Follow the News Bengaluru channel on WhatsApp

ജ്യോത്സ്യര്‍ ഗോവിന്ദന്‍ നമ്പൂതിരിയുടെ ജാതകക്കുറിപ്പും എന്റെ അക്ഷരജീവിതവും

ജാതകത്താളിലെ ജീവിതമുദ്രകൾ
-വിഷ്ണുമംഗലം കുമാര്‍
അധ്യായം : മുപ്പത്തിയാറ്
🔵

പത്തൊമ്പതാം വയസ്സില്‍ നാടുവിട്ട ഈ കുറിപ്പുകാരന്‍ ആദ്യതവണ ലീവില്‍ നാട്ടില്‍ തിരിച്ചെത്തിയത് രണ്ടുവര്‍ഷം കഴിഞ്ഞാണ്. പിന്നീട് കൊല്ലത്തില്‍ ഒരു തവണ പോയി. ആ കാലത്ത് മനസുനിറയെ നാടും നാട്ടുവിശേഷങ്ങളുമായിരുന്നു. നാടുവിടുമ്പോള്‍ കൂടെപ്പോന്ന മാതൃഭാഷ ഒരിക്കലും എന്നെ വിട്ടുപോയില്ല. അന്യനാട്ടില്‍ അന്യഭാഷകളുടെ അതിക്രമണങ്ങളെയെല്ലാം ചെറുത്തുകൊണ്ട് എന്റെ മാതൃഭാഷ ഇപ്പോഴും ഉത്തമസുഹൃത്തും വഴികാട്ടിയുമായി എന്റെ കൂടെയുണ്ട്. അക്കാലത്ത് സുഹൃത്തുക്കള്‍ക്ക് നിരന്തരം കത്തുകളെഴുതും .
ബെംഗളുരുവിലെ സ്വകാര്യ കമ്പനിയില്‍ ജോലി, തൊഴിലാളി യുണിയന്‍ പ്രവര്‍ത്തനം, ഈവനിംഗ് കോളെജില്‍ പഠനം എന്റെ മറുനാടന്‍ ജീവിതത്തിന്റെ ആദ്യവര്‍ഷങ്ങള്‍ അങ്ങനെയൊക്കെയായിരുന്നു. അഞ്ചാമത്തെയോ ആറാമത്തെയോ തവണ നാട്ടില്‍ നിന്ന് മടങ്ങിപ്പോരുമ്പോള്‍ അമ്മ ഒരു പഴയ ചെറുപുസ്തകം തന്നു. എന്റെ ജാതകം. മുമ്പ് ഞാനതു കണ്ടിട്ടുണ്ട്. അശ്രദ്ധയോടെ മറിച്ചുനോക്കിയിട്ടുണ്ട്. കടുത്ത പുരോഗമനവാദിയായതിനാല്‍ ജാതകത്തിനോടൊക്കെ ഒരുതരം അവജ്ഞയായിരുന്നു. എങ്കിലും ഞാനതു വാങ്ങി പെട്ടിയില്‍ വെച്ചു. വിവാഹത്തിനു അതെടുക്കേണ്ടിവന്നില്ല. പിന്നീട് ഏതോ സന്ദര്‍ഭത്തില്‍ ശ്രദ്ധയില്‍ പെട്ട ആ ജാതകക്കുറിപ്പ് താത്പര്യത്തോടെ വായിക്കുന്നത് എനിക്കേതാണ്ട് നാല്‍പതു വയസ്സുള്ളപ്പോഴാണ്. അപ്പോഴേക്കും ഒരു ജേര്‍ണലിസ്റ്റ് എന്നനിലയില്‍ കുറെയൊക്കെ പ്രശസ്തി നേടിയിരുന്നു. മലയാളികള്‍ ഉള്ളിടത്തെല്ലാം ചെന്നെത്തുന്ന കേരളശബ്ദത്തിന്റെ പ്രതിനിധിയായിരുന്നു ഞാന്‍. അതുകൊണ്ട് വിഷ്ണുമംഗലം കുമാര്‍ എന്ന പേര് പലര്‍ക്കും സുപരിചിതമായി.

എനിക്ക് ഒരു വയസ്സുള്ളപ്പോഴാണ് പ്രശസ്ത ജ്യോത്സ്യര്‍ ഗോവിന്ദന്‍ നമ്പൂതിരി എന്റെ ജാതകമെഴുതിയത്. അന്യനാട്ടില്‍ ജീവിക്കാനാണ് യോഗം, അക്ഷരം കൊണ്ട് പുകള്‍പെടും എന്നൊക്കെയാണ് അദ്ദേഹം ജാതകത്തില്‍ കുറിച്ചിരുന്നത്. എന്റെ മാതാപിതാക്കള്‍ക്ക് പ്രൈമറി വിദ്യാഭ്യാസമേ ഉള്ളൂ. വിദ്യാസമ്പന്നന്‍ എന്നുപറയാന്‍ പോസ്റ്റ്മാനായ അമ്മാവന്‍ മാത്രം. പിന്നെങ്ങനെയാണ് അക്ഷരം കൊണ്ട് പുകള്‍ പെടുന്നത് ? മാഷോ മറ്റോ ആകുമായിരിക്കും എന്നൊക്കെ ചെറുപ്പത്തില്‍ തമാശയോടെ വിചാരിച്ചിട്ടുണ്ട്. എന്നാല്‍ ഇരുപത്തെട്ടാം വയസില്‍ ജേര്‍ണലിസ്റ്റായി. നാലഞ്ചുകൊല്ലത്തിനുള്ളില്‍ പ്രശസ്തനുമായി!.നാല്പതാം വയസില്‍ സാമാന്യം നല്ല പേരുണ്ട്. അപ്പോഴാണ് ജാതകക്കുറിപ്പിനെപ്പറ്റി ഗൗരവമായി ആലോചിച്ചത്. അക്ഷരം കൊണ്ട് പുകള്‍പെടും എന്നത് അക്ഷരാര്‍ത്ഥത്തില്‍ ശരിയായില്ലേ?.എനിക്ക് ഒരു വയസ്സുള്ളപ്പോള്‍ അങ്ങനെ കുറിക്കാന്‍ അദ്ദേഹത്തിന് എങ്ങനെ സാധിച്ചു?. ജീവിതത്തില്‍ അതുവരെ കൊണ്ടുനടന്ന വിശ്വാസങ്ങള്‍ പൊളിച്ചെഴുതാന്‍ തുടങ്ങിയത് അന്നുമുതലാണ്.  ഗോവിന്ദന്‍ നമ്പൂതിരിയുമായി എനിക്ക് മറ്റൊരു തരത്തില്‍ അടുപ്പമുണ്ട്. എന്റെ ചെറുപ്പത്തില്‍ ഞങ്ങള്‍ക്ക് നാട്ടുമ്പുറത്ത് ഒരു കടയുണ്ടായിരുന്നു.ചായ, പലചരക്ക്, തേങ്ങാക്കച്ചവടം ഇതെല്ലം ചേര്‍ന്ന തറപ്പീടിക. പോസ്റ്റുമാനായ അമ്മാമനാണ് യഥാര്‍ത്ഥ ഓണര്‍. ഞാന്‍ എക്‌സിക്യൂട്ടിവ് ഓണറും നടത്തിപ്പുകാരനുമാണ്.
കടയില്‍ നിന്നും നാലഞ്ചു പറമ്പിന് അപ്പുറമാണ് ഗോവിന്ദന്‍ നമ്പൂതിരിയുടെ ഇല്ലം. അദ്ദേഹം പ്രശസ്തനായ ജ്യോത്സ്യരാണ്. അദ്ദേഹത്തെ തേടി ദിവസവും ദൂരെനിന്നൊക്കെ ആളുകള്‍ വരും. പലരും ഞങ്ങളുടെ കടയില്‍ വന്നാണ് അദ്ദേഹത്തിന്റെ വീട്ടിലേക്കുള്ള വഴി ചോദിക്കുക. ഞങ്ങളുടെ ഒരേയൊരു സെലിബ്രിറ്റി കസ്റ്റമറായിരുന്നു നമ്പൂതിരി. ആഴ്ചയില്‍ ഒന്നോ രണ്ടോ പ്രാവശ്യം കടയില്‍ വരും. വെറ്റില, പുകയില, പഞ്ചസാര, തേയില, അവല്‍, പഴം ഇവയൊക്കെ കുറെയേറെ വേണ്ടിവരും. അതിനനുസരിച്ച് ഞങ്ങള്‍ അവയൊക്കെ സ്‌റ്റോക്ക് ചെയ്യും. എല്ലാമാസവും ഒന്നാം തിയതിയാണ് അദ്ദേഹം പണം തരിക. ഞാന്‍ ഇല്ലത്തുപോയി വാങ്ങും. ചിലപ്പോള്‍ അദ്ദേഹം കടയില്‍ കൊണ്ടുവന്നുതരും. ഉച്ചകഴിഞ്ഞ നേരത്താണ് അദ്ദേഹം കടയില്‍ വരിക. അപ്പോള്‍ കടയില്‍ അധികമാരും ഉണ്ടാകില്ല. അദ്ദേഹം മുറ്റത്തുനിന്ന് സംസാരിക്കുകയേയുള്ളൂ. ഭാവിയില്‍ അക്ഷരം കൊണ്ട് പുകള്‍ നേടുമെന്ന് താന്‍ ജാതകത്തില്‍ കുറിച്ച ചെക്കനാണ് സാധനങ്ങള്‍ എടുത്തുതരുന്നതെന്ന് ആ മഹാനുഭാവനുണ്ടോ അറിയുന്നൂ!. ഞാനാകട്ടെ അക്കാലത്ത് ജാതകം കണ്ടിട്ടുമില്ല!.വര്‍ഷങ്ങള്‍ കടന്നുപോയി. അക്ഷരംകൊണ്ട് പുകള്‍ നേടിയശേഷം ഞാന്‍ അദ്ദേഹത്തെ കാണാന്‍ പോയി. ജാതകകുറിപ്പിനെപ്പറ്റി ദീര്‍ഘനേരം സംസാരിച്ചു. പിന്നീട് പലതവണ പോയിക്കണ്ടു. മരണമടഞ്ഞപ്പോഴും പോയിരുന്നു. കവി കൂടി ആയിരുന്ന അദ്ദേഹം പുഷ്പാഞ്ജലി എന്നൊരു പുസ്തകം പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഒരിക്കല്‍ അതിന്റെ കോപ്പി തന്നു. സാഹിത്യം സംസാരിച്ചു. വിഷ്ണുമംഗലം എന്ന ദേശപ്പേരോടെ ആദ്യം പ്രശസ്തി നേടിയത് അദ്ദേഹമാണ്. അടുത്ത സ്ഥാനം ഈ കുറിപ്പുകാരനാണെന്നു തോന്നുന്നു. അതാകട്ടെ എനിക്ക് ഒരു വയസ്സുള്ളപ്പോള്‍ അദ്ദേഹം ജാതകത്തില്‍ കുറിച്ച പ്രകാരമാണുതാനും!.
(തുടരും)


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.