Follow the News Bengaluru channel on WhatsApp

സഫാരി രാധേട്ടയും ഷിവാസ് റീഗലും

അനുഭവ നര്‍മ്മ നക്ഷത്രങ്ങള്‍-സതീഷ് തോട്ടശ്ശേരി


രാധേട്ട. പടിക്കലെ വീട്ടിലെ ശിങ്കം. എക്സ് മിലിറ്ററി. പൊള്ളക്കണ്ണൻ. ജയ് ജവാൻ. പട്ടാള സേവാനന്തരം തൃശൂർ ബറോഡ ബാങ്കിന്റെ പച്ചമാരുതി ജിപ്സിയുടെ അതി ശീഘ്രസാരഥി. ബാങ്കിന്റെ ശാഖോപ ശാഖകളിലേക്കു വെടിയുണ്ട വേഗത്തിൽ വണ്ടി പായിക്കുന്ന സഫാരി വസ്ത്ര ധാരി. ശീത കണ്ണാടി ധരൻ. ചടുപിടു സംസാരൻ. കാളത്തോടിന്റെ കണ്ണിലുണ്ണി.

എന്റെ ട്രൗസർ കുട്ടിക്കാലത്ത്‌, ഒരു ബസ് യാത്രയിൽ കുട്ടിവാള് കൈകുമ്പിളിൽ ഏറ്റുവാങ്ങി പുറത്തേക്കു കളഞ്ഞ കഥ കേട്ടാണ് എന്നിൽ ശിങ്കത്തിനോടുള്ള ആരാധന തുടങ്ങുന്നത്. പിന്നെ അയിലൂർ വേലക്ക്‌ ആനപ്പുറത്തു കയറി വെഞ്ചാമരം വീശുന്നത് കണ്ടപ്പോൾ, തലയിൽ വട്ടക്കെട്ട്  കെട്ടിയ തോർത്തഴിച്ചു വീശി പഞ്ച വാദ്യത്തിനു ഹരം പകർന്നപ്പോൾ എല്ലാം അത് കൂടി കൂടി വന്നു. ചൂണ്ടു വിരലിനും നടുവിരലിനും ഇടയ്ക്കു സിസ്സർ ഫിറ്റു ചെയ്തു തള്ള വിരലും ചൂണ്ടുവിരലും വൃത്താകൃതിയിലാക്കി മുകളിൽ കൂടിയുള്ള പുകവലി ആശാന്റെ സ്ഥിരം ശൈലിയായിരുന്നു. ആളും തരവും നോക്കി പട്ടാള പുളുകൾ വിടുന്നതിൽ അഗ്രഗണ്യനായിരുന്നു. ഞങ്ങൾ പിള്ളേരോട് നടത്തിയ പല പുളു കഥാകാലക്ഷേപങ്ങളിൽ ഒന്ന് ഡിലീറ്റ് ചെയ്യാതെ ബിന്നിൽ കിടപ്പുണ്ടായിരുന്നു. അത് മാത്രം ഇപ്പോൾ തൽക്കാലം റെസ്റ്റോർ ചെയ്യാം.

അദ്ദേഹം ജാംനഗറിൽ ശക്തിമാൻ പട്ടാള വണ്ടിയുടെ വളയം പിടിക്കുന്ന കാലം. അവിവാഹിതൻ. ബ്രിഗേഡിയറിന്റെ ഇഷ്ട തോഴൻ. ഒരിക്കൽ ബ്രിഗേഡിയർ സാബുമൊത്തു ഒരു പുലിവേട്ടക്ക് കോപ്പു കൂട്ടി ഗീർ വനത്തിൽ പോയി. പോണ വഴിക്ക് കുറെ പാവം മുയലുകളെയും കാട്ടുകോഴികളെയും എല്ലാം നിഷ്കരുണം വെടി വെച്ച് കൊന്നു. നേരം മോന്തി ആയപ്പോഴാണ് കാട്ടിൽ വഴി തെറ്റിയ വിവരം അറിയുന്നത്. രാത്രി കൂറ്റാ കൂരിരുട്ട്‌. അടുത്തുള്ളതൊന്നും കാണാൻ പറ്റാത്ത അവസ്ഥ. ചീവീടുകളുടെ ഒച്ച മാത്രം. പുലി, സിംഹം എന്നിവയുടെ ഗർജ്ജനം വിദൂരതയിൽ നിന്നും അവ്യക്തമായി കേൾക്കാം. അർദ്ധ രാത്രിയും ഹെർക്യൂലീസിന്റെ ഹെലൻ കൂത്തുമായപ്പോൾ എവിടെയെങ്കിലും ഫ്ലാറ്റായാൽ മതി എന്ന നിലയിലായി രണ്ടുപേരും.

സാബിനെ ഉറങ്ങാൻ വിട്ട് കഥാപുരുഷൻ ഒരു സിസ്സേറിനു തീ കൊളുത്തി രണ്ട്‌ ദം എടുത്തപ്പോഴാണ് അത് സംഭവിച്ചത്.രണ്ടു തീ ഗോളങ്ങൾ അവരുടെ നേർക്ക് വരുന്നു. ഉണക്കിലകൾ ഞെരിഞ്ഞമരുന്ന ശബ്ദം അടുത്ത് വരുന്നു. പുലിതന്നെ. സാബിനെ കുലുക്കി വിളിച്ചു. റൈഫിൾ എടുത്ത്‌ ഉന്നം പിടിച്ചു. കാഞ്ചി വലിച്ചു. ഉന്നം തെറ്റി മരത്തിന്റെ മുകളിലിരുന്ന് ഉറങ്ങിയിരുന്ന ഏതോ പക്ഷി ചിറകടിച്ചു നിലത്തു വീണു. പുലി അടുത്തെത്തി. പോക്കറ്റിൽ തപ്പിയപ്പോൾ ഉണ്ട കാലി. പിന്നെ ഒന്നും നോക്കിയില്ല
മേലേക്ക് ചാടിയ പുലിയുടെ കണ്ണിലേക്കു അടുത്തിരുന്ന കൂർത്ത വടിയെടുത്തു ഒറ്റ കുത്ത്‌..പുലി ജീവനുംകൊണ്ടോടിയത്രേ. കഥ കഴിഞ്ഞ സമാധാനത്തിൽ കേശവൻ മൂക്കിന് താഴെയെത്തിയ സാധനം വീണ്ടും വലിച്ചുള്ളിലാക്കി എണീറ്റപ്പോൾ രാധേട്ട കഥ കഴിഞ്ഞിട്ടില്ലെന്ന് പറഞ്ഞു അവന്റെ ചെവിയിൽ പിടിച്ചു് ഇരുത്തി. കഥയുടെ രണ്ടാംഭാഗം തുടങ്ങി.

കാലങ്ങൾക്കു ശേഷം വീണ്ടും രണ്ടുപേരും അതേ സ്പോട്ടിലെത്തുന്നു. ഹെർക്കുലീസും മുയലിറച്ചിയും ആവർത്തിച്ച് കാത്തിരുന്നു. ഇരുട്ടിൽ ഒരു ഒറ്റ തീഗോളം. അന്ന് ഒരു കണ്ണ് കുത്തിപ്പൊട്ടിച്ച അതേ പുലി. പോയിന്റ് ബ്ലാങ്കിലായ കാരണം തോക്കെടുക്കാൻ നിന്നാൽ പുലി ചാടി കഴുത്തിൽ പിടിക്കും. പെട്ടെന്ന് രാധേട്ടയുടെ തലയിൽ ഒരു ലഡ്ഡു പൊട്ടിയത്രേ. ഇടത്തെ കയ്യിലെ ചൂണ്ടാണി വിരൽ നീട്ടി വലത്തെ കൈ കൊണ്ട് പീശാങ്കത്തി കൊണ്ട് മൂർച്ച കൂട്ടുന്നത് പോലെ ഒരു മരണ മാസ്സ് ആക്ഷൻ. പുലി അയ്യോ… ന്നു കരഞ്ഞോണ്ട് ഓടിയത്രേ. ഞങ്ങൾ പിള്ളേർക്ക് അടക്കിപ്പിടിച്ച ശ്വാസം നേരെ വീണത് അപ്പോഴാണ്.

ഞങ്ങൾക്ക് വിവരം വെച്ചതിനു ശേഷം വേറൊരു വിമുക്ത ഭടൻ ഇതേ അനുഭവം പങ്കുവെച്ചപ്പോഴാണ് എല്ലാ എക്സ് മിലിട്ടറികാരുടേയും മാസ്റ്റർപീസാണ് ഈ കഥ എന്ന കാര്യം പിടുത്തം കിട്ടിയത്. കഥാ പുരുഷൻ ബാങ്കിൽ ജോലി ചെയ്യുമ്പോഴാണ് കഥയല്ലാത്ത സംഭവം നടക്കുന്നത്. ബാങ്ക് വണ്ടി ഓടിക്കുന്നത് ജെറ്റ് വേഗത്തിലാണ് എന്നത് സ്ഥലത്തെ എല്ലാ ട്രാഫിക് പോലീസുകാർക്കും അറിയാം. ഹിമാലയ സാനുക്കളിലും, രാജസ്ഥാൻ മരുഭൂമിയിലും, ലഡാക്ക് കുന്നുകളിലും ശക്തിമാൻ പറപ്പിച്ച മൂപ്പർക്ക് ബാങ്കിന്റെ ജിപ്സി ഓടിക്കുന്നത് ലെയ്ലാൻഡ് ലോറി ഓടിക്കുന്ന പാണ്ടി പ്രീമിയർ പദ്മിനി ഓടിക്കുന്നതു പോലെയായിരുന്നു.

ഒരിക്കൽ ഒരു പോലീസുകാരൻ അമിത വേഗത്തിനു പിടിച്ചപ്പോൾ പോക്കെറ്റിൽ നിന്നും മിലിട്ടറി ഐ ഡി എടുത്തു വീശി ഒറ്റ ഡയലോഗാണ്. “ഐ ആം ബ്രിഗേഡിയർ രാധാകൃഷ്ണൻ റിട്ടയേഡ്. അതിൽ പിന്നെ ആ വണ്ടി കാണുന്ന എല്ലാ പോലീസുകാരും അറ്റെൻഷനിൽ നിന്ന് സലൂട്ടടിക്കുമായിരുന്നു.

അദ്ദേഹത്തിന്റെയും കഥാകാരന്റെ അച്ഛന്റെയും ബാല്യകാല സഖാവ് സാക്ഷാൽ തോശരാശപ്പൻ ദുബായിൽ നിന്നും തൃശൂരിൽ ലാൻഡ് ചെയ്തു. എലൈറ്റ് ഇന്റർനാഷനിൽ തങ്ങുന്നു. രണ്ടു ഗഡികളുമായും ബന്ധപ്പെടുന്നു. കഥാപുരുഷൻ ഔട്ട് ഓഫ് സ്റ്റേഷൻ ആണ്. അവർക്കുള്ള ഓരോ ഷീവാസ്‌ റീഗൽ കുപ്പികളുമായാണ് തോശയുടെ വരവ്.

കൂടുതൽ നേരം തങ്ങാൻ നിര്വ്വാഹമില്ലാത്തതിനാൽ രാധേട്ടക്കുള്ള കുപ്പിയും കൂടെ അച്ഛൻ വീട്ടിലേക്കു കൊണ്ടുവന്നു. ബാങ്കിന്റെ താഴത്തെ നിലയിലാണ് എന്റെ കൂടെ പഠിച്ചിരുന്ന ബസ്സു മുതലാളി ദിനേഷ്‌ പട്ടരുടെ തുണിക്കട. കോളേജ് വിട്ടാൽ അവൻ അവിടെ കുറച്ചുനേരം ഇരുന്നിട്ടേ വീട്ടിൽ പോകാറുള്ളൂ.ഒരു ദിവസം സഫാരി ധരിച്ച കഥാ പുരുഷൻ ബാങ്ക് മാനേജരുടെ കൂടെ വണ്ടിയിൽ കയറാൻ പോകുന്ന നേരത്തു ഞാൻ പട്ടർക്കു ആളെ കാണിച്ചു കൊടുത്തിരുന്നു. അങ്ങിനെപിറ്റേ ദിവസം മൂപ്പരുടെ കുപ്പി പട്ടര് കുട്ടിയെ ഏല്പിച്ചു. ആളെ കാണുമ്പോൾ കൊടുക്കാൻ പറഞ്ഞു. മൂന്നാലു ദിവസത്തിനു ശേഷം അച്ഛൻ സാധനത്തിന്റെ ഗരിമ എങ്ങനെയുണ്ടായിരുന്നു എന്ന് ചോദിക്കുവാൻ വിളിച്ചപ്പോൾ മൂപ്പർ എന്ത് സാധനം ഏതു സാധനം എന്നായി. പിന്നീടുണ്ടായ ഇൻവെസ്റ്റിഗേഷനിൽ തെളിഞ്ഞത് ഇങ്ങിനെയാണ്‌.

പട്ടരുകുട്ടി കുപ്പി കൈമാറിയത് മാനേജർക്കായിരുന്നു. ഏതൊക്കെയോ കസ്റ്റമേഴ്സ് എന്തൊക്കെയോ സമ്മാനിക്കുന്നു. അപ്പം തിന്നാൽ പോരെ കുഴി എണ്ണി പുത്തി മുട്ടണ്ട എന്ന് കരുതി, മനേജർ അന്ന് വരെ ടേസ്റ്റ് നോക്കിയിട്ടില്ലാത്ത ഷിവാസ് റീഗൽ മൂന്നീസം കൊണ്ട് അടിച്ചു തീർത്തു.

മാനേജർ കൂറ വേഷവും സാരഥി സഫാരിയും ആയി നടക്കുമ്പോൾ പട്ടരുകുട്ടി മാനേജരെ സാരഥിയായി തെറ്റിദ്ധരിച്ചതിൽ കുറ്റം പറയാൻ പാങ്ങില്ലല്ലോ. പട്ടരിൽ പൊട്ടരില്ല എന്നും ഉണ്ടല്ലോ…🟢


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.