Categories: KERALATOP NEWS

എം ടിയുടെ വിയോഗം: സംസ്ഥാനത്ത് 26, 27 തീയതികളിൽ ഔദ്യോഗിക ദുഃഖാചരണം

തിരുവനന്തപുരം: മലയാളത്തിന്റെ പ്രിയ സാഹിത്യകാരൻ എം ടി വാസുദേവൻ നായരുടെ വിയോഗത്തിൽ അനുശോചിച്ച് ആദര സൂചകമായി സംസ്ഥാന സർക്കാർ ഡിസംബർ 26, 27 തീയതികളിൽ ഔദ്യോഗികമായി ദുഃഖം ആചരിക്കും. 26നു ചേരാനിരുന്ന മന്ത്രിസഭായോഗവും 26, 27 തീയ്യതികളിലെ താലൂക്ക് തല അദാലത്തുകളും ഉൾപ്പെടെ എല്ലാ സർക്കാർ പരിപാടികളും മാറ്റിവെക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ നിർദ്ദേശം നൽകി.

മലയാള സാഹിത്യത്തെ ലോകസാഹിത്യത്തിന്റെ നെറുകയിൽ എത്തിച്ച പ്രതിഭയെയാണ് എം ടിയുടെ വിയോഗത്തിലൂടെ നമുക്ക് നഷ്ടമായിരിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചന കുറിപ്പിൽ. കേരളത്തിനു പൊതുവിലും മലയാള സാഹിത്യലോകത്തിന് സവിശേഷമായും നികത്താനാവാത്ത നഷ്ടമാണ് ഉണ്ടായിരിക്കുന്നതെന്നും അദ്ദേഹം  പറഞ്ഞു.

ചെറുകഥാകൃത്ത്, നോവലിസ്റ്റ്, തിരക്കഥാകൃത്ത്, ചലച്ചിത്ര സംവിധായകൻ, പത്രാധിപർ, സാംസ്‌കാരിക നായകൻ എന്നിങ്ങനെ എഴുത്തിന്റെയും കലാ-സാംസ്‌കാരിക പ്രവർത്തനങ്ങളുടെയും മേഖലകളിൽ നിറഞ്ഞുനിന്ന വ്യക്തിത്വമായിരുന്നു എം ടി വാസുദേവൻ നായർ. കേരളീയ ജീവിതത്തിന്റെ സൗന്ദര്യവും സങ്കീർണതയുമായിരുന്നു തന്റെ എഴുത്തുകളിലൂടെ അദ്ദേഹം പകർന്നുവെച്ചത്. വള്ളുവനാടൻ നാട്ടുജീവിത സംസ്‌കാരത്തിൽ വേരുറപ്പിച്ചുനിന്നാണ് ലോകത്തിന്റെ ചക്രവാളങ്ങളിലേക്ക് അദ്ദേഹം ഉയർന്നത്. അങ്ങനെ മലയാളികളുടെ വ്യക്തിമനസ്സിനെ മുതൽ കേരളക്കരയുടെയാകെ സമൂഹമനസ്സിനെ വരെ തന്റെ എഴുത്തുകളിലൂടെ എം ടി അടയാളപ്പെടുത്തി.

ഇരുട്ടിന്റെ ആത്മാവും കുട്ട്യേടത്തിയും അടക്കമുള്ള കഥാലോകത്തിലൂടെ മലയാള കഥാഖ്യാനത്തെ ഭാവുകത്വപരമായി ഉയർത്തിയെടുത്തു എം ടി. നാലുകെട്ടും രണ്ടാമൂഴവും ഉൾപ്പെടെയുള്ള അദ്ദേഹത്തിന്റെ നോവലുകൾ മലയാളത്തിന്റെ ക്ലാസിക് രചനകളാണ്. ദേശീയ – അന്തർദേശീയ തലങ്ങളിൽ ശ്രദ്ധിക്കപ്പെടുകയും പുരസ്‌ക്കാരങ്ങൾ നേടിയെടുക്കുകയും ചെയ്തിട്ടുള്ള അദ്ദേഹത്തിന്റെ തിരക്കഥകളും ചലച്ചിത്രാവിഷ്‌ക്കാരങ്ങളും എം ടിയുടെ ബഹുമുഖ പ്രതിഭയുടെ ദൃഷ്ടാന്തമാണ്.

ഏഴ് പതിറ്റാണ്ടിലേറെക്കാലത്തെ തന്റെ രചനകളിലൂടെ സാധാരണക്കാർക്കും ബുദ്ധിജീവികൾക്കും ഒരുപോലെ കടന്നുചെല്ലാൻ കഴിയുന്ന സാഹിത്യലോകമായിരുന്നു എം ടി സൃഷ്ടിച്ചത്. അതുകൊണ്ടുതന്നെ ഇന്ത്യയിലെ പരമോന്നത സാഹിത്യപുരസ്‌ക്കാരമായ ജ്ഞാനപീഠം മുതൽ രാഷ്ട്രത്തിന്റെ ആദരവായ പത്മഭൂഷൺ വരെ എം ടിയെ തേടിയെത്തിയിരുന്നു. മാതൃഭൂമി പ്രസിദ്ധീകരണങ്ങളുടെ പത്രാധിപർ, കേരള സാഹിത്യ അക്കാദമിയുടെ അധ്യക്ഷൻ, കേന്ദ്ര സാഹിത്യ അക്കാദമിയുടെ വിശിഷ്ടാംഗം, തുഞ്ചൻ സ്മാരക ട്രസ്റ്റിന്റെ അധ്യക്ഷൻ തുടങ്ങിയ നിലകളിൽ ഭാഷയ്ക്കും സാഹിത്യത്തിനും എം ടി നൽകിയ സേവനങ്ങൾ എക്കാലത്തും ഓർമിക്കപ്പെടും.

എന്നും മതനിരപേക്ഷമായ ഒരു മനസ്സ് കാത്തുസൂക്ഷിച്ചിരുന്നു എം ടി. ഇതര മതസ്ഥരെ സ്വന്തം കുടുംബാംഗങ്ങളെ പോലെ കരുതുന്നവരും മതങ്ങളുടെ അതിർവരമ്പുകളെ മറികടന്നുകൊണ്ട് മനുഷ്യത്വത്തിന്റെ സ്‌നേഹത്തെ പ്രകടിപ്പിക്കുന്നവരും ഒക്കെയായിരുന്നു എം ടിയുടെ പല കഥാപാത്രങ്ങളും. ജനമനസ്സുകളെ ഒരുമിപ്പിക്കാൻ വേണ്ട കരുത്തുള്ള ഉപാധിയായി അദ്ദേഹം സാഹിത്യത്തെ പ്രയോജനപ്പെടുത്തി. അതുകൊണ്ടുതന്നെ വലിയ ഒരു സാംസ്‌കാരിക മാതൃകയായിരുന്നു എം ടി സ്വന്തം ജീവിതത്തിലൂടെ മുന്നോട്ടുവെച്ചത്.

എം ടിയുടെ വിയോഗത്തിൽ കുടുംബാംഗങ്ങൾക്കും ബന്ധുമിത്രാദികൾക്കും മലയാള സാഹിത്യലോകത്തിനാകെയും ഉള്ള ദുഃഖത്തിൽ പങ്കുചേരുന്നു. ലോകമാകെയുള്ള മലയാളികളുടെ പേരിലും കേരള സർക്കാരിന്റെ പേരിലും അനുശോചനം രേഖപ്പെടുത്തുന്നെന്നും മുഖ്യമന്ത്രി കുറിച്ചു.
<BR>
TAGS : MT VASUDEVAN NAIR
SUMMARY : MT’s demise: Official mourning observed in the state on the 26th and 27th

Savre Digital

Recent Posts

കള്ളവോട്ട് ആരോപണം: തിരഞ്ഞെടുപ്പ് കമ്മിഷനെതിരായ ഏറ്റുമുട്ടൽ കടുപ്പിച്ച് ബെംഗളൂരുവിൽ നാളെ രാഹുൽ ഗാന്ധിയുടെ പ്രതിഷേധം

ബെംഗളൂരു: ലോക്സഭാ തിരഞ്ഞെടുപ്പിൽ ബെംഗളൂരു സെൻട്രൽ മണ്ഡലത്തിലെ മഹാദേവപുരയിൽ ക്രമക്കേട് നടന്നെന്ന തെളിവുകൾ പുറത്തുവിട്ടതിനു പിന്നാലെ ലോക്സഭയിലെ പ്രതിപക്ഷനേതാവ് രാഹുൽഗാന്ധി…

6 hours ago

മതപരിവർത്തന ആരോപണം; ഒഡിഷയിൽ മലയാളി വൈദികർക്കും കന്യാസ്ത്രീകൾക്കുമെതിരെ ആക്രമണം

ഭുവനേശ്വർ: ചത്തീസ്ഗഡിനു പുറമെ ഒഡിഷയിലും മതപരിവർത്തനം ആരോപിച്ച് മലയാളി വൈദികർക്കു നേരെ ആക്രമണം. ഒഡിഷയിലെ ജലേശ്വറിൽ 2 മലയാളി വൈദികരെയും…

7 hours ago

സഞ്ജു സാംസൺ രാജസ്ഥാൻ റോയൽസ് വിടുന്നു; തുടരാൻ ആഗ്രഹമില്ലെന്ന് മാനേജ്മെന്റിനെ അറിയിച്ചതായി റിപ്പോർട്ട്

ജയ്പുർ: ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസ് ടീം വിടാൻ സഞ്ജു സാംസൺ തയാറെടുക്കുന്നതായി റിപ്പോർട്ട്. ടീമിൽ തുടരാൻ ആഗ്രഹിക്കുന്നില്ലെന്ന് മാനേജ്മെന്റിനെ സഞ്ജു…

7 hours ago

ചാമുണ്ഡി ഹിൽസിൽ കർണാടക ആർടിസി ബസ് മറിഞ്ഞു; യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു

മൈസൂരു: ചാമുണ്ഡിഹിൽസ് വ്യു പോയിന്റിൽ കർണാടക ആർടിസി ബസ് മറിഞ്ഞ് അപകടം. യാത്രക്കാരുമായി ചാമുണ്ഡി ഹിൽസിലേക്കു പോകുകയായിരുന്ന ബസ് ഇന്നാണ്…

8 hours ago

രാഹുലിന്റെ പ്രതിഷേധ റാലി; ബെംഗളൂരുവിൽ നാളെ ഗതാഗത നിയന്ത്രണം

ബെംഗളൂരു: തിരഞ്ഞെടുപ്പ് ക്രമക്കേടുമായി ബന്ധപ്പെട്ട് ഫ്രീഡം പാർക്കിൽ ലോക്സഭയിലെ പ്രതിപക്ഷ നേതാവ് രാഹുൽഗാന്ധി നയിക്കുന്ന പ്രതിഷേധ റാലി നടക്കുന്നതിനാൽ നഗരത്തിൽ…

8 hours ago

തൃശ്ശൂരിൽ ഗ്യാസ് അടുപ്പിൽ നിന്നും തീ പടർന്ന് 2 പേർക്ക് പൊള്ളലേറ്റു

തൃശ്ശൂരിൽ ഗ്യാസ് അടുപ്പിൽ നിന്നും തീ പടർന്ന് 2 പേർക്ക് പൊള്ളലേറ്റു. പഴയന്നൂർ മേപ്പാടത്തു പറമ്പ് തെഞ്ചീരി അരുൺ കുമാറിൻ്റെ…

9 hours ago