തിരുവനന്തപുരം:സംസ്ഥാനത്ത് വ്യാഴാഴ്ച വരെ ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ശക്തമായ മഴ കണക്കിലെടുത്ത് വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, മലപ്പുറം, വയനാട്, കണ്ണൂർ എന്നീ ജില്ലകളിലാണ് യെല്ലോ അലർട്ടുള്ളത്. ചൊവ്വാഴ്ചയും ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി എന്നീ ജില്ലകളിലാണ് ചൊവ്വാഴ്ച യെല്ലോ അലർട്ടുള്ളത്. മഴയ്ക്കൊപ്പം ഇടിമിന്നൽ മുന്നറിയിപ്പും നൽകിയിട്ടുണ്ട്.
ബുധനാഴ്ച കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ഒഴികെയുള്ള എല്ലാ ജില്ലകളിലും വ്യാഴാഴ്ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ഒഴികെ മറ്റ് എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ് ഉണ്ട്.
കള്ളക്കടൽ ജാഗ്രത നിർദേശം
കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി തിരുവനന്തപുരം (കാപ്പിൽ മുതൽ പൊഴിയൂർ വരെ) ജില്ലയിലെ തീരങ്ങളിൽ (19/10/2026) ഉച്ചയ്ക്ക് 02.30 മുതൽ 20/10/2026 രാവിലെ 08.30 വരെ 0.8 മുതൽ 1.3 മീറ്റർ വരെ ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര വിവര വിശകലന കേന്ദ്രം (INCOIS) അറിയിച്ചു.
കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി കന്യാകുമാരി തീരത്ത് (19/10/2026) രാവിലെ 08.30 മുതൽ 20/10/2026 രാവിലെ 08.30 വരെ 1.2 മുതൽ 1.4 മീറ്റർ വരെ ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര വിവര വിശകലന കേന്ദ്രം (INCOIS) അറിയിച്ചു.
കടലാക്രമണത്തിന് സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിയ്ക്കുക.
SUMMARY: Northeast monsoon intensifies; yellow alert in seven districts today
















