ശ്രീനഗർ: ഇന്ത്യൻ അതിർത്തിയിലേക്ക് നുഴഞ്ഞുകയറാൻ ശ്രമിക്കുന്നതിനിടെയുണ്ടായ സ്ഫോടനത്തിൽ നാല് ലെഷ്കർ ഭീകരർ കൊല്ലപ്പെട്ടു. പാക് അധീന കശ്മീരിലെ പൂഞ്ച് ജില്ലയിൽ നിന്നുള്ളവരാണ് കൊല്ലപ്പെട്ടതെന്ന് തിരിച്ചറിഞ്ഞു. ലെഷ്കർ ഇ തൊയ്ബ കമാൻഡർ മുഹമ്മദ് ഫൈസാൻ, മുഹമ്മദ് ഇഷ്തിയാഖ് മുഹമ്മദ് വഖാസ്, മുഹമ്മദ് ആസിം എന്നിവരാണ് മരിച്ചത്.
തിങ്കളാഴ്ച ജമ്മു കശ്മീരിലെ പൂഞ്ച് ജില്ലയിലുള്ള കൃഷ്ണ ഘാട്ടി (Krishna Ghati) സെക്ടറിലെ ‘നാങ്കി ടെക്രി’ / സത്വാൽ-നാകി (Satwal-Naki) മേഖലയോട് ചേർന്നുള്ള അതിർത്തി ഗ്രാമത്തിലാണ് സ്ഫോടനമുണ്ടായത്. ഇന്ത്യയിലേക്ക് നുഴഞ്ഞുകയറാൻ ശ്രമിക്കുന്നതിനിടെ സത്വാൽ-നാകി മേഖലയിൽ സ്ഫോടനമുണ്ടാവുകയായിരുന്നു.
കഴിഞ്ഞ കുറച്ച് വർഷങ്ങളായി സത്വാൽ-നാകി മേഖലയിലൂടെ ഇന്ത്യയിലേക്ക് നുഴഞ്ഞുകയറാൻ ഭീകരർ പലതവണ ശ്രമിച്ചതായി സൈന്യം പറഞ്ഞു. മുമ്പും സമാന രീതിയിൽ ഭീകരർ പ്രദേശത്ത് കൊല്ലപ്പെട്ടിട്ടുണ്ട്.
സംഭവത്തെത്തുടർന്ന് മേഖലയിൽ ഇന്ത്യൻ സൈന്യവും സുരക്ഷാ സേനയും അതീവ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്. മേഖലയിൽ കൂടുതൽ ഭീകരർ തമ്പടിച്ചിട്ടുണ്ടോ എന്നറിയാൻ തിരച്ചിലും സുരക്ഷാ പരിശോധനകളും ശക്തമാക്കി.
SUMMARY: Attempt to cross the border: 4 terrorists, including a Lashkar commander, killed in IED blast.
















