ന്യൂഡൽഹി: കോക്ക്റോച്ച് ജനതാ പാർട്ടിയിൽ (സിജെപി) പിളർപ്പ്. സംഘടനയുടെ സ്ഥാപക നേതാവായ അഭിജീത്ത് ദിപ്കെയ്ക്കെതിരെ ഗുരുതര ആരോപണങ്ങളുന്നയിച്ച് രംഗത്ത് വന്ന പ്രമുഖ പ്രവർത്തകൻ മനീഷ് ബ്രഹ്മഭട്ട് പുതിയ പാർട്ടി പ്രഖ്യാപിച്ചു. സിജെപിയിൽ നിന്ന് തെറ്റിപ്പിരിഞ്ഞ് കോക്ക്റോച്ച് ജനതാ പാർട്ടി ഡെമോക്രാറ്റിക് (സിജെപിഡി) എന്ന പുതിയ വിഭാഗത്തിനാണ് മനീഷ് ബ്രഹ്മഭട്ട് രൂപം നൽകിയത്. അഭിജിത് ദീപകേ നയിക്കുന്ന സിജെപി ടീം കെജ്രിവാളാണെന്ന് വിമത വിഭാഗം ആരോപിച്ചു.
‘ഞങ്ങൾ ഇന്ന് കോക്രോച്ച് ജനത പാർട്ടി ഡെമോക്രാറ്റിക് രൂപകരിച്ചിരിക്കുകയാണ്. ഈ മുന്നേറ്റം രാജ്യത്തിന് വേണ്ടിയായിരുന്നു. ജനങ്ങൾ തങ്ങളുടെ രക്തവും വിയർപ്പും ഒഴുക്കിയതിനാലാണ് ആ മുന്നേറ്റം വിജയം കണ്ടത്. എന്നാൽ വിജയം കണ്ടതോടെ ഈ മുന്നേറ്റത്തെ വിൽപ്പനയ്ക്ക് വെച്ചു, രാഷ്ട്രീയമായി ഉപയോഗിച്ചു’, താഴെക്കിടയിലുള്ള പ്രവർത്തകരെയും പ്രതിഷേധക്കാരെയും അവഗണിച്ച് സിജെപിയെ ആം ആദ്മി പാർട്ടിയുടെയും (എഎപി) അരവിന്ദ് കെജ്രിവാളിന്റെയും താൽപ്പര്യങ്ങൾ സംരക്ഷിക്കുന്ന ‘ടീം കെജ്രിവാൾ’ ആയി അഭിജീത്ത് ദിപ്കെ മാറ്റിന്നും ബ്രഹ്മഭട്ട് ആരോപിച്ചു.
12 അംഗ ദേശീയ സമിതിയെ രൂപീകരിച്ചതിൽ ബ്രഹ്മഭട്ട് രൂക്ഷവിമർശനം ഉയർത്തി. പ്രക്ഷോഭത്തിൽ പങ്കെടുത്തവരുമായോ വളൻ്റിയർമാരുമായോ യാതൊരു ചർച്ചകളും നടത്താതെയാണ് ഇത്തരമൊരു കൂട്ടായ്മ രൂപീകരിച്ചതെന്നും മനീഷ് ആരോപിച്ചു. പുതിയ കമ്മിറ്റിയിൽ ഉൾപ്പെട്ടിരിക്കുന്ന 8 പേർ ആം ആദ്മി പാർട്ടിയുമായി ചേർന്ന് പ്രവർത്തിക്കുന്നവരാണ്. പ്രതിഷേധം വിജയം കണ്ടതിന് ശേഷം വളൻ്റിയർമാരെയേയോ പ്രതിഷേധക്കാരേയോ ഒരു ചർച്ചയ്ക്ക് പോലും അഭിജിത് ദീപ്കെ ക്ഷണിച്ചിട്ടില്ല. പ്രധാന മാനദണ്ഡങ്ങളെ കുറിച്ച് പോലും സോഷ്യൽ മീഡിയയുമായി ബന്ധപ്പെട്ടവരോട് സംസാരിച്ചിട്ടില്ല’, ബ്രഹ്മഭട്ട് പറഞ്ഞു.
ചീഫ് ജസ്റ്റിസ് സൂര്യകാന്തിന്റെ ചില പരാമർശങ്ങൾക്ക് പിന്നാലെ മെയ് 16 നാണ് അഭിജീത്ത് ദിപ്കെ സിജെപി എന്ന ഓൺലൈൻ മൂവ്മെന്റ് ആരംഭിച്ചത്. തൊഴിലില്ലായ്മ, പരീക്ഷാ ചോദ്യപേപ്പർ ചോർച്ച, വിദ്യാഭ്യാസ രംഗത്തെ ക്രമക്കേടുകൾ തുടങ്ങിയ വിഷയങ്ങൾ ഉയർത്തിക്കാട്ടി യുവാക്കൾക്കിടയിൽ ഇത് ശ്രദ്ധ നേടിയിരുന്നു. മുൻപ് എഎപി യുമായി ബന്ധമുണ്ടായിരുന്നുവെങ്കിലും നിലവിൽ ആ പാർട്ടിയുമായി ബന്ധമില്ലെന്നാണ് ദിപ്കെയുടെ വിശദീകരണം. എന്നാൽ ജന്തർ മന്തറിലെ സമരങ്ങളിൽ കെജ്രിവാളും മറ്റ് നേതാക്കളും പങ്കെടുത്തത് ചൂണ്ടിക്കാട്ടിയാണ് മനീഷ് ബ്രഹ്മഭട്ട് ആരോപണങ്ങൾ കടുപ്പിക്കുന്നത്. അതേസമയം മനീഷ് ബ്രഹ്മഭട്ടിന്റെ ആരോപണങ്ങളോട് സിജെപിയോ ദിപ്കെയോ ഇതുവരെ പ്രതികരിച്ചിട്ടില്ല.
SUMMARY: Allegation that team Kejriwal; A major split in the Cockroach Janata Party, the CJP-D formed a rebel faction
















