തിരുവനന്തപുരം:ചെക്ക് കേസില്‍ ശിക്ഷിക്കപ്പെട്ട പാലാ എംഎല്‍എ മാണി സി കാപ്പനെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് സ്പീക്കർക്ക് കത്ത് നല്കി പരാതിക്കാരൻ. പരാതിക്കാരനായ പ്രവാസി വ്യവസായി ദിനേശ് മേനോന്റെ അഭിഭാഷകനാണ് കത്ത് നല്‍കിയത്. മാണി സി കാപ്പന് മൂന്നര വർഷത്തെ തടവ് ശിക്ഷയുണ്ടെന്നും ശിക്ഷ ഒരുമിച്ച് അനുഭവിക്കാൻ കോടതി ഉത്തരവില്ലെന്നും പരാതിക്കാരൻ കത്തില്‍ പറഞ്ഞു.
രണ്ടു വർഷത്തില്‍ കൂടുതല്‍ തടവ് ശിക്ഷയുണ്ടെങ്കില്‍ അയോഗ്യനാക്കണമെന്ന ജനപ്രാതിനിധ്യ നിയമത്തിലെ വകുപ്പുകള്‍ പ്രകാരം കാപ്പനെ മാറ്റിനിർത്തണമെന്നാണ് ആവശ്യം. പാലാ സീറ്റ് ഒഴിവുള്ളതായി വിജ്ഞാപനം പുറപ്പെടുവിക്കണമെന്നും കത്തില്‍ ആവശ്യപ്പെട്ടു. കണ്ണൂർ വിമാനത്താവളത്തില്‍ ഓഹരി പങ്കാളിത്തം വാഗ്ദാനം ചെയ്ത് പണം തട്ടിയെന്ന ദിനേഷ് മേനോൻ്റെ പരാതിയിലടക്കം നാല് കേസുകളിലാണ് മുംബൈ ബോറിവലി മജിസ്ട്രേറ്റ് കോടതിയാണ് മാണി സി കാപ്പനെ ഒരുവർഷം തടവിന് ശിക്ഷിച്ചത്.
വിധി പ്രസ്താവിക്കുന്ന സമയത്ത് കോടതിയില്‍ ഹാജരാകാതിരുന്നതിനെ തുടർന്ന് കാപ്പനെതിരെ കോടതി ജാമ്യമില്ലാ വാറണ്ടും പുറപ്പെടുവിച്ചിരുന്നു. മൂന്നുകോടിയിലധികം രൂപ മാണി സി കാപ്പൻ തട്ടിയെടുത്തുവെന്നാണ് കേസ്.
SUMMARY: Letter sent to the Speaker demanding the disqualification of MLA Mani C. Kappan
















