സമൂഹം ഉണർന്നിരിക്കണം

വരികള്‍ ഇഴചേര്‍ക്കുമ്പോള്‍ ◾ ഇന്ദിരാബാലന്‍


 

കവിതകളാണ് സമൂഹ യാഥാർത്ഥ്യങ്ങളെ പ്രതിഫലിപ്പിക്കുന്ന ശക്തമായ ആയുധമെന്ന് വർത്തമാനകാല വായനകൾ ബോധ്യപ്പെടുത്തിയിട്ടുണ്ട്. അത്രയും മൂർച്ചയുള്ള ഭാഷയിൽ കവിത പോലെ തൊടുത്തുവിടാൻ പറ്റുന്ന മറ്റൊരു അസ്ത്രമുണ്ടോ എന്നും സംശയമാണ്. അലങ്കാരാദികളിൽ നിന്നും പുറത്ത് കടന്ന കവിത സ്വതന്ത്ര വിഹാരിയായിക്കൊണ്ടിരിക്കുന്നു. പദ്യമായാലും ,ഗദ്യമായാലും കവിതയുണ്ടാകുക എന്നത് തന്നെയാണ് പ്രധാനം. കാലത്തിന്നനുസരിച്ച്, ജീവിതത്തിന്നനുസരിച്ച് കാവ്യഭാവുകത്വങ്ങളും പരിണാമവഴിയിലാണ്.

ഒക്സാന സബുഷ്കോ

മാതൃഭൂമി ആഴ്ചപ്പതിപ്പ് പ്രസിദ്ധീകരിച്ച സമകാലിക യുക്രൈനിയൻ കവിയായ “ഒക്സാന സബുഷ്കോയുടെ (Oksana Stefanivna Zabuzhko) “വേനൽക്കാല വസതിയിൽ നിന്നുള്ള കത്ത്” എന്ന കവിതയുടെ ടി.പി. സജീവൻ്റെ പരിഭാഷ വായിച്ചപ്പോൾ അനുഭവപ്പെട്ടത് വർത്തമാനകാലാവസ്ഥയുടെ ആഗോള താപനമാണ്. പരിസ്ഥിതിയുടെ രോദനം. അമ്ള മഴയാണിവിടെ പെയ്തു കൊണ്ടിരിക്കുന്നത്. ഉർവ്വരമാകേണ്ട മണ്ണിപ്പോൾ തുരുമ്പിച്ചു തുടങ്ങിയിരിയ്ക്കുന്നു. നമ്മുടെ മനോഹരമായ വെള്ളരിവള്ളികൾ കത്തിക്കരിഞ്ഞ വയർ പോലെ ഭൂമിയിൽ നിന്നും എഴുന്നു നിൽക്കുന്നു. പഴത്തോട്ടങ്ങളെല്ലാം വിഷഭരിതം. എരിയുന്ന സൂര്യന് താഴെ വിളറിയ മട്ടിൽ പുഞ്ചിരിയ്ക്കുന്ന മരങ്ങൾ. അവയെ ഭയമാണെന്ന് കവി പറയുന്നു. കലാപമുഖരിതമായ അന്തരീക്ഷം അസ്വസ്ഥത സൃഷ്ടിക്കുന്നു.

സമകാലീന യാഥാർത്ഥ്യങ്ങളുടെ നേർപതിപ്പാണ് ഈ കവിത. മനുഷ്യൻ തന്നെയാണ് പ്രകൃതിയുടെയും ജൈവികതയുടെയും കാലനായി മാറുന്നത് .മനുഷ്യൻ മനുഷ്യനാൽ കശാപ്പ് ചെയ്യപ്പെടുന്നതിൻ്റെ മർമ്മരങ്ങളാണ് മരയൊച്ചകളിൽ നിന്നും കേൾക്കുന്നത്. പൊന്തപ്പടർപ്പിലുയരുന്ന കരച്ചിലുകൾ, ഒരു മരത്തിൻ്റെ ഏകതാനമായ മർമ്മരം ,ഒരു വാർത്തയെ ആയിരം വാർത്തയാക്കുന്ന വെട്ടിമുറിയ്ക്കലുകൾ എല്ലാം ഒരേ മട്ടിൽ ആയാസപ്പെട്ടുകൊണ്ടിരിക്കുകയാണിവിടെ. കാലം തെറ്റിയുണരുന്ന വർഷപാതങ്ങളുടെ ഇടിയിലും മിന്നലിലും കരിഞ്ഞു പോകുന്ന മരങ്ങൾ. ചിലതെല്ലാം അസ്ഥിമാത്രമായവശേഷിക്കുന്നു. വിപൽക്കരമായ അധിദേവതകൾ ഉന്മത്തമായ ഭ്രാന്ത് നൽകുന്നു. നിരവധി പ്രതീകവൽക്കരണത്തിലൂടെ സമകാലീന മനുഷ്യ ജീവിതത്തിൻ്റെ ദുരന്തങ്ങൾ തന്നെയാണ് കവിത പ്രഖ്യാപിയ്ക്കുന്നത്. ചിത്രശലഭങ്ങൾ താമസംവിനാ പുഴുക്കളായി മാറാം. മാനവികതയുടെ അവസാന ഈർപ്പവും ഇവിടെ വറ്റിക്കൊണ്ടിരിയ്ക്കയാണ്. മനുഷ്യൻ്റെ ക്രൂര ചെയ്തികളാൽ ആവാസവ്യവസ്ഥിതി അനിയതമായി. അതിൻ്റെ ഫലമായി വർദ്ധിയ്ക്കുന്ന ജനിതക വൈകല്യങ്ങൾ . തീർത്ഥജലം കണക്കെ തളിയ്ക്കുന്നത് മാരക വിഷങ്ങളാണെന്ന ധ്വനി കവിതയിൽ ഓളമിളക്കുന്നു.

ഭ്രാന്തമായി കലി തുള്ളുന്ന മനുഷ്യാർത്തിയുടെ ഫലശ്രുതികൾ പ്രകൃതിയും, മനുഷ്യനും ഒരു പോലനുഭവിച്ചുകൊണ്ടിരിക്കുന്നതിൻ്റെ തീക്ഷ്ണമായ ആലേഖനമാണ് ഈ കവിത. ഇന്ന് ജനിക്കുന്ന കുഞ്ഞ് ഒമ്പത് ദിവസം പ്രായമാകുമ്പോഴേയ്ക്കും ” ആകാശം ഓഫ് ആക്കി വെക്കാൻ ” അലറി വിളിച്ചു പറയുമെന്ന ആശങ്കയും കവിത പങ്ക് വെയ്ക്കുന്നു. വിവര സാങ്കേതിക വിദ്യയുടെ ത്വരിത വളർച്ച നല്ലതെന്നപോലെ ആപത്തുകളും വാരിക്കോരി തരുമെന്ന ആസന്ന ഭാവി വിദൂരമല്ല എന്ന സന്ദേശം വരിയുടലിൽ ഉയരുന്നു. കത്തിൻ്റെ അവസാനം കവി പറയുന്നു, വാരാന്ത്യത്തിൽ വരാനൊക്കുമെങ്കിൽ നീ വായിക്കാനായി എന്തെങ്കിലും കൊണ്ടുവരണം, അത് തനിയ്ക്ക് അറിയാത്ത ഭാഷയിലായാൽ നല്ലതെന്ന് വായിയ്ക്കുമ്പോൾ അസ്തിത്വം നഷ്ടമാകുന്നതും, സ്വന്തം ഭാഷപോലും ശോഷിയ്ക്കുകയും, അന്യാധീനപ്പെടുകയും ചെയ്യപ്പെട്ടു എന്ന നഗ്നസത്യത്തിൻ്റെ നിലയില്ലാരോദനം നമുക്ക് കേൾക്കാനാകും. ഓരോ സ്വത്വത്തേയും, നിയന്ത്രിക്കാനിവിടെ പുതിയ അധികാരകേന്ദ്രങ്ങൾ ഉടലെടുക്കുന്നുവെന്ന നടുക്കുന്ന സത്യം നാം തിരിച്ചറിയേണ്ടതുണ്ടെന്നതിലേയ്ക്ക് കവി കവിതയെ എത്തിക്കുന്നു. സമൂഹം എപ്പോഴും ഉണർന്നിരിക്കേണ്ട ആവശ്യകതയും “വേനൽക്കാല വസതിയിൽ നിന്നുള്ള കത്ത്” ധ്വനിപ്പിയ്ക്കുന്നുണ്ട്.


TAGS : | |


Post Box Bottom AD3 S majestic
Post Box Bottom 6  FLY TECH
Post Box Bottom AD08  Synoms

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം




ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.


No tags for this post.
Leave a comment
error: Content is protected !!