ശ്രീ നാരായണ ഗുരു ഓപ്പണ്‍ സര്‍വകലാശാലയും കേരളത്തിലെ പൊതു വിദ്യാഭ്യാസ രംഗത്തെ ഉണര്‍വും
ബ്ലാക്ക് & വൈറ്റ് I പ്രതിവാര പംക്തി I ജോമോന്‍ സ്റ്റീഫന്‍


‘വിദ്യകൊണ്ട് പ്രബുദ്ധരാവുക ‘എന്ന മാനവ ദര്‍ശനം ലോകത്തിന് സംഭാവന ചെയ്ത ശ്രീ നാരായണ ഗുരുവിന്റെ പേരില്‍ ഓപ്പണ്‍ സര്‍വ്വകലാശാല ആരംഭിക്കാനുള്ള കേരള സര്‍ക്കാര്‍ പ്രഖ്യാപനം ശ്ലാഘനീയമാണ്. ഇതിനൊടൊപ്പം കേരളത്തില്‍ പൊതു വിദ്യാഭ്യാസ സംവിധാനം ആധുനികവല്‍ക്കരിക്കാനുള്ള സര്‍ക്കാര്‍ ശ്രമങ്ങളും ആവേശകരമാണെന്നു പറയാതെ വയ്യ. മുപ്പത്തിനാല് സര്‍ക്കാര്‍ സ്‌കൂളുകളാണ് ആധുനിക വല്‍ക്കരിച്ചു അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിച്ചു നാടിനു സമര്‍പ്പിച്ചത്.
ഒക്ടോബര്‍ രണ്ട് ഗാന്ധിജയന്തി ദിനത്തിലാണ് ഓപ്പണ്‍ സര്‍വകലാശാല ആരംഭിക്കുമെന്നു കേരള മുഖ്യ മന്ത്രി പിണറായി വിജയന്‍ പ്രഖ്യാപിച്ചിട്ടുള്ളത്. ഇന്ദിരാഗാന്ധി നാഷണല്‍ ഓപ്പണ്‍ സര്‍വകലാശാല കൂടാതെ രാജ്യത്തെ പതിന്നാലാമത്തെ ഓപ്പണ്‍ സര്‍വകലാശാലയാകും ഗുരുവിന്റെ നാമധേയത്തില്‍ കേരളത്തില്‍ സ്ഥാപിക്കപ്പെടുന്നത്.
അനൗപചാരിക വിദ്യാഭ്യാസത്തിന്റെ പ്രായോക്താവായ ഗുരുവിന്റെ നാമത്തില്‍ സ്ഥാപിക്കുന്ന സര്‍വകലാശാല, വിദ്യാഭ്യാസത്തിന്റെ ജനകീയവത്കരണ രംഗത്ത് വലിയ മാറ്റത്തിനു തുടക്കമിടുമെന്നും കേരള സര്‍ക്കാര്‍ കരുതുന്നു.
കോഴ്സ് ഇടക്കുവെച്ച് നിര്‍ത്തിയവര്‍ക്കും അതുവരെയുള്ള പഠനത്തിനനുസരിച്ച് ഡിപ്ലോമ സര്‍ട്ടിഫിക്കറ്റ് നല്‍കും. രാജ്യത്തെയും വിദേശത്തെയും വിദഗ്ധരുടെയും പ്രഗത്ഭരായ അധ്യാപകരുടെയും ക്ലാസുകള്‍ ഓണ്‍ലൈന്‍ വഴി ലഭ്യമാക്കും. പരമ്പരാഗത രീതിയിലുള്ള ക്ലാസുകള്‍ക്ക് പുറമെ, നൈപുണ്യ വികസന കോഴ്സുകളുമുണ്ടാകുമെന്നു സര്‍ക്കാര്‍ പറയുന്നു.
ശ്രീ നാരായണ ദര്‍ശനവും വിദ്യാഭ്യാസ വിചാര വിപ്ലവവും
വിശ്വമാനവികതയുടെ മഹാപ്രവാചകനും അധ:സ്ഥിത ജനസമൂഹത്തിന്റെ വിമോചകനുമായ ശ്രീനാരായണഗുരുദേവന്‍ (1855 – 1928) കേരളം കണ്ടിട്ടുളള വിദ്യാഭ്യാസ വിചക്ഷണന്മാരില്‍ അദ്വിതീയനാണ്.
ഗുരുദേവ സന്ദേശങ്ങളില്‍ ഏറ്റവും പ്രാധാന്യമര്‍ഹിക്കുന്നതു വിദ്യകൊണ്ട് പ്രബുദ്ധരാവുക എന്ന മഹത് സന്ദേശം തന്നെയാണ്. അതായത് അറിവിലൂടെ അവനവന്റെ അസ്തിത്വത്തെക്കുറിച്ചുളള ബോധമുണ്ടാവുക. വിദ്യയെന്നത് അറിവാണ്, പഠനമൊരു അഭ്യാസമാണ്. വിദ്യാഭ്യാസമെന്നത് ആത്മീയവും ഭൗതികവുമായ മൂല്യങ്ങളെക്കുറിച്ചുളള ബോധനത്തിലൂടെ വ്യക്തിയെ പ്രബുദ്ധതയിലേക്കു നയിക്കുന്നതും സമൂഹമര്യാദകള്‍ക്കനുസരിച്ച് സമൂഹത്തിന്റെ ഭാഗമായി ജീവിക്കുവാനും ഉത്തമ ജീവിത മാര്‍ഗം സ്വായത്തമാക്കുവാനും പ്രാപ്തമാക്കുന്നതുമായ ഒരു പ്രക്രിയയാണ്.
സമഗ്രവും ശാസ്ത്രീയവുമായ ഒരു വിദ്യാഭ്യാസ സങ്കല്പമാണ് ഗുരുദേവനുണ്ടായിരുന്നത്
ഗുരുവിന്റെ വിദ്യാഭ്യാസ പദ്ധതികള്‍ വിലയിരുത്തുവാനും വിശകലനം ചെയ്യുവാനും ശ്രമിക്കുമ്പോള്‍ ആദ്യം ശ്രദ്ധയില്‍പ്പെടുന്നത് ജനങ്ങളുടെ സാമൂഹികവും സാംസ്‌കാരികവുമായ പശ്ചാത്തലം കൂടി ഗുരു കൈകാര്യം ചെയ്തിരുന്നു എന്ന വസ്തുതയാണ്.
ഗുരുവിന്റെ വിദ്യാഭ്യാസ പദ്ധതികളുടെ ഔദ്യോഗിക സമുദ്ഘാടനമായി അരുവിപ്പുറം പ്രതിഷ്ഠയെയും ശ്രീനാരായണ ധര്‍മ്മപരിപാലനയോഗത്തിന്റെ സംസ്ഥാപനത്തെയും കണക്കാക്കാം. ഗുരുദേവന്‍ നടത്തിയ ശിവലിംഗ പ്രതിഷ്ഠ അധ:പതിക്കപ്പെട്ടുകിടന്നിരുന്ന സമൂഹത്തിന്റെ കര്‍മ്മധീരതയെ ഉത്തേജിപ്പിക്കുന്ന ഇരുതല മൂര്‍ച്ചയുളള വാളും അതേസമയം ഗര്‍വ്വിഷ്ഠരായ സവര്‍ണ്ണരുടെ പ്രതാപത്തെയും അഹന്തയെയും ഞെട്ടിപ്പിക്കുന്നതുമായിരുന്നു.
ഉച്ചനീചത്വങ്ങളെ ചോദ്യംചെയ്ത അരുവിപ്പുറം പ്രതിഷ്ഠയ്‌ക്കൊപ്പം കളവംകോടം ശക്തീശ്വരം ക്ഷേത്രത്തിലെ കണ്ണാടിപ്രതിഷ്ഠയും ചരിത്രത്തിന്റെ ഭാഗമായത് അങ്ങനെയാണ്. ക്ഷേത്രങ്ങളും പ്രതിഷ്ഠകളും ആവശ്യമില്ല. അത് അന്ധവിശ്വാസമാണ് എന്ന തര്‍ക്കങ്ങള്‍ നിലനില്‍ക്കെ കളവംകോടം ക്ഷേത്രത്തില്‍ ഗുരു കണ്ണാടി പ്രതിഷ്ഠിച്ചു. നീ തന്നെയാണ് നിന്റെ ഈശ്വരന്‍. നിന്നിലാണ് ആത്മാവും ചൈതന്യവും. നീ നിന്നെ തിരിച്ചറിയുക. ദൈവ സങ്കല്പത്തിന്റെ അത്യന്തം ദാര്‍ശനികപരമായ തലം,വളരെ ലളിതമായി വ്യഖ്യാനിക്കുകയാണ് ഗുരു ചെയ്തത്.
പലപ്പോഴും ഗുരു ദര്‍ശനത്തിന്റെ കാതലായ ചിന്തകള്‍ അധ്യാത്മികതക്ക് നല്‍കുന്നതിനെക്കാള്‍ പ്രാധാന്യം യുക്തിചിന്തക്ക് ഉള്ളതായി കാണാം. ഒരു പക്ഷെ തന്റെ ജീവിത അവസാന കാലത്ത് ഗുരു ഒരു ആത്മീയ യോഗിക്കപ്പുറം യുക്തി ചിന്തകള്‍ക്ക് പ്രാമുഖ്യം നല്‍കിയിരുന്ന ഒരു യോഗിവര്യന്‍ കൂടിയായിരുന്നു എന്ന് വിവക്ഷിക്കാം. ഭക്തി പോലെ യുക്തിയും നമുക്ക് വേണ്ടത് തന്നെ പലപ്പോഴും ഗുരു പറയുക മാത്രമല്ല, അദ്ദേഹം തെരെഞ്ഞെടുത്ത പല പ്രമുഖ ശിഷ്യമാരും ഈ ഗണത്തില്‍ പെടുന്നവരുമായിരുന്നു. മഹാകവി കുമാരനാശാന്‍, സഹോദരന്‍ അയ്യപ്പന്‍, പ്രൊഫസ്സര്‍ കുറ്റിപ്പുഴ കൃഷ്ണപിള്ള എന്നിവര്‍ ചില ഉദാഹരങ്ങള്‍ മാത്രം.
1924 ല്‍ ആലുവയിലെ അദ്വൈതാശ്രമത്തില്‍ വെച്ച് നടത്തിയ സര്‍വമത സമ്മേളന വേദിയില്‍ ഗുരു എഴുതി വെച്ച വരികള്‍ സാര്‍വത്രിക വിദ്യാഭ്യാസത്തിന്റെ മറ്റൊരു ദാര്‍ശനിക തലം വെളിപ്പെടുത്തുന്നതായിരുന്നു.
‘വാദിക്കാനും ജയിക്കാനുമല്ല മറിച്ചു അറിയാനും അറിയിക്കാനുമാണ് ഈ സമ്മേളനം’. സമ്മേളനം ഉപസംഹരിച്ചുകൊണ്ടു നടത്തിയ പ്രസംഗത്തില്‍ ഗുരു ഇങ്ങിനെ അഭിപ്രായപ്പെട്ടു :- ‘രണ്ടു ദിവസമായി നടന്നുവരുന്ന സമ്മേളനത്തില്‍ പങ്കെടുത്ത വിവിധ മത പണ്ഡിതന്മാര്‍ നടത്തിയ പ്രസംഗങ്ങളില്‍ നിന്നും നമുക്ക് മനസിലാക്കാന്‍ കഴിയുന്നത് സ്‌നേഹത്തിന്റെ മതാണ് ക്രിസ്തുമതം എന്നും,സാഹോദര്യത്തിന്റെ മതമാണ് ഇസ്‌ളാം മതം എന്നും ചിന്തിക്കുന്നവന്റെ മതമാണ് ബുദ്ധമതം എന്നുമാണ്. എന്തന്നാല്‍ ഈ സ്‌നേഹവും സാഹോദര്യവും എല്ലാം പരസ്പര പൂരകങ്ങളാണ്.അത് ചിന്തിക്കുന്നവനെ മനസ്സിലാകൂ, നാമായി ഒരു മതത്തിലും പെടുന്നില്ല, മതം ഏതായാലും മനുഷ്യന്‍ നന്നായാല്‍ മതി’‘
കേരളത്തിലെ വിവിധ പ്രദേശങ്ങളിലെ ക്ഷേത്രങ്ങളില്‍ പ്രതിഷ്ഠ നടത്തണം എന്ന ആവശ്യവുമായി തന്നെ സമീപിച്ചവരോട് ശ്രീ നാരായണ ഗുരു പറഞ്ഞത്
‘നമുക്ക് ഇനി ആവശ്യം സരസ്വതി ക്ഷേത്രങ്ങളായ വിദ്യാലയങ്ങള്‍ വേണം’ എന്നാണ്. അക്ഷരം പഠിച്ചവന്‍ അവകാശബോധമുള്ളവനാകും എന്നുകൂടി അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കേരളം ജന്മം നല്‍കിയ ഏറ്റവും മഹാനായ സാമൂഹിക പരിഷ്‌കര്‍ത്താവും, നവോത്ഥാനനായകനും ആയിരുന്നു ശ്രീനാരായണഗുരു. അദ്ദേഹത്തിന്റെ ജീവിത കാലയളവില്‍ നിലനിന്നിരുന്ന സവര്‍ണ മേല്‍ക്കോയ്മ, തൊട്ടുകൂടായ്മ, തീണ്ടിക്കൂടായ്മ തുടങ്ങിയ സമൂഹ്യതിന്മകള്‍ക്കെതിരെ പോരാടിയ ഗുരു, കേരളീയ സമൂഹത്തെയാകെ നവോത്ഥാനത്തിലേയ്ക്ക് നയിച്ചു.
ജാതി വ്യവസ്ഥയെ ചോദ്യം ചെയ്യ്ത ഏറ്റവും പ്രധാനപ്പെട്ട സാമൂഹിക പരിഷ്‌കര്‍ത്താവാണ് ശ്രീനാരായണ ഗുരു. ബ്രാഹ്മണരേയും മറ്റു സവര്‍ണജാതികളെയും കുറ്റപ്പെടുത്തുന്നതിനു പകരം ഗുരു വിദ്യാലയങ്ങളും ക്ഷേത്രങ്ങളും സ്ഥാപിച്ച് അവര്‍ണ്ണരുടെ ഉന്നമനത്തിനു വേണ്ടി പ്രവര്‍ത്തിച്ചു. മറ്റുള്ളവരോടുള്ള തുറന്ന സമീപനവും അഹിംസാപരമായ തത്ത്വചിന്തയും അദ്ദേഹത്തിന്റെ മുഖമുദ്രകളായിരുന്നു. സാമൂഹ്യതിന്മകള്‍ക്കെതിരെയുള്ള പോരാട്ടമായിരുന്നു ഗുരുവിന്റെ ജീവിതം .അദ്ദേഹം കൊളുത്തിയ സാമൂഹിക മാറ്റത്തിന്റെ ദീപശിഖ കൂടുതല്‍ പ്രജ്ജ്വലമായി ശോഭിക്കുന്നു എന്നതാണു് ശ്രീ നാരായണ ദര്‍ശനത്തിന്റെ മഹത്വം.
കുടിപ്പള്ളിക്കൂടങ്ങളില്‍ നിന്നും ആധുനിക വിദ്യാഭ്യാസത്തിലേക്ക്
വൈദേശിക ആധിപത്യത്തിന് മുന്‍പ് കേരളത്തിലെ എല്ലാ ഗ്രാമങ്ങളിലും കുടിപ്പള്ളിക്കൂടങ്ങള്‍ നിലവില്‍ ഉണ്ടായിരുന്നു. നാലുവശവും തുറന്ന വെറും ഷെഡ്ഡുകളായിരുന്നു ഈ വിദ്യാലയങ്ങള്‍. നിലത്ത് പൊടിമണല്‍ വിരിച്ച് അതില്‍ എഴുതിയാണ് അക്ഷരങ്ങള്‍ പഠിപ്പിച്ചിരുന്നത്. ‘ ആശാന്മാര്‍ ‘ എന്ന് അറിയപ്പെട്ടിരുന്ന ഗുരുക്കന്മാര്‍ നടത്തിയിരുന്ന പഠന കളരികളില്‍ പ്രധാനമായും നിലത്തെഴുത്തും കൂട്ടിവായനയുമാണ് അഭ്യസിപ്പിച്ചിരുന്നത്.
മറ്റാരുടേയും ധനസഹായമില്ലാതെയാണ് ഇവ പ്രവര്‍ത്തിച്ചിരുന്നത്. ആശാന്മാര്‍ക്കു രക്ഷാകര്‍ത്താക്കള്‍ ശമ്പളവും ദക്ഷിണകളും കാഴ്ചകളും നല്‍കിയിരുന്നു. ശമ്പളം നല്‍കിയിരുന്നത് പ്രധാനമായും കാര്‍ഷിക വിളകളാണ്. ഇതായിരുന്നു ബ്രിട്ടീഷ് ഭരണം വരെ കേരളത്തിലെ ഗ്രാമീണ ജനങ്ങള്‍ക്കിടയില്‍ നിലനിന്നിരുന്ന വിദ്യാഭ്യാസരീതി. 1970 കള്‍ വരെ കേരളീയ ഗ്രാമങ്ങളില്‍ ഇത്തരം കുടിപ്പള്ളിക്കൂടങ്ങള്‍ നിലനിന്നിരുന്നു.
പാശ്ചാത്യവിദ്യാഭ്യാസം
പതിനാലാം നൂറ്റാണ്ടില്‍ കേരളത്തിലെത്തിയ പോര്‍ച്ചുഗീസുകാര്‍ കൊടുങ്ങല്ലൂര്‍, കൊച്ചി, വൈപ്പിന്‍കോട്ട എന്നീ സ്ഥലങ്ങളില്‍ മതവിദ്യാഭ്യാസത്തിന് സെമിനാരികള്‍ സ്ഥാപിച്ചു. 1805ല്‍ റവ. മീഡിന്റെ നേതൃത്വത്തില്‍ തെക്കന്‍ തിരുവതാം കൂറില്‍ തൊഴിലധിഷ്ഠിത വിദ്യാഭ്യാസത്തിനും സ്ത്രീ വിദ്യാഭ്യാസത്തിനും പ്രോത്സാഹനം നല്‍കി സെമിനാരിപ്രവര്‍ത്തനങ്ങള്‍ തുടങ്ങി.
1816 ല്‍ കോട്ടയത്ത് സിഎംസ് കോളേജിന്റെ സ്ഥാപനത്തോടെ കേരളത്തില്‍ ഉന്നത വിദ്യാഭ്യാസത്തിനു തുടക്കം കുറിച്ചു എന്ന് പറയാം. മതപ്രചാരണം ലക്ഷ്യമാക്കി എത്തിയ ക്രിസ്ത്യന്‍ മിഷണറിമാരുടെ പ്രവര്‍ത്തന ഫലമായാണ് ഇന്ത്യയില്‍ 17-ാം നൂറ്റാണ്ടോടെ ഇംഗ്ലീഷ് വിദ്യാഭ്യാസം പ്രചരിക്കാനാരംഭിച്ചത്.
തങ്ങളുടെ ഭരണ നിര്‍വഹണം തടസ്സമില്ലാതെ നടപ്പിലാക്കാന്‍ , ഇംഗ്ലീഷ് ഭാഷയും പാശ്ചാത്യ വിദ്യാഭ്യാസ രീതിയും വശമുള്ള ഉദ്യോഗസ്ഥ വൃന്ദത്തെ സൃഷ്ടിക്കാന്‍ അവര്‍ ഭാരതത്തിലെങ്ങും ഇംഗ്ലീഷ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ആരംഭിച്ചു. ബ്രിട്ടീഷ് ഈസ്റ്റിന്ത്യാ കമ്പനിയുടെ ഇടപെടലുകളോടെ ഇന്ത്യയില്‍ ഇംഗ്ലീഷ് വിദ്യാഭ്യാസത്തിന് അടുക്കും ചിട്ടയും കൈവന്നു.
നിറത്തിലും രക്തത്തിലും ഇന്ത്യക്കാരായിരിക്കുകയും അതേ സമയം അഭിപ്രായങ്ങളിലും അഭിരുചികളിലും മൂല്യങ്ങളിലും സദാചാരം, ബുദ്ധി എന്നിവയിലും ഇംഗ്ലീഷുകാരായിരിക്കുകയും ചെയ്യുന്ന ഇന്ത്യക്കാരെ സൃഷ്ടിച്ചെടുക്കാനുള്ള ഒരു വിദ്യാഭ്യാസ മാര്‍ഗരേഖ 1835-ല്‍ മെക്കാളെ പ്രഭു അവതരിപ്പിച്ചു. മെക്കാളെ മിനുട്‌സ് എന്നറിയപ്പെടുന്ന ഈ രേഖ ഇന്ത്യയിലെ ഇംഗ്ലീഷ് വിദ്യാഭ്യാസത്തിന്റെ മാഗ്നാകാര്‍ട്ടയായാണ് വിശേഷിപ്പിക്കുന്നത്.
ചാവറ കുര്യാക്കോസ് അച്ഛനും മഹാത്മാ അയ്യങ്കാളിയും

കേരളീയ നവോത്ഥാനത്തിന് മഹനീയ സംഭാവനകള്‍ നല്‍കിയ ചാവറ അച്ഛന്‍ (1805 – 1871) കേരളത്തിലെ വിദ്യാഭ്യാസ സാക്ഷരതക്കു തുടക്കമിട്ടയാള്‍ എന്ന് വിശേഷിപ്പിക്കാം. 1805 ഫെബ്രുവരി 10ന് കുട്ടനാട്ടിലെ കൈനകരിയിലാണ് ചാവറയച്ചന്‍ ജനിച്ചത്. ഒരു ക്രൈസ്തവ പുരോഹിതന്‍ എന്നതിലുപരി ഒരു നിശബ്ദ വിപ്ലവകാരിയയിരുന്നു കുര്യക്കോസ് ഏലിയാസ് അച്ചന്‍. പള്ളിയോടൊപ്പം പള്ളിക്കൂടം സ്ഥാപിക്കണമെന്ന ആശയം പ്രചരിപ്പിക്കുകയും നിര്‍ദ്ദേശം നല്‍കുകയും ചെയ്തു. പള്ളിക്കൂട സാര്‍വത്രിക വിദ്യാഭ്യാസം നടപ്പിലാക്കുക വഴി കേരളം അന്നുവരെ കാണാത്ത അറിവിന്റെ പുതിയ വാതായനങ്ങള്‍ തുറക്കുകയായിരുന്നു അദ്ദേഹം ചെയ്തത്.

ദളിതരെയും പിന്നോക്കാവസ്ഥയില്‍ പെടുന്നവരെയും പള്ളിക്കൂട വിദ്യാലയത്തിലേക് പ്രവേശിപ്പിച്ചു. അക്കാലത്ത് ദളിതര്‍ക്ക് ഒന്നും സ്‌കൂളില്‍ പ്രവേശനം ഉണ്ടായിരുന്നില്ല. വിദ്യാഭ്യാസത്തിനു പുറമെ ഭക്ഷണം, വസ്ത്രം, പുസ്തകം മുതലായവ സൗജന്യമായി വിതരണം ചെയ്യാന്‍ അദ്ദേഹം ശ്രദ്ധിച്ചു.
മഹാത്മാ അയ്യങ്കാളി (1863 – 1941) എന്ന നാമധേയം ആധുനിക കേരളത്തിന്റെ ചരിത്രനിര്‍മ്മിതിയില്‍ നിന്നും ഒഴിവാക്കാന്‍ കഴിയുന്ന ഒന്നല്ല. അയ്യങ്കാളിയെ ശ്രീനാരായണ ഗുരുദേവ ദര്‍ശനം വളരെയധികം സ്വാധീനിച്ചിരുന്നു.
ജാതിജന്മി കൂട്ടായ്മയുടെ എല്ലാ വെല്ലുവിളികളെയും അതിജീവിച്ച് പഞ്ചമി എന്ന ദലിത് ബാലികക്ക് സ്‌കൂള്‍ പ്രവേശനം സാധ്യമാക്കാന്‍ അയ്യന്‍കാളി കാണിച്ച ധീരത ചരിത്ര താളുകളില്‍ എന്നും നിലനില്‍ക്കും. അയിത്ത ജാതിക്കാര്‍ക്ക് സ്‌കൂള്‍ വിദ്യാഭ്യാസം സാധ്യമാക്കുക എന്ന മഹത് പ്രവൃത്തിയാണ് അയ്യന്‍കാളി നടപ്പിലാക്കിയത്. ‘ നിങ്ങളുടെ സ്‌കൂളുകളില്‍ ഞങ്ങളുടെ കുട്ടികളെ പ്രവേശിപ്പിച്ചില്ലെങ്കില്‍ , നിങ്ങളുടെ വയലുകളില്‍ ഞങ്ങള്‍ പണിയെടുക്കില്ല ‘ എന്ന ധീര പ്രഖ്യാപനം അയ്യന്‍കാളി നടത്തിയത് അവര്‍ണ്ണ വിഭാഗത്തിലെ കുട്ടികളുടെ വിദ്യാഭ്യാസ അവകാശം സ്ഥാപിക്കാന്‍ വേണ്ടിയായിരുന്നു.
സാര്‍വത്രിക സ്‌കൂള്‍ വിദ്യാഭ്യാസം

ഐക്യകേരളം രൂപപ്പെടുന്ന ഘട്ടമാകുമ്പോഴേക്കും വളരെ വിപുലമായ പ്രൈമറി വിദ്യാലയശൃംഖല കേരളത്തില്‍ രൂപപ്പെട്ടിരുന്നു. എന്നാല്‍ സെക്കന്ററി വിദ്യാഭ്യാസം ഐക്യകേരളം രൂപംകൊണ്ട ശേഷമാണ് പടര്‍ന്ന് പന്തലിച്ചത്. ഇങ്ങനെ വളരുന്നതില്‍ ജനങ്ങളുടെ പങ്കാളിത്തം അതിനിര്‍ണ്ണായകമായിരുന്നു. കൂടാതെ കേരളത്തിലെ ജനകീയ സര്‍ക്കാറുകള്‍ പൊതുവിദ്യാഭ്യാസം വളര്‍ത്തുന്നതിനു ഗുണകരമായ നിരവധി പദ്ധതികള്‍ ആവിഷ്‌ക്കരിച്ചു. അപ്പര്‍ പ്രൈമറി, സെക്കന്ററി വിദ്യാലയങ്ങള്‍ വ്യാപകമായി ആരംഭിച്ചു. 1970കളില്‍ത്തന്നെ സാര്‍വ്വത്രിക സ്‌കൂള്‍ പ്രവേശം സാധ്യമായി.
കേരളത്തിലെ കുട്ടികളുടെ സ്‌കൂള്‍ പ്രവേശനനിരക്ക് ഏതാണ്ട് 100 ശതമാനമാണ്. സൗജന്യവും നിര്‍ബന്ധിതവുമായ സ്‌കൂള്‍ വിദ്യാഭ്യാസം, എയ്ഡഡ് സ്‌കൂളുകളിലെ അധ്യാപകര്‍ക്ക് സര്‍ക്കാര്‍ നേരിട്ട് ശമ്പളം നല്‍കുന്ന സമ്പ്രദായം, വിദ്യാഭ്യാസസ്ഥാപനങ്ങള്‍ സ്ഥാപിക്കുന്ന കാര്യത്തില്‍ പ്രാദേശികവും സാമൂഹികവുമായ അന്തരങ്ങള്‍ കുറയ്ക്കാന്‍ കഴിഞ്ഞത്, സ്‌കൂള്‍ ഉച്ചഭക്ഷണ പരിപാടി, വിദ്യാര്‍ഥികള്‍ക്കുള്ള യാത്രാസൗകര്യം എന്നിവയുടെ അടിസ്ഥാനത്തില്‍ സംസ്ഥാനത്തെ സ്‌കൂളില്‍ നിന്നുള്ള വിദ്യാര്‍ഥികളുടെ കൊഴിഞ്ഞുപോകല്‍നിരക്ക് ഗണ്യമായി കുറഞ്ഞിട്ടുണ്ട്.
വിദ്യാഭ്യാസം എന്നത് സമൂഹത്തിലെ എല്ലാ കുട്ടികള്‍ക്കും അവകാശപ്പെട്ടതാണ്. വിദ്യഭ്യാസമാണ് വ്യക്തിത്വ വികസനത്തിനും സാമൂഹിക ഉയര്‍ച്ചക്കും ആധാരമായ അറിവുകളും കഴിവുകളും മൂല്യങ്ങളും നല്‍കുന്നത്. അതിനാല്‍ വിദ്യാഭ്യാസം എല്ലാവര്‍ക്കും ലഭിച്ചേ തീരൂ. ഇതാകട്ടെ സ്റ്റേറ്റിന്റെ ഉത്തരവാദിത്തവും ചുമതലയുമാണുതാനും. ഈ കാഴ്ചപ്പാടില്‍ നിന്നുകൊണ്ടുവേണം സ്വകാര്യ വ്യക്തികളുടെയും സംഘടനകളുടെയും വിദ്യാഭ്യാസ പങ്കാളിത്തം സ്വാഗതം ചെയ്യേണ്ടത്.
പൊതുവിദ്യാഭ്യാസ മേഖല നേരിടുന്ന വെല്ലുവിളികള്‍
ഭൌതിക സാഹചര്യങ്ങളുടെ അഭാവം വിദ്യാര്‍ഥികളെ എയ്‌ഡെഡ് മേഖലയിലെ സ്‌കൂളുകളില്‍ നിന്ന് അകറ്റുന്നു. പൊട്ടിപ്പൊളിഞ്ഞ കെട്ടിടങ്ങള്‍, വേണ്ടത്ര ശൌചാലയങ്ങളുടെ അഭാവം, പഠന ഉപകരണങ്ങളുടെ കുറവ് എന്നിവ എയ്ഡഡ് സ്‌ക്കൂളുകളിലെ വിദ്യാഭ്യാസത്തെ പ്രതിസന്ധിയിലാക്കുന്നു. സര്‍ക്കാര്‍ മേഖലയില്‍, പ്രത്യേകിച്ചും പ്രൈമറി തലത്തില്‍ സര്‍ക്കാറിന്റെ ഫണ്ട് ആവശ്യത്തിനു ലഭ്യമായതിനാല്‍ ഇപ്പോള്‍ മിക്ക സ്‌കൂളുകളും മെച്ചപ്പെട്ട സൗകര്യങ്ങളോടെയാണൂ പ്രവര്‍ത്തിച്ചുവരുന്നത്.
എന്നാല്‍ ഇപ്പോള്‍ ഈ സാഹചര്യങ്ങള്‍ പതുക്കെ മാറുന്നതായി കാണാം തദ്ദേശ ഭരണകൂടങ്ങളുടെ ഇടപെടല്‍, വിവിധങ്ങളായ സര്‍ക്കാര്‍ പദ്ധതികള്‍,യോഗ്യരായ അധ്യാപകരുടെ സാന്നിധ്യം തുടങ്ങിയ ഘടകങ്ങള്‍ ഈ മേഖലയെ മെച്ചപ്പെടുത്തുന്നതില്‍ നല്ലൊരു പങ്കു വഹിക്കുന്നുണ്ട്.
പിഴവുകളുണ്ടെങ്കിലും താരതമ്യം ചെയ്താല്‍ രാജ്യത്തെ തന്നെ ഏറ്റവും മികച്ച നിലവാരമുള്ള സിലബസ്സും വിദ്യാര്‍ഥിസമൂഹവും കേരളത്തിന്റെ സ്വത്താണ് എന്ന് തന്നെ പറയാം .
പൊതു വിദ്യാഭ്യാസ രംഗത്തെ ഉണര്‍വും മുന്നേറ്റവും
ലോകം മുഴുവന്‍ പ്രചുരപ്രചാരം നേടിയ കേരള വികസനാനുഭവങ്ങളില്‍ ഏറ്റവും പ്രമുഖമായത് വിദ്യാഭ്യാസ രംഗത്തെ നമ്മുടെ നേട്ടങ്ങളായിരുന്നു. ആളോഹരിവരുമാനം കുറഞ്ഞ നിരക്കില്‍ തുടരുമ്പോഴും ജീവിത നിലവാര സൂചകങ്ങളില്‍ വികസിതരാജ്യങ്ങള്‍ക്കൊപ്പം ഉയര്‍ന്നു നില്‍ക്കാന്‍ ഈ കൊച്ചുകേരളത്തെ പ്രാപ്തമാക്കിയത് വിദ്യാഭ്യാസ രംഗത്ത് നേടിയ മേല്‍കൈയ്യാണ്.
ധനിക ദരിദ്ര, സ്ത്രീപുരുഷ വ്യത്യാസമില്ലാതെ, ജാതിമത, ഏവര്‍ക്കും സ്‌കൂള്‍ വിദ്യാഭ്യാസ പ്രാപ്യത ഉറപ്പാക്കാന്‍ കേരളീയസമൂഹത്തിന് കഴിഞ്ഞു.
സ്‌കൂള്‍ വിദ്യാഭ്യാസഘട്ടത്തിലെന്നപോലെ വിതരണനീതി ഉന്നത വിദ്യാഭ്യാസരംഗത്ത് ഉറപ്പാക്കാന്‍ കഴിഞ്ഞിരുന്നില്ലെങ്കിലും അവയേയും സാമൂഹികനിയന്ത്രണപരിധിയില്‍ കൊണ്ടുവരാന്‍ ഒരു പരിധിവരെ കഴിഞ്ഞിരുന്നു.
വിദ്യാഭ്യാസം എന്നാല്‍ – അത് സ്‌കൂള്‍ വിദ്യാഭ്യാസമായാലും ഉന്നതവിദ്യാഭ്യാസമായാലും – സാമൂഹിക നിയന്ത്രണമുള്ള പൊതുവിദ്യാഭ്യാസമാകണം എന്നായിരുന്നു സമൂഹം വിവക്ഷിച്ചിരുന്നത്. ത്യാഗപൂര്‍ണ്ണമായ പ്രക്ഷോഭങ്ങളടക്കമുളള പരിശ്രമങ്ങളിലൂടെയായിരുന്നു ഈ സമീപനം വികസിച്ചുവന്നത്. അതുകൊണ്ടുതന്നെ അതിനെതിരായ ഏതൊരു ചലനത്തെയും കേരളീയ സമൂഹം ചെറുത്തുതോല്‍പ്പിച്ചിരുന്നു.
സാമൂഹ്യ നീതിക്കുവേണ്ടിയുള്ള നിരന്തരമായ പോരാട്ടങ്ങളിലൂടെയാണ് കേരളത്തിലെ വിദ്യാഭ്യാസം പടര്‍ന്നു പന്തലിച്ചത്. ഈ സമരങ്ങളുടെ ഫലമായി സമൂഹത്തിലെ എല്ലാ വിഭാഗങ്ങളിലുമുള്ള കുട്ടികള്‍ക്കും സ്‌കൂള്‍ പ്രവേശനം സാധ്യമായി. അവരെ കൊഴിഞ്ഞുപോകാതെ വിദ്യാഭ്യാസത്തില്‍ നിലനിര്‍ത്താനുള്ള പ്രോത്സാഹന പരിപാടികള്‍ പലതുമുണ്ടായി.
കേരളം ഇന്ത്യയില്‍ വിദ്യാഭ്യാസ, സാംസ്‌കരിക മണ്ഡലങ്ങളില്‍ ശ്രദ്ധ പുലര്‍ത്തുന്ന സംസ്ഥാനമാണ്. ഇന്ത്യയില്‍ സമ്പൂര്‍ണ്ണസാക്ഷരത നേടിയ ആദ്യസംസ്ഥാനമാണ് കേരളം. 1991 ഏപ്രില്‍ 18 ന് കേരളം സമ്പൂര്‍ണ്ണ സാക്ഷരത കൈവരിച്ചതായി പ്രഖ്യാപിക്കപ്പെട്ടു. സമ്പൂര്‍ണ്ണ സാക്ഷരതാ പ്രഖ്യാപനം നടക്കുമ്പോള്‍ 90.86% ആണ് കേരളത്തിലെ സാക്ഷരത.

2011 ലെ സെന്‍സസ് അനുസരിച്ച് കേരളത്തിന്റെ ആകെ സാക്ഷരതാനിരക്ക്- 93.91% ആണ്. പുരുഷസാക്ഷരതാനിരക്ക്- 96.02% ഉം സ്ത്രീ സാക്ഷരതാനിരക്ക്- 91.98% വുമാണ്. വിദ്യാഭ്യാസ രംഗത്ത് വലിയ മാറ്റങ്ങള്‍ ഉണ്ടാകുന്നുണ്ട് .പുതിയ സാങ്കേതിക വിദ്യകളും മറ്റും സംയോജിപ്പിച്ച് കൊണ്ട് കേരളത്തിലെ വിദ്യാഭ്യാസ രംഗവും മാറ്റത്തിന്റെ പാതയിലാണ്.
ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകള്‍ മികവിന്റെ കേന്ദ്രങ്ങളായി മാറ്റുക എന്ന ലക്ഷ്യം സര്‍ക്കാര്‍ ഏറ്റെടുത്തത്. സര്‍ക്കാര്‍ സ്‌കൂളുകളില്‍ കിഫ്ബി ഫണ്ട് ഉപയോഗപ്പെടുത്തിയാണ് ഈ പദ്ധതി നടപ്പാക്കുന്നത്. ഓരോ സ്‌കൂളിലും അഞ്ചുകോടി രൂപവീതം ചെലവഴിച്ചാണ് ഭൗതിക സൗകര്യങ്ങള്‍ വികസിപ്പിച്ചിരിക്കുന്നത്. 22 പൊതു വിദ്യാലയത്തെ നേരത്തേതന്നെ ഈ പദ്ധതിയുടെ ഭാഗമായി ഉയര്‍ത്തിയിരുന്നു. അതിനു പുറമെ 100 ദിന കര്‍മപദ്ധതിയുടെ ഭാഗമായി 34 സ്‌കൂളിന്റെകൂടി അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ധിപ്പിച്ചതിന്റെ ഉദ്ഘാടനമാണ് മുഖ്യമന്ത്രി കഴിഞ്ഞ ബുധനാഴ്ച നടത്തിയത്.

ഒരു നിയോജക മണ്ഡലത്തില്‍ നിന്നും ഒരു സ്‌കൂള്‍ എന്ന നിലയില്‍ 140 സ്‌കൂളുകളെ മികവിന്റെ കേന്ദ്രങ്ങളായി ഉയര്‍ത്തുന്ന പദ്ധതിയില്‍ ഉള്‍പ്പെട്ടതാണ് ഈ 34 സ്‌കൂളുകള്‍. ഇതിനുപുറമെ മൂന്നു കോടി രൂപ ചെലവില്‍ നിര്‍മിക്കുന്ന 14 സ്‌കൂള്‍കെട്ടിടത്തിന്റെ നിര്‍മാണവും 100 ദിന കര്‍മപദ്ധതിയുടെ ഭാഗമായി പൂര്‍ത്തിയാക്കാനാണ് ഉദ്ദേശിക്കുന്നത്. 250 പുതിയ സ്‌കൂള്‍കെട്ടിട നിര്‍മാണവും ഉടന്‍ ആരംഭിക്കുകയാണ്.
നവകേരള മിഷന്റെ ഭാഗമായി വിദ്യാഭ്യാസ സ്ഥാപനങ്ങളെ ശക്തിപ്പെടുത്തുക, സ്‌കൂളുകളെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തുക എന്നീ ലക്ഷ്യങ്ങളോടെ കേരള സര്‍ക്കാര്‍ നടപ്പിലാക്കുന്ന പദ്ധതിയാണ് പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം.

പൊതുവിദ്യാലയങ്ങള്‍ പൊതു സമൂഹത്തിന്റെ പങ്കാളിത്തത്തോടെ മികവിന്റെ കേന്ദ്രങ്ങളാക്കി മാറ്റുക, കൊഴിഞ്ഞുപോക്ക് അവസാനിപ്പിക്കുക, എല്ലാകുട്ടികളേയും പൊതു വിദ്യാലയങ്ങളില്‍ എത്തിക്കുക, സ്‌ക്കൂളില്‍ എത്തിച്ചേരുന്ന എല്ലാ കുട്ടികള്‍ക്കും അതത് ക്ലാസ്സില്‍ നേടേണ്ട പഠന ശേഷികള്‍ കൈവരിച്ചു എന്ന് ഉറപ്പ് വരുത്തുക എന്നി ലക്ഷ്യങ്ങള്‍ നേടാനും മികവിന്റെ കേന്ദ്രങ്ങളായി മാറാനും കേരളത്തിലെ സരസ്വതി കേന്ദ്രങ്ങള്‍ക്ക് കഴിയട്ടെ എന്ന് ആശിക്കുന്നു.
ജോമോന്‍ സ്റ്റീഫന്‍ | jomonks2004@gmail.com
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.