Follow the News Bengaluru channel on WhatsApp

വിഫലമീ യാത്ര

അനുഭവ നര്‍മ്മ നക്ഷത്രങ്ങള്‍-സതീഷ് തോട്ടശ്ശേരി


അന്തോണി ചേട്ടന്‍ മണ്ണിന്റെ മകനാണ്. തീയില്‍ മുളച്ചവന്‍. വെയിലില്‍ വാടാത്തവന്‍. മഴയില്‍ കുതിരാത്തവന്‍. അധ്വാനം കൊണ്ട് മണ്ണിനെ പൊന്നാക്കുന്നവന്‍. സ്‌നേഹം കൊണ്ട് കെട്ടിയ പെണ്ണിനെ റാണിയാക്കുന്നവന്‍. കട്ടിലപൂവത്തിന്റെ കര്‍ഷകശിരോമണി.

വെള്ളിയാഴ്ച കൊച്ചു വെളുപ്പാന്‍ കാലത്ത് കട്ടനും അടിച്ചിരുന്നപ്പോള്‍ ചിന്തകള്‍ കാടുകയറി. കുണ്ടുകാട് കട്ടിലപൂവ്വത്തേക്കു കുടിയേറിയത് ഇന്നലെയെന്ന പോലെ തോന്നി. ഒന്നരയേക്കര്‍ പുരയിടത്തില്‍ കപ്പയും കൂര്‍ക്കയും പച്ചക്കറിയും വിളയിച്ചു പത്തു വര്‍ഷത്തെ സമ്പാദ്യം കൊണ്ട് പുര നിറഞ്ഞു കവിഞ്ഞു നില്‍ക്കുന്ന ത്രേസ്യ കൊച്ചിനെ ആണൊരുത്തന്റെ കൂടെ പറഞ്ഞുവിടാന്‍ എല്ലാ തയ്യാറെടുപ്പുകളും നടത്തി പയ്യനെ തപ്പിക്കൊണ്ടിരിക്കുകയാണ്. വെള്ളിയാഴ്ച രാത്രി പത്തു മണിക്ക് കഞ്ഞിയും, കപ്പ പുഴുക്കും ഫുള്‍ വയറടിച്ചു വണ്ടി വിട്ടാല്‍ അതികാലത്തുനേരം പരാ പരാ വെളുക്കുമ്പോള്‍ തൃശൂര്‍ അങ്ങാടിയിലെത്താം.

വിളവെടുത്ത കപ്പ മൂരിവണ്ടിയില്‍ കയറ്റി അന്തോണി ചേട്ടനെ യാത്രയാക്കി പാത്രങ്ങളെല്ലം മോറി വെച്ചിട്ടേ ഭാര്യ ചാട്ടക്കാര് വീട്ടില്‍ കുഞ്ഞന്നം കുരിശുവരച്ചു കിടക്കൂ. അന്നും രാത്രി പത്തടിച്ചപ്പോള്‍ പതിവുപോലെ കട്ടിലപൂവത്തുനിന്നും അന്തോണി ചേട്ടന്‍ വണ്ടി വിട്ടു. ഇനി ശനിയാഴ്ച വൈകീട്ടേ തിരിച്ചെത്തൂ. കപ്പ വിറ്റ കാശില്‍ നിന്നും പലചരക്കും പച്ചക്കറിയും ബീവറേജില്‍ നിന്നും ഒരാഴ്ചത്തേക്കുള്ള സ്മാളും വാങ്ങിയിട്ടേ തൃശൂരില്‍ നിന്നും റിട്ടേണ്‍ അടിക്കൂ. ഇത്തവണത്തെ വരവില്‍ ത്രേസ്യ കൊച്ചിന് ജോയ് ആലുക്കാസില്‍ നിന്നും ഒരു പവന്റെ മാല കൂടി വാങ്ങാനുള്ള പ്ലാനുണ്ടായിരുന്നു.

കുഞ്ഞന്നം വളരെ പൊസ്സസ്സീവ് ആയ സെന്‍സിറ്റീവ് ചേടത്തിയാരാണ്. അന്തോണി ചേട്ടനോടുള്ള അദമ്യവും അനിര്‍വചനീയവുമായ അഭിനിവേശം മൂന്നു കൊല്ലകാലത്തെ ചുട്ട പ്രണയത്തിനും തദനന്തരം വിവാഹത്തിനും വഴിമാറിക്കൊടുത്തു. ചാട്ടക്കാര് വീട്ടില്‍ എന്ന വീട്ടുപേര് പൂര്‍വ്വികര്‍ അറിഞ്ഞു നല്‍കിയ പേരാണെന്ന് തോന്നും. കുടുംബക്കാരെല്ലാം തന്നെ ക്ഷിപ്രകോപികള്‍. ചേടത്തിയാരുടെ മൂക്കിന്‍ തുമ്പത്തു നിന്നും എപ്പോള്‍ വേണമെങ്കിലും ചാടാന്‍ പാകത്തില്‍ ദുര്‍വാസാവ് വെടി ശബ്ദം കാതോര്‍ത്തിരിപ്പാണ്.

കുഞ്ഞന്നത്തിന്റെ കല്‍പ്പനകള്‍ അനുസരിക്കാന്‍ താമസിക്കുക, കറിക്കരിയുമ്പോള്‍ പച്ചക്കറി പലവലുപ്പത്തിലാവുക, അടിച്ചുവാരുമ്പോള്‍ മുക്കും മൂലയും ചേരാതെ വരിക, വലിച്ചു വാരി ഭക്ഷണം കഴിക്കുക, കൈ കഴുകാതെ ഉടുമുണ്ടില്‍ തുടക്കുക തുടങ്ങിയ അന്തോണി ചേട്ടന്റെ അക്ഷന്തവ്യമായ വീഴ്ചകള്‍ കണ്ടാല്‍ ഇന്‍സ്റ്റന്റ് ആയി ദുര്‍വാസാവ് ചാടിയിറങ്ങിവെളിച്ചപ്പെടും. പിന്നെ എന്താണെന്നുവെച്ചാല്‍ മുണ്ടും ചട്ടയും ഇട്ട ചേടത്തിയുടെ കത്തുന്ന ലാസ്യ ലാവണ്യ സൗന്ദര്യം എന്നും ചേട്ടന്റെ ദൗര്‍ബല്യമായിരുന്നു. ചേടത്തിയാരുടെ രൗദ്രശൃംഗാര ശോക രസങ്ങളിലേക്കുള്ള ധൃതപരകായ പ്രവേശം പ്രണയ കാലം തൊട്ടേ അന്തോണി ചേട്ടന് ചിരപരിചിതമായതിനാല്‍ ജീവിതം സ്‌നേഹ സുരഭിലമായിരുന്നു.

കുഞ്ഞന്നവുമായുള്ള സൗന്ദര്യ പിണക്കങ്ങള്‍ ഇതേവരെ ഒരു രാക്കിടപ്പിനപ്പുറം പോയിട്ടില്ല. ദേഷ്യം വരുമ്പോള്‍ മനുഷ്യ, ജന്തു, ഭരതനന്തോണി എന്നൊക്കെ അഭി സംബോധന ചെയ്യുമെങ്കിലും സ്‌നേഹമുള്ളവളാണ്. മകളെ കൊണ്ട് കൂടുതല്‍ പണിയൊന്നും ചെയ്യിക്കില്ല. കുഞ്ഞന്നവുമായുള്ള സന്തുഷ്ട ദാമ്പത്യവും മകളുടെ പെട്ടെന്നുള്ള വളര്‍ച്ചയും അങ്ങിനെ പല പല കാര്യങ്ങള്‍ ആലോചിച്ചും ഭാവിയില്‍ ത്രേസ്സ്യ കൊച്ചിന്റെ മിന്നുകെട്ടും, അവള്‍ക്കുണ്ടാകുന്ന കൊച്ച് പല്ലില്ലാത്ത മോണ കാട്ടി തന്നെ അപ്പൂപ്പാന്നു വിളിക്കുന്നതുമായ മധുര സ്വപ്നങ്ങള്‍ കണ്ട് അറിയാതെ നിദ്ര പൂകി.

അപ്പോള്‍ വണ്ടി കുണുങ്ങി കുണുങ്ങി രാമവര്‍മ്മപുരം റേഡിയോ സ്റ്റേഷന്റെ അംബരചുംബിയായ ഭീമന്‍ ആന്റിന സ്തംഭം പിന്നിട്ടിരുന്നു. പിന്നീട് എപ്പോഴോ ഞെട്ടി ഉണര്‍ന്നപ്പോള്‍ കിഴക്കുവെള്ള കീറാന്‍ തുടങ്ങിയിരുന്നു. വണ്ടി പുറപ്പെട്ട സ്ഥലത്തു തന്നെ വീട്ടിലെകശുമാങ്ങ മരച്ചോട്ടില്‍ നിക്കുന്നു. വെള്ള കാളക്കുട്ടന്മാര് ഞാനൊന്നുമറിഞ്ഞില്ലേ രാമനാരായണ എന്ന മട്ടില്‍ അയവെട്ടികൊണ്ട് നിക്കുന്നു. ഒരു നിമിഷം അന്തോണി ചേട്ടന്‍ ഇതികര്‍ത്തവ്യതാമൂഢനായി.

സംഭവം ഇന്‍വെസ്റ്റിഗേറ്റ് ചെയ്ത ശേഷം, മുത്തശ്ശന്റെ തനതു ഭാഷ കടമെടുത്തു ഡ്രൈവര്‍ ശശി പറഞ്ഞത് വണ്ടി ചേറൂര് എത്തിയപ്പോള്‍ ഏതോ പതനംപെഴ കമ്മാളന്റെ മക്കള്‍ മൂരികളുടെ മൂക്കുകയര്‍ പിടിച്ചു വണ്ടി വന്നതിന്റെ എതിര്‍ ദിശയിലേക്കു തിരിച്ചുവിട്ടു എന്നാണ്..🟢


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.