്റ്റോ ടോമി

ഇതൊന്നും കൂടാതെ പല യാഥാർത്ഥ്യങ്ങളുടെയും ഓർമ്മപ്പെടുത്തൽ കൂടിയാണ് ഉള്ളൊഴുക്ക്. വ്യക്തികളുടെ സന്തോഷം എന്നതിലുപരി അവരുടെ ത്യാഗങ്ങളുടെയും മാറ്റിവയ്ക്കേണ്ടിവരുന്ന ആഗ്രഹങ്ങളുടെയും സ്വന്തം ജീവിതം സമൂഹത്തെ ബോധ്യപ്പെടുത്താനുള്ള തത്രപ്പാടുകളുടെയും ആകെ തുകയാണ് കുടുംബം എന്ന് അടയാളപ്പെടുത്തുകയാണ് ഈ സിനിമ. ഈ പറഞ്ഞ പ്രതികൂല ഘടകങ്ങളെയെല്ലാം സ്നേഹം എന്ന വികാരത്തിൽ പൊതിഞ്ഞു കെട്ടി ‘കൂടുമ്പോൾ ഇമ്പമുള്ളത്’ എന്നൊരു ക്യാപ്ഷനും കൊടുത്ത് അവതരിപ്പിച്ചാൽ അതൊരു കുടുംബമാണ് എന്ന് മനുഷ്യരെ വിശ്വസിപ്പിക്കുന്ന പൊള്ളത്തരങ്ങളുടെയൊക്കെ മറനീക്കി പുറത്തേക്ക് കൊണ്ടുവരട്ടെ ഇത്തരം സിനിമകൾ. കുടുംബത്തിനും സമൂഹത്തിനും അകത്തുള്ള സദാചാര പരമ്പരാഗത കാഴ്ചപ്പാടുകളെയൊക്കെ അട്ടിമറിച്ചുകൊണ്ട് അവനവനോട് നീതിപുലർത്തിക്കൊണ്ട് ജീവിക്കുക എന്നതിനോളം പ്രയാസകരമായി മറ്റൊന്നില്ല. സിനിമയിലുടനീളം പാർവതിയുടെ അഞ്ചു എന്ന കഥാപാത്രം ശ്രമിക്കുന്നതിനും അതിനുവേണ്ടിയാണ്. ആ ശ്രമം പെട്ടെന്നുണ്ടാവുന്ന പൊട്ടിത്തെറികളിലൂടെയോ അസ്വാഭാവികമായ മാറ്റങ്ങളിലൂടെയോ അല്ലാതെ അങ്ങേയറ്റം സാധാരണമായ ഒരു ജീവിതത്തിന്റെ സത്യസന്ധമായ ആവിഷ്കാരമായി അവതരിപ്പിക്കുന്നു എന്നതാണ് മറ്റൊരുപാട് സിനിമകളെ അപേക്ഷിച്ച് ഉള്ളൊഴുക്കിന്റെ മേന്മ.ശരിയേത് തെറ്റേത്, സ്നേഹമേത് വെറുപ്പേത്, നന്മയേത് തിന്മയേത് ഇവയൊന്നും ഒരു മാനദണ്ഡങ്ങൾ ഉപയോഗിച്ചും അളക്കാൻ സാധിക്കുന്നതല്ല എന്ന യാഥാർത്ഥ്യത്തെ ഇതുപോലെ പച്ചയായി അവതരിപ്പിക്കുന്ന സിനിമകൾ വിരളമാണ്. ഞാനെന്ന വ്യക്തിയോട് നീതിപുലർത്തി ജീവിക്കുമ്പോൾ നമുക്കുള്ളിലെ ശരിയും സ്നേഹവും നന്മയും തിരിച്ചറിയാൻ സാധിക്കും എന്നുകൂടിയാണ് കഥാന്ത്യത്തിൽ ഉള്ളൊഴുക്ക് പറഞ്ഞുവെക്കുന്നത്◾
<br>
TAGS : NBCinema | CHRISTO TOMY | ULLOZHUKKU
SUMMARY : Film review Ullozhokku

Savre Digital

Recent Posts

‘കേരളത്തിലെ ക്യാമ്പസുകളില്‍ വിഭജന ഭീതി ദിനം ആചരിക്കില്ല’; മന്ത്രി ആര്‍ ബിന്ദു

തിരുവനന്തപുരം: വിഭജന ഭീതി ദിനാചരണം കേരളത്തിലെ ക്യാമ്പസുകളില്‍ നടത്തേണ്ടതില്ലെന്നതാണ് സർക്കാർ തീരുമാനം എന്ന് മന്ത്രി ആർ.ബിന്ദു.  നാളിതുവരെ ഇല്ലാത്ത നടപടിയുടെ ഭാഗമായാണ്…

11 minutes ago

അനധികൃത ഇരുമ്പ് കടത്തു കേസ്; കാര്‍വാര്‍ എംഎല്‍എ സതീഷ് കൃഷ്ണ സെയിലിന്റെ സ്ഥാപനങ്ങളില്‍ ഇഡി റെയ്ഡ്

ബെംഗളൂരു: ഇരുമ്പയിര് അനധികൃതമായി കയറ്റുമതി ചെയ്തതുമായി ബന്ധപ്പെട്ട കേസിൽ ഉത്തര കന്നഡ ജില്ലയിലെ കാര്‍വാറില്‍ നിന്നുള്ള കര്‍ണാടക കോണ്‍ഗ്രസ് എംഎല്‍എ…

14 minutes ago

ഉറിയില്‍ വെടിവെപ്പ്: ഭീകരരുമായുള്ള ഏറ്റുമുട്ടലില്‍ ജവാന് വീരമൃത്യു

ന്യൂഡൽഹി: ജമ്മു കാശ്മീരിലെ ഉറി സെക്ടറില്‍ നുഴഞ്ഞു കയറാന്‍ ശ്രമിച്ച ഭീകരരും സൈന്യവും തമ്മില്‍ ഏറ്റുമുട്ടല്‍. ഏറ്റുമുട്ടലില്‍ ഒരു സൈനികന്…

43 minutes ago

ബേക്കറിയില്‍ നിന്ന് വാങ്ങിയ പഫ്സിനുള്ളില്‍ പാമ്പ്; പരാതി നല്‍കി യുവതി

ഹൈദരാബാദ്: ബേക്കറിയില്‍ നിന്നും വാങ്ങിയ മുട്ട പഫ്‌സില്‍ പാമ്പിനെ കിട്ടയതായി പരാതി. ജാഡ്‌ചെർല മുനിസിപ്പാലിറ്റിയിലെ അയ്യങ്കാർ ബേക്കറിയില്‍ നിന്നും വാങ്ങിയ…

1 hour ago

ആരോഗ്യപ്രവര്‍ത്തകന്‍ ടിറ്റോ തോമസിന് 17 ലക്ഷം രൂപ ധനസഹായം നൽകാൻ മന്ത്രിസഭാ യോഗത്തില്‍ തീരുമാനം

തിരുവനന്തപുരം: നിപാ ബാധയേറ്റ് കോമാവസ്ഥയില്‍ കഴിയുന്ന ആരോഗ്യപ്രവർത്തകൻ ടിറ്റോ തോമസിന്, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും 17 ലക്ഷം രൂപ…

2 hours ago

ഷോൺ ജോർജിന് വീണ്ടും തിരിച്ചടി; സിഎംആർഎൽ കേസിൽ ഹർജി തള്ളി ഹൈക്കോടതി

കൊച്ചി: സിഎംആർഎൽ കേസിൽ ബിജെപി നേതാവ് ഷോണ്‍ ജോർജിന് തിരിച്ചടി. സിഎംആർഎൽ-എക്‌സാലോജിക് ഇടപാടിലെ എസ്എഫ്ഐഒ റിപ്പോർട്ടിന്റെ പകർപ്പ് ലഭ്യമാക്കണമെന്ന ഷോൺ…

2 hours ago