ന്യൂഡൽഹി: കാൻസർ ചികിത്സയുടെ ചെലവിൽ നട്ടംതിരിയുന്ന രോഗികൾക്കും കുടുംബങ്ങൾക്കും ആശ്വാസം പകരുന്ന സുപ്രധാന തീരുമാനവുമായി കേന്ദ്ര സർക്കാർ. 137 കാൻസർ മരുന്നുകളുടെ വ്യാപാര ലാഭവിഹിതത്തിന് 30 ശതമാനം പരിധി നിശ്ചയിച്ചിരിക്കുകയാണ് ദേശീയ ഔഷധ വിലനിർണയ അതോറിറ്റി (NPPA). ഈ മരുന്നുകളുടെ പുതുക്കിയ വില (MRP) 2026 നവംബർ 9 മുതൽ പ്രാബല്യത്തിൽ വരും. നിലവിലുള്ള വിലഘടന അനുസരിച്ച് ചില മരുന്നുകളുടെ വിലയിൽ 70 ശതമാനം വരെ കുറവുണ്ടാകുമെന്നാണ് പ്രതീക്ഷ. ഇതിലൂടെ പ്രതിവർഷം ഏകദേശം 2,500 കോടി രൂപയുടെ ലാഭം ഉപഭോക്താക്കൾക്ക് ലഭിക്കുമെന്നാണ് കണക്കാക്കുന്നത്.
പെംബ്രോലിസുമാബ് (pembrolizumab), റിബോസിക്ലിബ്, (ribociclib), അബെമാസിക്ലിബ് (abemaciclib) തുടങ്ങിയ പേറ്റന്റ് ഉള്ള മരുന്നുകള് ഉള്പ്പെടെയാണ് വില കുറയുക. സ്റ്റോക്കിസ്റ്റുകള്ക്കോ ആശുപത്രികള്ക്കോ നേരിട്ട് വില്ക്കുമ്പോള്, ആദ്യ വില്പന ഘട്ടത്തിലെ വിലയുടെ 30 ശതമാനത്തില് കൂടുതല് മാര്ജിന് ഈടാക്കാന് പാടില്ലെന്നാണ് പുതിയ ഉത്തരവ്. ഈ മരുന്നുകളുടെ നിര്മാതാക്കള് പുതുക്കിയ പരമാവധി ചില്ലറ വില്പന വില ഏഴ് ദിവസത്തിനുള്ളില് എന് പി പി എക്ക് സമര്പ്പിക്കണമെന്ന് നിര്ദേശിച്ചിട്ടുണ്ട്
കാൻസർ ചികിത്സയിൽ മരുന്നുകൾക്കുള്ള ചെലവ് പല കുടുംബങ്ങളുടെയും സാമ്പത്തിക അടിത്തറ തകർക്കുന്ന ഘടകമാണ്. ശസ്ത്രക്രിയ, കീമോതെറാപ്പി, ഇമ്യൂണോതെറാപ്പി, തുടർപരിശോധനകൾ, ആശുപത്രിവാസം എന്നിവയ്ക്കൊപ്പം ദീർഘകാലം മരുന്നുകൾ വാങ്ങേണ്ടിവരുന്നതും ചെലവ് വർധിപ്പിക്കുന്നു.
മരുന്നിന്റെ ഉൽപാദനച്ചെലവും രോഗി നൽകുന്ന വിലയും തമ്മിൽ വലിയ വ്യത്യാസമുണ്ടാകുന്നത് ഒഴിവാക്കാനാണ് വിലനിയന്ത്രണം. NPPA നടത്തിയ വിലയിരുത്തലിൽ, നിയന്ത്രണവിധേയമല്ലാത്ത ചില കാൻസർ മരുന്നുകളിൽ വ്യാപാര ലാഭവിഹിതം ശരാശരി 170 ശതമാനത്തോളം വരുന്നതായും ചില സന്ദർഭങ്ങളിൽ അത് 700 ശതമാനം വരെ ഉയരുന്നതായും കണ്ടെത്തിയിരുന്നു. ഇത്തരം അമിതമായ വിലവർധന നിയന്ത്രിക്കുന്നതിനാണ് വ്യാപാര ലാഭവിഹിതം 30 ശതമാനമാക്കി പരിമിതപ്പെടുത്തുന്നത്. രാജ്യത്തെ പ്രമുഖ ഓങ്കോളജിസ്റ്റുകളും മെഡിക്കൽ വിദഗ്ധരും ഉൾപ്പെട്ട സമിതിയുടെ ശുപാർശ പ്രകാരമാണ് നടപടി.
മരുന്ന് നിർമ്മാതാക്കൾ പുതിയ നിരക്കുകൾ വെബ്സൈറ്റുകളിൽ പ്രസിദ്ധീകരിക്കണം. ആശുപത്രികളും ഫാർമസികളും കുറഞ്ഞ നിരക്കിൽ മരുന്നുകൾ നൽകുകയും പുതിയ വിലവിവരപ്പട്ടിക പൊതുജനങ്ങൾക്കായി പ്രദർശിപ്പിക്കുകയും വേണം.
ഉപഭോക്താക്കൾക്ക് പുതിയ മരുന്ന് നിരക്കുകൾ എൻ.പി.പി.എ. വെബ്സൈറ്റ് വഴി നേരിട്ട് പരിശോധിക്കാം.
SUMMARY: Prices of 137 cancer drugs to be reduced; revised rates come into effect from November 9.
















