ബെംഗളൂരു: കർണാടകയിലെ കൃഷ്ണരാജ സാഗർ അണക്കെട്ടിന് സമീപമുള്ള ബൃന്ദാവൻ ഗാർഡൻസിൽ കാവേരി ആരതിയുടെ രണ്ടാം പതിപ്പിന് തുടക്കമായി. മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ ഇന്നലെ പരിപാടി ഉദ്ഘാടനം ചെയ്തു.
വാരണാസിയിലെ ഗംഗാ ആരതിയുടെ മാതൃകയിൽ, കാവേരി നദിയെ ആദരിക്കുന്നതിനായി കർണാടക സർക്കാർ ഒരുക്കുന്ന വിപുലമായ പൂജകളും സാംസ്കാരിക പരിപാടികളുമാണ് ആറ് ദിവസം നീണ്ടുനിൽക്കുന്ന ‘കാവേരി ആരതി’യുടെ പ്രാധാന പരിപാടികൾ.
കാവേരി നദിയുടെ സാംസ്കാരികവും ആത്മീയവുമായ പ്രാധാന്യം ഉയർത്തിക്കാട്ടുന്നതിനൊപ്പം പ്രദേശത്തെ വിനോദസഞ്ചാര മേഖലയ്ക്ക് കൂടുതൽ ഉണർവ് നൽകുകയുമാണ് പരിപാടിയുടെ ലക്ഷ്യം. പരിപാടിയുടെ ഭാഗമായി കാവേരി ആരതിക്കൊപ്പം വാരണാസിയിൽ നിന്നുള്ള പുരോഹിതർ ഗംഗാ ആരതിയും നടത്തി.
കാവേരി ആരതിയോടനുബന്ധിച്ച് കെ.ആർ.എസ് അണക്കെട്ടും പരിസരവും വർണ്ണാഭമായ വൈദ്യുതദീപങ്ങളാൽ ദീപ്തമാക്കിയിട്ടുണ്ട്. കൂടാതെ എല്ലാ ദിവസവും വൈകുന്നേരങ്ങളിൽ പ്രത്യേക സാംസ്കാരിക-സംഗീത പരിപാടികളും ലേസർ ഷോകളും ഇതിന്റെ ഭാഗമായി നടക്കും.
കെ.ആർ.എസ്. അണക്കെട്ടും ബൃന്ദാവൻ ഗാർഡൻസും മാണ്ഡ്യ ജില്ലയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളാണ്. ആറാട്ട് പരിപാടിയിലൂടെ കൂടുതൽ സന്ദർശകരെ ആകർഷിക്കാനും പ്രദേശത്തെ ടൂറിസം പ്രവർത്തനങ്ങൾക്ക് പ്രോത്സാഹനം നൽകാനും കഴിയുമെന്നാണ് പ്രതീക്ഷ. കാവേരി നദി കർണാടകയുടെ ജലസേചനത്തിനും കുടിവെള്ള വിതരണത്തിനും നിർണായകമാണ്. അതിനാൽ നദിയുടെ സാംസ്കാരിക പ്രാധാന്യത്തോടൊപ്പം ജലസംരക്ഷണത്തിന്റെയും നദീപരിപാലനത്തിന്റെയും ആവശ്യകതയും ഇത്തരം പരിപാടികൾ പൊതു ചർച്ചയിലേക്ക് കൊണ്ടുവരുന്നുണ്ട്.
SUMMARY: ‘Kaveri Aarathi’ begins at KRS Dam
















