ഡല്‍ഹി: ട്രെയിനുകളിലും റെയില്‍വേ സ്റ്റേഷനുകളിലും ഫോണില്‍ ഉച്ചത്തില്‍ സംസാരിക്കുന്നതിനും സ്പീക്കറില്‍ പാട്ടോ വീഡിയോകളോ കേള്‍ക്കുന്നതിനും പിഴയും തടവുശിക്ഷയും. ദക്ഷിണ റെയില്‍വേ പുറത്തിറക്കിയ പുതിയ ഉത്തരവ് പ്രകാരം, ട്രെയിനുകളിലും സ്റ്റേഷനുകളിലും ഉച്ചത്തില്‍ ഫോണ്‍ കോളുകള്‍ ചെയ്യുന്നതും സ്പീക്കർ മോഡില്‍ പാട്ടോ വീഡിയോകളോ പ്ലേ ചെയ്യുന്നതും 1000 രൂപ വരെ പിഴയോ ആറുമാസം വരെ തടവോ അല്ലെങ്കില്‍ രണ്ടും കൂടിയോ ലഭിക്കാവുന്ന കുറ്റമാണ്.
ഇതുമായി ബന്ധപ്പെട്ട് പ്രാദേശിക ഭാഷകള്‍, ഹിന്ദി, ഇംഗ്ലീഷ് എന്നിവയില്‍ യാത്രക്കാർക്ക് മുന്നറിയിപ്പ് നല്‍കാൻ ഡിവിഷനുകള്‍ക്ക് നിർദേശം നല്‍കി. പാട്ടോ വീഡിയോകളോ സ്പീക്കറില്‍ കേള്‍ക്കുന്നതും ഉച്ചത്തില്‍ സംസാരിക്കുന്നതും ഒഴിവാക്കണമെന്നും ആവശ്യമെങ്കില്‍ ഇയർഫോണ്‍ ഉപയോഗിക്കണമെന്നും അനൗണ്‍സ്മെന്റുകളിലൂടെ ഓർമിപ്പിക്കും. റെയില്‍വേ ആക്ടിലെ സെക്ഷൻ 145 പ്രകാരമാണ് നടപടി സ്വീകരിക്കുക.
ടിക്കറ്റ് എക്സാമിനർ റാങ്കില്‍ കുറയാത്ത ഉദ്യോഗസ്ഥർക്ക് 1000 രൂപ വരെ പിഴ ഈടാക്കാം. മുന്നറിയിപ്പ് അവഗണിച്ച് വീണ്ടും ശല്യമുണ്ടാക്കുന്നവർക്ക് ആറുമാസം വരെ തടവുശിക്ഷയും ലഭിച്ചേക്കാം. നിയമലംഘനം ആവർത്തിക്കുന്നവർക്ക് ആറുമാസം വരെ തടവും 5000 രൂപ വരെ പിഴയും നേരിടേണ്ടിവരും.ഒക്ടോബർ 20നകം നിർദേശം നടപ്പാക്കിയതിന്റെ റിപ്പോർട്ട് സമർപ്പിക്കാനും ഡിവിഷനുകള്‍ക്ക് നിർദേശം നല്‍കിയിട്ടുണ്ട്. യാത്രക്കാരുടെ സൗകര്യവും സ്വസ്ഥതയും ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് ദക്ഷിണ റെയില്‍വേയുടെ നടപടി.
SUMMARY: Fine and imprisonment for talking loudly on trains; Railways to take strict action
















