Follow the News Bengaluru channel on WhatsApp

കര്‍ണാടകയിലെ കോവിഡ് മരണങ്ങൾ; കേന്ദ്ര സംസ്ഥാന സർക്കാറുകളുടെ സഹായത്തിൽ പ്രതീക്ഷ അർപ്പിച്ച് മലയാളി കുടുംബങ്ങൾ

2020 മാർച്ച് മുതൽ 2021 ജൂൺ വരെയുള്ള കാലയളവിൽ ആയിരത്തോളം മലയാളികൾ ബെംഗളൂരുവിലും കർണാടകയുടെ വിവിധ പ്രദേശങ്ങളിലുമായി കോവിഡ് ബാധിച്ചു മരണപെട്ടു എന്നതാണ് അനൗദ്യോഗിക കണക്ക്.

മരണപ്പെട്ടവരുടെ അവകാശികൾക്ക്‌ സർക്കാർ വക സഹായങ്ങൾ ഇതുവരെ ഒന്നും ലഭിച്ചിട്ടില്ല. ഈ വിഷയത്തില്‍ സമീപകാലത്ത് സുപ്രീം കോടതി നടത്തിയ ഇടപെടൽ പ്രതീക്ഷയുടെ നേരിയ പ്രകാശം നൽകുന്നുണ്ട്.

കോവിഡ് തകർത്തെറിഞ്ഞ മലയാളി പ്രവാസി കുടുംബങ്ങളുടെ ആശങ്കൾക്കു പരിഹാരമുണ്ടാകുമോ? മരണമടഞ്ഞ പ്രിയപെട്ടവരുടെ നീറുന്ന ഓർമകൾക്ക് പകരം വെക്കാൻ ഒരു ദുരിതാശ്വാസത്തിനും കഴിയില്ല എന്ന യാഥാർഥ്യം നിലനിൽക്കുമ്പോൾ തന്നെ അവരുടെ അവശേഷിക്കുന്ന കുടുംബങ്ങളുടെ ജീവനോപാധി എങ്ങിനെ മുന്നോട്ടു കൊണ്ടുപോകുമെന്നതാണ്‌ പല കുടുംബങ്ങളെയും അലട്ടുന്ന യാഥാർഥ്യം.

ഈ പശ്ചാത്തലത്തിൽ, രാജ്യത്ത് കോവിഡ് രോഗം മൂലം മരണപ്പെട്ടവരുടെ കുടുംബങ്ങൾക്ക് കേന്ദ്ര സർക്കാർ ധന സഹായം നൽകണമെന്ന് സുപ്രീം കോടതിയുടെ വിധി വലിയൊരു ആശ്വാസം നൽകുന്നതാണ്‌.

മരണാന്തര സഹായമായി നല്‍കേണ്ട തുക കോടതി നിര്‍ദ്ദേശിച്ചിട്ടില്ല. കേന്ദ്ര സർക്കാരിന് തീരുമാനിക്കാമെന്നും കോടതി പറഞ്ഞു. ആറ് ആഴ്ചക്കുള്ളില്‍ കൃത്യമായ മാർഗരേഖ തയ്യാറാക്കണമെന്നും കേന്ദ്ര സർക്കാറിന് കോടതി നിർദ്ദേശം നൽകി.

ഗൗരവ് കുമാർ ബൻസലും റീപക് കൻസലും നൽകിയ ഹർജികളെ തുടർന്നാണ് കോടതിയുടെ ഇടപെടൽ ഉണ്ടായത്. ഹർജിയിൽ വാദം നടത്തവേ, കോവിഡ് -19 മൂലം മരണമടഞ്ഞ എല്ലാവര്‍ക്കും 4 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ കഴിയില്ലെന്ന് കേന്ദ്ര സർക്കാർ സുപ്രീം കോടതിയെ അറിയിച്ചിരുന്നു. ജസ്റ്റീസ് അശോക് ഭൂഷൺ അധ്യക്ഷനായ ബെഞ്ചാണ് കേസിൽ വിധി പ്രഖ്യാപിച്ചത്. മരണമടഞ്ഞവരുടെ കുടുംബങ്ങൾക്ക് 4 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്നായിരുന്നു ഹർജിക്കാര്‍ ആവശ്യപ്പെട്ടത്.

പ്രകൃതി ദുരന്തങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കുന്നതിന് സമാനമായി ദേശീയ ദുരന്ത നിവാരണ നിയമത്തിലെ നിയമത്തിലെ 12 ാം വകുപ്പ് പ്രകാരം കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബത്തിനും സഹായത്തിന് അര്‍ഹതയുണ്ടെന്ന് സുപ്രീംകോടതി വിധിയില്‍ വ്യക്തമാക്കി.

കേന്ദ്ര സർക്കാർ നിലപാട് നിർണായകം

കോവിഡ് രോഗം മൂലം മരണപ്പെട്ടവരുടെ കുടുംബങ്ങൾക്ക് നൽകുന്ന  ധനസഹായം സംബന്ധിച്ചു ആറ് ആഴ്ചക്കുള്ളിൽ തീരുമാനമെടുക്കണമെന്നാണ് സുപ്രീം കോടതി കേന്ദ്ര സർക്കാരിനോട് നിർദേശിച്ചിട്ടുള്ളത്. കേന്ദ്രം എന്ത് നിലപാട് സ്വീകരിക്കുമെന്നത് ദുരിതമനുഭവിക്കുന്ന കുടുംബങ്ങളെ സംബന്ധിച്ചു നിർണായകമാണ്.
കുടുംബത്തിന്റെ ഏക അത്താണിയും വരുമാനമാർഗമായിരുന്നവരുടെ മരണം നിരവധി കുടുംബങ്ങളെ അനാഥമാക്കിയിട്ടുണ്ട്. മഹാമാരിയുടെ പിടിയിൽപെട്ടു തകർന്നടിഞ്ഞവർക്ക്‌ കേന്ദ്ര സർക്കാർ  സഹായം വലിയ കൈത്താങ്ങു തന്നെ ആയിരിക്കും.

മരണപ്പെട്ടവരുടെ വിവര ശേഖരണം

2020 മാർച്ച് മുതൽ 2021 ജൂലൈ ആദ്യവാരം വരെ കർണാടകയിൽ 36000 ത്തോളം കോവിഡ് മരണങ്ങൾ നടന്നതായാണ് സർക്കാർ കണക്ക്. കർണാടകയിലെ ആകെ കോവിഡ് മരണങ്ങളുടെ കൂട്ടത്തിലാണ് മലയാളികളേയും ചേർക്കുന്നത്. ഇതിൽ സ്ഥിരതാമസക്കാരും തൊഴിലുമായി ബന്ധപെട്ടു വാടകക്ക് താമസിക്കുന്നവരും, താല്ക്കാലിക താമസക്കാരുമുണ്ട്. മരിച്ച മലയാളികളുടെ വിവരങ്ങൾ പ്രത്യേകമായി കേരള സർക്കാർ ശേഖരിച്ചിട്ടില്ല. മരണപ്പെട്ട മലയാളികളുടെ വിവരങ്ങൾ നോർക്ക ഉൾപ്പെടെയുള്ള സർക്കാർ ഏജൻസികളുടെ കൈവശവുമില്ല എന്നാണറിയുന്നത്.

ബെംഗളൂരുവിന് പുറമെ, ബെല്ലാരി, ഷിമോഗ, മംഗളൂരു, ഹുബ്ബള്ളി, കുടക്, ഹോസ്‌പെട്ട, മൈസൂർ, ചാമരാജനഗർ എന്നിവടങ്ങളിലും മലയാളികൾ മരണപ്പെട്ടിട്ടുണ്ട്.

നോർക്ക – ലോക കേരള സഭ

ബെംഗളൂരുവിൽ മാത്രമല്ല ഇന്ത്യയിലെ മറ്റു പ്രമുഖ നഗരങ്ങളായ മുംബൈ, ഡൽഹി, ചെന്നൈ, അഹമ്മദാബാദ്, ഇൻഡോർ, ഹൈദ്രബാദ്, പുണെ എന്നിവിടങ്ങളിലും മലയാളികൾ മരണപ്പെട്ട വിവരങ്ങൾ മലയാളി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

കേരളത്തിന് പുറത്തു ഇന്ത്യയിലെ വിവിധ നഗരങ്ങളിൽ മരിച്ച മലയാളികളുടെ വിവരങ്ങൾ, നോർക്ക പോലുള്ള സർക്കാർ ഏജൻസികളിലൂടെ ശേഖരിക്കുകയോ, നേരിട്ട് വിവരങ്ങൾ രജിസ്റ്റർ ചെയ്യാനുള്ള സംവിധാനം ഏര്‍പ്പെടുത്തുന്നതോ പ്രവാസി മലയാളികൾക്ക് ആശ്വാസം നൽകും.

വിദേശ രാജ്യങ്ങളിൽ കോവിഡ് ബാധിച്ചു മരിച്ചവർക്കു കേന്ദ്ര സഹായം നൽകണമെന്ന് വിദേശ രാജ്യങ്ങളിൽ പ്രവർത്തിക്കുന്ന ലോക കേരള അംഗങ്ങൾ ആവശ്യപ്പെട്ടു കഴിഞ്ഞു. എന്നാൽ ബെംഗളൂരുവിലോ ഇന്ത്യക്കത്തുള്ള മറ്റു നഗരങ്ങളിലോ ലോക കേരള സഭയോ നോർക്കയോ മുൻകൈ എടുത്തു മലയാളികളെ സഹായിക്കാൻ എന്തെങ്കിലും ശ്രമങ്ങൾ നടന്നതായി ഇതുവരെ അറിവില്ല.

കോവിഡ് മരണം മൂലം മാതാപിതാക്കൾ നഷ്ടപെട്ട കുട്ടികൾക്ക് ധനസഹായവും അവരുടെ വിദ്യാഭ്യാസ ചെലവും കേരള സർക്കാർ വഹിക്കുമെന്ന പ്രഖ്യാപനം കേരളത്തിലെ മലയാളികൾക്കു ആശ്വാസകരമാണ്.

പരിമിതമായ സാഹചര്യങ്ങള്‍ക്കുള്ളില്‍ നിന്നുകൊണ്ട് കേരളം അടക്കമുള്ള ഏതാനും ചില സംസ്ഥാന സര്‍ക്കാരുകള്‍ മാത്രമാണ് നിലവില്‍ കോവിഡ് ബാധമൂലം മരണപ്പെടുകയും ചെയ്ത പ്രവാസി കുടുംബങ്ങൾക്ക് സഹായങ്ങള്‍ പ്രഖ്യാപിച്ചിട്ടുള്ളത്. ആയതിനാൽ, കേന്ദ്ര സര്‍ക്കാരിന്റെ സവിശേഷശ്രദ്ധ ഇക്കാര്യത്തില്‍ ഉണ്ടാകേണ്ടത് അത്യാവശ്യമാണ്, അത് പ്രവാസികളുടെ അവകാശമാണ്. മഹാമാരിയുടെ വിധിയിൽ പെട്ട് ഉഴലുന്നവർക്കു ആശ്വാസം പകരേണ്ട നോർക്ക – ലോക കേരള സഭ സംവിധാനങ്ങൾ അവസരത്തിനുയർന്നു മലയാളിയെ ചേർത്ത് പിടിക്കേണ്ടതും അവരുടെ കണ്ണീരൊപ്പാൻ വേണ്ടതു ചെയ്യണ്ടതും ഈ സമയത്തു തന്നെയാണെന്നതിൽ സംശയമില്ല.

കർണാടകയിൽ വെച്ച് കോവിഡ് ബാധിച്ചു മരണപ്പെട്ട മലയാളികളുടെ പേര് വിവരങ്ങൾ, സ്വാഭാവികമായി കർണാടക സർക്കാർ ലിസ്റ്റിൽ ഉൾപ്പെട്ടു കേന്ദ്ര സഹായം ലഭിക്കുന്ന സാഹചര്യം വരികയാണെങ്കിൽ ആശങ്കക്ക് വകയില്ല. എന്നാൽ അങ്ങിനെയല്ലാത്ത പക്ഷം മലയാളികൾ കുഴപ്പത്തിലാകും. സഹായത്തിനു അർഹതയുള്ള പ്രവാസി മലയാളികളുടെ \താമസരേഖകളും ഐഡന്റിറ്റിയുമാണ് മറ്റൊരു പ്രശ്‌നം. കോവിഡ് ബാധിച്ചതുകൊണ്ടാണ് മരണം സംഭവിച്ചത് എന്ന സർക്കാർ ഏജൻസികളുടെ മരണ പത്രം സഹായം ലഭിക്കുന്നതിൽ വളരെ നിര്‍ണായകമായിരിക്കും. മരണ സർട്ടിഫിക്കറ്റ് നൽകുന്ന നടപടിക്രമം ലഘൂകരിക്കണമെന്ന്  സുപിം കോടതി പറഞ്ഞിട്ടുണ്ട്. കേന്ദ്ര സർക്കാർ ദുരിതാശ്വാസ സഹായം നൽകുന്നതിന് എന്തെല്ലാം മാനദണ്ഡങ്ങൾ അടിസ്ഥാനമാക്കിയായിരിക്കും എന്നതും പ്രസക്തമായി വന്നേക്കാം.

അവിടെയാണ് മലയാളി സംഘടകളുടെ ഇടപെടലിന്റെ ആവശ്യകത ഉത്ഭവിക്കുന്നത്. വിവിധ സർക്കാരുകളിൽ സമ്മർദ്ദം ചെലുത്താൻ സംഘടനാ നേതാക്കൾക്ക് കഴിയണം. സംഘടനകളുടെ വലിപ്പ ചെറുപ്പത്തിനപ്പുറം ദുരിതബാധിതരുടെ അർഹമായ ആവശ്യങ്ങൾ നേടിയെടുക്കാനുള്ള ഉറച്ച ബോധ്യത്തോടെയുള്ള കൂട്ടായ്മയാണ് വേണ്ടത്. ബെംഗളൂരുവിലെ വിവിധ സംഘടനകളുടെ ശക്തി ദൗർബലങ്ങൾക്കപ്പുറത്തു കാര്യങ്ങൾ നേടിയെടുക്കാനുള്ള ഇച്ഛാശക്തി പ്രകടിപ്പിക്കേണ്ട അവസരമാണിത്.

മഹാമാരിയുടെ വിധിയിൽ പെട്ട് ഉഴലുന്നവർക്കു ആശ്വാസം പകരേണ്ട നോർക്ക – ലോക കേരള സഭ സംവിധാനങ്ങൾ അവസരത്തിനുയർന്നു മലയാളിയെ ചേർത്ത് പിടിക്കേണ്ടതും അവരുടെ കണ്ണീരൊപ്പാൻ വേണ്ടതു ചെയ്യണ്ടതും ഈ സമയത്തു തന്നെയാണെന്നതിൽ സംശയമില്ല.

ലോകത്തിലെ വിവിധ രാജ്യങ്ങളിൽ മലയാളികൾ തൊഴിലിനും ജീവനോപാധികൾക്കും വേണ്ടി കുടിയേറി പാർത്തിട്ടുണ്ട്. അവിടങ്ങളിലെല്ലാം കോവിഡ് ബാധിച്ചു മലയാളികൾ മരണപ്പെട്ടിട്ടുമുണ്ട്. ആയതുകൊണ്ട് ഒരു മലയാളി സ്വത്വവും ഐഡന്റിറ്റിയും കണക്കിലെടുത്തുകൊണ്ട് ദുരിതമനുഭവിക്കുന്നവരെ സഹായിക്കുക എന്ന ലക്‌ഷ്യം മുൻനിറുത്തിയുള്ള പ്രവർത്തനങ്ങളാണ് ഉണ്ടാകേണ്ടത്. കേന്ദ്ര സംസ്ഥാന സർക്കാരുടെ ഫലപ്രദമായ ശ്രദ്ധയും ഇടപെടലും ഈ വിഷയത്തിൽ ലഭ്യമാക്കൻ പ്രവാസികളെ പ്രതിനിധികരിക്കുന്ന സർക്കാർ സംവിധാനങ്ങൾ, സംഘടനകൾ, പ്രമുഖ പ്രവാസി വ്യക്തിത്വങ്ങൾ എന്നിവർ കൂട്ടായി പരിശ്രമിക്കണം. കോവിഡ് പ്രതിസന്ധിയിൽ ഈ കാലഘട്ടം ആവശ്യപ്പെടുന്നതും ഇതുതന്നെയാണ്.

-ജോമോൻ സ്റ്റീഫൻ

വായനക്കാരുടെ പ്രതികരണങ്ങളും നിര്‍ദേശങ്ങളും ക്ഷണിക്കുന്നു. 8884227444 എന്ന വാട്സ് ആപ്പ് നമ്പറിലോ newsdesk@newsbengaluru.com എന്ന മെയിലിലോ അയക്കാം 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.