തിരുവനന്തപുരം: പിഎം ശ്രീ പദ്ധതിയുടെ ഭാഗമാകാൻ തയാറാകണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര സർക്കാർ കേരളത്തിന് വീണ്ടും കത്തയക്കും. കേന്ദ്ര വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥർ ഇക്കാര്യം ഔദ്യോഗികമായി വ്യക്തമാക്കി. സംസ്ഥാന ചീഫ് സെക്രട്ടറിക്ക് ഉടൻ തന്നെ കത്ത് കൈമാറും. എസ്‌എസ്കെ ഡയറക്ടറുമായി കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം നടത്തിയ കൂടിക്കാഴ്ചയിലാണ് കേന്ദ്രം നിലപാട് വ്യക്തമാക്കിയത്.
വിദ്യാഭ്യാസ അവകാശ നിയമ പ്രകാരമുള്ള വിഹിതം ഒഴികെയുള്ള മറ്റെല്ലാ എസ്‌എസ്കെ ഫണ്ടുകളും ലഭ്യമാകണമെങ്കില്‍ പിഎം ശ്രീ പദ്ധതി നടപ്പാക്കല്‍ നിർബന്ധമാക്കുകയാണ് കേന്ദ്രം. ഇതിനകം തന്നെ കേന്ദ്രത്തില്‍ നിന്ന് ലഭിക്കേണ്ട 1,500 കോടി രൂപ കുടിശ്ശികയായി കിടക്കുകയാണ്. ഇതിന് പുറമെ ഈ വർഷം ലഭിക്കേണ്ട 350 കോടി രൂപയുടെ വിഹിതവും പദ്ധതിയില്‍ ഒപ്പുവെക്കാത്തതിനാല്‍ തടഞ്ഞുവെച്ചേക്കുമെന്ന കടുത്ത ഭീഷണിയിലാണ് സംസ്ഥാനം.
അതേസമയം, പദ്ധതി നടപ്പാക്കുന്ന കാര്യത്തില്‍ സംസ്ഥാന സർക്കാരിന് ഇതുവരെ നയപരമായ തീരുമാനമെടുക്കാൻ സാധിച്ചിട്ടില്ല. മുൻ എല്‍ഡിഎഫ് സർക്കാരിന് പിന്നാലെ നിലവിലെ യുഡിഎഫ് മുന്നണിയിലും വിഷയം കടുത്ത ആശയക്കുഴപ്പത്തിന് വഴിവെച്ചിട്ടുണ്ട്. കരാറില്‍ നിന്ന് ഏകപക്ഷീയമായി പിന്മാറാനാകില്ലെന്നാണ് മുഖ്യമന്ത്രി വി.ഡി. സതീശന്റെ വാദം.
SUMMARY: ‘Must become part of PM SHRI’; Central Government to send another letter to Kerala
















