ദുരവസ്ഥയുടെ കാലികപ്രസക്തി
വരികള്‍ ഇഴചേര്‍ക്കുമ്പോള്‍ ◾ ഇന്ദിരാബാലന്‍

മഹാകവി കുമാരനാശാന്റെ “ദുരവസ്ഥ” എന്ന കൃതി രചിക്കപ്പെട്ടിട്ട് നൂറുകൊല്ലത്തിന്നിപ്പുറവും ആ രചന സമകാലീനമാകുന്നു എന്നത് ശ്രദ്ധേയം. സ്വാതന്ത്ര്യവും പുരോഗമനവും എത്രയോ മുന്നിലെത്തിയിട്ടും ജാതിവെറിയുടെയും മതവർഗ്ഗീയതയുടെയും കാലത്തേക്കാണ് ഇന്നും ലോകം വഴിച്ചൂട്ടാകുന്നത്. ഈയവസ്ഥയിൽ ആ കൃതിയെക്കുറിച്ച് പേർത്തും വിചിന്തനം ചെയ്തുകൊണ്ടിരിക്കുക എന്നത് അനിവാര്യവും. മലബാർ ലഹളയുടെ പശ്ച്ചാത്തലത്തിലാണ് ആ കൃതി എഴുതപ്പെട്ടത്. മലബാർ ലഹള കേരളത്തിൽ രക്തരൂഷിതമായ ഒരു അദ്ധ്യായത്തെ സൃഷ്ടിച്ചു. സങ്കല്പത്തെ വെല്ലുന്ന ആസുരസംഭവങ്ങളെക്കൊണ്ട് കേരളത്തിൽ മാത്രമല്ല ഇന്ത്യയെ മൊത്തം ബാധിച്ചുവെന്ന് പറയാം. ആ ഒരവസ്ഥയിൽ നിന്നുകൊണ്ട് എത്ര തന്മയത്വത്തോടെയാണ് ആശാൻ തൂലിക ചലിപ്പിച്ചിരിക്കുന്നത്. തെളിഞ്ഞു തെളിഞ്ഞുവരുന്നചിന്തകളുടെയും ഊറിയൂറിവരുന്ന കാവ്യാനുഭൂതികളുടെയും നീരുറവകളത്രേ ആശാൻ കവിതകൾ. സാമൂഹികവും സാംസ്ക്കാരികവുമായ അടിമത്തം നിലനിന്നിരുന്ന ഒരു കാലഘട്ടത്തിൽ തനിക്ക് ഉൾക്കൊള്ളാൻ കഴിഞ്ഞ ജീവിതബോധം കൂടിയാണ് അദ്ദേഹത്തിന്റെ കാവ്യങ്ങളിലൂടെ ദൃശ്യമാകുന്നത്. ആ തൂലിക മാനവികതയുടെ ചാലകശക്തിയായി മാറി.
നവോത്ഥാനകവികളിൽ അഗ്രഗണ്യനാണ് ആശാൻ, ആശാനെപ്പോലെ ഒരാൾക്കേ സംഘർഷഭീദിതമായ ഒരു കാലത്ത് നിന്നും ദുരവസ്ഥ പോലുള്ള ഒരു രചന നടത്താനാവു. വിപ്ളവത്തിന്റെ ശുക്രനഷത്രമായി ആശാനെ പ്രൊഫസ്സർ മുണ്ടശ്ശേരി വിശേഷിപ്പിച്ചിട്ടുണ്ടല്ലൊ. എഴുത്ത് സാമൂഹികപരിവർത്തനത്തിനുള്ള ശക്തമായ ഉപാധിയാക്കി മാറ്റിയ പ്രതിഭാ വിശേഷം. സാമൂഹിക വീക്ഷണത്തിന്റേയും, വിപ്ളവബോധത്തിന്റേയും മൂർച്ച ആ കൃതികളിൽ ദർശിക്കാം. ജാതിക്കെതിരേയുള്ള ആശാന്റെ പോരാട്ടവും സമത്വദർശനവും കൂടിയാണ് ദുരവസ്ഥ, ചണ്ഡാലഭിഷുകി തുടങ്ങിയ കൃതികളിലൊക്കെ മുന്നിട്ട് നില്ക്കുന്നത്. തന്നിൽതന്നെ മുള പൊട്ടി വികസിക്കുന്ന മാനസികാവസ്ഥകൾ കഥാപാത്രങ്ങളിൽ സന്നിവേശിപ്പിച്ചു. ആവിഷ്ക്കാരസ്വാതന്ത്ര്യവും സാമുദായികപരിഷ്ക്കരണവുമൊക്കെ അദ്ദേഹത്തിന്റെ ലക്ഷ്യങ്ങളായിരുന്നു.
മലബാർ ലഹളയെ സാമുദായിക കാർഷിക ജന്മിത്വവിരുദ്ധസമരമായും വ്യാഖ്യാനിക്കുന്നുണ്ട്. ലഹളയെ പ്രതിപാദിക്കുന്നതിലപ്പുറം ആദ്ദേഹത്തിന്റെ ഊന്നൽ ജാതിചിന്തയെ ഉന്മൂലനം ചെയ്യുക എന്നത് തന്നെയായിരുന്നു. സോദ്ദേശപരമായ കഥാപാത്ര സൃഷ്ടി തന്നെയാവാം സാവിത്രി അന്തർജ്ജനം. സാവിത്രിയേയും ചാത്തനേയും അവതരിപ്പിക്കുന്നതിന് മുമ്പ് തന്നെ അക്കാലത്തെ സാമൂഹികരാഷ്ട്രീയ സാംസ്ക്കാരികതയെ വിലയിരുത്തുന്നുണ്ട്. അന്തണനെ സൃഷ്ടിച്ച കൈതന്നെയാണ് പുലയനേയും സൃഷിച്ചിട്ടുള്ളതെന്ന് പറഞ്ഞ്“ ആഹന്തയെത്ര വിഫലമാക്കി തീർത്തു /നീ ഹിന്ദുധർമ്മമെ ”ജാതി“ മൂലം എന്ന് നിശിതമായി വിമർശിക്കുന്നു. ഈ ജാതിചിന്ത ഇല്ലായിരുവെങ്കിൽ എത്രയോ പെരുമാക്കളും,ശങ്കരാചാര്യന്മാരും, തുഞ്ചനും, കുഞ്ചനുമൊക്കെ ഉണ്ടായിരുന്നേനെയെന്ന് പറയുന്നു. ഭാരതാംബ പോലും ഈ ജാതിക്കോമരങ്ങൾ കാരണം ശിരസ്സു താഴ്ത്തിയിരിക്കുന്നുവല്ലൊയെന്നും കവി ഖേദിക്കുന്നു. ഭാവഭദ്രതയാണ് ആശാൻ കവിതകളുടെ മറ്റൊരു സവിശേഷത. ആസ്വാദനങ്ങളേക്കാൾ ഉദ്ബോധനങ്ങളായി മാറുന്നു ആ കവിതകൾ.
ദുരവസ്ഥയിൽ മലബാർ ലഹളയുടെ വിവരണങ്ങളുണ്ടെങ്കിലും സാവിത്രിയും ചാത്തനുമാണ് മുന്നിട്ടു നില്ക്കുന്നത്. അതിന്നർത്ഥം നിലവിലുണ്ടായിരുന്ന കർഷകസമരത്തിന്നപ്പുറം ജാതിച്ചിന്ത ഉന്മൂലനം ചെയ്യുക എന്നത് തന്നെയായിരുന്നു. ഒപ്പം ഉള്ളവന്റേയും ഇല്ലാത്തവൻ്റേയും ജീവിതത്തിന്റെ അജഗജാന്തരങ്ങളും പരാമർശിക്കുന്നുണ്ട്. ജാതിയിൽ താഴ്ന്ന അധ്വാനിക്കുന്നവരെക്കുറിച്ച് ഇപ്രകാരം പറയുന്നത് നോക്കുക” എല്ലാറ്റിലും തുച്ഛമല്ലൊ ചെറുമക്കൾ/ പുല്ലുമിവർക്ക് വഴി വഴങ്ങാ/മറ്റുള്ളവർക്കായ് യുഴുവാനും, നടുവാനും/ കറ്റ കൊയ്യാനും മെതിയ്ക്കുവാനും/പറ്റുമിക്കൂട്ടരിരുകാലിമാടുകൾ/മറ്റു കൃഷിപ്പണി ചെയ്യുവാനും…..ഇതാണ് അധ്വാനവർഗ്ഗത്തിന്റെ സ്ഥിതി. ഈ കാഴ്ച്ചപ്പാട് മാറ്റാനും അത് സമൂഹത്തിന്റെ ശ്രദ്ധയിലേക്ക് കൊണ്ടുവരാനുമാണ് ആശാൻ തന്റെ തൂലികയിലൂടെ ശ്രമിക്കുന്നത് ,ഫ്യൂഡൽ ജന്മിത്തത്തിന്റെ ബൂർഷ്വ വ്യവസ്ഥിതിയുടെ തായ് വേരറുത്താൽ മാത്രമേ ഇവിടെ സമത്വം പുലരുകയുള്ളു. അതോടൊപ്പം ദർശനവും ഉരുത്തിരിയുന്നുണ്ട്. അതിനുദാഹരണമാണ് എല്ലാം ഒന്നെന്ന അർഥത്തിൽ വരുന്ന ഈ വരികൾ“മുങ്ങിക്കിടക്കും കളിമണ്ണും നേരോർത്താൽ /തുംഗമാം പാറയുമൊന്നാമല്ലൊ എന്നുള്ള അഭേദകല്പ്ന തന്നെയാണ് മാനവികത. മാനവികതയ്ക്ക് വേണ്ടിയായിരുന്നു ആശാന്റെ തൂലിക ചലിച്ചത്.
മലബാർലഹളക്കാലത്ത് പരസ്പരം വെട്ടിയും കൊന്നും നിലവിളിച്ചിരുന്ന ഒരു സാഹചര്യത്തിൽ ആണ് സാവിത്രിയെന്ന വിദുഷിയും, അന്തർജ്ജനവുമായുള്ള കഥാപാത്രം ചാത്തന്റെ കുടിലിൽ അഭയം തേടിയെത്തുന്നത്. അത് കേവലം ആശ്രയം മാത്രമായിരിക്കില്ല. കാരണം അറിവു നേടാൻ കഴിയാത്ത ഒരു ജനതയെ സാവിത്രിയിലൂടെ ഉദ്ധരിക്കുക എന്നായിരിക്കണം ആശാൻ ലക്ഷ്യമിട്ടത്. നാടകീയസന്ദർഭങ്ങൾ ഇണക്കിചേർത്ത് സർവമത സ്നേഹത്തെ ഊട്ടിയുറപ്പിക്കാനാണ് കവി സോദ്ദേശപരമായി ഈ കഥാപാത്രത്തെ സൃഷ്ടിച്ചതും. എല്ലാ സൌഭാഗ്യങ്ങളും ഉള്ള സാവിത്രി കാഞ്ചനക്കൂട്ടിലെ തത്തയെപ്പോലെയായിരുന്നു. സ്വാതന്ത്ര്യമില്ല എന്നു മാത്രം. മാത്രമല്ല നമ്പൂതിരിസമുദായത്തിൽ പഴയകാലത്ത് സ്ത്രീകൾ അന്തഃപ്പുരത്തിലെ നിശ്ശബ്ദ ജീവിയായിരുന്നല്ലൊ. ഈയവസരത്തിൽ ഉല്പ്തിഷ്ണുക്കാളായവർ സ്വാതന്ത്ര്യം കൊതിക്കാതിരിക്കില്ല. മാത്രമല്ല സമൂഹച്യുതിക്കെതിരെ പോരാടാനുള്ള വാഞ്ചയും അത്തരക്കാരുടെ ഉള്ളിലുണ്ടാവും. ഈയൊരവസരത്തെ ഇത്തരത്തിൽ ആവിഷ്ക്കരിക്കാൻ ആശാനെപ്പോലുള്ള ഒരു കവിക്കേ സാധിക്കു. ബ്രാഹ്മണ്യത്തിന്റെ അഹങ്കാരാധികാരത്തിൽ വീർപ്പുമുട്ടിക്കഴിഞ്ഞിരുന്ന പാട്ടക്കുടിയാന്മാരുടെ കാലം കൂടിയായിരുന്നല്ലൊ അന്ന്. ആ അഹന്തയെ ചുട്ടുകരിക്കേണ്ടതും ബഹുസ്വരതയുടെ ആവശ്യം. സ്വന്തം ഗൃഹം കൊള്ളയടിക്കപ്പെടുമ്പോൾ സാവിത്രിയുടെ അന്തർഗതങ്ങൾ അവളുടെ മൈനയിലൂടെയാണ് ആശാൻ അവതരിപ്പിക്കുന്നത്. ഈ സന്ദർഭത്തിൽ ചാത്തന്റെ കുടിലിലെത്തിയെ സാവിത്രിയെ ചാത്തൻ ഭാവി ഭവിഷ്യത്തുകൾ പറഞ്ഞുമനസ്സിലാക്കി സ്വന്തം വീട്ടിലേക്ക് തിരിച്ചുപോവാൻ അഭ്യർത്ഥിക്കുന്നുണ്ടെങ്കിലും സ്വാദ്ധിയും ധീരയുമായ ആ പെൺകൊടി അത് ചെവിക്കൊള്ളാതെ താനിവിടെ ചാത്തന്റെ പുലയിയായി ജീവിച്ചുകൊള്ളാമെന്നാണ് മറുപടി പറയുന്നത്`. അത് സാധാരണക്കാരിയായ ഒരു പെണ്ണിന് ഇത്രയും വിശാലമായി ചിന്തിക്കാൻ കഴിയില്ല. സാവിത്രി പറയുന്നതിപ്രകാരമാണ്. ‘കില്ലില്ല ഞാനെന്റെ കാലം നയിക്കുമീ പുല്ലുമാടത്തിൽ പുലയിയായി ഞാൻ/അല്ലൽ മറന്നു ചെറുമികളോട് ഞാ/നെല്ലാപ്പണികളും ശീലിച്ചിടും“…സ്ഥിരചിത്തതയും ജീവിക്കുന്ന ഏത് സാഹചര്യത്തോടും സമരസപ്പെടാൻ കഴിയുകയും ചെയ്യുന്ന ഒരുവൾക്കെ ഇങ്ങനെ തീരുമാനമെടുക്കാനാവു. ”അമ്പിളിപോലെ വളഞ്ഞോരരിവാളാ/ലിമ്പം കലർന്നു താൻ കൊയ്തെടുക്കും“എന്നു പറയുന്നതിലെ സ്ഥൈര്യം. അരിവാൾ ജീവിക്കാനും, എതിരിടാനും ഒരുപോലെ കഴിയുന്ന ആയുധമാണ് ആ അരിവാൾ അമ്പിളിപോലെയാണെന്ന് കൽപ്പിക്കുമ്പോൾ ജീവിതത്തിൻ്റെ സൗന്ദര്യാത്മകതയാണ് കവി പ്രകടമാക്കുന്നത്. ജാതി മത ചിന്തകളില്ലാതെ മനുഷ്യനെന്ന ഒറ്റ മതത്തിൽ വിശ്വസിച്ച് സ്നേഹിക്കുന്ന രണ്ടു പേർ ചേർന്നാൽ ഈ ലോകത്തിൻ്റെ സൗന്ദര്യം വർദ്ധിക്കും. കലർപ്പറ്റ സ്നേഹത്തിൻ്റെ മകുടോദാഹരണമാണ്` സാവിത്രി. പരിചാരകവൃന്ദത്തിന്നുള്ളിൽ എല്ലാ ആഗ്രഹങ്ങളും സാധിച്ചുകഴിഞ്ഞിരുന്ന ഒരു പെൺകുട്ടി ചാത്തന്റെ കുടുംബത്തോടൊപ്പം സന്തോഷമായി ജീവിക്കാൻ ഇഷ്ടപ്പെടുന്നു എന്നത് തന്നെ സ്നേഹമാണ് മതമെന്ന് എന്ന ആശാന്റെ വരികളെ അന്വർത്ഥമാക്കുന്നു. സാവിത്രി ചാത്തനിൽ കാണുന്നത് യഥാർത്ഥ മനുഷ്യഗുണമണ്. പിന്നിട് അറിവിന്റെ വാതിൽ തുറന്ന് ചാത്തനെക്കൂടി അവൾ അകത്തേയ്ക്കാനയിക്കുന്നു..മനുഷ്യനേയും ജാതിബോധങ്ങളെയും കുറിച്ചുള്ള വിശകലനങ്ങൾ സാവിത്രിയിലൂടെ ചാത്തനിലേക്ക് ആശാൻ പകരുന്നു. ”താണുകിടക്കു സഹജരെപ്പൊക്കുവാൻ /താണതാണെങ്കിൽ ഞാൻ ധന്യായായി എന്ന് പറഞ്ഞ് ചാരിതാർത്ഥയാകന്നു. ചാത്തനും ,സാവിത്രിയും തമ്മിലൂള്ള സംഭാഷണങ്ങളിലൂടെ ശ്രേഷ്ഠമായ മനുഷ്യമഹത്വത്തെ നിർവ്വചിക്കുന്നു. നമ്പൂതിരിസമുദായത്തിൽ നിലനിന്നിരുന്ന പെൺകുട്ടികളുടെ ദൈന്യതയും, അസ്വാതന്ത്ര്യവും നമ്പൂതിരിമാരുടെ പരസ്ത്രീ ബന്ധവും, ബഹുഭാര്യാത്വവും സംബന്ധവുമടങ്ങിയ അനാചാരങ്ങൾ അവരുടെ വർത്തമാനങ്ങളിലൂടെ അനാവൃതമാകുന്നു. ആത്മവിശ്വാസവും ചിരസ്ഥൈര്യവും, സ്നേഹവും, ചിന്തയുമുള്ള സാവിത്രിയുടെ വാക്കുകൾക്ക് മുമ്പിൽ ചാത്തൻ മുട്ടുകുത്തുന്നു. ഉള്ളിൽ മങ്ങിയെഴുന്ന മതബോധങ്ങളെ ഇല്ലാതാക്കി അവനെ സംസ്ക്കരിച്ചെടുക്കുന്നു. സമുദായ പുനഃരുദ്ധാരണംതന്നെയായിരുന്നു ഈ കൃതിയുടെ ലക്ഷ്യവും. സ്നേഹഗായകനായ ആശാന് അതിനേ കഴിയു. കവിക്ക് പറയാനുള്ളത് കഥാപാത്രങ്ങളിലൂടെ വിക്ഷേപിക്കുന്നു. ആ ഒരു സമാഗമത്തിലൂടെ ലോകം പുതിയ വെളിച്ചത്തിലേക്കെത്തുന്നു. സ്നേഹത്തിന്റേയും, സമഭാവത്തിന്റേയും സാർവ്വജനീനമായ വിശ്വമാനവികതയിലേക്ക്…..അവിടെ എഴുത്തും സാർത്ഥകമാകുന്നു. അതു കൊണ്ട് തന്നെ ദുരവസ്ഥ എന്ന രചന ഇന്നും കാലിക പ്രാധാന്യം വരിയ്ക്കുന്നു.◾
TAGS : INDIRA BALAN | LITERATURE | VARIKAL IZHACHERKKUMBOL



ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.