Follow the News Bengaluru channel on WhatsApp

വര്‍ഗീയവാദികള്‍ക്കെതിരെ കല്ലെറിയുന്ന മാലിക്

‘പോലീസുണ്ടാക്കിയ ലഹള, അല്ലാതെ ക്രിസ്ത്യാനികളും മുസ്ലിംങ്ങളും തമ്മിലൊരു ലഹളയില്ല‘ -മാലിക് എന്ന സിനിമയില്‍ ഫഹദിന്റെ കഥാപാത്രം പറയുന്ന ഈ ഒരൊറ്റ സംഭാഷണത്തില്‍ തന്നെ സിനിമ പറയുന്നതെല്ലാമുണ്ട്.

സുലൈമാന്‍ അലി എന്ന അലീക്ക ആയി ഫഹദ്, റോസ്ലിന്‍ ആയി നിമിഷ,ഡേവിഡ് ആയി വിനയ് ഫോര്‍ട്ട്, ദിലീഷ് പോത്തന്‍, ജോജു ജോര്‍ജ്, ഡേവിഡിന്റെ മകന്‍ കഥാപാത്രം ഫ്രഡ്ഡി ആയി സനല്‍ അമന്‍, ദിവ്യ പ്രഭ, ജലജ, ഇന്ദ്രന്‍സ് അങ്ങനെ ഓരോ അഭിനേതാക്കളും വിസ്മയിപ്പിക്കുന്ന പ്രകടനമാണ് മാലിക്കില്‍ കാഴ്ച വച്ചത്. സമകാലിക മലയാളസിനിമയിലെ സാഹസികത അതിന്റെ മികച്ച അര്‍ഥത്തില്‍ തന്നെ ഉള്‍ക്കൊണ്ടിട്ടുള്ള മാലിക് സംവിധാനം ചെയ്തത് മഹേഷ് നാരായണനാണ്. സംവിധായകന്‍ തന്നെ എഴുത്തുകാരനും എഡിറ്ററും ആയപ്പോള്‍ ഉണ്ടായ ഒരു പ്രത്യേക ഭംഗി സിനിമയില്‍ മുഴുവന്‍ ഉണ്ട്. ഛായാഗ്രഹണം, വിഷ്വല്‍ എഫക്ട്‌സ്,പശ്ചാത്തല സംഗീതം തുടങ്ങി എല്ലാം കൊണ്ടും മികച്ചു നില്‍ക്കുന്ന ഒരു സിനിമ.

തീരദേശ പ്രദേശമായ റമദാപള്ളിക്കാരുടെ ‘രക്ഷകനാ’യ അഹമ്മദലി സുലൈമാന്റെയും അയാളുടെ ചുറ്റുമുള്ളവരുടെയും കഥയാണ് സിനിമ പറയുന്നത്.2009 ല്‍ ബീമാപള്ളിയില്‍ നടന്ന വെടിവെപ്പിനോട് സാദൃശ്യം തോന്നുന്ന കഥാപശ്ചാത്തലം. അത്തരം സംഭവങ്ങള്‍ക്ക് ഇന്നത്തെ സാമൂഹിക രാഷ്ട്രീയ സാഹചര്യത്തില്‍ ഉള്ള വലിയ പ്രാധാന്യവും സിനിമ പറയുന്നു. ബീമാപള്ളി വെടിവെപ്പില്‍ 6 പേര്‍ മരിക്കുകയും 50 ഓളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു മലയാളി സൗകര്യപൂര്‍വ്വം മറന്ന ഈ ഭരണകൂട ഭീകരത വളരെ തന്ത്രപൂര്‍വ്വം വീണ്ടും ഓര്‍മിപ്പിക്കുകയാണ് സംവിധായകന്‍.

ഈ സിനിമയിലെ മുസ്ലിം വിരുദ്ധത എടുത്തു പറഞ്ഞ് അതിലും വര്‍ഗീയതയുടെ രസം കലര്‍ത്താന്‍ ശ്രമിക്കുന്നുണ്ട് ചിലര്‍. അതിനൊക്കെ ഉള്ള ഉത്തരം സിനിമ തന്നെ പറഞ്ഞു തീര്‍ക്കുന്നുണ്ട്. ഒരു വിഭാഗത്തെ ഒന്നടങ്കം സിനിമ പ്രതിക്കൂട്ടില്‍ നിര്‍ത്തുന്നതായി തോന്നിയിട്ടില്ല. അതായത് മുസ്ലിങ്ങളെ മുഴുവന്‍, ക്രിസ്ത്യാനികളെ മുഴുവന്‍, പോലീസുകാരെ മുഴുവന്‍ അടച്ചാക്ഷേപിക്കുന്നതായിട്ട് സിനിമയില്‍ കാണാന്‍ കഴിഞ്ഞിട്ടില്ല. എല്ലാ വിഭാഗത്തിലും ചിലരുണ്ടാകും ചിന്താശേഷിയില്ലാത്ത മനുഷ്യരുടെ ബൗദ്ധികനിലവാരം എപ്പൊഴും താഴ്ന്നു തന്നെ ഇരിക്കാന്‍ ആഗ്രഹിക്കുന്നവര്‍. മുതലെടുപ്പ് തന്ത്രങ്ങള്‍ അവരിലൂടെയെ സാധ്യമാകൂ എന്ന് കൃത്യമായി അറിയുന്നവര്‍.

ഈ സിനിമ കണ്ടു കഴിഞ്ഞപ്പോള്‍ മനസിലേക്കെത്തിയത് ബീമാപള്ളി മാത്രം അല്ല. ഈ ലോകത്തിന്റെ പല ഭാഗങ്ങളായി നടക്കുന്ന തര്‍ക്കങ്ങളും കലാപങ്ങളും യുദ്ധങ്ങളുമാണ്.കാലങ്ങളായി നടക്കുന്ന ഇസ്രയേല്‍ പാലസ്തീന്‍ പ്രശ്‌നം, രാജ്യങ്ങള്‍ തമ്മിലുള്ള പ്രശ്‌നങ്ങള്‍ ഇതൊക്കെ മാലിക് കഥ പറയുന്ന കോണില്‍ക്കൂടി ഒന്നു കണ്ടു നോക്കി. കലാപങ്ങളും വര്‍ഗീയ ലഹളകളും ഒരിക്കലും അണയാതെ കത്തിക്കൊണ്ടേയിരിക്കേണ്ടത് ചിലരുടെ അധികാരവും സമ്പത്തും പ്രിവിലേജും നിലനില്‍ക്കേണ്ടുന്നതിന്റെ ഭാഗമാണ്.ഇന്നത്തെ കോര്‍പ്പറേറ്റ്, ഭരണകൂട, രാഷ്ട്രീയ, സാമ്രാജ്യത്വ ശക്തികളുടെ ക്രൂരതയുടെയും അവരുടെ കൂട്ട് പിടിച്ച് സ്വാര്‍ഥലാഭം കൊയ്യാന്‍ നടക്കുന്നവരുടെയും നമുക്കിടയിലുള്ള പ്രതിനിധികളായി ഒരുപാട് കഥാപാത്രങ്ങളുണ്ട് ഈ സിനിമയില്‍. അവരെല്ലാം ഒരു മതത്തില്‍പെട്ടവരല്ല, ഒരു പ്രത്യേക ജോലിചെയ്യുന്നവരല്ല, അത്തരക്കാര്‍ നമുക്ക് ചുറ്റും പല രൂപങ്ങളിലും വേഷങ്ങളിലുമുണ്ടെന്നാണ് സിനിമ പറയുന്നത്. ഒറ്റുകാരുടെ കുടിലതകളോട് ശക്തമായി എതിര്‍ക്കാന്‍ ശ്രമിക്കുന്നുണ്ട് സുലൈമാന്‍. മുതലെടുപ്പുകാര്‍ ലാഭത്തിനും അധികാരത്തിനും വേണ്ടി സമൂഹത്തില്‍ വിഭാഗീയത സൃഷ്ടിച്ച് കലാപങ്ങളുണ്ടാക്കുക എന്ന തങ്ങളുടെ തന്ത്രങ്ങള്‍ നടപ്പിലാക്കാനായി തെരഞ്ഞെടുക്കുന്ന വ്യക്തികളുടെ പ്രത്യേകമായിട്ടുള്ള ചില സ്വഭാവങ്ങളും സിനിമ കാണിക്കുന്നുണ്ട്. അവര്‍ക്ക് എന്താണ് ഇവിടെ നടക്കുന്നത്, തങ്ങള്‍ കരുവാക്കപ്പെടുകയാണോ എന്ന് വിവേകപൂര്‍വം ചിന്തിച്ചു തീരുമാനമെടുക്കാനുള്ള ബൗദ്ധിക നിലവാരം ഉണ്ടാവില്ല. അതുകൊണ്ട് തന്നെ ബൗദ്ധിക ശേഷി കുറഞ്ഞ മനുഷ്യര്‍ ഉണ്ടാവേണ്ടത് കോര്‍പറേറ്റ് ശക്തികളുടെയും കപടരാഷ്ട്രീയക്കാരുടെയും ഒക്കെ ആവശ്യമാണ്.

വ്യത്യസ്ത മതവിഭാഗങ്ങള്‍ താമസിക്കുന്ന കടലോര പ്രദേശമായ റമദാപള്ളിയിലെ ജനങ്ങളുടെയാകെ വിശ്വാസ്യത നേടി അവരുടെ ‘ഡോണ്‍’ ആയി മാറുന്ന സുലൈമാന്റെ സമ്പാദ്യം ആരംഭിക്കുന്നത് ചെറിയ കള്ളക്കടത്തുകളിലൂടെയും മോഷണങ്ങളിലൂടെയും ആണ്. അങ്ങനെ ഒരു ഗ്യാങ്സ്റ്റര്‍ ആയിട്ട് കൂടി അയാള്‍ നാട്ടുകാര്‍ക്ക് പ്രിയപ്പെട്ട അലീക്ക ആയി മാറുന്നത് അയാളുടെ ആവശ്യങ്ങളെല്ലാം ആ നാടിന്റ കൂടി ആവശ്യങ്ങളായിരുന്നതു കൊണ്ടാണ്. അതിഭാവുകത്വങ്ങളും ഹീറോയിസം പ്രദര്‍ശിപ്പിക്കുന്നതിന്റെ അതിപ്രസരവും സ്ലോ മോഷനില്‍ മാസ് ബിജിയെമ്മോടുകൂടിയുള്ള നടത്തവും ഓട്ടവും അതിനാടകീയതകളും മാസ് സീനുകളും മാസ് ഡയലോഗുകളും ഒന്നും ഇല്ലാതെ സാമാന്യ ജനങ്ങളുടെ ഇടയില്‍ നിന്നുകൊണ്ട് അവരെയും കൂടെക്കൂട്ടിക്കൊണ്ട് ഒരു പൊളിറ്റിക്കല്‍ ആക്ഷന്‍ ത്രില്ലര്‍ ഒരുക്കുക ശ്രമകരമായ ജോലി തന്നെയാണ്. പ്രേക്ഷകനും അതിലൊരു കഥാപാത്രമാണെന്ന് തോന്നിക്കും വിധം ഓരോ നിമിഷവും നമ്മുടെ ശ്രദ്ധയെ കഥാപാത്രങ്ങളിലേക്കും സിനിമയിലേക്കും ദൃഢമായി പിടിച്ചു നിര്‍ത്തുന്നു.

മഹേഷ്‌ നാരായണന്‍

ഫഹദ്, നിമിഷ, വിനയ് ഫോര്‍ട്ട്, ദിലീഷ് പോത്തന്‍ അങ്ങനെ ഓരോരുത്തരുടെയും ക്യാരക്ടര്‍ ഡെവലപ്മെന്റ് വളരെ ആകര്‍ഷകമായിട്ടാണ് തോന്നിയത്.പതിവില്‍ നിന്നും വ്യത്യസ്തമായിട്ടുള്ള ഒരു രീതി. അവരുടെ കൂടെ നമ്മളും ഉണ്ടെന്ന് തോന്നിപ്പിക്കും വിധം, നാടകീയതയുടെ അതിപ്രസരങ്ങളില്ലാതെ വളരെ സ്വാഭാവികമായിട്ടുള്ള കഥാപാത്രവികാസങ്ങള്‍. ഫഹദില്‍ നിന്നും നിമിഷയില്‍ നിന്നും മികച്ചത് തന്നെ പ്രതീക്ഷിച്ചിരുന്നു. ഇരുവരും നമ്മുടെ സമൂഹത്തിന്റെ സൗന്ദര്യ സങ്കല്‍പങ്ങള്‍ അപ്പാടെ ഒഴുക്കിക്കളഞ്ഞ അഭിനേതാക്കളാണ്. നമ്മുടെയുള്ളിലെ കോണ്‍ഫിഡന്‍സ് ആണ് സൗന്ദര്യം എന്ന് ബോധ്യപ്പെടുത്തിത്തന്നവര്‍.നിമിഷ സജയന്‍ എന്ന നടി ഓരോ സിനിമയിലും തന്റെ ശക്തമായ സാന്നിധ്യം അടയാളപ്പെടുത്തിയും അഭിനയ മികവ് തെളിയിച്ചും അദ്ഭുതപ്പെടുത്തുന്നു.

രണ്ടേ മുക്കാല്‍ മണിക്കൂറില്‍ പിടിച്ചു നിര്‍ത്തേണ്ടുന്നതിനപ്പുറം പറയാനുണ്ടായിരുന്നു മാലികിന് എന്ന് തോന്നി. പക്ഷെ നമ്മള്‍ ഇതുവരെ കണ്ട ഗ്യാങ്സ്റ്റര്‍ പടങ്ങളില്‍ നിന്നും മാലിക് ഉണ്ടാക്കുന്ന മാറ്റം അതിഭാവുകത്വങ്ങളില്ലാത്ത കഥാപാത്രവികാസവും അവതരണവും തന്നെയാണ്.അലീക്ക പകര്‍ന്നു കൊടുത്ത ധൈര്യവും ശരിയും ഡേവിഡിന്റെ മകന്‍ ഫ്രഡ്ഡിയില്‍ ഉണ്ടാക്കിയത് മതത്തിന്റെ പേരില്‍ കലാപങ്ങളുണ്ടാക്കാന്‍ സാമാന്യ ജനങ്ങളോട് ആഹ്വാനം ചെയ്ത് അവരെ തമ്മിലടിപ്പിച്ച്, അതിലൂടെ നേട്ടങ്ങള്‍ കൊയ്യാന്‍ നടക്കുന്നവര്‍ ശക്തമായി ഏതിര്‍ക്കപ്പെടണം എന്ന ബോധ്യമാണ്. അതാണ് മാലിക് പ്രേക്ഷകര്‍ക്കും നല്‍കുന്നത് എന്ന് വിശ്വസിക്കുന്നു.

-ഡോ. കീര്‍ത്തി പ്രഭ 

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.