തിരുവന്തപുരം: തിരുവന്തപുരം വെങ്ങാനൂരിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് മരിച്ചയാളെ പോലീസ് തിരിച്ചറിഞ്ഞു. കോട്ടയം ഏറ്റുമാനൂർ തെള്ളകം സ്വദേശി റ്റൈറ്റസ് കുര്യനാണ് മരിച്ചത്. ഇയാൾ മുൻ സൈനികനാണ്. വീട്ടുകാരുമായി പിണങ്ങിപ്പോയതാണെന്നാണ് വിവരം. ഞായർ രാത്രി ഇദ്ദേഹം കോട്ടയത്തുനിന്ന് തിരുവന്തപുരത്തേക്ക് എത്തിയതെന്നാണ് വിവരം.
KLO5 AV 3686 എന്ന നമ്പരിലുള്ള റെനോൾട്ട് ക്വിഡ് കാറിനാണ് തീപിടിച്ചത്. തിങ്കളാഴ്ച പുലർച്ചെ അഞ്ചരയോടെയാണ് അയ്യങ്കാളി സ്കൂളിന് സമീപത്തുവെച്ച് കാറിന് തീപിടിച്ചത്. റോഡിന് നടുവിൽവെച്ച് വാഹനത്തിന് മുന്നിൽ തീപടരുകയും പിന്നീട് റിവേഴ്സ് വന്ന് റോഡിനോട് ചേർന്നുള്ള മതിലിന് സമീപംനിന്ന് കാർ കത്തിയമരുകയുമായിരുന്നു. പ്രദേശവാസികളാണ് തീ കത്തുന്നത് ആദ്യം കണ്ടത്. പിന്നീട് ഫയർഫോഴ്സ് എത്തി തീ അണച്ചു.
വാഹനം പൂർണമായി കത്തിയമർന്നതോടെ നമ്പർ പ്ലേറ്റും മറ്റ് രേഖകളും നശിച്ചിരുന്നു. പിന്നീട് വാഹനത്തിന്റെ ചേസിസ് നമ്പർ പ്രകാരം നടത്തിയ അന്വേഷണത്തിലാണ് ഉടമയെ തിരിച്ചറിഞ്ഞത്. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങളും പരിശോധിച്ചു.
SUMMARY: A native of Etumanoor was burnt to death by a car in Thiruvananthapuram
















