വാഷിങ്ടൺ: ഇറാനുമായുള്ള സംഘർഷത്തിൽ അമേരിക്ക വിജയിക്കുന്നതോടെ എണ്ണവില കുത്തനെ ഇടിയുമെന്ന് യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ്. ഗാലന് രണ്ട് ഡോളറിലും താഴെയായി ഇന്ധനവില മാറുമെന്നും ട്രംപ് അവകാശപ്പെട്ടു. മിഡിൽ ഈസ്റ്റിലെ സൈനിക നീക്കങ്ങളും ഊർജ പ്രതിസന്ധിയും തമ്മിലുള്ള ബന്ധം ചൂണ്ടിക്കാട്ടി ‘ട്രൂത്ത് സോഷ്യലിൽ’ പങ്കുവെച്ച കുറിപ്പിലാണ് ട്രംപിൻ്റെ പ്രതികരണം. ഇറാനെതിരായ പോരാട്ടം അവസാനിക്കുന്നതോടെ മറ്റ് സാധനങ്ങളുടെ വില കുറയുന്നതുപോലെ എണ്ണവിലയും ഗണ്യമായി കുറയുമെന്നും ട്രംപ് പറയുന്നു.
‘ഇറാനുമായുള്ള യുദ്ധത്തില്‍ നമ്മള് വിജയിക്കുമ്പോള്‍, മറ്റ് എല്ലത്തിനും വില കുറയുന്നതുപോലെ എണ്ണവിലയും കുത്തനെ ഇടിയും. (മറ്റെന്തിനേക്കാളും വേഗത്തില്‍!). ഗാലന് മൂന്ന് ഡോളര്‍. എന്നാല്‍ ഒടുവില്‍ രണ്ട് ഡോളറിന് താഴെയായി ഇത് കുറയും. ഇതെല്ലാം വളരെ വേഗത്തില്‍ സംഭവിക്കും, ഇറാന് ഒരിക്കലും ഒരു ആണവായുധം കൈവശം വെക്കില്ല’ ട്രംപ് സോഷ്യല്‍ മീഡിയയില്‍ കുറിക്കുന്നു.
തന്റെ പ്രശസ്തമായ ‘മേക്ക് അമേരിക്ക ഗ്രേറ്റ് എഗെയ്ന്’ മുദ്രാവാക്യത്തോടെയാണ് കുറിപ്പ് അവസാനിപ്പിക്കുന്നത്.
അതേസമയം ഇറാൻ്റെ ഊർജ കേന്ദ്രങ്ങൾക്ക് നേരെ എന്തെങ്കിലും തരത്തിലുള്ള ആക്രമണങ്ങൾക്ക് മുതിർന്നാൽ കനത്ത പ്രത്യാഘാതം നേരിടേണ്ടി വരുമെന്ന് ഇറാൻ പാർലമെൻ്റ് സ്പീക്കർ മുഹമ്മദ് ബാഘർ ഖാലിബാഫ് അമേരിക്കയ്ക്ക് മുന്നറിയിപ്പ് നൽകി. എക്സ് പ്ലാറ്റ്ഫോമിലൂടെയായിരുന്നു അദ്ദേഹത്തിൻ്റെ പ്രതികരണം. ഇറാൻ്റെ എണ്ണ, വാതക ഉത്പാദന ശൃംഖല വളരെ വലുതും എളുപ്പത്തിൽ ആക്രമിക്കപ്പെടാൻ സാധ്യതയുള്ളതുമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
SUMMARY: Trump says oil prices will plummet if US wins war with Iran
















