Follow the News Bengaluru channel on WhatsApp

ഇത്തിരി അനുകമ്പ

കെ ആർ കിഷോർ എഴുതുന്ന പംക്തി
‘വിചാരം’

നാല്

ഇത്തിരി അനുകമ്പ

 

 

ഞാന്‍ ബസ്സ് കാത്തു ബസ് സ്റ്റോപ്പില്‍ നില്‍ക്കുകയാണ്. പലതരത്തിലുള്ളആളുകള്‍, വിവിധ ദിക്കിലേക്കു പോകുന്നവര്‍, എവിടെനിന്നോ വന്നവര്‍… കൂട്ടത്തില്‍ ഇടയ്ക്കിടെ വാച്ചില്‍ നോക്കി അസ്വസ്ഥനാവുന്ന ഒരു പയ്യനും അവന്റെ മുത്തശ്ശിയും എന്റെയടുത്തായി ബസ്സ്‌റ്റോപ്പില്‍ നില്‍ക്കുന്നുണ്ടായിരുന്നു. ഓരോരുത്തരുടെയും മുഖത്ത് തെളിയുന്ന ഓരോ ഭാവങ്ങളും ഒപ്പിയെടുക്കാനുള്ള ഒരു വൃഥാശ്രമം ഞാന്‍ നടത്തിനോക്കി. സന്തോഷവും സന്താപവും ആശങ്കയും ഉത്കണ്ഠയും നിരാശതയും അങ്ങനെ പലതും അവിടെ നില്‍ക്കുന്നവരുടെ ഭാവങ്ങള്‍ പ്രത്യക്ഷമാവുന്നുണ്ട്. ചിലരുടെ മുഖത്ത് നിസ്സംഗത വരച്ചിട്ടിരുന്നെങ്കില്‍, വേറെ ചിലരുടെ മുഖം ഭാവ ശൂന്യമായിരുന്നതിനാല്‍ ഒന്നും വായിച്ചെടുക്കാന്‍ കഴിയുമായിരുന്നില്ല.

ഒരു ബസ്സ് ചീറിപ്പാഞ്ഞുവന്നു ഞങ്ങളുടെ മുന്നില്‍ നിര്‍ത്തി ഏതാനും പേര്‍ ഇറങ്ങുകയും അഞ്ചാറ് പേര്‍ കയറുകയും ചെയ്തു. ബസ്സ് സ്റ്റോപ്പിലെ സിമന്റു ബഞ്ചില്‍ നിന്നും കുറച്ചാളുകള്‍ ഒഴിഞ്ഞപ്പോള്‍ വേറെ ചിലര്‍ അവിടെ സ്ഥലംപിടിച്ചു. അവരും വരാനിരിക്കുന്ന ബസ്സുകളില്‍ പോകാനുള്ളവരാണ്.

വേറെയൊരു ബസ്സിന്‍റെ മുരള്‍ച്ചകേട്ടു നോക്കി. അതും എനിക്കു പോകാനുള്ള ഇടത്തേക്കായിരുന്നില്ല. അടുത്തു നില്‍ക്കുന്ന പയ്യന്‍ ബസ്സിന്‍റെ ബോര്‍ഡിലേക്ക് നോക്കി അസ്വസ്ഥനായി.

‘ഇതെന്താണ്, മുത്തശ്ശി നമ്മുടെ ബസ്സ് വരുന്നില്ലല്ലോ?’ അടുത്തുനില്‍ക്കുന്ന ആളുകള്‍ കേള്‍ക്കാതെ താഴ്ന്ന സ്വരത്തില്‍ അവന്റെ മുത്തശ്ശി പറഞ്ഞു:

‘കണ്ണാ, എല്ലാ ബസ്സുകളും വരും, ക്ഷമയോടെ കാത്തിരിക്കൂ.. എല്ലാറ്റിനും ഒരു സമയമുണ്ട്…’

അവര്‍ ക്ഷീണിതയായിരുന്നുവെങ്കിലും ആ വാക്കുകളില്‍ ഫിലോസഫിയുടെ ഒരു സുഗന്ധമുണ്ടായിരുന്നു. അവന്റെ പേര് കണ്ണന്‍ എന്നൂഹിക്കാനും കഴിഞ്ഞു. വയസായതിന്റെ ക്ഷീണവും കാലം നടന്നുപോയ വരകളും ആമുഖത്തു അടയാളപ്പെടുത്തിയിട്ടുണ്ട്. അവര്‍ എങ്ങോട്ടായിരിക്കും പോകുന്നതു എന്നറിയാന്‍ കൗതുകം തോന്നി. ആശുപത്രിയിലേക്കാവുമോ? അതോ വല്ല വൃദ്ധസദനത്തിലോ ക്ഷേത്രനടയിലോ കൊണ്ട് തള്ളാനാവുമോ? അതെങ്ങനെയറിയും?

അപ്പോഴേക്കും മറ്റൊരു ബസ്സ് പാഞ്ഞു വരുന്നുണ്ടായിരിക്കുന്നു. അതും എനിക്കായിരുന്നില്ല, കണ്ണനും ബോര്‍ഡില്‍ നോക്കി നിരാശതനായി.

ബസ്സ് വന്നു നിന്നു, തിക്കിത്തിരക്കി ആളുകളെ കയറ്റിയതിനുശേഷം കണ്ടക്ടര്‍ വിസിലടിച്ചു, ബസ് മുരണ്ടു നീങ്ങി…

കണ്ണന്‍ വീണ്ടും വാച്ചില്‍നോക്കി അസ്വസ്ഥനായി.

‘ മുത്തശ്ശി, നമ്മുടെ ബസിന്‍റെ സമയമായല്ലോ? എന്നിട്ടും.. ‘

‘വരും,മോനെ..നീയൊന്നടങ്ങൂ..’ മുത്തശ്ശി സമാധാനിപ്പിച്ചിട്ടും അവന്‍ അടങ്ങിയില്ല. അപ്പോഴേക്കും മറ്റൊരു ബസ് മുന്നില്‍വന്നു നിന്നു. അതും അവര്‍ക്കു പോകാനുള്ള ബസായിരുന്നില്ല. ആളുകളേയും കയറ്റി ആ ബസും നീങ്ങുന്നത് നിര്‍വികാരനായി ഞാന്‍ നോക്കുമ്പോള്‍ കണ്ണന്റെ മുഖത്ത് ആശങ്കയും അസ്വസ്ഥതയും തിളച്ചുമറിയുന്നുണ്ടായിരുന്നു.. ലോകം ശരിയായ ദിശയിലേക്കല്ലാ നീങ്ങുന്നതെന്ന അസ്വസ്ഥതയാണ് അവനില്‍ തങ്ങിനില്‍ക്കുന്ന ഭാവം, .എല്ലാറ്റിനോടും ഒരു വിയോജിപ്പ്…

അകലെനിന്നൊരു ഹോണിന്റെ മുഴക്കം കേട്ടു, നോക്കി, അതെനിക്കു പോകാനുള്ള ബസ്സായിരുന്നു, ബസ്സില്‍കയറാന്‍ ഞാന്‍ തയ്യാറായി. ബസ്സ് നില്‍ക്കുമ്പോഴേക്കും കയറാനുള്ള ആളുകള്‍ വാതിലിന്റടുത്തേക്കു ഇരച്ചു നീങ്ങുകയാണ്. കണ്ടക്ടര്‍ ഇറങ്ങി, കര്‍ക്കശമായി പറഞ്ഞു:

‘ആദ്യം ആളിറങ്ങട്ടെ, എന്നിട്ടുകയറാം’ ആളുകളിറങ്ങിപ്പോയി.

‘വാ, മുത്തശ്ശി, കേറിക്കോ’ കണ്ണന്‍ മുത്തശ്ശിയേയും ചേര്‍ത്തുപിടിച്ചു ബസ്സില്‍ കയറി, ഞാന്‍ ബസ്സിന്റെ ഹാന്‍ഡില്‍ പിടിച്ചു അകത്തുകയറു മ്പോള്‍ ഞാനോര്‍ത്തു. മുമ്പൊരിക്കല്‍, അകത്തു കയറുന്ന ആളുകളുടെ തിക്കിത്തിരക്കു കാരണം ബസ്സില്‍ നിന്നിറങ്ങാന്‍ കഴിയാതെ നമ്പൂരി പറഞ്ഞ ഫലിതം.

‘ഹായ്, ഒന്നുമാറിനില്‍ക്കാ..നിങ്ങള്‍ക്ക് കയറാനുള്ള ബസ്സിനീം വരും, എന്നാല്‍, എനിക്കിറങ്ങാന്‍ ഈ ബസ്സേള്ളൂ.. മാറി നില്‍ക്കാ ..’

മുത്തശ്ശിയും കണ്ണനും കയറിയതിനു ശേഷമാണു ഞാന്‍ കയറിയത്. എല്ലാ സീറ്റിലും ആളുകള്‍ ഇരിപ്പാണ്, ഞങ്ങള്‍ക്കു മൂന്നുപേര്‍ക്കും ഇരിക്കാനിടം കിട്ടിയില്ല, ഞങ്ങള്‍ നിന്നു യാത്ര ചെയ്തു, വേറെ അഞ്ചാറു പേരുകൂടി നില്‍ക്കുന്നുണ്ട്.

ബസ്സ് താളാത്മകമായി നീങ്ങാന്‍തുടങ്ങി. ഇടത്തോട്ടും വലത്തോടും വേഗതയോടെ ബസ്സ് ഓരോ വളവുകള്‍ തിരിയുമ്പോള്‍ ശരീരത്തെ സന്തുലിതമാക്കാനാവാതെ ദുര്‍ബലയായ മുത്തശ്ശി പ്രയാസപ്പെടുന്നുണ്ടായിരുന്നു. അവര്‍ക്കു ഇരിക്കാനിടം കിട്ടിയില്ല എന്നതു എന്നെ ആശങ്കാകുലനാക്കി. ആരെങ്കിലും ഒരു സീറ്റ് കൊടുത്താല്‍ നന്നായിരുന്നു എന്നെനിക്കു തൊന്നി. അതെങ്ങനെയാണ്, സീറ്റുകളില്‍ ഇരിക്കുന്നവര്‍ മിക്കവരും മൊബൈല്‍ ഫോണില്‍തല പൂഴ്ത്തിയിരിക്കുകയാണ്, എങ്ങനെ കാണും? സുന്ദരിയായൊരുയുവതി, മുത്തശ്ശി നില്‍ക്കുന്നത് കണ്ട ഉടനെ തലവെട്ടിച്ചു പുറത്തേക്കു നോക്കിയിരുന്നു. തനിക്ക് ഇരിക്കാന്‍ കിട്ടിയ സീറ്റ് മറ്റൊരാ ള്‍ക്ക് ദാനം ചെയ്യാനുള്ള സന്മനസ്സില്ല എന്നാണു ആ ചെറുപ്പക്കാരിയുടെ തുറന്നടിച്ച ഭാവം. അനുകമ്പയകന്ന അവരുടെ നിഷ്‌കരുണ മുഖം കണ്ടപ്പോള്‍ ആദ്യം തോന്നിയ സൗന്ദര്യം അവരുടെ മുഖത്തുനിന്നു പറന്നു പോയി, ഈ സൗന്ദര്യം എന്നതെല്ലാം ഓരോ തോന്നലുകള്‍ മാത്രം, അല്ലാതൊന്നുമല്ല.

ഡ്രൈവറുടെ മുന്നില്‍, ചില്ലിന്‍റെ മുകളിലായി വിവിധ മതങ്ങളെ പ്രതിനിധീകരിക്കുന്ന ദൈവങ്ങള്‍ എല്ലാ യാത്രക്കാരെയും അനുഗ്രഹിക്കുന്ന ചിത്രങ്ങള്‍ കണ്ടു. ബസ്സിലിരിക്കുന്നവരില്‍ ഭൂരിഭാഗവും ദൈവവിശ്വാസികളായിരിക്കണം. ദൈവം നല്‍കിയ ആ മുത്തശ്ശിയുടെ ദൈന്യതയെ കണ്ടറിഞ്ഞു ഒരു ദൈവവിശ്വാസിപോലും ഒരുസീറ്റു ഒഴിഞ്ഞു കൊടുക്കാന്‍ തയ്യാറാവാത്തതില്‍ ആശ്ചര്യം തോന്നി. ദൈവിശ്വാസമുള്ളതുകൊണ്ട് മാത്രം അനുകമ്പയും ആര്‍ദ്രതയും കരുണയും സഹാനുഭൂതിയുമൊന്നും ഉണ്ടാവണമെന്നില്ല എന്നതാണു വസ്തുതയെന്നു മനസാക്ഷി എന്നെ ഓര്‍മ്മിപ്പിച്ചു.

ഞാന്‍ ബസ്സിന്റെ മുകളിലുള്ള സ്റ്റീല്‍പൈപ്പില്‍ തൂങ്ങി നില്‍ക്കുകയാണ്. എന്റെ അരികിലിരിക്കുന്ന ഒരു ചെറുപ്പക്കാരന്‍, മൊബൈലില്‍ ഗൗരവമായി വായിക്കുകയാണ്. വിഷയം സംവരണമാണെന്ന് മനസ്സിലായി. അവര്‍ണ്ണ ജാതികള്‍ക്കുള്ള സംവരണം എടുത്തു കളയേണ്ട സമയമായെന്നും, സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്കാണു, ഇനി സംവരണം ഏര്‍പ്പെടുതേണ്ടതെന്നുമാണ് മൊബൈലിലുള്ള ആ ലേഖനത്തിന്റെ ഉള്ളടക്കമെന്നു ഹൈലൈറ്റ് ചെയ്ത ഭാഗങ്ങള്‍ വിളിച്ചു പറയുന്നു.

എനിക്കിറങ്ങാന്‍ ഇനിയുമേറെ ദൂരമുണ്ട്. എന്റെ ചിന്ത സംവരണത്തിലേക്കു കടന്നുപോയി. സത്യത്തില്‍ നിലവിലുള്ള അവര്‍ണ്ണ സംവരണം നിലനിര്‍ത്തിക്കൊണ്ടു തന്നെ സാമ്പത്തികമായി പിന്നോക്കാവസ്ഥയുള്ളവര്‍ക്കും കൂടി സംവരണം ഏര്‍പെടുത്തണമെന്നാണ് മിക്കവാറും എല്ലാ ജനാധിപത്യ വാദികളായ പാര്‍ട്ടികളും ഉന്നയിക്കുന്ന വാദങ്ങള്‍. അതു പോലും സംവരണം അര്‍ഹമായ സമൂഹത്തിനോട് ചെയ്യുന്ന നീതികേടാണ് എന്നതാണ് സംവരണസമുദായങ്ങളുടെ അഭിപ്രായം. അതെന്തെങ്കിലു മാവട്ടെ, സമുദായസംവരണം നിര്‍ത്തലാക്കണമെന്നും സാമ്പത്തികമായി ദുരിതമനുഭവിക്കുന്നവര്‍ക്ക് മാത്രമായി സംവരണം നല്‍കണമെന്നും അതിനു വേണ്ടി ഭരണഘടനപോലും മാറ്റിയെഴുതണം എന്നുമാണു വിചിത്രമായ പുതിയ വാദഗതികള്‍…

എന്തിനാണ് സംവരണം? തലമുറകളായി ഒരു ജനവിഭാഗം അനുഭവിക്കുന്ന സാമൂഹികമായ വിവേചനമാണ് അവര്‍ക്കു പരിരക്ഷകളേര്‍പ്പെടുത്താനുള്ള മാനദണ്ഡം. പഠിക്കാനാവാതെ, ജീവിക്കാനറിയാതെ ഉയര്‍ന്ന ജീവിതമില്ലാതെ എന്നും അടിമകളായി ജീവിച്ചിരുന്ന വളരെ പാവങ്ങളായ ഒരു ജനതയാണ് അവര്‍. അവരും ഉയര്‍ന്നുവന്നാലാണ് സമൂഹത്തിന്റെ പ്രാകൃതാവസ്ഥ ഇല്ലതാവുകയുള്ളൂ എന്നതുകൊണ്ടാണ് ഒരുകാലത്ത് എല്ലാറ്റില്‍നിന്നും അകറ്റിനിര്‍ത്തിയ അവരെ ഉയര്‍ത്തിക്കൊണ്ടുവരാന്‍ സംവരണം ഏര്‍പ്പെടുത്തിയത്. പരിഷ്‌കൃത സമൂഹത്തിനു അവരോടുള്ള അനുകമ്പയോടെ പ്രതിഫലനമാണത്. ലോകത്തുള്ള എല്ലാ ആധുനിക സമൂഹത്തിലും ഇത്തരത്തിലുള്ള സംവരണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. യുക്തിസഹവും പ്രായോഗികവും ശാസ്ത്രീയവുമായ സാമൂഹിക ദര്‍ശനമാണിതെന്നു നിസ്പക്ഷമതികളുടെ അംഗീകാരവും ഈ അഭിപ്രായത്തിനു ലഭിച്ചിട്ടുമുണ്ട്. അവര്‍ണ്ണര്‍ക്ക് അനുഭവിക്കാന്‍ കഴിയുന്ന ക്ഷേമൈശ്വര്യങ്ങളുടെ തോതനുസരിച്ചാണു രാഷ്ട്രത്തിന്റെ സ്വാതന്ത്ര്യം നിലകൊള്ളുന്നതെന്നും ഏതുസംവരണവും ഒരു നിശ്ചിതകാലം കഴിയുമ്പോള്‍, ആ സംവരണം ലഭിച്ച സമൂഹം ഉയര്‍ത്തെഴുന്നേല്‍ക്കുമെന്നും, പിന്നീടു സംവരണം ഉപേക്ഷിക്കാമെന്നും സംവരണം ഭരണഘടനയില്‍ ഉള്‍പ്പെടുത്താന്‍ അങ്ങേയറ്റം പ്രയത്‌നിച്ച ഭരണഘടനാ ശില്‍പിയായ അംബേദ്കര്‍ നിര്‍ദേശിച്ചിരുന്നു. സാമൂഹികമായി പിന്നോക്കം നില്‍ക്കുന്നവരുമായവരെ കണ്ടെത്തി സംവരണവും നല്‍കണമെന്നു ഭരണഘടനയില്‍ വ്യവസ്ഥചെയ്തിട്ടുണ്ട്. അതെല്ലാം മാറ്റിയെഴുതുമ്പോള്‍ നമ്മുടെ ഹൃദയവും വറ്റിവരണ്ടു അനുകമ്പാരഹിതമായ മരുഭൂമിപോലെയാവുകയാണ്. നമ്മള്‍ നേടിയെടുത്ത അവകാശങ്ങള്‍ ഓരോന്നായി നഷ്ടപ്പെടുകയാണ്.നമ്മുടെയാത്ര പുറകിലേക്കാണോ, ബസ്സ് പോകുന്നതു പിന്നിലേക്കാണോ, ഇതെന്തൊരു ദുരന്തയാത്രയാണു?

ഇതിനിടയില്‍ കണ്ടക്ടര്‍ ടിക്കറ്റ് കൊടുക്കാന്‍ വന്നപ്പോള്‍ മുത്തശ്ശി നിന്നു യാത്ര ചെയ്യുന്നതു കണ്ടു, ഇരിക്കുന്നവരെ രൂക്ഷമായി ഒന്നു നോക്കിയതിനു ശേഷം അയാള്‍ പറഞ്ഞു:

‘ചേച്ചീ, നിങ്ങളൊന്നങ്ങോട്ടു ഒതുങ്ങിയിരിക്കൂ, ആ മുത്തശ്ശി നിന്നു ബുദ്ധി മുട്ടുന്നതു കാണുന്നില്ലേ? ‘

തടിയല്പം കൂടുതലുള്ള ആ സ്ത്രീ സത്യത്തില്‍ രണ്ടുപേര്‍ക്കുമുള്ള സീറ്റിലായി ഇരിക്കുകയായിരിന്നു. അവരൊന്നു ഒതുങ്ങിയിരുന്നപ്പോള്‍ മുത്തശ്ശിക്കും ഇരിക്കാന്‍ സ്ഥലം കിട്ടി, മുത്തശ്ശി ഇരുന്നപ്പോള്‍ കണ്ടക്ടറെ നോക്കി നന്ദിപൂര്‍വ്വം ചിരിച്ചു, എന്റെ മനസ്സിലേക്കൊരു തണുത്ത കാറ്റുവീശി…

കണ്ടക്ടര്‍ ടിക്കറ്റ് കൊടുക്കുന്നതിനിടയില്‍ പറയുന്നതുകേട്ടു:

‘എല്ലാവര്‍ക്കും സൗകര്യമായി യാത്രചെയ്യാം, മനസ്സിലിത്തിരി അനുകമ്പയുണ്ടാവണം.. ‘

അനന്തമായ ജീവിതം പോലെ, ബസ്സു മുന്നോട്ടു നീങ്ങുകയായിരുന്നു, എനിക്കിറങ്ങാനുള്ള സ്ഥലം കാണാനായി ബസ്സിന് പുറത്തേക്കു ഞാന്‍ നോക്കി… .

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.