Follow the News Bengaluru channel on WhatsApp

ക്ലബ് ഹൗസ്-സോഷ്യല്‍ മീഡിയയിലെ പുത്തന്‍ താരം

‘ക്ലബ് ഹൗസ്’
സോഷ്യല്‍ മീഡിയയിലെ പുത്തന്‍ താരം

ഫേസ് ബുക്ക്, വാട്ട്‌സ് ആപ്പ്, ട്വിറ്റെര്‍, ഇന്‍സ്റ്റാഗ്രാം എന്നി സോഷ്യല്‍ മീഡിയ സിംഹങ്ങള്‍ അടക്കി വാഴുന്ന നവ മാധ്യമ ലോകത്തിലെ പുതിയ താരമാണ് ക്ലബ് ഹൗസ്. ചുരുങ്ങിയ സമയം കൊണ്ട് മലയാളികള്‍ക്കിടയിലും വളരെ പ്രചാരം നേടി കഴിഞ്ഞു ക്ലബ് ഹൗസ് എന്ന പുത്തന്‍ നവ മാധ്യമ പ്രതിഭാസം.

സോഷ്യല്‍ മീഡിയ ലോകത്ത്, ഇപ്പോള്‍ നടക്കുന്ന ഏറ്റവും വലിയ ട്രെന്‍ഡിംഗ് ടോപ്പിക് ക്ലബ് ഹൗസ് എന്ന പുതിയ ഓഡിയോ അധിഷ്ഠിത സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോം തന്നെയെന്ന് നിസംശയം പറയാം.

എന്താണ് ക്ലബ് ഹൗസ് ?

ഒറ്റവാക്കില്‍ പറഞ്ഞാല്‍ ശബ്ദത്തെ അടിസ്ഥാനമാക്കിയുള്ള സോഷ്യല്‍ നെറ്റ് വര്‍ക്കിങ് പ്ലാറ്റ്ഫോമാണ് ക്ലബ് ഹൗസ്. പോള്‍ ഡേവിസണ്‍, റോഹന്‍ സേത്ത് എന്നിവര്‍ ചേര്‍ന്ന് 2020 മാര്‍ച്ചില്‍ ആരംഭിച്ച ഒരു സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോം. മുഖ്യമായും ശബ്ദത്തെ അടിസ്ഥാനമാക്കിയുള്ള സോഷ്യല്‍ നെറ്റ് വര്‍ക്കിങ് എന്നതാണ് പ്രത്യേകത.

ലോകത്തിന്റെ വിവിധ കോണുകളില്‍ ജീവിക്കുന്ന ആളുകള്‍ക്ക് പരസ്പരം സംസാരിക്കാനും കേള്‍ക്കാനും ഒത്തുചേരാനും ആശയങ്ങള്‍ പങ്കിടാനും ചര്‍ച്ച ചെയ്യാനും പഠിക്കാനും പുതിയ സൗഹൃദങ്ങള്‍ കണ്ടെത്തുവാനും ഉപകരിക്കുന്ന
ഒരു തത്സമയ ഓഡിയോ ആപ്ലിക്കേഷനാണ് ക്ലബ് ഹൗസ്.

ടി വി ചാനലുകളില്‍ നടക്കുന്ന തത്സമയ ചര്‍ച്ചകള്‍ പോലെ, ക്ലബ് ഹൗസിലെ വിവിധ റൂമുകള്‍ വഴി ഒരു വിഷയത്തെ അധിഷ്ഠിതമായി തത്സമയ ചര്‍ച്ചകള്‍ സംഘടിപ്പിക്കാം എന്നതാണ് ഈ ആപ്പിന്റെ സവിശേഷത. ലൈവ് വീഡിയോ പ്രോഗ്രാം സാധ്യമല്ല എന്നത്
സാങ്കേതികമായി ഒരു പോരായ്മയാണ് എന്ന് വേണമെങ്കില്‍ പറയാം.

പ്രധാനമായും ലൈവ് ശബ്ദത്തെ ഉപയോഗിച്ച് ഓണ്‍ലൈന്‍ ചര്‍ച്ചകള്‍ക്കും മീറ്റിംഗുകള്‍ക്കുമാണ് ക്ലബ് ഹൗസ് ആപ്പുകള്‍ ഉപയോഗിക്കുന്നത്.

ക്ലബ് ഹൗസ് ആപ്പ് എങ്ങനെ ഇന്‍സ്റ്റാള്‍ ചെയ്യാം ?

ഗൂഗിള്‍ പ്ലേസ്റ്റോറില്‍ ക്ലബ്ഹൗസ് ഡ്രോപ് ഇന്‍ ഓഡിയോ ചാറ്റ് എന്ന ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്യുക. നിങ്ങളുടെ ഫോട്ടോ, ബയോ ഡാറ്റ, ഇ മെയില്‍ ഐഡി, ഫോണ്‍നമ്പര്‍ എന്നിവ ചേര്‍ത്ത് അക്കൗണ്ട് തുടങ്ങാം. നിങ്ങളുടെ സുഹൃത്തുക്കള്‍ക്ക് ഇത് നോട്ടിഫിക്കേഷനായി ലഭിക്കും. അവര്‍ അപ്രൂവ് ചെയ്യുന്ന പക്ഷം നിങ്ങള്‍ ക്ലബ് ഹൗസുകളില്‍ അംഗമാകുന്നു.

നിലവില്‍ അംഗമായിട്ടുള്ള ഒരാള്‍ അയച്ച ക്ഷണം വഴിയും ക്ലബ് ഹൗസില്‍ ജോയിന്‍ ചെയ്യാം.എന്നാല്‍ ഒരാള്‍ക്ക് ആകെ അഞ്ചു പേരെ മാത്രമാണ് ഈ ആപ്പിലേക്ക് ക്ഷണിച്ചു കൊണ്ട് വരാന്‍ സാധിക്കുക എന്ന പരിമിതി നിലനില്‍ക്കുന്നുണ്ട്.

ഉപകാരപ്രദമാകുന്നത് ആര്‍ക്കൊക്കെ ?

ഒരു വിഷയത്തെ അധികരിച്ചു സംസാരിക്കാനും ഒരു പ്രത്യേക വിഷയത്തിലുള്ള അറിവുകള്‍ പങ്കുവെക്കാനും ആഗ്രഹിക്കുന്നവര്‍ക്കും ഇഷ്ടപെടുന്നവര്‍ക്കും ക്ലബ് ഹൗസ് തീര്‍ച്ചയായും നല്ലൊരു വേദിയാണ്.

വിഷയാധിഷ്ഠിതമായ ചര്‍ച്ച, സംവാദം, മീറ്റിംഗ് , സെമിനാര്‍, മ്യൂസിക്, ടീച്ചിങ് തുടങ്ങിയവയില്‍ താല്പര്യമുള്ള ആര്‍ക്കും ക്ലബ്ഹൗസ് ഇഷ്ടപ്പെടും. നിങ്ങള്‍ക്കാവശ്യമുള്ള ചാറ്റ് റൂമുകളില്‍ കയറാനും, അനുവാദമുണ്ടെങ്കിന്‍ സംസാരിക്കാനും എപ്പോള്‍ വേണമെങ്കിലും ഇറങ്ങിപ്പോരാനും സാധിക്കും. കൂടാതെ ഓപ്പണ്‍- സോഷ്യല്‍ – ക്ലോസ്ഡ് എന്നിങ്ങനെ വ്യത്യസ്ഥമായ റൂമുകള്‍ ക്രിയേറ്റ് ചെയ്ത് നിങ്ങള്‍ക്ക് ചര്‍ച്ചകളും സംസാരങ്ങളും തുടങ്ങാനും സാധിക്കും.

എന്താണ് സാദ്ധ്യതകള്‍?

അയ്യായിരം പേര് വരെ ആകാവുന്ന ഒരു ഗ്രൂപ്പിനെ സംഘടിപ്പിച്ചു പ്രഭാഷണമോ ചര്‍ച്ചയോ നടത്താം എന്നതാണ് വലിയൊരു പ്രത്യേകത. ചര്‍ച്ചയോ മീറ്റിംഗോ കാലേക്കൂട്ടി ഷെഡ്യൂള്‍ ചെയ്യുകയും ആവാം.

ചര്‍ച്ച അല്ലെങ്കില്‍ ഒരു മീറ്റിംഗ് സംഘടിപ്പിക്കുന്നവരെ മോഡറേറ്റര്‍ എന്ന് പറയും . അവര്‍ക്കു ചര്‍ച്ചയെ അവരുടെ നിയന്ത്രണത്തില്‍ കൊണ്ടുപോകാനുള്ള അധികാരം ഉണ്ടായിരിക്കും. ഒരു ചര്‍ച്ചക്ക് ഒന്നോ അതില്‍ കൂടുതലോ മോഡറേറ്റര്‍മാര്‍ ആകാം.
ആരെയൊക്കെ സംസാരിക്കാന്‍ ക്ഷണിക്കണം എന്നതു മോഡറേറ്റര്‍മാര്‍ക്കു നിശ്ചയിക്കാം . ബാക്കിയുള്ളവര്‍ക്ക് കേള്‍വിക്കാര്‍ ആയി നില്‍ക്കാം. മോഡറേറ്റര്‍ ‘റെയ്‌സ് ഹാന്‍ഡ്’ എന്ന ഓപ്ഷന്‍ എനേബിള്‍ ചെയ്തിട്ടുണ്ടെങ്കില്‍ ഈ കേള്‍വിക്കാര്‍ക്ക് അത് ഉപയോഗിച്ചു ചര്‍ച്ചയില്‍ പങ്കെടുക്കുവാനുള്ള അനുമതി തേടാം. മോഡറേറ്റര്‍ക്ക് അത് കണ്ടിട്ടോ അല്ലെങ്കില്‍ സ്വമേധയാലോ അവരെ സംസാരിക്കാന്‍ ക്ഷണിക്കുകയും ആവാം.

ക്ലോസ്ഡ് ഗ്രൂപ്പില്‍ ചര്‍ച്ച / മീറ്റിംഗ് നടത്തുവാന്‍ അവസരമുള്ളതുകൊണ്ടു പരസ്പരം അറിയാവുന്ന അല്ലെങ്കില്‍ മുന്‍കാല ബന്ധമുള്ളവരെ മാത്രം പങ്കെടുപ്പിച്ചുള്ള മീറ്റിംഗ് ക്ലബ് ഹൗസ് വഴി നടത്താം. സുഹൃത്തുക്കള്‍, സംഘടന, കുടുംബം, കമ്പനി മീറ്റിംഗുകള്‍ ഇത്തരത്തില്‍ നടത്താന്‍ കഴിയും. സൂം, ഗൂഗിള്‍ മീറ്റിംഗ് പോലെ. ക്ലബ്ബുകളില്‍ (ഗ്രൂപ്പ്) അംഗം ആവുന്നവര്‍ക്ക് അവിടെ ഉള്ള എല്ലാ ചര്‍ച്ചയും ഫോളോ ചെയ്യാന്‍ പറ്റും. ഫെയ്‌സ്ബുക്ക് ഗ്രൂപ്പുകള്‍ പോലെത്തന്നെ.

പരിമിതികള്‍ എന്തൊക്കെ?

ക്ലബ് ഹൗസ് ആപ്പിന്റെ പ്രധാന പരിമിതി എന്നത്, ഈ പ്ലാറ്റഫോമില്‍ വീഡിയോ, ഇമേജ്, ടെക്സ്റ്റ് തുടങ്ങിയതൊന്നും സപ്പോര്‍ട്ട് ചെയ്യുന്നില്ല എന്നതാണ്.

മറ്റൊന്ന് സ്വകാര്യതയുടെ പ്രശ്നമാണ്. ഫേസ്ബുക്ക്, വാട്ട്‌സ്ആപ്പ്, ഗൂഗിള്‍ പോലെയുള്ള വന്‍കിട കമ്പനികള്‍ വ്യക്തികളുടെ ചാറ്റ് അടക്കമുള്ള സ്വകാര്യതകള്‍ ശേഖരിക്കുന്നുണ്ട് എന്നത് പരസ്യമായ രഹസ്യമാണല്ലോ. ക്ലബ് ഹൗസും ഉപഭോക്താക്കളുടെ വിവരങ്ങള്‍,സംസാരങ്ങള്‍ എന്നിവ റെക്കോര്‍ഡ് ചെയ്യുന്നു എന്നാണ് ഇപ്പോള്‍ ലഭ്യമായ വിവരം. പക്ഷെ സ്ഥിരമായി ശേഖരിച്ച് വെക്കുന്നില്ല എന്നാണ് പറയുന്നത്. ഒരുപക്ഷെ, ഭാവിയില്‍ അവര്‍ ശേഖരിച്ചേക്കാം. നിലവില്‍ ചാറ്റ് റൂമിലെ സംസാരം അല്ലെങ്കില്‍ ചര്‍ച്ച അവസാനിച്ച ശേഷം കുറ്റകമായ ഉള്ളടക്കങ്ങളൊന്നും ഇല്ലെങ്കില്‍ റെക്കോര്‍ഡും റൂമും വോയിസുകളും ഓട്ടോമാറ്റിക് ആയി ഡിലീറ്റ് ആകും എന്നാണ് ആപ്പ് വ്യക്താക്കള്‍ പറയുന്നത്. ഡാറ്റകള്‍ എവിടേയും സേവ് ചെയ്യപ്പെടുന്നില്ല. പക്ഷേ നമ്മളുടെ ഫോണ്‍ കോളുകള്‍ പോലും നിരീക്ഷിക്കുന്ന ഈ കാലഘട്ടത്തില്‍, ക്ലബ് ഹൗസ് റൂമുകളിലെ ചര്‍ച്ചകളും സംസാരങ്ങളും ദൂരെ ഇരുന്ന് ആരെങ്കിലും ദുരുപയോഗം ചെയ്യാനുള്ള സാധ്യതകള്‍ തള്ളിക്കളയാന്‍ കഴിയുകയുമില്ല.

ഫയല്‍ ഷെയറിങ്ങ്, ടെക്സ്റ്റിംഗ് ഒന്നും ഇപ്പോള്‍ ലഭ്യമല്ല. ആപ്പിനകത്ത് തന്നെ പാരലല്‍ ചാറ്റ് ചെയ്യാനുള്ള ഓപ്ഷനും ഇല്ല.

ഒരു ചര്‍ച്ച കേട്ടുകൊണ്ടിരിക്കുന്ന നേരത്ത് മറ്റൊരു റൂമില്‍ കയറി അവിടത്തെ മീറ്റിംഗില്‍ പങ്കെടുക്കാന്‍ കഴിയില്ല. ആദ്യ സ്ഥലത്ത് നിന്നും ലീവ് ആയെങ്കില്‍ മാത്രമേ മറ്റൊരു റൂമില്‍ കയറി പുതിയൊരു ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ കഴിയുകയുള്ളൂ.

ഒരു മുപ്പതു സെക്കന്റ് ഓഡിയോ പോലും കേട്ടിരിക്കാന്‍ ക്ഷമയില്ലാത്തവര്‍ എങ്ങനെ മണിക്കൂറുകള്‍ നീളുന്ന ചര്‍ച്ചയില്‍ പങ്കെടുത്തു നല്ലൊരു കേള്‍വിക്കാരനായി ഇതില്‍ ഇരിക്കും എന്ന ചോദ്യവും ഉയരുന്നുണ്ട്.

അതേസമയം ക്ലബ് ഹൗസിന് കനത്ത വെല്ലുവിളി ഉയർത്താൻ ഇന്‍സ്റ്റാഗ്രാം സമാനമായ ഓഡിയോ റൂമുകൾ ആരംഭിക്കുമെന്നും റിപ്പോർട്ടുണ്ട്.

നവ- സാമൂഹിക മാധ്യമങ്ങള്‍ പുതുതലമുറയെ ഗണ്യമായി ആകര്‍ഷിക്കുന്ന ഈ കാലഘട്ടത്തില്‍ ക്ലബ് ഹൗസ് പോലുള്ള പുതിയ പ്ലാറ്റുഫോമുകള്‍ എങ്ങിനെ നമ്മുടെ സമൂഹത്തെ സ്വാധിനിക്കും എന്ന് കാത്തിരുന്ന് കാണേണ്ട വസ്തുതയാണ്. ഒരു കാര്യം തീര്‍ച്ചയാണ്, പരമ്പരാഗത മാധ്യമ രീതികളില്‍ നിന്നും വ്യത്യസ്തത തേടുന്ന ഒരു തലമുറ വളര്‍ന്നു വരുന്നു. വൈവിധ്യങ്ങളെ തേടുന്ന, പരീക്ഷിക്കുന്ന തലമുറ. അവര്‍ക്കിടയില്‍ ഒരുപക്ഷെ ക്ലബ് ഹൗസ് പോലുള്ള ആപ്പുകള്‍ തുറന്നിടുന്നത് വിശാലമായ ഒരു പുതിയ ലോകമാണ്. സാധ്യതകളെയുടെയും അറിവിന്റെയും പുതിയ മേച്ചില്‍ പുറങ്ങള്‍.

സാങ്കേതിക വളര്‍ച്ചയുടെ മേന്മകള്‍ മികച്ച രീതിയില്‍ ഉപയോഗിക്കുന്നവര്‍ക്ക് മുന്‍പില്‍ ഭാവി കാലം പുത്തന്‍ പ്രതീക്ഷകള്‍ പകര്‍ന്നു നല്‍കിയേക്കാം. അവര്‍ക്ക് മുന്‍പില്‍ പുതിയ ആകാശവും പുതിയ ഭൂമിയും സൃഷ്ടിക്കപെട്ടേക്കാം… അങ്ങിനെ സാധ്യതകളുടെ, അവസരങ്ങളുടെ, ഒരു പുതിയ മാന്ത്രിക ലോകം തുറക്കട്ടെ എന്ന് പ്രത്യാശിക്കാം ..!

ജോമോന്‍ സ്റ്റീഫന്‍
jomonks2004@gmail.com

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.