തിരുവനന്തപുരം: എറണാകുളത്ത് അന്താരാഷ്ട്ര നിലവാരത്തിലുള്ള ക്രിക്കറ്റ് സ്റ്റേഡിയം നിർമ്മിക്കുന്നതിന് കേരള സർക്കാർ ഔദ്യോഗിക അനുമതി നല്‍കി. നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപം ആലുവ താലൂക്കിലെ ചെങ്ങമനാട് വില്ലേജില്‍ 10.1312 ഹെക്ടർ ഭൂമി തരംമാറ്റാനാണ് കൃഷി വകുപ്പ് ഇന്നലെ ഉത്തരവിറക്കിയത്.
2008-ലെ കേരള നെല്‍വയല്‍-തണ്ണീർത്തട സംരക്ഷണ നിയമത്തിലെ വകുപ്പ് 10(2) പ്രകാരമാണ് ഈ നടപടി. കേരള സ്പോർട്സ് നയം 2023, കേരള സ്പോർട്സ് ആക്‌ട് 2025, കേരള സ്പോർട്സ് ഇൻഫ്രാസ്ട്രക്ചർ ഡെവലപ്മെന്റ് സ്കീം 2025 എന്നിവയുടെ അടിസ്ഥാനത്തില്‍ പദ്ധതിയെ ‘പൊതു ആവശ്യം’ ആയി പരിഗണിച്ചാണ് അനുമതി നല്‍കിയിട്ടുള്ളത്. പരിസ്ഥിതി സംരക്ഷണവും ജലസംരക്ഷണവും ഉറപ്പുവരുത്തുന്നതിനുള്ള നിർബന്ധ വ്യവസ്ഥകളും സർക്കാർ മുന്നോട്ട് വെച്ചിട്ടുണ്ട്.
കേരള ക്രിക്കറ്റ് അസോസിയേഷൻ മുൻ സർക്കാരിന്റെ കാലത്ത് സമർപ്പിച്ച അപേക്ഷ സംസ്ഥാനതല സമിതി വിശദമായി പരിശോധിച്ച് തരംമാറ്റത്തിന് ശുപാർശ ചെയ്തിരുന്നു. എങ്കിലും നിയമപരമായ ചില സാങ്കേതിക തടസ്സങ്ങള്‍ കാരണം അപേക്ഷ അംഗീകരിക്കപ്പെട്ടിരുന്നില്ല. തുടർന്ന് മുൻ മുഖ്യമന്ത്രി പിണറായി വിജയൻ, റവന്യൂ മന്ത്രി കെ. രാജൻ, സ്പോർട്സ് വകുപ്പ് മന്ത്രി വി. അബ്ദുറഹ്മാൻ, കൃഷി മന്ത്രി പി. പ്രസാദ് എന്നിവരുടെ നേതൃത്വത്തില്‍ പദ്ധതിക്കായി നിയമഭേദഗതി കൊണ്ടുവരികയും എല്‍.ഡി.എഫ് സർക്കാരിന്റെ അവസാന ക്യാബിനറ്റില്‍ പദ്ധതിയെ ‘പൊതു ആവശ്യം’ ആയി പ്രഖ്യാപിക്കുകയുമായിരുന്നു. അതോടൊപ്പം കെ.സി.എയ്ക്ക് ഭൂപരിഷ്കരണ നിയമത്തിലും ഇളവ് അനുവദിക്കുകയും ചെയ്തു.
തുടർന്ന് പദ്ധതി എത്രയും വേഗത്തില്‍ പൂർത്തിയാക്കുന്നതിനായി മുഖ്യമന്ത്രി വി.ഡി. സതീശൻ നടപടിക്രമങ്ങള്‍ പൂർത്തിയാക്കുന്നതില്‍ നേരിട്ട് ഇടപെടുകയും കൃഷിവകുപ്പ് മന്ത്രി ടി. സിദ്ദിഖ്, കായിക വകുപ്പ് മന്ത്രി ഒ.കെ. ജനീഷ് എന്നിവർ ആവശ്യമായ നിർദ്ദേശങ്ങള്‍ നല്‍കുകയും ചെയ്തു. ഇതിനെത്തുടർന്ന് കെ.സി.എ സമർപ്പിച്ച അപേക്ഷ സംസ്ഥാനതല സമിതി വീണ്ടും പരിശോധിച്ച് അന്താരാഷ്ട്ര പദ്ധതിക്കായി
തരംമാറ്റത്തിന് ശുപാർശ നല്‍കുകയും ചെയ്തു. ആ ശുപാർശ സംസ്ഥാന സർക്കാർ പൂർണ്ണമായി അംഗീകരിക്കുകയായിരുന്നു.
SUMMARY: Government approves international cricket stadium in Ernakulam
















