തിരുവനന്തപുരം: കെ.എസ്.ഹംസയുടെ നേതൃത്വത്തിലുള്ള സമിതിയെ പിരിച്ചുവിട്ട് സംസ്ഥാന വഖഫ് ബോർഡ് പുനഃസംഘടിപ്പിച്ചു സർക്കാർ. മുസ്ലിം ലീഗ് നേതാവ് എം.സി മായിൻ ഹാജിയാണ് ബോർഡിന്റെ പുതിയ ചെയർമാൻ. കുറുക്കോളി മൊയ്തീൻ, സിറാസ് ഡി കാപ്സി, തൊടിയൂർ മമ്മദ് കുഞ്ഞ് മൗലവി, സജ്ന ഫിറോസ്, ജസീം സബാഹ്, ഡോ. അബ്ദുൾ മജീദ്, സലാഹി മദീന ബീഗം, മുസ്തഫൽ ഫൈസി എന്നിവരാണ് അംഗങ്ങൾ. എംഎൽഎമാരുടെ പ്രതിനിധിയായിട്ടാണ് കുറുക്കോളി മൊയ്തീൻ വഖഫ് ബോർഡിൽ ഇടംപിടിച്ചത്. നേരത്തെ നിരവധി തവണ വഖഫ് ബോർഡ് അംഗമായിരുന്നു മുസ്ലിം ലീഗ് നേതാവ് കൂടിയായ മായിൻ ഹാജി.
ബോർഡിലെ അംഗങ്ങളിൽ പലർക്കും ചട്ടപ്രകാരമുള്ള യോഗ്യതയും മതിയായ പ്രാതിനിധ്യവും ഇല്ലെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് പുനഃസംഘടന. സംസ്ഥാന വഖഫ് ബോർഡിന്റെ പ്രവർത്തനങ്ങൾക്ക് ഹൈക്കോടതി നേരത്തെ താൽക്കാലിക വിലക്ക് ഏർപ്പെടുത്തിയിരുന്നു. പ്രശ്നങ്ങൾ പരിഹരിച്ച് ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് സർക്കാരിനോട് ഹൈക്കോടതി ഇടക്കാല ഉത്തരവിലൂടെ നിർദേശിക്കുകയും ചെയ്തിരുന്നു.
അതേസമയം, പുതിയ വഖഫ് നിയമഭേദഗതി പ്രകാരം രണ്ട് അമുസ്ലിംകളെ ബോർഡിൽ ഉൾപ്പെടുത്തണമെന്ന വ്യവസ്ഥ സർക്കാർ നടപ്പാക്കിയിട്ടില്ല. സുപ്രീംകോടതിയുടെ ഉത്തരവിന് ശേഷമേ ഇക്കാര്യത്തിൽ തീരുമാനമെടുക്കൂ എന്നാണ് സർക്കാരിന്റെ നിലപാട്.
SUMMARY:
















