തൃശൂർ: കയ്പമംഗലം പനമ്പിക്കുന്ന് സെന്ററിൽ നിർത്തിയിട്ട ലോറിയിൽ കാറിടിച്ചുണ്ടായ അപകടത്തിൽ എട്ട് പേർക്ക് ദാരുണാന്ത്യം. കാറിന്റെ ഡ്രൈവറും ഡിണ്ടിഗൽ എൻജിനിയറിങ് കോളജിലെ 7 വിദ്യാർഥികളുമാണ് മരിച്ചത്. വിശ്വം (സേലം), സൂര്യ (ഡിണ്ടിഗൽ), സന്തോഷ്( മധുര), പ്രസന്ന (മധുര), യുവസഞ്ജിത് (ഡിണ്ടിഗൽ) എന്നിവരുടെ മൃതദേഹങ്ങൾ തിരിച്ചറിഞ്ഞു. രണ്ട് പേരെ തിരിച്ചറിഞ്ഞില്ല. ആറ് പേര്‍ സംഭവസ്ഥലത്തും രണ്ട് പേര്‍ ആശുപത്രിയിലേക്കുള്ള വഴി മധ്യേയും മരിച്ചു.
വെള്ളിയാഴ്ച അർധരാത്രി 12 മണിയോടെയാണ് നാടിനെ നടുക്കിയ അപകടമുണ്ടായത്. തമിഴ്നാട് റജിസ്ട്രേഷനുള്ള കാറാണ് അപകടത്തിൽപ്പെട്ടത്. അമിത വേഗത്തിലാണ് കാർ സഞ്ചരിച്ചതെന്നാണ് റിപ്പോർട്ടുകൾ. അപകടത്തിൽപ്പെട്ട കാർ പൂർണമായും തകർന്നിട്ടുണ്ട്. പാതയോരത്ത് നിർത്തിയിട്ട ലോറിയിൽ ഉറങ്ങിക്കിടന്നവരാണ് നാട്ടുകാരെ വിവരം അറിയിച്ചത്. തുടർന്ന് പോലീസ്, അഗ്നിരക്ഷാസേന ഉൾപ്പടെ സ്ഥലത്തെത്തി.
വാഹനം വെട്ടിപ്പൊളിച്ചാണ് യാത്രചെയ്തവരെ പുറത്തെടുത്തത്. അപകടത്തിനു പിന്നാലെ ഉന്നത പോലീസ് ഉദ്യോഗസ്ഥരടക്കം സ്ഥലത്തെത്തി. മൃതദേഹങ്ങൾ കൊടുങ്ങല്ലൂരിലെ സ്വകാര്യ ആശുപത്രികളിലേക്കു മാറ്റി. ദേശീയപാതയിൽ നിർമാണം പുരോഗമിക്കുന്ന ഭാഗത്താണ് അപകടം സംഭവിച്ചത്. ഗുരുവായൂർ ഭാഗത്ത് നിന്നും കൊടുങ്ങല്ലൂരിലേക്ക് സഞ്ചരിക്കുകയായിരുന്നു കാർ. റോഡരികിലായി മൂന്ന് ലോറികൾ സംഭവസമയം നിർത്തിയിട്ടിരുന്നു. ഇതിൽ മഹാരാഷ്ട്ര റജിസ്ട്രേഷനുള്ള ലോറിയുടെ പിന്നിലാണ് കാർ ഇടിച്ചു കയറിയത്. അപകടത്തിന് പിന്നാലെ ചരക്ക് ലോറി ഡ്രൈവര്‍ ഓടി രക്ഷപ്പെട്ടു. ദേശിയപാത അതോറിറ്റിയുടെ അനാസ്ഥയാണ് അപകടകാരണമെന്നും നാട്ടുകാര്‍ ആരോപിക്കുന്നു.
SUMMARY: Eight engineering students die in accident after car hits parked goods lorry in Thrissur’s Kaipamangalam
















