ആലപ്പുഴ: കുത്തിയതോട് പള്ളിത്തോട് അമ്മയുടെ മൃതദേഹം മറ്റാരും അറിയാതെ മകൻ കുഴിച്ചുമൂടി. തുറവൂർ മനക്കോടം സ്വദേശി രാധയുടെ മൃതദേഹമാണ് മകൻ ഗിരീഷ് വീടിനുള്ളിൽ കുഴിച്ചുമൂടിയത്. രാധ (75)ആണ് മരിച്ചത്. മൃതദേഹം കുഴിച്ചിട്ടത് അടുക്കളയിലാണ്. സംഭവത്തിൽ മകൻ ഗിരീഷിനെ പോലീസ് കസ്റ്റഡിയിലെടുത്തു. നാട്ടുകാരുടെ പരാതിയിൽ അസ്വാഭാവിക മരണത്തിന് പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. അന്വേഷണത്തിന്‍റെ ഭാഗമായി മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോർട്ടം ചെയ്യുമെന്ന് പോലീസ് അറിയിച്ചു.
ഇന്നലെ വൈകീട്ടായിരുന്നു സംഭവം. അമ്മയുടെ മൃതദേഹം ആരുമറിയാതെ സംസ്‌കരിച്ചെന്ന് ഗിരീഷ് പറഞ്ഞതായി നാട്ടുകാർ പറഞ്ഞു. കഴിഞ്ഞ ദിവസം താൻ വീട്ടിലെത്തിയപ്പോൾ അമ്മ മരിച്ചുകിടക്കുന്നത് കണ്ടുവെന്നും, കുഴിയെടുത്ത് താൻ തന്നെ കുഴിച്ചുമൂടിയെന്നുമായിരുന്നു ഗിരീഷ് പറഞ്ഞത്. ശേഷം മൂന്ന് കല്ലുകൾ ആ ഭാഗത്ത് വെച്ചു. സ്ഥിരം മദ്യപാനിയാണ് ഗിരീഷ്. അമിതമായി മദ്യപിച്ച ശേഷം ഇയാൾ അമ്മയെ സ്ഥിരമായി മർദിക്കാറുണ്ടായിരുന്നു. ഈ പശ്ചാത്തലം ഉള്ളതുകൊണ്ട് നാട്ടുകാർക്ക് ഇതൊരു കൊലപാതകമായിരുന്നോ എന്ന് സംശയം തോന്നുകയായിരുന്നു.
















