Categories: ASSOCIATION NEWS

എം ടി, നാലു പതിറ്റാണ്ടു കാലം മലയാള ഭാവുകത്വത്തെ സ്വന്തം വിരൽ തുമ്പിനാൽ നിയന്ത്രിച്ച പ്രതിഭ: സുസ്മേഷ് ചന്ദ്രോത്ത്

ബെംഗളൂരു: മലയാള ഭാവുകത്വത്തെ നാലു പതിറ്റാണ്ടു കാലം സ്വന്തം വിരല്‍ത്തുമ്പിനാല്‍ നിയന്ത്രിച്ച പ്രതിഭയാണ് എം ടി എന്ന് പ്രശസ്ത എഴുത്തുകാരന്‍ സുസ്‌മേഷ് ചന്ദ്രോത്ത്. കേരളസമാജം ദൂരവാണിനഗറിന്റെ ആഭിമുഖ്യത്തില്‍ നടത്തിയ എം ടി അനുസ്മരണത്തിന്റെ ഭാഗമായി ‘എം ടി യുടെ സര്‍ഗ്ഗാത്മക ആവിഷ്‌ക്കാരങ്ങളിലെ മാനവികത’ എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

തമിഴില്‍ നിന്നും നാടുവാഴിത്തത്തിന്റെ സ്തുതിഗീതം രചിച്ച സംസ്‌കൃതത്തില്‍ നിന്നും കുതറി മാറി മലയാളം സ്വാതന്ത്ര്യം നേടിയത് എഴുത്തച്ഛന്റെ കൃതികളിലൂടെയാണ്. പദ്യത്തില്‍ എഴുതുന്നതാണ് സാഹിത്യം എന്ന നിലക്ക് മാറ്റം വന്നപ്പോഴാണ് സാഹിത്യത്തില്‍ സാധാരണ ജനജീവിതം വിഷയമായിത്തുടങ്ങിയത്. 1891 ലാണ് മലയാളത്തിലെ ആദ്യ ചെറുകഥ രംഗ പ്രവേശം ചെയ്തത്. ചെറുകഥയുടെ ഘടന എന്താണെന്ന് മലയാളം മനസ്സിലാക്കുന്നത് വേങ്ങയില്‍ കുഞ്ഞിരാമന്‍ നായര്‍ എഴുതിയ ഈ ആദ്യ കഥയിലൂടെയാണ്.

ശ്ലോകങ്ങളിലും കീര്‍ത്തനങ്ങളിലും അതുവരെയുണ്ടായിരുന്ന അനുകരണ, നാടുവാഴിത്ത പ്രകീര്‍ത്തന സ്വഭാവത്തിന് മാറ്റം വന്നത് കഥയുടെ വരവോടെയാണ്. 1920 കളില്‍ വീര്‍പ്പു മുട്ടിക്കിടന്ന സ്ത്രീ ജീവിതങ്ങളുടെ കഥ പറയുന്ന നാടകവുമായി വി ടി ഭട്ടത്തിരിപ്പാടിന്റെ വരവായി. അനുകരണമല്ലാത്ത, രാജ സ്തുതികള്‍ ഇല്ലാത്ത മനുഷ്യ കേന്ദ്രീകൃതമായ ഒരു നാടക കാലത്തിന്റെ ആരംഭം.

തോട്ടികളുടെ സംഘടനയുണ്ടാക്കിയത് എം എം ലോറന്‍സാണ്. ആലപ്പുഴയിലെ തോട്ടികളുടെ സമരം കണ്ട അനുഭവമാണ് തകഴിയെക്കൊണ്ട് ‘തോട്ടിയുടെ മകന്‍’ എന്ന നോവല്‍ എഴുതിപ്പിച്ചത്. മലയാള സാഹിത്യത്തില്‍ തോട്ടികളുടെ ജീവിതവും സമരവും പ്രമേയമാകുന്നത് അങ്ങനെയാണ്.

അതിനൊക്കെ മുമ്പ് ശ്രീ നാരായണ ഗുരു, വാഗ് ഭടാനന്ദന്‍, കുമാരനാശാന്‍ എന്നിവരുടെ നവോത്ഥാന ശ്രമങ്ങള്‍ സാമൂഹിക ജീവിതത്തെയും മലയാള സംസ്‌കാരത്തെയും സ്വാധീനിക്കുന്നു. ബ്രിട്ടീഷ് വിദ്യാഭ്യാസ സ്വാധീനവും ഇതിന് പിന്‍ ബലമേകിയിട്ടുണ്ട്. തകഴി, ദേവ്, ബഷീര്‍, പൊന്‍കുന്നം വര്‍ക്കി തുടങ്ങിയവരുടെ കഥകള്‍ എല്ലാവിധ ഉച്ചനീചത്വങ്ങള്‍ക്കെതിരെയും, അസംബന്ധങ്ങളും, അനാശാസ്യങ്ങളുമായ ആചാരങ്ങള്‍ക്കെതിരെയും വിരല്‍ചൂണ്ടി. സമൂഹത്തിന്റെ പ്രശ്‌നങ്ങളാണ് സാഹിത്യത്തിന്റെ വിഷയമാകേണ്ടത് എന്ന നിലപാട് ഇതോടെ ശക്തി പ്രാപിച്ചു വന്നു.

അങ്ങനെ മാറി വന്ന കേരളത്തില്‍ 1950 കളില്‍ മനുഷ്യ മനസ്സിലേക്കുള്ള ചുഴിഞ്ഞു നോട്ടവുമായാണ് എം ടി കടന്നു വരുന്നത്. തനിക്ക് സുപരിചിതമായ ജീവിത പശ്ചാത്തലത്തില്‍ എം ടി നോക്കിയിരുന്നത് മനുഷ്യ മനസ്സില്‍ ഒളിച്ചുവെച്ചിരിക്കുന്ന നിഗൂഢതകളിലേക്കാണ്.

1960 കളില്‍ നിങ്ങള്‍ ആരാണ് എന്ന അന്വേഷണവും, ജീവിതം കൊണ്ടെന്ത് പ്രയോജനം എന്ന ചിന്തയും, ജീവിതം വ്യര്‍ത്ഥവും അര്‍ത്ഥ ശൂന്യവുമാണെന്ന നിലപാടുമായി സാഹിത്യത്തില്‍ ആധുനികത കടന്നു വന്നു. അതിന്റെ അനുകര്‍ത്താക്കള്‍ ഉണ്ടാക്കിയ ദോഷം ചില്ലറയല്ല. പല കഥകളും മനസ്സിലാകുന്നില്ലെന്ന് പരാതി ഉണ്ടായിട്ടും ആ പ്രവണത തുടര്‍ന്നു. എന്നാല്‍ എം ടി ഇതിലൊന്നും പെടാതെ തന്റെതായ വഴി പിന്തുടര്‍ന്നു. എം ടി മലയാളി സമൂഹത്തെ മൊത്തം സ്വാധീനിക്കുകയും അവരുടെ വായനാശീലത്തെ ഉയര്‍ത്തുകയും ചെയ്തു.

എം ടി യെ അനുകരിച്ച് എഴുതാന്‍ ശ്രമിച്ചവര്‍ക്ക് നില നില്‍ക്കാനായില്ല. കൂടല്ലൂര്‍ ഭാഷ തിരുവിതാംകൂറുകാര്‍ക്ക് അനുകരിക്കാനെ കഴിയൂ. ആത്മാവില്‍ നിന്നു വരുന്ന ഒരു ഭാഷ സൃഷ്ടിക്കാനാവില്ല. എന്തുകൊണ്ട് മാധവിക്കുട്ടിയും ടി പത്മനാഭനും എം ടി യോളം സ്വാധീനിച്ചില്ല എന്നത് ചിന്തിക്കേണ്ട കാര്യമാണ്.

എം ടി ക്ക് സിനിമയും സാഹിത്യവും ഒന്നിച്ചു കൊണ്ടുപോകാന്‍ കഴിഞ്ഞു എന്നതായിരിക്കാം കാരണം. അക്കാലത്തെ സിനിമക്ക് ഒരു കഥ വേണമായിരുന്നു. അത് എം ടി ക്ക് അനായാസം നല്‍കാന്‍ കഴിഞ്ഞു. ചലച്ചിത്ര രംഗത്തെ പ്രഗത്ഭരായ വിന്‍സെന്റ്, പി എന്‍ മേനോന്‍ തുടങ്ങിയവരോടൊപ്പം പ്രവര്‍ത്തിക്കാനും എം ടി ക്ക് കഴിഞ്ഞു. വായനക്കാരന്‍ എന്ന നിലയില്‍ എം ടി വായിച്ചു കൂട്ടിയ പുസ്തകങ്ങള്‍ക്ക് കണക്കില്ല. എന്നാല്‍ താന്‍ വായിച്ച മികച്ച പുസ്തകങ്ങളുടെ അളവിലേക്ക് ഉയരാന്‍ തനിക്ക് കഴിഞ്ഞോ എന്നത് അദ്ദേഹത്തെ അലട്ടിയിരിക്കണം.

തന്റെ എഴുത്ത് സെലക്റ്റീവ് ആകണം എന്ന് എന്നും എം ടി കരുതി. ഇപ്പോഴത്തെ കഥകളുടെ സാന്ദ്രരൂപമല്ല എം ടി യുടേത്. അത് മനോഹരമാണെങ്കിലും അല്പം പരത്തിപ്പറയുന്ന രീതിയാണ്. അദ്ദേഹത്തിന്റെ എല്ലാ കഥകളിലും പണം എന്ന രൂപകം കാണാം. പണം ഇല്ലായ്മ പല കഥകളുടെയും അടിത്തറയാണ്. 1995 ല്‍ എഴുതിയ ശിലാലിഖിതത്തിലെ കഥാ പത്രമായ ഗോപാലന്‍കുട്ടി ഒളിച്ചോടുന്ന പ്രകൃതക്കാരനാണ്. അയാളുടെ കൊച്ചു കുട്ടിയായ മകളാണ് മരിക്കാന്‍ സമയത്ത് വെള്ളം ചോദിച്ച യുവതിക്ക് വെള്ളം നല്‍കുന്നത്. പാരായണ ക്ഷമതയുണ്ടെങ്കിലും ഈ കഥയിലും പരത്തി പറയുന്ന രീതിയുണ്ട്.

എം ടി യുടെ സിനിമകള്‍ വലിയ കലാപ സ്വഭാവമുള്ളവയല്ല. നിര്‍മ്മാല്യം പോലെ മനുഷ്യര്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ക്കെതിരെയുള്ള കലാപ സ്വഭാവമുള്ള ചലച്ചിത്രാവിഷ്‌ക്കാരം മലയാളി ഭാവുകത്വത്തിന് ഇനിയും സ്വീകാര്യമായിത്തുടങ്ങിയിട്ടില്ല. ഹെമിംഗ്വേയുടെ കഥകളില്‍ എന്ന പോലെ എം ടി യുടെ കഥകളിലും കുട്ടികളെ കാണാം. ചങ്ങമ്പുഴക്ക് ശേഷം മലയാള സാഹിത്യത്തെ തന്റെ വിരല്‍ത്തുമ്പില്‍ നിര്‍ത്താന്‍ കഴിഞ്ഞ എഴുത്തുകാരനാണ് എം ടിയെന്നും സുസ്‌മേഷ് ചന്ദ്രോത്ത് പറഞ്ഞു.

ബി എസ് ഉണ്ണികൃഷ്ണന്‍ ചര്‍ച്ച ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് ടി എ കലിസ്റ്റസ്, കെ ആര്‍ കിഷോര്‍ , സി പി രാധാകൃഷ്ണന്‍, പി ഗീത, ബാലകൃഷ്ണന്‍ നമ്പ്യാര്‍, വാസുദേവന്‍, സ്മിത വത്സല, രതി സുരേഷ്, കെ ചന്ദ്രശേഖരന്‍ നായര്‍ എന്നിവര്‍ സംവാദത്തില്‍ പങ്കെടുത്തു. സൗദ റഹിമാന്‍, സുമ മോഹന്‍, കെ കൃഷ്ണമ്മ എന്നിവര്‍ എം ടി യുടെ ചലച്ചിത്രങ്ങളിലെ ഗാനങ്ങള്‍ ആലപിച്ചു.

സമാജം പ്രസിഡന്റ് മുരളീധരന്‍ നായര്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ഡെന്നിസ് പോള്‍ ആമുഖ പ്രഭാഷണം നടത്തി. സ്‌കൂള്‍ സെക്രട്ടറി ചന്ദ്രശേഖരക്കുറുപ്പ് സുസ്‌മേഷ് ചന്ദ്രോത്തിനെ പരിചയപ്പെടുത്തി. സമാജം ട്രഷറര്‍ എം കെ ചന്ദ്രന്‍ സുസ്‌മേഷ് ചന്ദ്രോത്തിന് പൂച്ചെണ്ടു നല്‍കി സ്വീകരിച്ചു. സാഹിത്യ വിഭാഗം കണ്‍വീനര്‍ സി കുഞ്ഞപ്പന്‍ പരിപാടിക്ക് നേതൃത്വം നല്‍കി.
<BR>
TAGS :  MT VASUDEVAN NAIR | KERALA SAMAJAM DOORAVAANI NAGAR

Savre Digital

Recent Posts

ബെംഗളൂരുവില്‍ അന്തരിച്ചു

ബെംഗളൂരു: തിരുവനന്തപുരം ബാലരാമപുരം സ്വദേശി എം.സി. അയ്യപ്പൻ (64) ബെംഗളൂരുവില്‍ അന്തരിച്ചു. ബി. നാരായണപുരയിലായിരുന്നു താമസം. ഗരുഡാചാർപാളയത്തെ ലക്ഷ്മി ഷീറ്റ്…

2 minutes ago

കോഴിക്കോട് ടിപ്പര്‍ ലോറി ഇടിച്ച്‌ യുവാക്കള്‍ക്ക് ദാരുണാന്ത്യം

കോഴിക്കോട്: ബാലുശ്ശേരിയില്‍ ടിപ്പര്‍ ലോറി ഇടിച്ച്‌ ബെെക്ക് യാത്രക്കാരായ രണ്ടു യുവാക്കള്‍ക്ക് ദാരുണാന്ത്യം. ബാലുശ്ശേരി തുരുത്തിയാട് സ്വദേശികളായ സജിന്‍ലാല്‍ (31)…

43 minutes ago

ചേര്‍ത്തല തിരോധാനക്കേസ്; സെബാസ്റ്റ്യന്റെ കാറില്‍ നിന്ന് നിര്‍ണായക തെളിവുകള്‍

ആലപ്പുഴ: ചേര്‍ത്തലയിലെ നാലു സ്ത്രീകളുടെ തിരോധാനക്കേസില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. പള്ളിപ്പുറം സ്വദേശിയും കുറ്റാരോപിതനുമായ സെബാസ്റ്റ്യന്റെ കാറില്‍ നിന്ന് കത്തിയും…

1 hour ago

ചിക്കമഗളൂരുവിൽ കടുവയെ ചത്ത നിലയിൽ കണ്ടെത്തി

ബെംഗളൂരു: ചിക്കമഗളൂരുവിലെ ഭദ്ര കടുവ സംരക്ഷണ കേന്ദ്രത്തിൽ കടുവയെ ചത്ത നിലയിൽ കണ്ടെത്തി. ലാക്കവള്ളി വനമേഖലയിലാണ് സംഭവം. പതിവു പട്രോളിങ്ങിനിടെയാണ്…

2 hours ago

ഒറ്റപ്പെട്ട മഴ തുടരും; ആറ് ജില്ലകൾക്ക് ഇന്ന് യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇടുക്കി, തൃശൂർ മലപ്പുറം, വയനാട്,…

2 hours ago

ബിബിഎംപി വിഭജനം: ഗ്രേറ്റർ ബെംഗളൂരു ഭേദഗതി ബില്ലിനു മന്ത്രിസഭയുടെ അനുമതി

ബെംഗളൂരു: ബിബിഎംപിയെ 5 കോർപറേഷനുകളാക്കി വിഭജിക്കാനുള്ള ഗ്രേറ്റർ ബെംഗളൂരു ഭേദഗതി ബില്ലിനു കർണാടക മന്ത്രിസഭയുടെ അംഗീകാരം. ഓഗസ്റ്റ് 11ന് ആരംഭിക്കുന്ന…

2 hours ago