Follow the News Bengaluru channel on WhatsApp

നാലു തുളകളും മൂന്നാണികളും

ചെറുകഥ 🔵 കെ.ടി ബ്രിജി

ഒരേയൊരു അക്ഷരത്തെറ്റ് ഒരു വലിയ ആശയം തന്നെ അര്‍ത്ഥ ശൂന്യമാക്കി… എന്ന അവസാനവാക്ക് പറഞ്ഞ മകളുടെ പാതി വെന്ത ചിന്തകള്‍ക്കും ചീന്തിയെറിയപ്പെട്ട യോനിക്കും കാവലിരിക്കുന്ന അമ്മയുടെ ചുട്ടു പൊള്ളുന്ന ഉള്ളം, കരിഞ്ഞടഞ്ഞകണ്‍ പോളകള്‍ക്കകത്തെ ഉള്‍ക്കണ്ണുകള്‍ക്ക് കാണാം.

ദളിതരെ, പഴുത്ത പ്ലാവില തുന്നിയുണ്ടാക്കിയ കിരീടം വെച്ചു കൊടുത്ത് ചുള്ളിക്കമ്പ് ചെങ്കോലും പിടിപ്പിച്ച് രാജാവാക്കുന്ന നാട്ടു രാജാക്കന്മാര്‍ ജാതിവ്യവസ്ഥയുടെ ആസിഡ് വീണു കരിഞ്ഞ അവളുടെ ശവശരീരം ഏറ്റെടുത്ത് വോട്ടുകളാക്കി മാറ്റാന്‍ ചുറ്റിപ്പറക്കുന്നുണ്ടായിരുന്നു. പുതപ്പിക്കാനുള്ള കൊടികളുടെ നിറങ്ങള്‍ തമ്മില്‍ പല്ലിളിച്ചു മുരണ്ടു. ജീവിച്ചിരുന്നതെങ്ങിനെ എന്നറിയാത്ത പത്രക്കാര്‍, അവള്‍ മരിച്ചതെങ്ങിനെയെന്ന കഥകളില്‍ സാഹിത്യം കുത്തിത്തിരുകി പത്രം നിറച്ചു. അവളുടെ കരിഞ്ഞു വികൃതമായ ഒരു ഫോട്ടോ കിട്ടാന്‍ വേണ്ടി, ഒളിക്യാമറയും കൊണ്ട് മതില്‍ ചാടിക്കടന്നു വരുന്ന സാഹസിക റിപ്പോര്‍ട്ടര്‍മാര്‍.

ജീവനുള്ള ആശയങ്ങള്‍ പിന്‍ താങ്ങാന്‍ ശ്രമിക്കാത്ത എണ്ണമറ്റ വിദ്യാര്‍ഥികള്‍, മരിച്ച ചിന്തകള്‍ക്ക് ആശുപത്രി ഗെയിറ്റില്‍ മെഴുകുതിരി തെളിയിച്ചു പൂക്കള്‍ വെച്ചു.

അവള്‍ ചത്തിട്ടില്ലടാ…. കടന്നു പോകിനടാ തെണ്ടികളേ….എന്നലറിയത് അമ്മയാണെന്നു അപ്പോഴും നഷ്ടപ്പെട്ടിട്ടില്ലാത്ത കേള്‍വി സ്ഥിരീകരിച്ചു. ഒരുകാലത്ത് വയനാട്ടില്‍ വീശിയടിച്ച ഉഷ്ണക്കാറ്റായ നാരായണി. ആസിഡിനൊപ്പം മാംസത്തില്‍ ഒട്ടിപ്പിടിച്ച തുണി വലിച്ചെടുക്കുമ്പോഴത്തെ അസഹ്യമായ വേദന തോല്ക്കാനിഷ്ടമില്ലാത്ത ബോധമണ്ഡലത്തില്‍ ചെന്നു തൊടുമ്പോള്‍ ഒരു ചെറുവിരല്‍ ഒന്നനങ്ങും. പുറം ലോകത്തേക്കുള്ള കണ്ണുകള്‍ അടഞ്ഞാലും ഉള്ളിലെ നീറ്റല്‍ കൃത്യമായ ഓര്‍മ്മകളാണ്.

ദളിത് എന്ന വാക്കിനൊപ്പം തൊട്ടുകൂടായ്മായുടെ പിന്‍ നിരയിലേക്ക് തള്ളപ്പെട്ട നാണി, മകളെ വളര്‍ത്തിയത് സമത്വത്തിനു വേണ്ടിയുള്ള നിരന്തര പോരാട്ടങ്ങളുടെ ഉശിരുള്ള കഥകള്‍ പറഞ്ഞിട്ടായിരുന്നു. ആയിരത്തി അഞ്ഞൂറോളം വര്‍ഷങ്ങള്‍ക്ക് മുമ്പെ മദ്ധ്യ ഏഷ്യയിലെ ആര്യന്മാര്‍ വെട്ടിപ്പിടിച്ച തെക്കേ അറ്റത്തെ ജനങ്ങളെ, തങ്ങളുടെ വരുതിയില്‍ നിര്‍ത്താനും സ്വന്തം ഇഷ്ടത്തിനൊത്ത് ഉപയോഗിക്കാനും, സവര്‍ണ്ണരും അവര്‍ണ്ണരും എന്ന തട്ടുകളാക്കി തിരിച്ച കഥ.

ഒരു ബ്രഹ്മാവിനെ സൃഷ്ടിച്ച്, തലയില്‍ നിന്ന് ബ്രാഹ്മണരും, കൈകളില്‍ നിന്ന് ക്ഷത്രിയരും, തുടയില്‍ നിന്നു വൈശ്യരും, കാല്പ്പാദങ്ങളില്‍ നിന്നു ശൂദ്രരും ഉണ്ടായി എന്ന നുണക്കഥ പറഞ്ഞ് മേല്‍ത്തട്ടില്‍ കയറിയിരുന്നവര്‍ താഴത്തെ തട്ടിലുള്ളവര്‍ കയറിവരാതിരിക്കാന്‍ നിയമ തന്ത്രങ്ങള്‍ ഉണ്ടാക്കിയ കഥ.

എസ്.സി, എസ്ടി, ഒബിസി എന്ന പേരിൽ നൂറായിരം ജാതികളും കണക്കില്ലാത്ത ദൈവങ്ങളെയും സൃഷ്ടിച്ച കഥ. തങ്ങളെ രക്ഷിക്കാൻ കഴിയാത്ത ദൈവങ്ങളെ രക്ഷിക്കാൻ വാളെടുക്കുന്നവരുടെ കഥ. ചാതുർവർണ്യത്തിനു പുറമെ ദളിത് എന്ന പഞ്ചമ വിഭാഗം ഉണ്ടായ കഥ. മണ്ഡൽ കമ്മീഷനെതിരെ ആത്മാഹൂതി ചെയ്ത ചെയ്യിപ്പിച്ചവരുടെ കഥ!!! ഇതിനിടയിലെപ്പോഴോ..തെളിഞ്ഞ ഒരു ഭാഗ്യരേഖയായ സംവരണങ്ങളുടെ പോരാട്ടത്തിൽ കോളെജ് വരെ എത്താൻ കഴിഞ്ഞ നാണിയുടെ കഥ മകൾക്ക് എന്നും ഉറക്ക് പാട്ടായിരുന്നു. കോളേജ് യൂണിയൻ നേതാവായ നാണിയുടെയും ചെയർമാനായ കുമാരന്റെയും ഒരേ ആശയങ്ങളുടെ സംഗമം…

സമത്വത്തിനു വേണ്ടിയുള്ള ജീവിത പോരാട്ടങ്ങളുടെ തുടക്കമായിരുന്നു. എല്ലാ തുറകളിലും രണ്ടാംകിട പൗരന്മാരാക്കുന്ന നിയമങ്ങളെ ചോദ്യം ചെയ്യുന്ന കുമാരൻ അധികൃതരുടെ കണ്ണുകളിലെ കരടായി മാറിയപ്പോൾ…പോലീസ് ഏറ്റവും എളുപ്പവഴിയായ മാവോയിസ്റ്റ് ലേബൽ എടുത്ത് കുമാരന്റെ നെറ്റിയിൽ ഒട്ടിച്ചു. ചോദ്യങ്ങളുടെ ഉറവയായ നേതാക്കളുടെ ഒളിത്താവളം കാണിച്ചു കൊടുക്കാൻ പറഞ്ഞു അറസ്റ്റ് ചെയ്തു.

എനിക്കറിയാത്തവരെ എങ്ങിനെ കാണിക്കാനാണ്. കുമാരനും വിട്ടില്ല. ഒടുവിൽ, ദളിതർക്ക് സൗജന്യമായി താമസിച്ചു പഠിക്കാൻ ഏർപ്പാടാക്കിയ ഒറ്റമുറിയിൽ നിന്നും കൊണ്ടു പോയ കുമാരൻ ലോക്കപ്പിൽ “ആത്മഹത്യ” ചെയ്യുമ്പോൾ നാണിയുടെ വയറ്റിൽ സീത ഉണ്ടായിരുന്നു.

ദളിതരുടെ ആനുകൂല്യങ്ങളുടെ കടലാസ്സു പുലികൾക്കൊപ്പം വളർന്ന സീതയോട് അമ്മ ഒന്നേ പറഞ്ഞുള്ളു. എനിക്ക് മുഴുവനാക്കാൻ പറ്റാത്തത്- നീ വക്കീലാവണം.

കുമാരനെ കെട്ടിത്തൂക്കിയവർ നിയമപുസ്തകത്തിന്റെ പഴുതുകളിൽ കൂടി ഇറങ്ങി പോകുന്ന കാഴ്ച ഇന്നും ഉറക്കം കെടുത്തുന്നു. തോൽവി മാത്രമുള്ള ജീവിതത്തിന്റെ പുറത്തു മാറി മറയുന്നനിഴലുകളോട് നിരന്തരം കുരച്ചു ചാടുന്ന നിവൃത്തികേടൊന്നും സീതക്ക് ഉണ്ടായിരുന്നില്ല. സീത അച്ഛനെ പൊലെ ഒരു തീപ്പൊരിയായി വളർന്നു.

അമ്മയുടെ ആഗ്രഹം പോലെ തന്നെ തലസ്ഥാനത്തെ യുണിവേഴ്സിറ്റിയിൽ സ്കോളർഷിപ്പോട് കൂടി എൽ.എൽ ബിക്ക് അഡ്മിഷൻ കിട്ടിയപ്പോൾ തന്നെ കുമാരനെ കെട്ടിത്തൂക്കിയ കയർ അഴിഞ്ഞു തുടങ്ങി. ആദ്യത്തെ അവധിക്ക് നാട്ടിൽ വന്നപ്പോൾ. പക്ഷെ സീത പറഞ്ഞു അഴിക്കുന്നതിനേക്കാൾ വലിയ കുരുക്കുകളാണമ്മേ ക്യാമ്പസിലും. ഒന്നല്ലെങ്കിൽ മറ്റൊന്ന്. എന്റെ മെറിറ്റു പോലും സൗജന്യമായി കാണുന്നവർ. നമ്മൾ രണ്ടാം കിടക്കാർ തന്നെ നീറിപ്പുകയുന്ന കൊള്ളികൾ എരിഞ്ഞു തീരുക തന്നെ.

പുകഞ്ഞു തുടങ്ങിയാൽ കത്തിത്തീരണം. ആളിക്കത്തണം. നാണി പറഞ്ഞു. എന്നിട്ടും തോല്ക്കുകയായിരുന്നു. നേരിൽ കണ്ട ക്രൂരത റിപ്പോർട്ടു ചെയ്യാൻ പോലീസ് സ്റ്റേഷനിൽ പോയപ്പോൾ തണുപ്പൻ പ്രതികരണം. പോലീസുകാരൻ ഫയലിൽ നിന്നും തല ഉയർത്തുന്നതു പോലുമില്ല. ദളിതനു വേണ്ടി ചില നിയമങ്ങൾ ഉണ്ട് ഈ നാട്ടിൽ സീതയുടെ ശബ്ദം പൊങ്ങിയപ്പോൾ അയാൾ തലയുയർത്തിനോക്കി.

നീയാ നക്സലേറ്റ് നാണിയുടെ മോളല്ലേടി? വക്കീലിനു പഠിക്കുന്നവൾ? വക്കീലായില്ലല്ലോ. നിയമം പഠിപ്പിക്കാതെ ഒന്നു പോ പെണ്ണേ. സീത വീണ്ടും കവലയിലേക്ക് ചെന്നു. കൈകൾ പിന്നിലേക്ക്

ചേർത്തു വെച്ചു മരത്തിൽ കെട്ടിനിർത്തിയിരിക്കുന്നത് ജീവനുള്ള ഒരു മനുഷ്യനെയാണെന്നു എല്ലാവരും മറന്നതിനൊപ്പം അവനും മറന്നതു പോലെ.

കാലത്ത് ട്രെയിനിറങ്ങി വരുന്ന വഴി കണ്ട കാഴ്ചയാണു. മലയിറമ്പിലെ തകരപ്പാട്ട കൊണ്ട് മറച്ച ചായക്കടയിൽ ചായ കുടിച്ചു പോകുന്നവരും വഴിപോക്കരും കാഴ്ചക്കാരാവുമ്പോൾ നാറുന്ന വ്യവസ്ഥിതിയുടെ കയറു കൊണ്ട് അവനെ കെട്ടിയിട്ട പരാക്രമികൾ അവന്റെ വയറ്റത്തും ചെകിട്ടത്തും ഒക്കെ അടിക്കുന്നു. കരഞ്ഞു തളർന്ന അവന്റെ ശബ്ദം ഒരു പക്ഷിയുടെതു പോലെ ചിലമ്പിച്ചിരുന്നു.

അവൻ തല ഒന്നുയർത്താൻ ശ്രമിക്കുമ്പോൾ കുടിച്ച ചായയുടേ ബാക്കിയോ, ഗ്ലാസ്സ് കഴുകിയ വെള്ളമൊ ഒക്കെ അവന്റെ മുഖത്തേക്കൊഴിച്ചു. ആളുകൾ ചിരിക്കുന്നതിനൊപ്പം അവന്റെ കുലവും ജാതിയും,ജന്മവും ഒക്കെ അവനെ നോക്കി ആർത്തട്ടഹസിച്ച് പരിഹസിക്കുന്നുണ്ടായിരുന്നു.

സീത ഇടപെടാൻ നോക്കി. കള്ളനാണവൻ. പകൽ മുഴുവൻ കാട്ടിൽ ഒളിച്ചിരിക്കും. എന്നിട്ട് രാത്രിയിൽ കക്കാനിറങ്ങും. കടകൾ കുത്തി ത്തുറന്നു തേങ്ങ പിണ്ണാക്ക് വരെ തിന്നും.

വിശന്നിട്ടാവും..കഷ്ടം! പെണ്ണുങ്ങൾക്ക് വഴി നടക്കാൻ പറ്റില്ല. തുണി പൊക്കി കാണിക്കും ഇവൻ. ഓരോരുത്തരും അവന്റെ കുറ്റങ്ങൾ നിരത്തി. സീത പെട്ടന്നു ആളെ തിരിച്ചറിഞ്ഞു.

നാലാം ക്ളാസ്സിൽ കൂടെ പഠിച്ച കുറുമ്പയുടെ അനിയൻ ശംബു. അനിയനെ കൂട്ടാൻ ബാലവാടിയിൽ പോകുമ്പോൾ മൂക്കിളയൊലിപ്പിച്ചു നിക്കറിൽ മൂത്രമൊഴിച്ച് നില്ക്കുന്ന വൃത്തികെട്ട രൂപം. നാലു പ്ലാസ്റ്റിക്ക് ബ്ളോക്കുകളിൽ മൂന്നു തൂണുകൾ ഉറപ്പിച്ചു വീടിന്റെ മേല്ക്കൂര നിർത്താൻ കഴിയാ തെ അവയെല്ലാം വലിച്ചെറിഞ്ഞും, കടിച്ചു പൊട്ടിച്ചും , നിലത്തു കിടന്നു അലറിക്കരയുന്ന ശംബുവിനെ നോക്കി ടീച്ചർ കുറുമ്പയോട് പറഞ്ഞു. അഛനെ വിളിച്ചു കൊണ്ടു വരണം..ഇവൻ കുറച്ചു ബുദ്ധി മാന്ദ്യം ഉള്ള കുട്ടിയാണ്. ഒടുവിൽ അവൻ വരാതെയായി. കുറുമ്പയുടെ ഹാജർ വിളികൾക്കും ഉത്തരമില്ലാതായി.

പിന്നീട്, പലപ്പോഴും കവലയുടെ ഒരു ഭാഗമായി അവനെ കണ്ടിട്ടുണ്ടെങ്കിലും സീതയെ കണ്ടാൽ ശംബു ഒളിച്ചു നില്ക്കും. ഒരിക്കൽ പിടിച്ചു നിർത്തി കുറുമ്പയുടെ കാര്യം ചോദിച്ചപ്പോൾ ഒന്നും മിണ്ടാതെ നടന്നു പോയി. പിന്നീട് അമ്മയാണു പറഞ്ഞത്. അവളെ ഏതൊ വയസ്സൻ കല്യാണം കഴിച്ചു എന്നും, ആദ്യ പ്രസവത്തോടെ അവൾ മരിച്ചു എന്നും. അവൾ പോയതോടു കൂടി ഇവനെ ആരും നോക്കാതെയായി. അഛനും പുറത്താക്കി. കുറെ തെണ്ടിപ്പിള്ളേരുണ്ടാവും കൂടെ എല്ലാ

വൃത്തികേടുകളും അവനെക്കൊണ്ട് ചെയ്യിച്ചു കുരങ്ങു കളിപ്പിക്കുന്ന ചിലർ. ആണാണെന്നു കാണിച്ചാലേ പെണ്ണു കിട്ടു എന്നു പറഞ്ഞു തുണി പൊക്കി കാണിക്കാൻ വാശിപിടിപ്പിച്ച് ചെയ്യിപ്പിക്കുന്നതാണ്. എന്നിട്ട് തല്ലു മുഴുവൻ ഈ പാവത്തിനും.

സീത പലരേയും വിളിച്ചു നോക്കി. ആരും ഇടപെട്ടില്ല.കെട്ടഴിച്ചു വിടാൻ പറഞ്ഞിട്ടും പോലീസ് വരട്ടെ എന്ന നിലപാടായിരുന്നു എല്ലാവർക്കും. ഒടുവിൽ അവൾ ശംബുവിന്റെ വീട്ടിലേക്കോടി. അമ്മയേയും മറ്റു ചില ബന്ധുക്കളേയും കൂട്ടി വന്നപ്പോഴേക്കും എല്ലാവരും ഉപേക്ഷിച്ചിട്ട

ശംബു..അരയിൽ കെട്ടിയ കയറിലേക്കു പാതി മടങ്ങി തൂങ്ങിക്കിടക്കുന്നുണ്ടായിരുന്നു.

പ്ളാവിലക്കിരീടവും അരപ്പട്ടയും കെട്ടിയ രാജാവ് വിറങ്ങലിച്ച കൈവിരലുകളിൽ പിടിപ്പിച്ചിരുന്ന ചുള്ളിക്കമ്പ് ചെങ്കോൽ അപ്പോഴും വിട്ടിരുന്നില്ല.

സീതയുടെ രക്തം തിളച്ചു. അച്ഛന്റെ ആത്മഹത്യക്കൊപ്പം മറ്റൊരുഫയൽ. എണ്ണമറ്റ ഫയലുകൾക്ക് ഈ ഒരു ജീവിതം മതിയാകുമോ. എവിടെയാണു ആർക്കാണു പിഴച്ചത്.

ഹോസ്റ്റലിൽ ഒരു മുറി പങ്കിടാനോ ഒന്നിച്ചിരുന്നു ഭക്ഷണം കഴിക്കാനോ കൂട്ടാക്കാത്തവരുടെ ഇടയിൽ നിരന്തരം നടത്തുന്ന പോരാട്ടമായിരുന്നു സീതയുടെ ജീവിതം. ലൈബ്രറി ക്യാന്റീൻ, എല്ലായിടത്തും വേർതിരിവ് ഉയർന്ന ജാതിക്കാർ ഇടുന്ന സീതാദേവി എന്ന പേരു വരെ ചോദ്യം ചെയ്യപ്പെടുകയാണ്. സീതയെ ഏറ്റവും അതിശയിപ്പിച്ചത് ദളിതന്റെ വിധേയത്വം ആണു. ഒരേ ഡിപ്പാർട്ടുമെന്റിൽ പഠിപ്പിക്കുന്ന അദ്ധ്യാപകർ പോലും അവരേക്കാൾ റാങ്കു കുറഞ്ഞവർ ആണെങ്കിലും ജാതിയുടെ പേരിൽ അവർക്ക് വിധേയപ്പെട്ടു ജീവിക്കുന്നു.

മറ്റുള്ളവർ കൃത്രിമ ഭയം അഭിനയിച്ചു പരിഹസിക്കുന്നതും പതിവാണ്. ഹേയ് ദളിതനു ഒരു പാട് നിയമങ്ങൾ ഉണ്ട്. ട്ടോ സൂക്ഷിച്ചോ. ഹോസ്റ്റലിൽ ഒന്നല്ലെങ്കിൽ മറ്റൊന്നിനു എന്നും രണ്ടു വിഭാഗങ്ങൾ തമ്മിൽ വഴക്കടിക്കും. രാമനവമിക്ക് ഹോസ്റ്റലിൽ മാംസം പാകം ചെയ്തുവെന്ന ആരോപണം തീർത്തും വഷളായി. അടുക്കള അടിച്ചു പൊളിച്ചു പാത്രങ്ങൾ വലിച്ചെറിഞ്ഞു ഓടിനടന്നു എല്ലാവരേയും തല്ലിച്ചതച്ചവർ വിദ്യാർഥികളായിരുന്നില്ല. കുറെ പേർക്കു പരിക്കേറ്റു.

വിദ്യാർഥികളല്ലാത്തവർ കടന്നു കയറിയത് സീത കർശനമായി എതിർത്തു. കോളേജിലും പോലീസിനും പരാതി നല്കി.ദൈവങ്ങളെ സംരക്ഷിക്കാൻ മനുഷ്യൻ മെനക്കെടുന്നത് വിചിത്രമല്ലേ.

മനുഷ്യരില്ലാത്ത നാട്ടിൽ ഹിന്ദുവും മുസ്ലിമും, കൃസ്ത്യനും.എസ് സീ എസ്ടിയും മറ്റു നാനാ തരം ജാതികളും ജീവിക്കുന്നു. അങ്ങിനെയാണ് ജിതേന്ദ് അവന്റെ പ്രണയം പറഞ്ഞപ്പോൾ അതൊരു

പരിഹാസമായി കണ്ട് സീത ചൂടായത്. അവൻ ചിരിച്ചു തള്ളി. പിന്നീട്, തീഷ്ണ മായ കണ്ണുകളുള്ള അവനിൽ അവൾ ചുറ്റി പിടിച്ചു വളരുന്ന ഒരു വല്ലിയായി.ആരും ആശ്രയമില്ലാത്ത ജീവിതത്തിനു ഒരു അർഥമുണ്ടായതു പോലെ. പിരിയാൻ വയ്യാതെ അടുക്കുമ്പോൾ ചിലരെങ്കിലും താക്കീത് ചെയ്തു. അവൻ എം.എൽ.എ. പുത്രനാണു ട്ടൊ. ഉയർന്ന ജാതി. കോളേജിൽ സീതാ ദേവിയുടെ പ്രസംഗത്തിനും ഡിബേറ്റിനും ഹാൾ നിറയും കോളേജ് ചെയർപേഴ്സൺ ആയേക്കും എന്നു വരെ എല്ലാവർക്കും തിട്ടമുണ്ടായിരുന്നു. അഭിനവ കോടതി മുറിയിലും കുറ്റ വിചാരണയിലും ഒക്കെ സീതാ ദേവി ജഡ്ജിയും, വക്കീലും ഒക്കെയായി തിളങ്ങി.’ഷേർണി’ എന്ന പേരും വീണു.

എന്നോ അവസാനിപ്പിക്കേണ്ടിയിരുന്ന ജാതിവ്യവസ്ഥയുടെ വൃക്ഷം. കൃത്രിമ വളം ചേർത്ത് വളർത്തുന്ന ദുർമന്ത്രവാദികൾക്കെതിരെ അവൾ ആഞ്ഞടിച്ചു നാല്പ്പതോളം ഒബിസികളും ആയിരത്തിലധികം ഷെഡ്യൂൾഡ് കാസ്റ്റും, എഴുന്നൂറിൽ പരം ആദിവാസി വിഭാഗങ്ങളും പിന്നെ ഇവിടെ സ്വതന്ത്രരായ വ്യക്തികളെവിടെ?

ഇത്രത്തോളം ഭ്രാന്തുള്ള ഒരു ജനസമൂഹം മറ്റെവിടെയെങ്കിലുമുണ്ടോ..? സ്വന്തം നാട്ടിലേതടക്കം ഓരോ നാട്ടിലും ഉള്ള പ്രാകൃത നിയമങ്ങൾ നിരത്തിയപ്പോൾ സീതയുടെ ശബ്ദം ചട്ടങ്ങൾ മാറ്റിയെഴുതുകയായിരുന്നു. അപേക്ഷാ ഫോറത്തിൽ ജാതിയുടെ കോളം മായ്ച്ചു കളയുന്ന ഒരു

കാലമാണു സ്വപ്നം കാണേണ്ടത്.. എന്നു പറഞ്ഞപ്പാൾ എന്തിനോ സീതയുടെ കണ്ണുകൾ നിറഞ്ഞു.

ക്യാന്റീനിൽ ഇരുന്ന സഹപാഠി ഷംസുദീൻ കേട്ട ഒരു രഹസ്യ സംഭാഷണത്തെ പറ്റി സീതയോട് പറഞ്ഞപ്പോൾ അവൾ തലകുലുക്കി.

അറിയാം. ടേക്ക് കെയർ. ഒരു വലിയ നെറ്റ് വർക്ക് തന്നെയുണ്ട് നിനക്കെതിരേ.. ഞാൻ കണ്ടു. ഫെയിസ് ബുക്ക് പോസ്റ്റുകളല്ലേ.

അതല്ല ചില സംഭാഷണങ്ങളും, ഷി ഈസ് ഫ്രം കേരള…വെയർ മാവൊയിസ്റ്റ്സ് ആർ പ്ളന്റി

ഓ. കേരളയാണോ. ദെൻ ഷി മേ ബി എ വിർജിൻ!. ആ എം എൽ എ യുടെ മോനുമായിട്ടാണു കമ്പനി. ബിച്ച്

ഒന്നും ഗൗനിക്കാത്ത ജിതേന്ദ്രനൊപ്പം സ്വയം മറന്നു നടന്ന വഴിയോരത്ത് പ്രതീക്ഷകൾക്ക് തടയിട്ടത് അവന്റെ ഉന്നത കുലജന്മമായിരുന്നു. സീത പിൻ വാങ്ങാൻ പലവുരു ശ്രമിച്ചതുമാണ്.

അവൻ കളിയാക്കി. എന്താ ഗർജ്ജിക്കുന്ന ഷേർണിക്ക് എന്തു പറ്റി ഞാനില്ലേ കൂടെ. വീട്ടിൽ നമ്മുടെ കാര്യം ഞാൻ അവതരിപ്പിച്ചു കഴിഞ്ഞു. കോഴ്സ് കഴിഞ്ഞാൽ ഉടനെ വിവാഹം. എന്താ പോരേ. എന്തോ… എനിക്ക് ജീവിച്ചേ മതിയാവൂ.

പക്ഷെ അന്നു ഹോസ്റ്റലിന്റെ പടികയറിയതേ ഓർക്കുന്നുള്ളു. ആരോ പിന്നിൽ നിന്നും തലയിലേക്ക് തുണിയിട്ടു പിടിച്ചു.ശബ്ദിക്കാൻ പോലും പറ്റുന്നതിനു മുമ്പേ എങ്ങോട്ടോ കൊണ്ടു പോയി. വായിൽ തുണി തിരുകി കണ്ണുകൾ കെട്ടിയപ്പോൾ ഒരിക്കൽ കൂടി തോല്ക്കുകയാണല്ലോ എന്ന നിരാശ എല്ലാ പ്രതീക്ഷകളുടേയും ചിതൽ പുറ്റിൽ വെള്ളം കുടഞ്ഞു. എത്ര പേരുണ്ടെന്നു പോലും അറിഞ്ഞില്ല. ബോധത്തിനകത്തും പുറത്തും ശരീരം ചവുട്ടി മെതിക്കുന്നവർക്ക് ജന്മത്തിന്റെ വർണ്ണം പ്രശ്നമല്ലായിരുന്നു. നൂറ്റാണ്ടുകൾക്ക് പുറകിലെ കാൽചുവട്ടിൽ ദയക്ക് വേണ്ടി യാചിച്ച ധർമ്മ സങ്കടത്തിന്റെ മുഖത്ത് ആസിഡ് ഒഴിച്ചപ്പോൾ അവസാനത്തെ മനുഷ്യനും മരിച്ചു.

സീത ഒന്നു ഞരങ്ങിയപ്പോൾ നാണി പിടഞ്ഞെണീറ്റ് കാതുകൾ അവളുടെ ചുണ്ടോട് ചേർത്തു വെച്ചു. ഒരിക്കൽ കൂടി തോല്ക്കുകയാണല്ലൊ അമ്മേ.. എന്നാണു ഞരങ്ങിയത് എന്ന് നാണി കൃത്യമായും കേട്ടു..

അച്ഛനെ കെട്ടിതൂക്കിയതിന്റെ പിറ്റേന്നു, അമ്മ ഒരിക്കലും പറയാത്തതും സീത കേൾക്കാനിഷ്ടപ്പെടാത്തതുമായ ഒരു അദ്ധ്യായം കൂടി ഉണ്ടെന്നു സീതക്കറിയാമായിരുന്നു. കുറ്റപത്രത്തിലെ ആ മൂന്നാം രാവും ഇനി വെളുക്കില്ലല്ലോ അമ്മേ.

നാണി വാവിട്ട് നിലവിളിച്ചു. സീതയുടെ കരിഞ്ഞ കൺപോളകൾക്കിടയിലൂടെ ഒഴുകിക്കൊണ്ടിരുന്ന കണ്ണുനീർ സാവധാനം നിലച്ചു.!!

നാലു തുളകളിൽ ഉറപ്പിച്ച മൂന്നു തൂണുകളിൽ മേൽക്കൂര പണിയുക അസാദ്ധ്യമാണെന്നു അറിയുന്ന നിസ്സഹായത. വീണുടഞ്ഞ പ്ലാവില കിരീടവും ചെങ്കോലും മാറ്റി വെച്ച സീതയുടെ ശരീരം വെളുത്ത അംഗ വസ്ത്രം കൊണ്ട് സർവ്വാംഗം മൂടിയിരുന്നു. വെളുത്ത… വൃത്തിയുള്ള തുണിക്കടിയിൽ കരിഞ്ഞു ദുർഗന്ധം വമിച്ചു തുടങ്ങിയ ഒരു ശവം ഉണ്ടെന്ന സത്യം മറച്ചു വെച്ച് പലരും ഭംഗിയുള്ള പുഷ്പങ്ങളുടെ റീത്തുകൾ വെച്ചു. 🔵

കേരളസമാജം ദൂരവാണി നഗര്‍ ഓണാഘോഷത്തോടനുബന്ധിച്ചു നടത്തിയ കഥാരചനാ മത്സരത്തില്‍ ഒന്നാം സ്ഥാനം നേടിയ കഥ


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.