തിരുവനന്തപുരം: വഴുതക്കാട് വച്ച് കാറിടിച്ച് നിർത്താതെ പോയ കേസിൽ നടൻ മണിയൻപിള്ള രാജു അറസ്റ്റിൽ. തിരുവനന്തപുരം മ്യൂസിയം പോലീസ് ജാമ്യം ലഭിക്കാവുന്ന വകുപ്പുകളോടെ കേസെടുത്തു. അറസ്റ്റ് രേഖപ്പെടുത്തിയതിന് പിന്നാലെ നടനെ വൈദ്യപരിശോധനയ്ക്ക് ഹാജരാക്കി.
ബൈക്ക് തന്റെ വാഹനത്തില്‍ വന്ന് ഇടിക്കുകയായിരുന്നു എന്നാണ് മണിയൻപിളള രാജു പറയുന്നത്. കാറോടിച്ചത് ഞാന്‍ തന്നെയാണ്. സിസിടിവിയിൽ എല്ലാമുണ്ടാകും. താനൊരു കാന്‍സര്‍ രോഗിയാണ്. കൂടാതെ ചിക്കന്‍ഗുനിയയും ബാധിച്ചിട്ടുണ്ട്. പെട്ടന്ന് ഭയന്നുപോയി അതുകൊണ്ടാണ് കാറില്‍ നിന്ന് പുറത്തിറങ്ങാതിരുന്നത്. പതുക്കെയാണ് റോഡ് ക്രോസ് ചെയ്തത്. എന്തോ ശബ്ദം കേട്ട് തിരിഞ്ഞുനോക്കിയപ്പോഴാണ് ബൈക്ക് വീണുകിടക്കുന്നത് കണ്ടത്. ഉടൻ സുഹൃത്തുക്കളെ വിളിച്ച് അപകടം നടന്നിട്ടുണ്ടെന്നും ആംബുലൻസ് ഏർപ്പാടാക്കണമെന്നും പറഞ്ഞു. രാവിലെ പോലീസിൽ വിളിച്ച് വിവരം അറിയിക്കുകയും ചെയ്തിട്ടുണ്ടെന്നും മണിയന് പിള്ള രാജു വ്യക്തമാക്കി.
ഇന്നലെ രാത്രിയാണ് തിരുവനന്തപുരം ട്രിവാർഡ്രം ക്ലബിന് സമീപം വാഹനാപകടമുണ്ടായത്. അമിതവേഗത്തില്‍ എത്തിയ വോള്‍വോ കാര്‍ ഇടിച്ചാണ് ബൈക്ക് യാത്രികരായ യുവാക്കള്‍ക്ക് പരിക്കേറ്റത്. ഇടിയുടെ ആഘാതത്തില്‍ ബൈക്ക് കാറിനുളളിലായി. ബൈക്കുമായി കാര്‍ അമിതവേഗത്തില്‍ നീങ്ങിയെന്നാണ് ദൃക്സാക്ഷികള്‍ പറയുന്നത്. ശ്രീകണ്ഠേശ്വരം സ്വദേശികളായ നിദേവ്, സൂരജ് എന്നിവര്‍ക്കാണ് പരിക്കേറ്റത്. സൂരജിനെ എസ്പി ഫോര്‍ട്ട് ആശുപത്രിയിലും നിദേവിനെ കിംസ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. സൂരജിന് തുടയെല്ലിന് പൊട്ടലും നിവേദിന് കാലിന് ഒടിവുമുണ്ടായി. അപകടത്തില്‍പ്പെട്ട ബൈക്ക് ഫയര്‍ഫോഴ്സ് എത്തി റോഡരികിലേക്ക് മാറ്റിയിട്ടുണ്ട്.
അതേസമയം സംഭവത്തിൽ പോലീസിന്റെ ഭാഗത്തുനിന്നും ഗുരുതര വീഴ്ച്ചയുണ്ടായതായി ആരോപണമുയരുന്നുണ്ട്. സംഭവത്തിൽ ദൃക്സാക്ഷി മൊഴിയടക്കം പുറത്തുവന്നിട്ടും പ്രതിയെ പിടിച്ചില്ലെന്നും പോലീസ് നടന് എല്ലാ സഹായവും ചെയ്തുവെന്നുമാണ് ആരോപണം. അപകടമുണ്ടാക്കിയ നടന്റെ വണ്ടി ഇതുവരെ കണ്ടെത്താൻ പോലീസിനായിട്ടില്ല.
SUMMARY: Accident in front of Trivandrum club: Arrest of Maniyanpilla Raju recorded
















