Follow the News Bengaluru channel on WhatsApp

എസ്.പി ബാലസുബ്രഹ്മണ്യം വിടവാങ്ങി: സംഗീത സാമ്രാട്ട് ഇനി ഓര്‍മ്മ

ബ്ലാക്ക് & വൈറ്റ് I പ്രതിവാര പംക്തി I ജോമോന്‍ സ്റ്റീഫന്‍

 

 

എസ്.പി. ബി – തെന്നിന്ത്യയും മറികടന്ന് ലോകപ്രശസ്തനായ ബഹുമുഖ പ്രതിഭ. സംഗീതജ്ഞന്‍, പാട്ടുകാരന്‍,സംഗീത സംവിധായകന്‍,അഭിനേതാവ്, സിനിമ നിര്‍മാതാവ്, ഡബ്ബിങ് ആര്‍ട്ടിസ്‌റ് എന്നി വിവിധ മേഖലകളില്‍ വ്യക്തി മുദ്ര പതിപ്പിച്ചു. തമിഴ്,കന്നഡ,തെലുഗു, ഹിന്ദി എന്നിവ ഉള്‍പ്പെടെ 16 ഇന്ത്യന്‍ ഭാഷകളില്‍ 40000ത്തിലധികം പാട്ടുകള്‍ അദ്ദേഹം പാടി.

ആറ് ദേശീയ പുരസ്‌കാരങ്ങളും ആന്ധ്ര പ്രദേശ് സര്‍ക്കാരിന്റെ 25 കലൈമാമണി അവാര്‍ഡുകളും , കര്‍ണാടക, തമിഴ്‌നാട് സര്‍ക്കാരുകളുടെ പുരസ്‌കാരങ്ങള്‍ എന്നിവയും ലഭിച്ചിട്ടുണ്ട്. ബോളിവുഡ്, ദക്ഷിണേന്ത്യന്‍ ഫിലിംഫെയര്‍ പുരസ്‌കാരങ്ങളും ലഭിച്ചിരുന്നു.

ഇന്ത്യന്‍ സിനിമയ്ക്കായി നല്‍കിയ സംഭാവനകള്‍ പരിഗണിച്ച് പദ്മശ്രീ, പദ്മഭൂഷന്‍ എന്നി പുരസ്‌കാരങ്ങള്‍ നല്‍കി രാജ്യം അദ്ദേഹത്തെ ആദരിച്ചിരുന്നു.

1980-ല്‍ കെ വിശ്വനാഥ് സംവിധാനം ചെയ്ത തെലുങ്ക് ചിത്രം ശങ്കരാഭരണത്തിലൂടെയാണ് എസ്.പി.ബിയുടെ ശബ്ദം രാജ്യാന്തരതലത്തില്‍ ശ്രദ്ധിക്കപ്പെട്ടത്. സംഗീതം ശാസ്ത്രീയമായി അഭ്യസിച്ചില്ലന്നിരിക്കെ, കര്‍ണാടക സംഗീതവുമായി വളരെ അടുത്ത് നില്‍ക്കുന്ന ചിത്രത്തിലെ ഓംകാരനാദാനു എന്ന ഗാനത്തിന് ആദ്യ ദേശീയ പുരസ്‌കാരം ലഭിച്ചത് സംഗീതലോകത്തിനു തന്നെ വിസ്മയമായിരുന്നു. ‘ശങ്കരാഭരണവും’ ചിത്രത്തിലെ ‘ശങ്കരാ’ എന്നു തുടങ്ങുന്ന ഗാനവും അദ്ദേഹത്തിന്റെ ജീവിതത്തിലെ പ്രധാന വഴിത്തിരിവായി മാറി.

രജനീകാന്ത്,കമല്‍ ഹാസന്‍,സല്‍മാന്‍ ഖാന്‍, അനില്‍ കപൂര്‍,ഗിരീഷ് കര്‍ണാട്,ജമിനി ഗണേശന്‍, അര്‍ജുന്‍ തുടങ്ങിയവരുടെ ചിത്രങ്ങള്‍ തെലുങ്കില്‍ മൊഴിമാറ്റം നടത്തുമ്പോള്‍ ഈ താരങ്ങള്‍ക്കു ശബ്ദം നല്‍കുന്നത് ഇദ്ദേഹമാണ്.

തമിഴ്,കന്നഡ,തെലുഗു,ഇംഗ്ലിഷ് ഭാഷകള്‍ സംസാരിക്കുന്ന ഇദ്ദേഹം മികച്ച ഡബ്ബിങ് ആര്‍ട്ടിസ്റ്റ് കൂടിയാണ്. അന്താരാഷ്ട്ര പ്രസിദ്ധ സിനിമ ‘ ഗാന്ധി ‘ യുടെ തെലുങ്ക് പതിപ്പില്‍ ശബ്ദം നല്‍കി. ഹിന്ദിയിലും ഇദ്ദേഹം ഡബ്ബ് ചെയ്തിട്ടുണ്ട്.

ജനനം ആന്ധ്രയിലെ നെല്ലൂരില്‍, വളര്‍ന്നത് മദിരാശിയില്‍

ആന്ധ്രപ്രദേശിലെ നെല്ലൂരിനടുത്തുള്ള കൊനെട്ടമ്മപേട്ട എന്ന സ്ഥലത്ത് തെലുങ്ക് ബ്രാഹ്മണ കുടുംബത്തില്‍ എസ്. പി. സംബമൂര്‍ത്തി – ശകുന്തളാമ്മ എന്നിവരുടെ മകനായി 1946 ജൂണ്‍ 4 ന് ജനനം.
പിതാവ് അന്തരിച്ച എസ്. പി. സംബമൂര്‍ത്തി നാടകങ്ങളിലും അഭിനയിച്ചിരുന്ന ഒരു ഹരികഥാ കലാകാരനായിരുന്നു .
ഗായിക എസ്. പി. ഷൈലജ ഉള്‍പ്പെടെ രണ്ട് സഹോദരന്മാരും അഞ്ച് സഹോദരിമാണ് അദ്ദേഹത്തിനുള്ളത്.തന്റെ കുട്ടിക്കാലത്ത് തന്നെ സംഗീതത്തോട് വലിയ താത്പര്യം പ്രകടിപ്പിച്ചിരുന്നു.

എസ്.പി.ബി. ഒരു എന്‍ജിനീയര്‍ ആകണമെന്നായിരുന്നു പിതാവിന്റെ ആഗ്രഹം . അനന്തപൂരിലെ JNTU എന്‍ജിനീയറിംഗ് കോളേജില്‍ ചേര്‍ന്നുവെങ്കിലും ടൈഫോയിഡ് പിടിപെട്ടതിനാല്‍ അവിടുത്തെ വിദ്യാഭ്യാസം തുടരാന്‍ അദ്ദേഹത്തിന് സാധിച്ചില്ല. പിന്നീട് എസ്.പി.ബി. ചെന്നൈയിലെ ഇന്‍സ്റ്റിട്ട്യൂഷന്‍ ഓഫ് എന്‍ജിനിയേഴ്‌സില്‍ പ്രവേശനം നേടി. സംഗീതം ഒരു കലയായി എപ്പോഴും കൂടെ കൊണ്ടുനടന്നിരുന്ന അദ്ദേഹം 1964 ല്‍ മദ്രാസ് ആസ്ഥാനമായുള്ള തെലുങ്ക് കള്‍ച്ചറല്‍ ഓര്‍ഗനൈസേഷന്‍ സംഘടിപ്പിച്ച അമേച്വര്‍ ഗായകര്‍ക്കുള്ള സംഗീത മത്സരത്തില്‍ അദ്ദേഹം ഒന്നാം സമ്മാനം നേടി.

പിന്നീട് സംഗീതം ഉപാസനയാക്കിയ ഒരു കൂട്ടം ചെറുപ്പക്കാരെ കണ്ടുമുട്ടിയതു അദ്ദേഹത്തിന്റെ ജീവിതം മാറ്റിമറിച്ചു. അനിരുദ്ധ (ഹാര്‍മോണിയം),ഇളയരാജ (ഗിറ്റാര്‍ / ഹാര്‍മോണിയം), ഭാസ്‌കര്‍ (കൊട്ടുവാദ്യം), ഗംഗൈ അമരന്‍ (ഗിറ്റാര്‍) എന്നിവരടങ്ങിയ ഒരു ലൈറ്റ് മ്യൂസിക് ട്രൂപ്പ് രൂപികരിച്ചു .

മദിരാശിയിലെ സംഗീത സംവിധായകന്‍ എസ്. പി. കോദണ്ഡപാണി, ഗന്ധശാല എന്നിവര്‍ വിധികര്‍ത്താക്കളായിരുന്ന ഒരു ആലാപന മത്സരത്തില്‍ മികച്ച ഗായകനായി തിരഞ്ഞെടുക്കപ്പെട്ടതോടെ സിനിമ പ്രവേശനത്തിന് വഴി തുറന്നു. ഒടുവില്‍ 1966 ല്‍ കോദണ്ഡപാണി തന്നെ ‘ശ്രീ ശ്രീ മരയത രാമണ്ണ’ എന്ന തെലുങ്കുചിത്രത്തില്‍ ബാലുവിനെക്കൊണ്ട് ഒരു പാട്ടുപാടിച്ചു.

റിക്കാര്‍ഡിങ് തിയേറ്ററില്‍ എത്തിയ ബാലു ആകെ പരിഭ്രമപ്പെട്ടപ്പോള്‍ പാട്ടു റിക്കാര്‍ഡു ചെയ്യുമ്പോള്‍ ശ്രദ്ധിക്കേണ്ട എല്ലാ കാര്യങ്ങളും പറഞ്ഞുകൊടുത്ത് ബാലുവിന്റെ ടെന്‍ഷന്‍ ഒക്കെ മാറ്റി പാടിക്കാന്‍ അദ്ദേഹം പ്രത്യേകം ശ്രദ്ധിച്ചു.അതോടെ കോദണ്ഡപാണി ബാലുവിന്റെ മാനസഗുരുവായി. പിന്നീട് ബാലു എസ്.പി. ബാലസുബ്രഹ്മണ്യമെന്ന മഹാഗായകനായി വളര്‍ന്നപ്പോഴും ഗുരുവിനെ മറന്നില്ല. വടപളനിയില്‍ എസ്.പി. സ്വന്തമായി ഒരു റെക്കോഡിങ് സ്റ്റുഡിയോ തുടങ്ങിയപ്പോള്‍ അതിന് ഗുരുവിന്റെ പേര് നല്‍കി അദ്ദേഹത്തെ ആദരിക്കാനും എസ്.പി. ബി മറന്നില്ല .

 

പ്രസിദ്ധ സംഗീതസംവിധായകന്‍ എം.എസ്.വിശ്വനാഥനെ പരിചയപ്പെട്ടതും ബാലുവിന് തുണയായി.അദ്ദേഹം അവശ്യപെട്ടത് പ്രകാരം ബാലു തമിഴ് പഠിക്കാനും ഉച്ചാരണശുദ്ധി വരുത്താനും പരിശ്രമിക്കുകയും ചെയ്തു. ‘ഹോട്ടല്‍ രംഭ’ എന്ന ചിത്രത്തില്‍ എല്‍.ആര്‍.ഈശ്വരിയോടൊപ്പം പാടാന്‍ എം.എസ്. വിശ്വനാഥന്‍ ബാലുവിന് ചാന്‍സുകൊടുത്തു. റെക്കാഡിങ് ഒക്കെ നടന്നെങ്കിലും ആ ചിത്രം പുറത്തുവന്നില്ല. അതിനുശേഷം ‘ശാന്തിനിലയം’ എന്ന ചിത്രത്തില്‍ ‘ഇയര്‍കൈ എന്നും ഇളയകന്നി…..’ എന്ന ഒരു ഗാനവും എം.എസ്. ബാലുവിനുകൊടുത്തു. പി.സുശീലയോടൊപ്പമുള്ള ഒരു യുഗ്മഗാനമായിരുന്നു അത്. പി.സുശീല അക്കാലത്തു തന്നെ പ്രശസ്തയായ ഗായികയായിരുന്നതുകൊണ്ട് ഈ യുഗ്മഗാനത്തിലൂടെ താനും ശ്രദ്ധിക്കപ്പെടുമെന്ന് ബാലു കരുതി.

പടവും പാട്ടും ഹിറ്റായില്ലെങ്കിലും ആ ശബ്ദം ശ്രദ്ധിക്കപ്പെട്ടുവെന്നു മാത്രമല്ല കേള്‍ക്കേണ്ടയാള്‍ കേള്‍ക്കുകയും ചെയ്തു. അന്ന് തമിഴ്‌സിനിമയില്‍ മുടിചൂടാമന്നനായി നില്‍ക്കുന്ന എം.ജി.ആറിന് ആ ശബ്ദം ഇഷ്ടപ്പെട്ടു. അങ്ങനെ അടിമപ്പെണ്‍ എന്ന എം.ജി.ആര്‍ പടത്തിനുവേണ്ടി ബാലു പാടി. ”ആയിരം നിലവേ വാ…..” ബാലു ആദ്യം പാടിയ ‘ശാന്തി നിലയം’ പുറത്തു വരുന്നതിന് മുമ്പ് അടിമപ്പെണ്‍ റിലീസ് ചെയ്തു. അടിമപ്പെണ്ണിലെ എം.ജി.ആര്‍. പാടുന്ന ‘ആയിരം നിലവേ…..’ തമിഴ്‌നാട്ടിലെങ്ങും മുഴങ്ങി. അതോടെ ബാലുവെന്ന ഗായകന്‍ തമിഴ് മക്കളുടെ സ്വന്തമായി.

വിവിധ ഭാഷകളില്‍ നാല്പതിനായിരത്തിലേറെ ഗാനങ്ങള്‍ പാടി നാലു പതിറ്റാണ്ടായി ബാലുവെന്ന എസ്.പി. ബാലസുബ്രഹ്മണ്യം അജയ്യനായി. ഗായകന്‍ എന്നതോടൊപ്പം സംഗീത സംവിധായകനായി, നടനായി. തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി, തുളു, ഒറിയ, ആസാമി, മലയാളം, പഞ്ചാബി ഭാഷകളിലായി കൂടുതല്‍ പാട്ടുകള്‍ പാടിയതിന്റെ ക്രെഡിറ്റും നേടി. ഒരു ദിവസം 17 പാട്ടുകള്‍ വരെ പാടി റിക്കാര്‍ഡുചെയ്ത് ഈ രംഗത്ത് ചരിത്രം സൃഷ്ടിച്ചു.

 

 

1969-ല്‍ മലയാള സിനിമയില്‍ അരങ്ങേറ്റം
ഈ കടലും മറു കടലും
ഭൂമിയും മാനവും കടന്ന്
ഈരേഴു പതിനാലു
ലോകങ്ങൾ കാണാൻ
ഇവിടുന്നു പോണവരേ
അവിടെ മനുഷ്യനുണ്ടോ ?അവിടെ മതങ്ങളുണ്ടോ.?

 

എസ്.പി.ബി ആദ്യമായി മലയാളത്തിലേക്കെത്തുന്നത് ജി.ദേവരാജന്‍ മാഷിന്റെ ക്ഷണം സ്വീകരിച്ചായിരുന്നു. 1969-ല്‍ പുറത്തിറങ്ങിയ കടല്‍പ്പാലം എന്ന ചിത്രത്തില്‍ വയലാര്‍ എഴുതി ദേവരാജന്‍ മാസ്റ്റര്‍ ഈണമിട്ട ഈ ‘കടലും മറുകടലും ‘എന്ന അതിമനോഹരമായ മെലഡി പാടിക്കൊണ്ട് എസ്.പി.ബാലസുബ്രമണ്യം മലയാളത്തില്‍ അരങ്ങേറി.

റാംജി റാവു സ്പീക്കിങ്ങിലെ, കളിക്കളം ഇത് കളിക്കളം, കിലുക്കത്തിലെ ഊട്ടിപ്പട്ടണം, ഗാന്ധര്‍വത്തിലെ നെഞ്ചില്‍ കഞ്ചബാണം, ഒരു യാത്രാമൊഴിയിലെ കാക്കാല കണ്ണമ്മ,
ഡാര്‍ലിങ് ഡാര്‍ലിങ്ങിലെ ഡാര്‍ലിങ് ഡാര്‍ലിങ്, ദോസ്തിലെ വാനം പോലെ വാനം മാത്രം, സി.ഐ.ഡി മൂസയിലെ മേനെ പ്യാര്‍ കിയാ തുടങ്ങിയ ചടുല താളങ്ങളിലുള്ള പാട്ടുകള്‍
മാത്രമല്ല ഗീതാഞ്ജലിയിലെ ഓ പ്രിയേ പ്രിയേ, അനശ്വരത്തിലെ താരാപഥം ചേതോഹരം തുടങ്ങിയ മനോഹരങ്ങളായ മെലഡികളും മലയാള സിനിമക്ക് വേണ്ടി അദ്ദേഹം പാടി.

സംഗീതത്തിലും അഭിനയത്തിലും പ്രതിഭ തെളിയിച്ച സര്‍വകലാവല്ലഭന്‍

ശാസ്ത്രീയ സംഗീതത്തില്‍ പ്രത്യേക പരിശീലനം നേടാതെയാണ് എസ്.പി.സംഗീത രംഗത്ത് വെന്നിക്കൊടി പാറിച്ചത്. നാലു ഭാഷകളിലായി ആറ് ദേശീയ പുരസ്‌കാരം ലഭിച്ചു. ‘ശങ്കരാഭരണ’ത്തിലെ ഗാനങ്ങളിലൂടെ തെലുങ്കിലും തമിഴിലും പ്രേക്ഷകരെ ഇളക്കിമറിച്ച എസ്.പി. ഈ ചിത്രത്തിലൂടെ മികച്ച ഗായകനുള്ള ദേശീയ അവാര്‍ഡും നേടി.

കെ. ബാലചന്ദ്രന്‍ സംവിധാനംചെയ്ത ‘ഏക് ദുജേ കേലിയേ’ എന്ന ചിത്രത്തിലൂടെയാണ് എസ്.പി. ഹിന്ദിയിലെത്തിയത്. ഈ ചിത്രത്തിലൂടെ 1981ല്‍ വീണ്ടും ദേശീയ അവാര്‍ഡു നേടി. 1983ല്‍ തെലുങ്ക് സിനിമയായ സാഗര സംഗമം,1988ല്‍ തെലുങ്ക് സിനിമയായ രുദ്രവീണ,1995ല്‍ കന്നഡ സിനിമയായ സംഗീതസാഗര ഗണയോഗി പഞ്ചാക്ഷര ഗവായ് ഗാനത്തിന് 1996ല്‍ സിനിമയായ തമിഴ് മിന്‍സാര കനവ് ചിത്രത്തിലെ പാട്ടുകളിലൂടെ വീണ്ടും ദേശീയ അവാര്‍ഡു നേടി.

ഇന്ത്യയിലും ഇന്ത്യയ്ക്കു പുറത്തും ഇത്രയധികം ഗാനമേളകള്‍ നടത്തിയ വേറൊരു ഗായകനുണ്ടാവില്ല. യേശുദാസിനെപ്പോലെ നാലു പതിറ്റാണ്ടുകള്‍ സിനിമാരംഗത്തെ മുടിചൂടാമന്നനായി നില്‍ക്കാന്‍ എസ്.പി.ബാലസുബ്രഹ്മണ്യത്തിനു കഴിഞ്ഞു.

തെലുങ്കു സംവിധായകന്‍ ദാസരി നാരായണ റാവുവിന്റെ ‘കന്യാകുമാരി’ എന്ന ചിത്രത്തിലൂടെയാണ് എസ്.പി.ആദ്യമായി സംഗീത സംവിധായകനാകുന്നത്. ആ പാട്ടുകള്‍ ഹിറ്റായതോടെ തൊട്ടതെല്ലാം പൊന്നാക്കുന്ന കലാകാരനായി എസ്.പി.മാറി. സുധാചന്ദ്രന്‍ അഭിനയിച്ച് വന്‍ ഹിറ്റായ ‘മയൂരി’ യുടെ ഗാനങ്ങള്‍ സംഗീതസംവിധാനം ചെയ്തതും ഇദ്ദേഹമാണ്. തമിഴില്‍ ശ്രീധര്‍ സംവിധാനംചെയ്ത രജനീകാന്തിന്റെ ‘തുടിക്കും കരങ്ങള്‍’ ഉള്‍പ്പെടെ തമിഴ്, തെലുങ്ക്, കന്നഡ എന്നിവയിലായി 46പടങ്ങളുടെ സംഗീത സംവിധായകനായി.

തെലുഗു, കന്നഡ, തമിഴ് ഭാഷകളിലായി 72 സിനിമയിലാണ് അദ്ദേഹം അഭിനയിച്ചത്.ഏറ്റവും കൂടുതല്‍ സിനിമകളില്‍ അഭിനയിച്ച ഇന്ത്യന്‍ ഗായകനെന്ന ബഹുമതിയും മറ്റാര്‍ക്കുമല്ല. പാടിയഭിനയിച്ച വേഷങ്ങളും ഒട്ടേറെ.തമിഴില്‍ ‘കേളടി കണ്‍മണി’ എന്ന ചിത്രത്തില്‍ കഥാനായകനായിട്ടാണ് എസ്.പി.അഭിനയ രംഗത്തും തുടക്കമിട്ടത്. രാധികയായിരുന്നു ഇതില്‍ നായിക. ശങ്കര്‍ നിര്‍മിച്ച ‘കാതലന്‍’ എന്ന ചിത്രത്തില്‍ പ്രഭുദേവയുടെ അച്ഛനായി അഭിനയിച്ചു. ശിഖരം, ഗുണ, തലൈവാസല്‍, പാട്ടുപാടവ, മാജിക് മാജിക് എന്നിവ കൂടാതെ തെലുങ്ക് സിനിമകളിലും അഭിനയിച്ചു.
തമിഴ്, തെലുങ്ക് സീരിയലുകളില്‍ അഭിനയിക്കാനും ഒട്ടേറെ ടെലിവിഷന്‍ പരിപാടികളുടെ അവതാരകനായിരിക്കാനും റിയാലിറ്റി ഷോകളില്‍ ജഡ്ജായിരിക്കാനും കഴിഞ്ഞ സര്‍വകലാവല്ലഭന്‍.

ഓഗസ്റ്റ് 5-നാണ് എസ് പി ബാലസുബ്രഹ്മണ്യത്തിനും ഭാര്യ സാവിത്രിക്കും കൊവിഡ് സ്ഥിരീകരിച്ചത്. അദ്ദേഹം തന്നെയാണ് വീഡിയോ സന്ദേശത്തിലൂടെ തനിക്ക് കൊവിഡ് സ്ഥിരീകരിച്ചത്.

പിന്നീട് രോഗനില വഷളായതോടെ അദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ചികിത്സക്കിടെ ഒരു വേളയില്‍ അദ്ദേഹത്തിന്റെ ആരോഗ്യനില വളരെ മെച്ചപ്പെട്ടുവെങ്കിലും പിന്നീട് വീണ്ടും ഗുരുതരാവസ്ഥയിലാകുകയായിരുന്നു .

തിരികെയെത്തട്ടെയെന്ന് സുഹൃത്തുക്കളും സിനിമ ലോകവും ആരാധകരും കണ്ണീരോടെ പറഞ്ഞു. പ്രാര്‍ഥനകളൊന്നും ഫലിച്ചില്ല. ആസ്വാദകരുടെ ചുണ്ടില്‍ മൂളാന്‍ പാട്ടുകളുടെ ഒരു സാഗരം തന്നെ ബാക്കി വച്ച് മറഞ്ഞു, എസ് പി ബി.

ആ സുന്ദരശബ്ദം ഇനി ഓര്‍മകളില്‍ എന്നും നിലനില്‍ക്കും .

ഇന്ത്യന്‍ കര്‍ഷകന്റെ നട്ടെല്ല് തകര്‍ക്കുന്ന കാര്‍ഷിക ബില്ല്

ഇന്ത്യന്‍ സമ്പത് വ്യവസ്ഥയുടെ നട്ടെല്ല് കാര്‍ഷിക മേഖലയും കൃഷിയില്‍ നിന്നുമുള്ള വരുമാനത്തെ ആശ്രയിച്ചു ജീവിക്കുന്ന 15 കോടി കര്‍ഷകരുമാണ്. എന്നാല്‍ രാജ്യത്തെ ജനങ്ങളെ തീറ്റിപോറ്റുന്ന ഭക്ഷ്യ വിഭവങ്ങള്‍ ഉല്പാദിപ്പിക്കുന്ന ഒരു സമൂഹത്തിന്റെ നട്ടെല്ല് തകര്‍ക്കുന്ന മൂന്നു നിയമങ്ങളാണ് കേന്ദ്രം ഭരിക്കുന്ന ബി ജെ പി സര്‍ക്കാര്‍ കഴിഞ്ഞ ആഴ്ച പാസ്സാക്കിയ ബില്ലില്‍ പറയുന്നത് . കര്‍ഷക വിരുദ്ധമായ ഈ ബില്ലുകള്‍ക്കെതിരെ രാജ്യമെങ്ങും കര്‍ഷകരുടെ പ്രക്ഷോഭങ്ങള്‍ ഉയര്‍ന്നു കഴിഞ്ഞു.

ഈ കരിനിയമങ്ങള്‍ നടപ്പിലാക്കി കര്‍ഷകരെ , ചില കുത്തക കച്ചവടക്കാരുടെ ആശ്രിതരാക്കി മാറ്റാനുള്ള ശ്രമമാണ് നടക്കുന്നത് എന്ന് കര്‍ഷക സംഘടനകളും പ്രതിപക്ഷ പാര്‍ട്ടികളും ആരോപിക്കുന്നു.

കൃഷിക്കാരന്‍ എന്ന പദവും വര്‍ഗ്ഗവും ഇല്ലാതാകും. അവര്‍ ജോലിക്കാര്‍ മാത്രമാകും. രാജ്യത്തെ ജനസംഖ്യയുടെ അറുപത് ശതമാനത്തിലേറെ ജനങ്ങളെയാണ് കൃഷിയിടങ്ങളില്‍നിന്ന് ഇറക്കിവിടുന്നത്. കര്‍ഷകനൊപ്പം കര്‍ഷകത്തൊഴിലാളികളും അനാഥരാകും.

കണ്ണെത്താ ദൂരത്തോളം പരന്ന് കിടക്കുന്ന നെല്‍ വയലുകള്‍, ഗോതമ്പ് പാടങ്ങള്‍ , ചോള വയലുകള്‍ കരിമ്പ് തോട്ടങ്ങള്‍ , കൃഷിയിടങ്ങള്‍ എന്നിവ കൊണ്ട് സമ്പന്നമാണ് ഗ്രാമീണ ഇന്ത്യ.
‘ഇന്ത്യയുടെ ആത്മാവ് കുടികൊള്ളുന്നത് ഗ്രാമങ്ങളിലാണ്” എന്ന മഹാത്മജിയുടെ അര്‍ത്ഥവത്തായ വാക്കുകള്‍ ഗ്രാമീണ കൃഷി ജീവിതത്തിന്റെ പ്രാധാന്യം വിളിച്ചു പറയുന്നുണ്ട് . ഗ്രാമീണ ഇന്ത്യയുടെ ആത്മാവില്‍ ഇണങ്ങിച്ചേര്‍ന്ന ഒന്നാണ് കൃഷി.

15 കോടി കര്‍ഷകര്‍ ഇന്ത്യയിലുണ്ടെന്നാണ് പ്രധാന മന്ത്രി കിസാന്‍ യോജന പ്രകാരമുള്ള കണക്കുകള്‍. ഇതില്‍ ബഹു ഭൂരിപക്ഷം പേരും അഞ്ച് ഏക്കറില്‍ താഴെ മാത്രം കൃഷിഭൂമിയുള്ള ചെറുകിട നാമമാത്ര കര്‍ഷകരാണ്.
നിലവിലുള്ള സാഹചര്യത്തില്‍ പോലും പ്രതിവര്‍ഷം 12,000 ഓളം കര്‍ഷക ആത്മഹത്യ രാജ്യത്തു ഉണ്ടാകുന്നു എന്നതാണ് അതി ദുഖകരമായ അവസ്ഥ. പുതിയ ബില്ല് നടപ്പില്‍ വരുമ്പോള്‍ സ്ഥിതി പിന്നെയും ഗുരുതരമാകും .

ബി ജെ പി സര്‍ക്കാര്‍ പാസ്സാക്കിയ കാര്‍ഷിക ഓര്‍ഡിനന്‍സുകള്‍ ഏതൊക്കെയാണ്?

അ പ്പം ചുടുന്ന ലാഘവത്തോടെ മൂന്ന് ഓര്‍ഡിനന്‍സുകളാണ് കേന്ദ്ര സര്‍ക്കാര്‍ രാജ്യസഭയില്‍ പാസാക്കിയെടുത്തത്.

1) ഫാര്‍മേര്‍സ് എംപവര്‍മെന്റ് ആന്‍ഡ് എഗ്രിമെന്റ് ഓഫ് പ്രൈസ് പ്രൊട്ടക്ഷന്‍ അഷ്വറന്‍സ്

ആന്‍ഡ് ഫാം സര്‍വിസ് ബില്‍ 2020

2) ഫാര്‍മേര്‍സ് പ്രൊഡ്യൂസ് ട്രേഡ് ആന്‍ഡ് കൊമേഴ്‌സ് പ്രമോഷന്‍ ആന്‍ഡ് ഫെസിലിറ്റേഷന്‍ ബില്‍ 2020

3) എസന്‍ഷ്യല്‍ കമ്മോഡിറ്റീസ് (അമെന്‍ഡ്‌മെന്റ്) ആക്ട് 2020

ഭരണഘടനാ വിരുദ്ധമായ നടപടികളിലൂടെയാണ് കര്‍ഷകദ്രോഹ ബില്ലുകള്‍ പാസാക്കിയത്. കൃഷിയും കാര്‍ഷിക കമ്പോളവും സംസ്ഥാന വിഷയമാണ്. ഇവയിന്മേലുള്ള സംസ്ഥാനാവകാശം കവര്‍ന്നാണ് കേന്ദ്ര നിയമനിര്‍മാണം. ഇല്ലാത്ത അധികാരം ജനങ്ങള്‍ക്കുമേല്‍ അടിച്ചേല്‍പ്പിക്കാന്‍ പാര്‍ലമെന്റിനെയും ദുരുപയോഗം ചെയ്തു.

പൂര്‍ണമായും സംസ്ഥാനങ്ങള്‍ക്ക് നിയന്ത്രണാധികാരമുള്ള കാര്‍ഷിക വിഷയത്തില്‍ നിയമനിര്‍മ്മാണത്തിന് മുമ്പ് സംസ്ഥാനങ്ങളോട് കൂടിയാലോചനകള്‍ നടത്തണമെന്നാണ് ചട്ടം. എന്നാല്‍ സകല നിയമങ്ങളും കാറ്റില്‍പറത്തി ധൃതി പിടിച്ചാണ് ഈ ഓര്‍ഡിനന്‍സുകളെല്ലാം തന്നെ ബില്ലുകളാക്കിയത്. രാജ്യത്തിന്റെ ഫെഡറല്‍ സംവിധാനത്തെ തന്നെ തകര്‍ക്കുന്ന നടപടിയാണ് കേന്ദ്ര സര്‍ക്കാര്‍ ചെയ്തത്.

കാര്‍ഷിക ബില്ല് – എതിര്‍പ്പിന് കാരണം എന്ത് ?

1 .കര്‍ഷകര്‍ക്ക് അവരുടെ ഉത്പന്നങ്ങള്‍ക്ക് അര്‍ഹമായ വില ഉറപ്പു വരുത്തുന്ന, സംസ്ഥാനങ്ങളുടെ നിയന്ത്രണത്തിലുള്ള എ.പി.എം.സി (അഗ്രികള്‍ച്ചറല്‍ പ്രൊഡ്യൂസെര്‍സ് മാര്‍ക്കറ്റിംഗ് കമ്മറ്റി)കള്‍ വഴിയാണ് ഇപ്പോള്‍ കര്‍ഷകര്‍ അവരുടെ കാര്‍ഷിക ഉത്പന്നങ്ങള്‍ വിറ്റഴിക്കുന്നത്. എ.പി.എം.സികള്‍ക്ക് വിവിധ ഭാഗങ്ങളില്‍ വിപണികളുണ്ടാകും, പിന്നീട് ഈ ഉത്പന്നങ്ങള്‍ സംസ്ഥാനത്തിനകത്തോ പുറത്തോ വിപണനം ചെയ്യുന്നതും ഈ കമ്മിറ്റി വഴിയാണ് .

ഫാര്‍മേര്‍സ് എംപവര്‍മെന്റ് ആന്‍ഡ് എഗ്രിമെന്റ് ഓഫ് പ്രൈസ് പ്രൊട്ടക്ഷന്‍ അഷ്വറന്‍സ് ആന്‍ഡ് ഫാം സര്‍വിസ് ബില്‍ 2020 , നടപ്പാക്കുന്നതോടെ ഇത്തരം എ.പി.എം.സികള്‍ക്ക് അധികാരം നഷ്ടപ്പെടുകയും ഇടനിലക്കാരില്ലാതാകുമെന്നും കര്‍ഷകര്‍ക്ക് തങ്ങളുടെ ഉത്പന്നങ്ങള്‍ ഇടനിലക്കാരില്ലാതെ നേരിട്ട് വിറ്റഴിക്കാന്‍ സാധിക്കുമെന്നുമാണ് സര്‍ക്കാരിന്റെ ന്യായീകരണം.

എന്നാല്‍ എ.പി.എം.സികള്‍ ഇല്ലാതാകുന്നതോടെ കര്‍ഷകര്‍ക്ക് തങ്ങളുടെ ഉത്പന്നങ്ങള്‍
വില്‍ക്കാന്‍ പുതിയ വിപണി കണ്ടെത്തേണ്ടി വരും. വന്‍കിട കോര്‍പ്പറേറ്റുകള്‍ക്ക് നേരിട്ട് വില്‍ക്കാനുള്ള സാഹചര്യം ഉണ്ടാകുമെന്നാണ് സര്‍ക്കാര്‍ അവകാശപ്പെടുന്നത് , പക്ഷെ ഫലത്തില്‍ അത് കോര്‍പ്പറേറ്റുകള്‍ തങ്ങള്‍ക്കനുകൂലമായ വില നിശ്ചയിച്ച്, കര്‍ഷകരെ ചൂഷണം ചെയ്യാന്‍ സാധിക്കുന്ന സ്ഥിതിവിശേഷം സൃഷ്ടിക്കുമെന്നാണ് കര്‍ഷക സംഘടനകള്‍ വാദിക്കുന്നത്.

2 .ഫാര്‍മേര്‍സ് എംപവര്‍മെന്റ് ആന്‍ഡ് എഗ്രിമെന്റ് ഓഫ് പ്രൈസ് പ്രൊട്ടക്ഷന്‍ അഷ്വറന്‍സ് ആന്‍ഡ് ഫാം സര്‍വിസ് ബില്‍ 2020 – ഈ ബില്ല് വ്യവസായികള്‍ക്ക് കര്‍ഷകരുമായി നേരിട്ട് കരാറില്‍ ഏര്‍പ്പെടാന്‍ അനുമതി നല്‍കുന്നു.

സാധാരണക്കാരും ഗ്രാമീണരുമായ കര്‍ഷകര്‍ കോര്‍പ്പറേറ്റുകളുമായി നേരിട്ട് കരാറില്‍ ഏര്‍പ്പെടുമ്പോള്‍ എഴുതിയുണ്ടാക്കുന്ന കരാര്‍ വ്യവസ്ഥകള്‍ എത്രത്തോളം അവര്‍ക്കു മനസിലാകും അല്ലെങ്കില്‍ അവരുടെ താല്പര്യങ്ങള്‍ സംരക്ഷിക്കും എന്ന ചോദ്യവും ആശങ്കയും ഉയരുന്നുണ്ട് . കൊടുക്കല്‍ വാങ്ങലിന്റെ ഭാഗമായി കോര്‍പ്പറേറ്റുകളുമായി
കരാറിലേര്‍പ്പെടുമ്പോള്‍ കടബാധ്യതയുണ്ടാകാന്‍ സാധ്യത ഉണ്ട്. നിയമപരമായ പ്രശ്‌നങ്ങളുടെ നൂലാമാലകളില്‍ സാധാരണക്കാരായ കര്‍ഷകര്‍ ഏറ്റുമുട്ടേണ്ടത് വന്‍കിട കോര്‍പ്പറേറ്റുകളുമായാണ്.

ദൈനം ദിന ജീവിതം മുന്നോട്ടു കൊണ്ടുപോകാന്‍ അധ്വാനിക്കുന്ന കര്‍ഷകന്‍ വന്‍കിട വ്യവസായികളുമായി നിയമയുദ്ധ ത്തിനു പോകുക അസാധ്യം. ഈ ബില്ല് കര്‍ഷകന്റെ വില പേശല്‍ ശേഷി ഇല്ലാതാക്കും . അതോടെ കര്‍ഷക ഉത്പന്നങ്ങളുടെ താങ്ങുവിലയും ഇല്ലാതാകും.

ഇപ്പോഴത്തെ നിലയില്‍, മാര്‍ക്കറ്റില്‍ ഒരു കാര്‍ഷിക ഉത്പന്നത്തിന് വിലയിടിവ് സംഭവിച്ചാല്‍ സര്‍ക്കാര്‍ നിശ്ചയിക്കുന്ന ഒരു താങ്ങുവിലയില്‍ കര്‍ഷകര്‍ക്ക് ഈ ഉത്പന്നങ്ങള്‍ വിറ്റഴിക്കാനാകും. എന്നാല്‍ താങ്ങുവില ഇല്ലാതാകുന്നതോടെ ഉത്പന്നങ്ങള്‍ വിറ്റഴിക്കാനാകാതെ കര്‍ഷകര്‍ പിന്നെയും കടക്കെണിയിലാകും.

3 . കാര്‍ഷിക മേഖലയില്‍ സ്വകാര്യ നിക്ഷേപത്തിന് വഴിയൊരുക്കുന്നതാണ് എസന്‍ഷ്യല്‍ കമ്മോഡിറ്റീസ് (അമെന്‍ഡ്‌മെന്റ്) ആക്ട് 2020.

സ്റ്റോക്ക് ഹോള്‍ഡിങ് ലിമിറ്റ് എടുത്തു കളഞ്ഞു എന്നുള്ളതാണ് ഈ ബില്ലിന്റെ മറ്റൊരു അപാകതയായി കര്‍ഷകര്‍ ചൂണ്ടിക്കാട്ടുന്നത്. അതായത് സ്റ്റോക്ക് ചെയ്യാവുന്ന കാര്‍ഷിക ഉത്പന്നങ്ങള്‍ക്ക് ഇനി മുതല്‍ പരിധിയുണ്ടാകില്ല. അതുകൊണ്ട് തന്നെ കോര്‍പ്പറേറ്റുകള്‍ക്ക് പരിധികളില്ലാതെ കാര്‍ഷികോല്‍പ്പന്നങ്ങള്‍ സ്റ്റോക്ക് ചെയ്യാം. ഇത് അവശ്യ ഭക്ഷ്യ വസ്തുക്കളുടെ പൂഴ്ത്തിവെപ്പിന് ഇടനല്‍കും, വിലക്കയറ്റത്തിനും കാരണമാകും.

മാര്‍ക്കറ്റില്‍ ഈ ഉത്പന്നങ്ങള്‍ക്ക് ഡിമാന്റ് കൂടുന്ന സാഹചര്യത്തില്‍ കൂടിയ വിലക്ക് കമ്പനികള്‍ക്ക് വില്‍ ക്കാനും ലാഭം കൊയ്യാനും അവസരമൊരുക്കും. ചുരുക്കത്തില്‍ കാര്‍ഷിക മേഖലയില്‍ വന്‍കിട കോര്‍പ്പറേറ്റുകള്‍ക്ക് ഇഷ്ടാനുസരണം കൈകടത്താനുള്ള ലൈസന്‍സാണ് കാര്‍ഷിക ബില്ലുകള്‍ പാസാക്കിയതിലൂടെ സര്‍ക്കാര്‍ ചെയ്തിരിക്കുന്നത് എന്നാണ് കര്‍ഷകര്‍ ഉന്നയിക്കുന്ന ആക്ഷേപം.

എ.പി.എം.സികള്‍ക്ക് പൂര്‍ണമായും അധികാരം നഷ്ടമാകുന്നതോടെ കോര്‍പ്പറേറ്റുകള്‍ക്ക് ആവശ്യമാംവിധം തങ്ങളുടെ പദ്ധതികള്‍ നടപ്പിലാക്കാമെന്നും, കര്‍ഷകര്‍ മാര്‍ക്കറ്റില്‍ നിന്നും പൂര്‍ണമായും പുറന്തള്ളപ്പെടുമെന്നും കര്‍ഷക സംഘടനകള്‍ ആരോപിക്കുന്നു. തങ്ങള്‍ ഉത്പാദിപ്പിക്കുന്ന കാര്‍ഷിക ഉത്പന്നങ്ങള്‍ വിറ്റഴിക്കുന്നതിനു കോര്‍പറേറ്റുകളുടെ ഔദാര്യത്തിനായി കാത്തിരിക്കേണ്ടി വരുമെന്ന ഗതികേടിലേക്കു കാര്യങ്ങള്‍ എത്തിച്ചേരും.

 


കര്‍ഷക ബില്ലിനെ എതിര്‍ക്കുന്നത് ആരൊക്കെ ?

ബിജെപിയുടെ ദീര്‍ഘകാല സഖ്യകക്ഷിയും പഞ്ചാബിലെ പ്രബലകക്ഷിയുമായ അകാലിദള്‍ ബില്ലിനെതിരാണ്. അവരുടെ പ്രതിനിധിയായ കേന്ദ്ര മന്ത്രി ഹര്‍സിമ്രത് കൗര്‍ മന്ത്രി സഭയില്‍ നിന്നും രാജിവെച്ചു.

ബില്ലില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് , ബി ജെ ഡി ,സി പി എം അടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികളും രംഗത്തെത്തിയിട്ടുണ്ട്. ബില്ലിനെ പല്ലും നഖവും ഉപയോഗിച്ച് എതിര്‍ക്കണമെന്നാണ് പാര്‍ട്ടി എംപിമാര്‍ക്ക് തെലങ്കാന മുഖ്യമന്ത്രി ടി ചന്ദ്രശേഖര റാവു നല്‍കിയിരിക്കുന്ന നിര്‍ദേശം. പഞ്ചാബും ഹരിയാനയും ഉള്‍പ്പെടെയുളള രാജ്യത്തെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള കര്‍ഷക സംഘടനകളും തൊഴിലാളികളും ബില്ലിനെതിരെ പ്രതിഷേധിക്കുന്നുണ്ട്.

ബില്ല് അവതരിപ്പിച്ച വേളയില്‍ രാജ്യസഭയില്‍ പ്രതിപക്ഷ എംപി മാര്‍ കനത്ത പ്രതിഷേധം ഉയര്‍ത്തി . തുടര്‍ന്ന് 8 എംപിമാരെ സഭയില്‍ നിന്നും സസ്പെന്‍ഡ് ചെയ്തു. ഇതില്‍ പ്രതിഷേധിച്ചു അവര്‍ പാര്‍ലമെന്റിന് പുറത്ത് ധര്‍ണ ഇരുന്നു . പ്രതിപക്ഷം ഒറ്റക്കെട്ടായി സഭ ബഹിഷ്‌ക്കരിച്ചതിന് പിറകേയാണ് എംപിമാര്‍ ധര്‍ണ സമരം അവസാനിപ്പിച്ചത്.

സിപിഎമ്മിന്റെ എളമരം കരീം, കെ. കെ രാഗേഷ്, എഎപിയുടെ സഞ്ജയ് സിംഗ്,കോണ്‍ഗ്രസ് എംപിമാരായ റിപുന്‍ ബോറ, സയിദ് നാസിര്‍ ഹുസൈന്‍, രാജു സാതവ്, തൃണമൂല്‍ കോണ്‍ഗ്രസിന്റെ ഡെറിക് ഒബ്രിയാന്‍, ഡൊല സെന്‍, എന്നിവരാണ് നടപടിക്ക് വിധേയരായ എംപിമാര്‍.

നോട്ട് അസാധുവാക്കലും അശാസ്ത്രീയ ജിഎസ്ടിയും കോറോണയും തകര്‍ത്ത കര്‍ഷക തൊഴിലാളി ജീവിതങ്ങളെപ്പറ്റി കേന്ദ്രം ചിന്തിച്ചില്ല. കോര്‍പറേറ്റുകളെ രക്ഷിച്ചാല്‍ അവര്‍ തങ്ങളെ രക്ഷിച്ചോളും ഇതാണ് ഭരണകര്‍ത്താക്കളുടെ വിചാരം.

തൊഴിലാളികള്‍ക്ക് സംഘടിക്കാനും അവകാശങ്ങള്‍ക്കായി ശബ്ദം ഉയര്‍ത്താനുമുള്ള ഭരണഘടനാപരമായ സ്വാതന്ത്ര്യങ്ങളെല്ലാം തകര്‍ത്തു തരിപ്പണമാക്കി കോര്‍പറേറ്റുകള്‍ക്ക് യഥേഷ്ടം തൊഴിലാളികളെ ഹയര്‍ ആന്‍ഡ് ഫയര്‍ മാതൃകയില്‍ പിരിച്ചുവിടാന്‍ അനുവാദം നല്‍കുന്ന തൊഴില്‍ നിയമങ്ങളുടെ ചുവടു പിടിച്ചാണ് കര്‍ഷക ബില്ലും നടപ്പാക്കാന്‍ കേന്ദ്ര ബി ജെ പി സര്‍ക്കാര്‍ ഒരുങ്ങുന്നത്.

രാജ്യത്തെ സമ്പദ്ഘടനയുടെ അഭിഭാജ്യ ഘടകമായ കാര്‍ഷിക മേഖലയെ കുത്തകള്‍ക്കു അടിയറവു വെക്കുന്ന, സാധാരണക്കാരായ കര്‍ഷകരുടെ ജീവിത ഭാരം വര്‍ധിപ്പിക്കുന്ന ഈ ബില്ലിനെതിരെ ശക്തമായ പ്രതിരോധം ഉയര്‍ന്നു വരേണ്ടതുണ്ട്.

ജോമോന്‍ സ്റ്റീഫന്‍ I jomonks2004@gmail.com

 

.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.