Follow the News Bengaluru channel on WhatsApp

വേറൊരുത്തന്റെ വീട്‌

അജി മാത്യൂ കോളൂത്ര

പ്രോമിത്യൂസിന്റെ ഹൃദയം
അധ്യായം ഇരുപത്തിരണ്ട്

 

“ഒന്നടങ്ങ് പെണ്ണെ, വേറൊരുത്തന്റെ വീട്ടിൽ ചെന്ന് കേറാനുള്ളതാണെന്ന ഓർമ്മ വേണം”

പെൺകുട്ടികളെ ‘മര്യാദക്കാരായി’ വളർത്തുന്നതിന് ഈ വാചകത്തോളം സംഭാവന മറ്റൊന്നും നൽകിയിട്ടുണ്ടാകില്ല. മാതാ പിതാക്കളുടെ സ്നേഹത്തിനു പോലും ഇതിന് താഴെ മാത്രമാകും സ്ഥാനം. പത്തു വയസിലും പതിനെട്ടു വയസിലും വിവാഹത്തിന്റെ തലേദിവസം വരെയും തന്റെ ലക്ഷ്യസ്ഥാനം “ഏതോ ഒരുത്തന്റെ വീടാണ്” എന്ന ശ്രവണ സുന്ദരമായ ഭീഷണിയുടെ തലോടലേറ്റാണ് നമ്മുടെ പെൺകുട്ടികൾ വളരുന്നത്. കളിചിരികളും കുസൃതിയും അൽപ്പസ്വൽപ്പ വകതിരിവ് കേടുകളുമായി ജീവിതം സന്തോഷപൂർവ്വമാക്കേണ്ട സമയങ്ങളിലെല്ലാം ശകാര വാക്കുകളാൽ മുറിവേൽപ്പിക്കപ്പെടുവാനാണ് അവരുടെ വിധി. സ്വന്തം ഭവനത്തിന്റെ സുരക്ഷയും അതിന്റെ ചുറ്റുവട്ടങ്ങളിൽ സന്തോഷവും അനുഭവിക്കേണ്ട നിമിഷങ്ങളിൽ ഇത് തന്റെ വീടല്ലെന്നും വർഷങ്ങൾക്ക് ശേഷം കഴുത്തിൽ താലിഅണിയിക്കാൻ പോകുന്ന ഏതോ ഒരുവന്റെ വീടാണ് തന്റെ വീടെന്നുമുള്ള ഓർമ്മപ്പെടുത്തലിലാണ് സമൂഹത്തിൽ പെൺകുട്ടികൾ വളർത്തപ്പെടുന്നത്.

ഇങ്ങനെയുള്ള ഉപദേശങ്ങൾ കേട്ടു വളരുന്ന പെൺകുട്ടികൾ സ്വന്തം വീട്ടിൽ അന്യവത്കരിക്കപ്പെടുന്നു എന്നത് മാത്രമല്ല ഈ ‘ലളിതസുന്ദര ഉപദേശങ്ങൾ’ സമ്മാനിക്കുന്ന ദുരന്തം. പെണ്ണിന്റെ ജീവിതത്തിൽ വിവാഹം അനിവാര്യമായ ഒന്നാണെന്നും വിവാഹത്തോടെ അവൾ സ്വന്തം ഭവനത്തിൽ നിന്നും എന്നെന്നേക്കുമായി പുറത്താക്കപ്പെടുകയാണ് എന്നുമുള്ള സാമൂഹ്യഅശ്ലീലം കൂടി ഇത് പറയാതെ പഠിപ്പിക്കുന്നുണ്ട്.

വളരെയേറെ ക്ഷമയും മുന്നൊരുക്കങ്ങളും വേണ്ട ചുമതലകളിൽ ഒന്നാണ് പേരന്റിങ്ങ്. സ്വന്തം കുട്ടികളെ വളർത്തുന്നു എന്നതിലുപരി സമൂഹത്തിന് ഉപകാരപ്പെടുന്ന പൗരനെ വാർത്തെടുക്കാനുള്ള അവസരമായി കണ്ടിട്ടാകണം മാതാപിതാക്കൾ അത് ചെയ്യേണ്ടത്. ഒരു വ്യക്തി നേരിടേണ്ടി വരുന്ന സാഹചര്യങ്ങളെപ്പറ്റി ബോധവൽക്കരണം നടത്തുന്നതും അത് നേരിടാൻ അവർക്ക് പരിശീലനം നൽകുന്നതുമാകണം പേരെന്റിങ്ങിന്റെ അടിസ്ഥാന ലക്ഷ്യം. എന്നാൽ മാതാപിതാക്കളുടെ തണലിൽ വളരുന്ന, യാതൊരു ജീവിത സാഹചര്യത്തോടും പ്രതികരിക്കാനോ അവയെ നേരിടാനോ അറിയാത്ത, വിധേയത്വം മാത്രമുള്ള ഒരു തലമുറയെ വാർത്തെടുക്കുന്നതിന് മാത്രമാണ് നിലവിൽ പേരന്റിങ്ങിലൂടെ സാധ്യമാകുന്നത്. ‘മര്യാദക്കാരും’ ‘പാവങ്ങളുമായി’ വളരുന്ന മക്കളാണ് ഏതൊരു മാതാപിതാക്കളുടെയും സ്വപ്നം. ആൺ പെൺ ലിംഗ വ്യത്യാസമനുസരിച്ച് ‘മര്യാദ’യുടെയും ‘പാവ’ത്തിന്റെയും നിർവചനങ്ങൾക്ക് മാറ്റം വരുന്നുണ്ട്. ആൺകുട്ടികൾ വളരുന്നതുപോലെ പെൺകുട്ടികൾ വളരാൻ പാടില്ല, ‘അവൾ’ അടക്കവും ഒതുക്കവുമുള്ളവളാകണം അങ്ങനെ നൂറായിരം നിബന്ധനകൾ സമൂഹത്തിനുണ്ട്. ‘മര്യാദ’യുടെ അതിർത്തികൾ ഭേദിക്കാതിരിക്കാൻ, ‘അടക്കവും ഒതുക്കവും ഉള്ളവരാക്കാൻ’ ‘പാവങ്ങളായിട്ടാണ്’ അവർ വളരുന്നതെന്ന് ഉറപ്പാക്കാൻ സമൂഹം ഉപയോഗിക്കുന്ന സമ്മർദ്ധതന്ത്രങ്ങളിലൊന്നാണ് ‘വേറൊരുത്തന്റെ വീടെന്ന’ പ്രയോഗം.

പെൺകുട്ടികൾ വളരുന്നത് കല്യാണം കഴിച്ചു വിടാൻ വേണ്ടിയിട്ടാണ് എന്ന നൂറ്റാണ്ടുകൾ പഴക്കമുള്ള ചിന്ത മാറുകതന്നെ വേണം. എങ്ങനെയെങ്കിലും അവരുടെ ബാധ്യത ഒഴിവാക്കിയാൽ മതിയെന്ന ചിന്തയിൽ നിന്നും ആൺകുട്ടിയെപ്പോലെ അവകാശങ്ങളും സാധ്യതകളുമുള്ളവരാണ് പെൺകുട്ടികൾ എന്ന ചിന്ത സമൂഹത്തിലകമാനം മുളച്ചുയരേണ്ടതും പടർന്നു പന്തലിക്കേണ്ടതുമുണ്ട്. സ്ത്രീസമത്വചിന്തകളും ശാക്തീകരണവും ആരംഭിക്കേണ്ടത് മാതാപിതാക്കളിൽ നിന്നാകണം. അല്ലെങ്കിൽ പുരുഷനും സ്ത്രീയും സമന്മാരാകുന്ന കാലം സമീപഭാവിയിൽ സാധ്യമാകുകയില്ല. മനസ്ഥിതി മാറ്റത്തിനു സഹായിക്കുന്ന രീതിയിൽ നിയമനിർമ്മാണങ്ങളും പ്രചാരണങ്ങളും സംഘടിപ്പിച്ച് ഭരണകൂടങ്ങളും ഇതിനെ അനുഗമിക്കേണ്ടതുണ്ട്.

ആൺകുട്ടികളെപ്പോലെ പെൺകുട്ടിളും അവരുടെ ധിഷണാവിലാസത്തിനും അഭിരുചിക്കുമനുസരിച്ച് ആവോളം പഠിക്കട്ടെ. മാതാപിതാക്കളുടെ ചിറകുകളുടെ തണലിലല്ല, സ്വാതന്ത്ര്യമായി ജീവിക്കാൻ കഴിവുള്ളവരായി തുടക്കം മുതലേ അവർ വളരട്ടെ. ഈ നാട്ടിലെ നിയമങ്ങളും, അനുകൂലവും പ്രതികൂലവുമായ സാമൂഹ്യസാഹചര്യങ്ങളും മനസിലാക്കി പ്രതികൂല സാഹചര്യങ്ങളെ നേരിടാൻ ചങ്കുറപ്പോടെ ജീവിക്കട്ടെ. അവൾക്കിഷ്ടമുള്ള ജോലി സ്വന്തമാക്കി സ്വന്തം കാര്യങ്ങൾ നോക്കാൻ കഴിയുന്ന വിധം സാമ്പത്തിക സുസ്ഥിരത കൈവരിക്കട്ടെ, അവൾ ആഗ്രഹിക്കുന്നെങ്കിൽ, ശരിക്കും ആഗ്രഹിക്കുന്നെങ്കിൽ മാത്രം ഇഷ്ടമുള്ള ആളിനൊപ്പം ജീവിക്കട്ടെ. സ്വന്തം വീട്ടിൽ നിന്നും എന്നെന്നേക്കുമായി പടിയിറങ്ങി ‘വേറൊരുത്തന്റെ’ വീട്ടിലേക്ക് പോകുന്നവളായിട്ടല്ല, ആവശ്യമായ സാഹചര്യത്തിൽ സഹായത്തിനായി മുട്ടിവിളിക്കാനും, ധൈര്യമായി ചെന്ന് കയറാനും ഒന്നിലധികം വീടുകൾ ഉള്ളവളായി അവൾക്ക് വളരാൻ കഴിയട്ടെ അങ്ങനെയുള്ള ഒരു സമൂഹത്തിൽ മാത്രമേ സ്ത്രീധനമരണങ്ങളും ഗാർഹിക പീഡനങ്ങളും അവസാനിക്കു.

തന്റെ മാതാപിതാക്കളുടെ വീട്ടിൽ തിരസ്കരിക്കപ്പെടുമെന്ന ഒറ്റ കാരണം കൊണ്ട് പരിഹാസവാക്കുകളും ശാരീരികവും മാനസീകവുമായ കൊടിയ പീഡനങ്ങളും സഹിച്ചു കഴിയുന്ന ഒരായിരം സ്ത്രീകൾ നമ്മുടെ നാട്ടിലുണ്ട്. അവർക്കായി, ആ വീടുകളിൽ വളരുന്ന പിഞ്ചു കുഞ്ഞുങ്ങൾക്കായി ചിന്തയിൽ വലിയ മാറ്റങ്ങൾ കൊണ്ടുവന്നേ മതിയാകു. പുരോഗമനപരമായ ചിന്തകൾ, സ്ത്രീപക്ഷ പരമായ, മനുഷ്യത്വ പരമായ മാറ്റങ്ങൾക്ക് വഴിതെളിക്കും. ഉത്ര, വിസ്മയ, എന്നിങ്ങനെ പലവിധ പേരുകളിലും പല സാഹചര്യത്തിലും മുഖത്തോടും മുഖമില്ലാതെയും, നിരവധി പെൺജീവനുകൾ നമ്മുടെ നാട്ടിൽ നഷ്ടപ്പെട്ടിട്ടുണ്ട്. ഇനി ഒരു പേര് കൂടി അതിനോടൊപ്പം കൂട്ടിച്ചേർക്കേണ്ട ഗതികേട് ഒരു സമൂഹമെന്ന നിലയിൽ നമുക്ക് ഉണ്ടായികൂടാ. സാമൂഹ്യമാറ്റത്തിന്റെ ആ വലിയ കുതിച്ചു ചാട്ടത്തിന് നമുക്ക് നവ ചിന്തയുടെ ആദ്യ ചുവടുവെയ്പ്പ് നടത്താം.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



  1. Vinod says

    “മറ്റൊരുവന്റ വീട് ” ഇതിൽ എല്ലാ പേരന്റ്സിന്നും നൽകാവുന്ന നല്ലൊരു മെസ്സേജ് ഉണ്ട്. സാറിനെ പോലുള്ളവരുടെ ഇത്തരം ചിന്താഗതി ഇത് വായിക്കുന്നവരിൽ പുത്തൻ ഉണർവ് പകരട്ടെ.നമ്മുടെ സഹോദരിമാർ നേരിടുന്ന ദുരവസ്‌ഥയ്ക്ക് തടയിടാൻ ഇത് ഒരു പ്രചോദനം ആവട്ടെ.

Leave A Reply

Your email address will not be published.