Follow the News Bengaluru channel on WhatsApp

ദാനവാരി മുകുന്ദനെ സാനന്ദം കണ്ടീടാൻ വിപ്രൻ

കഥകളി ആസ്വാദനം ▪️ രതി നായർ

ബെംഗളൂരു വിമാനപുര അയ്യപ്പക്ഷേത്രത്തില്‍ ഇക്കഴിഞ്ഞ ഞായറാഴ്ച ബാംഗ്ലൂര്‍ ക്ലബ് ഓഫ് കഥകളി ആന്‍ഡ് ആര്‍ട്‌സ് (ബിസികെഎ), എച്ച്എഎല്‍ അയ്യപ്പക്ഷേത്രത്തിന്റെ സഹകരണത്തോടെ കുചേലവൃത്തം കഥകളി അവതരണം സംഘടിപ്പിച്ചു. അരങ്ങില്‍ ശ്രീകൃഷ്ണനായി ‘നാട്യകേസരി’കോട്ടക്കല്‍ കേശവന്‍ കുണ്ടലായര്‍ നിറഞ്ഞാടി. കോട്ടക്കല്‍ പി.എസ്.വി നാട്യസംഘം പ്രിന്‍സിപ്പല്‍ പദവിയില്‍ നിന്നും വിരമിച്ച ഈ അതുല്യ പ്രതിഭ കഥകളി ആദ്യാവസാന വേഷം കലാകാരനാണ്. വടിവൊത്ത മുദ്രകളും, സൗന്ദര്യം വഴിഞ്ഞൊഴുകുന്ന വേഷഭംഗിയും, മുഖത്ത് മിന്നി മറയുന്ന പ്രത്യേക ഭാവങ്ങളും, ചടുലമായ ചുവടുകളുമായി എല്ലാം ഒത്തിണങ്ങിയ കുണ്ഡലായര്‍ ആശാന്റെ കുസൃതി നിറഞ്ഞ കൃഷ്ണവേഷം കാണികളില്‍ നയനാഭിരാമമായ അനുഭൂതി സൃഷ്ടിച്ചു.

നാട്യകേസരി കോട്ടക്കല്‍ കേശവന്‍ കുണ്ടലായര്‍/ ചിത്രം/ വി ബി സുരേഷ്

കുചേലനായി രംഗത്ത് എത്തിയത് ശ്രീ മൂലമാങ്കുളം കൃഷ്ണന്‍ നമ്പൂതിരി (അനിയന്‍ നമ്പൂതിരി) ആയിരുന്നു. പ്രേക്ഷകരില്‍ ആനന്ദാശ്രു പൊഴിയും വിധം ഹൃദ്യമായ അവതരണം. ഗുരുകുല കാല സ്മരണയില്‍ നിന്നുള്ള കുസൃതികളും, സ്‌നേഹവും, ഭീതിയും സന്തോഷവും പരിഭവവും മറ്റും അവതരിപ്പിക്കുന്ന സമയത്ത് കൃഷ്ണനും കുചേലനും ചേര്‍ന്നുള്ള അഭിനയത്തിലെ കൂട്ടായ്മ, സുഹൃത് സംഗമത്തെ അവിസ്മരണീയമായ അനുഭവമാക്കി.
‘അജിത ഹരേ! ജയ മാധവ!……’
‘പുഷ്‌കരവിലോചനാ, ത്വല്‍കൃപാ……’

എന്നീ പദങ്ങളിലൂടെ തന്റെ എന്‍പത്തിയാറാം വയസ്സില്‍ സാക്ഷാല്‍ ഭഗവാന്റെ മുന്‍പില്‍ നില്‍ക്കുന്ന കുചേലനായി കൃഷ്ണന്‍ നമ്പൂതിരി അരങ്ങില്‍ ജീവിക്കുകയായിരുന്നു. കുചേലന്റെ കണ്ണുകളില്‍ തന്റെ പ്രിയ സതീര്‍ത്ഥ്യനോടുള്ള സ്‌നേഹവും, ഭഗവാനോടുള്ള ഭക്തി ബഹുമാനങ്ങളും, സന്ദര്‍ഭങ്ങള്‍ വിവരിക്കുമ്പോള്‍ ഉണ്ടാകുന്ന ഭയവും മാറി മാറി വരുന്നതും, കൃഷ്ണനും രുഗ്മിണിയും തമ്മിലുള്ള സംവാദ സമയം വിശ്രാന്തിയില്‍ ഇരുന്നതും, അതില്‍നിന്ന് പെട്ടെന്ന് ഉണര്‍ന്നതും എല്ലാം മനോഹര മുഹൂര്‍ത്തങ്ങള്‍ ആയിരുന്നു.

വര്‍ഷങ്ങള്‍ക്ക് മുന്‍പ് അനിയന്‍ നമ്പൂതിരി തന്റെ ജ്യേഷ്ഠസഹോദരന്‍ ഗോവിന്ദന്‍ നമ്പൂതിരിയോടൊപ്പം പാലക്കാട് കൊല്ലങ്കോടു് കോവിലകത്ത് താമസിച്ച് കാവുങ്ങല്‍ ശങ്കരന്‍കുട്ടി പണിക്കര്‍ ആശാന്‍ നടത്തിയിരുന്ന കളരിയില്‍ ( 1951 മുതല്‍ 1954 വരെ) കഥകളി അഭ്യസിച്ചിരുന്നു. പിന്നീട് വിക്ടോറിയാ കോളേജില്‍ പഠിക്കുമ്പോള്‍ ഒഴിവു ദിവസങ്ങളില്‍ ആശാന്റെ പ്രത്യേക ശിക്ഷണത്തില്‍ കോവിലകം കഥകളി സംഘം നടത്തിയിരുന്ന പരിപാടികളില്‍ പങ്കെടുത്തിരുന്നു. പ്രൊഫസര്‍ വി.വിജയന്‍ രചിച്ച മണികണ്ഠവിജയത്തിലെ ഭാഗമായ അയ്യപ്പാവതാരം ആദ്യ അരങ്ങിലും പിന്നീട് നിരവധി അരങ്ങുകളിലും കൃഷ്ണന്‍ നമ്പൂതിരി പരമശിവന്റെ വേഷം കെട്ടി ആടിയിരുന്നു.

തുഞ്ചത്തെഴുത്തെഴുത്തശ്ശന്‍ ദിനത്തില്‍ അദ്ധ്യാത്മരാമായണം കിളിപ്പാട്ടിലെ വരികള്‍ ‘ സീതാപഹരണം’ എന്ന ഭാഗം കഥളിരൂപത്തില്‍ ചിട്ടപ്പെടുത്തി അവതരിപ്പിച്ചതില്‍ ശ്രീരാമനായി ഗോവിന്ദന്‍ നമ്പൂതിരിയും സീതയായി കൃഷ്ണന്‍ നമ്പൂതിരിയും ഉണ്ടായിരുന്നു. ഇരുവരുടെയും ഭംഗിയാര്‍ന്ന ഇടത്തരം കഥകളി വേഷങ്ങള്‍ ഇപ്പൊഴും പാലക്കാട് പലരുടെയും ഓര്‍മയില്‍ ഉണ്ട്.

1959 ല്‍, എല്‍ഐസിയില്‍ ജോലിയായി ഉഡുപ്പിയിലും തുടര്‍ന്ന് ബെംഗളൂരുവിലും എത്തിയ അദ്ദേഹം 1996 ഇല്‍ മൈസൂരുവില്‍ ഏരിയ മാനേജര്‍ ആയി വിരമിച്ചു. ഇപ്പോള്‍ സകുടുംബ ബെംഗളൂരുവില്‍ താമസക്കാരാണ്.

അന്യം ഗുരു കടാക്ഷാലൊന്നു വേണമെന്നുണ്ടോ – ഗുരു കടാക്ഷം കൊണ്ട് തന്നെ എന്ന് പറയട്ടെ, നീണ്ട അറുപത്തിഅഞ്ചു വര്‍ഷത്തിന്റെ ഇടവേളക്ക് ശേഷം, സ്വയം മനസ്സും, ശരീരവും പാകപ്പെടുത്തി, കഴിഞ്ഞ വര്‍ഷം മെയ് മാസം ത്രിപ്പലമുണ്ടയില്‍ കുചേലനായി കൃഷ്ണന്‍ നമ്പൂതിരി കഥകളി അരങ്ങില്‍ എത്തി. രണ്ടാം വരവില്‍ കളിക്കാനോ, കളി കാണനോ ഏട്ടന്‍ ജീവിച്ചിരിപ്പില്ല എന്നൊരു ദുഃഖം മാത്രം.

കൃഷ്ണന്‍ നമൂതിരി വീണ്ടും ഒരു കുചേല വേഷം കെട്ടി അരങ്ങില്‍ ജീവിക്കുന്നത് കാണുവാന്‍ ഇത്തവണ ബെംഗളൂരുവിലെ കഥകളി പ്രേമികള്‍ക്ക് അവസരം ഉണ്ടായി. അതും കൃഷ്ണ വേഷത്തില്‍ സാക്ഷാല്‍ കുണ്ടലായര്‍ ആശാനെപ്പോലെ ഒരു മഹാനടനൊപ്പം എന്നതും എടുത്തു പറയേണ്ടിയിരിക്കുന്നു. അണിയറയില്‍ ഒരുങ്ങുന്നതിലുള്ള പ്രത്യേക ശ്രദ്ധയും. ചുറുചുറുക്കും, പാട്ടുകാരോടും കൂട്ടു വേഷമായ കുണ്ടലായര്‍ ആശാനോടും അരങ്ങിന്ന് മുന്നോടിയായി നടത്തിയ സംഭാഷണങ്ങളും കൃഷ്ണന്‍ നമ്പൂതിരിയുടെ കഥകളിയോടുള്ള ആത്മാര്‍ത്ഥതയും, നിഷ്‌കര്‍ഷയും വിളിച്ചോതുന്നവയായിരുന്നു.

കഥകളിയില്‍ രുഗ്മിണിയായി രംഗത്തുവന്ന ശ്രീമ മേനോന്‍ തന്റെ പരിഭവം നിറഞ്ഞ പദം ഭംഗിയായി ആടി. പാട്ടില്‍ ആരുണി ആന്റ് മിഥില മാടശേരി സഹോദരിമാരും ചെണ്ടയില്‍ കലാമണ്ഡലം അഭിനന്ദും വിനോദ് ചെറുകാടും, മദ്ദളത്തില്‍ കലാമണ്ഡലം ശ്രീജിത്തും അരങ്ങിന്നു കൊഴുപ്പേകി. ചുട്ടിയില്‍ സദനം വിവേകും അണിയറയില്‍ ഷാജിയും ആയിരുന്നു.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECHശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാംLeave A Reply

Your email address will not be published.