ന്യൂഡല്‍ഹി: യെമനില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട പാലക്കാട് സ്വദേശിനി നിമിഷ പ്രിയയുടെ മോചനത്തിന് നടക്കുന്ന ചര്‍ച്ചകളില്‍ നിന്ന് കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ലിയാരെയും, സേവ് നിമിഷ പ്രിയ ആക്ഷന്‍ കൗണ്‍സിലിനെയും അഡ്വ. സുഭാഷ് ചന്ദ്രനെയും വിലക്കണമെന്ന ആവശ്യം തള്ളി സുപ്രീംകോടതി. ഗ്ലോബല്‍ പീസ് ഇനിഷ്യേറ്റീവ് സ്ഥാപകന്‍ കെ.എ. പോളിന്റെ ആവശ്യമാണ് സുപ്രീംകോടതി തള്ളിയത്. നിമിഷപ്രിയയുടെ മോചനത്തിലെ മധ്യസ്ഥന്‍ എന്നവകാശപ്പെട്ടായിരുന്നു കെ എ പോള്‍ ഹര്‍ജി നല്‍കിയത്.
നിമിഷപ്രിയയുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ നല്‍കുന്നതില്‍ നിന്ന് മാധ്യമങ്ങളെ വിലക്കണമെന്ന ആവശ്യവും ജസ്റ്റിസ് വിക്രം നാഥ്, സന്ദീപ് മേത്ത എന്നിവരടങ്ങിയ ബഞ്ച് തള്ളി. ആര് മാധ്യമങ്ങളോട് സംസാരിക്കണമെന്നതല്ല, നിമിഷയുടെ ജീവന്‍ രക്ഷിക്കുക എന്നതാണ് കാര്യമെന്ന് ആക്ഷന്‍ കൗണ്‍സില്‍ സുപ്രീം കോടതിയില്‍ വ്യക്തമാക്കി. കെ എ പോളിന്റെ ഹര്‍ജി പരിഗണിക്കവെ കോടതിയുടെ വിലപ്പെട്ട സമയം പാഴാക്കാനില്ലെന്ന് സുപ്രീം കോടതി ഓര്‍മിപ്പിച്ചു.
നിമിഷപ്രിയക്ക് വേണ്ടി സമാഹരിച്ച തുക ദുരുപയോഗം ചെയ്‌തെന്ന് പോള്‍ കോടതിയില്‍ ആരോപിച്ചു. എന്നാല്‍ നുണകള്‍ പ്രചരിപ്പിക്കുകയാണ് പോളെന്ന് ആക്ഷന്‍ കൗണ്‍സില്‍ പ്രതികരിച്ചു. ഏഴ് ദിവസത്തിനകം സര്‍ക്കാര്‍ നിമിഷപ്രിയയെ മോചിപ്പിച്ചില്ലെങ്കില്‍ താന്‍ വീണ്ടും ഇടപെടുമെന്ന് കെ എ പോള്‍ കോടതിയില്‍ പറഞ്ഞു. നിമിഷ തനിക്ക് നല്‍കിയ കത്തിന്റെ അടിസ്ഥാനത്തിലാണ് കോടതിയെ കണ്ടത്. ഇനി എന്ത് സംഭവിച്ചാലും താന്‍ ഉത്തരവാദിയല്ലെന്ന് പോള്‍ കോടതിയില്‍ പറഞ്ഞു.
കേന്ദ്ര സര്‍ക്കാര്‍ ചെയ്യാനുള്ളത് ചെയ്യുമെന്ന് വ്യക്തമാക്കിയ സുപ്രീം കോടതി, പ്രശസ്തിക്ക് വേണ്ടിയാണോ ഹര്‍ജി നല്‍കിയതെന്നും കെ എ പോളിനോട് ചോദിച്ചു.
നിമിഷ പ്രിയ കേസ് അതീവ സെന്‍സിറ്റീവായ വിഷയം ആണെന്ന് അറ്റോര്‍ണി ജനറല്‍ ആര്‍. വെങ്കിട്ടരമണി സുപ്രീംകോടതിയെ അറിയിച്ചു. നിലവില്‍ ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. ചര്‍ച്ചകള്‍ സംബന്ധിച്ച വിശദാംശങ്ങള്‍ മാധ്യമങ്ങളെ സര്‍ക്കാര്‍ അറിയിക്കുന്നുണ്ടെന്നും അറ്റോര്‍ണി ജനറല്‍ കോടതിയെ അറിയിച്ചു. ഈ നിലപാട് കൂടി അംഗീകരിച്ചാണ് പോളിന്റെ ആവശ്യം സുപ്രീംകോടതി തള്ളിയത്.
SUMMARY: Nimishapriya’s release: Supreme Court rejects plea seeking ban on Kanthapuram AP Abubacker Musliyar’s intervention