പുത്തൂർ അസിസ്റ്റന്റ് കമീഷണർ സ്റ്റെല്ല വർഗീസിന്റെ നിർദേശപ്രകാരമാണ് 10 തൊഴിലാളികളെ ആയുധങ്ങളുമായി കുഴിക്കാൻ എത്തിച്ചത്. ഉഡുപ്പി ഫോറൻസിക് സംഘവും സാക്ഷിയും കനത്ത പോലീസ് സുരക്ഷയിലാണ് സ്‌നാനഘട്ടിൽ എത്തിയത്. മൃതദേഹം കുഴിച്ചിട്ടെന്ന സാക്ഷി പറയുന്ന ആദ്യ എട്ട് സ്ഥലങ്ങൾ നേത്രാവതി സ്‌നാനഘട്ടിൽത്തന്നെയാണ്. നാലുസ്ഥലം നദിയുടെ തീരത്തുകൂടി പോകുന്ന ദേശീയപാതയ്‌ക്ക് തൊട്ടരികിലും. പതിമൂന്നാം സ്ഥലം നേത്രാവതിക്കും ആജുകുരിക്കും ഇടയിലുള്ള റോഡരികിലാണ്. കന്യാടി വനമേഖലയിലാണ് ബാക്കി രണ്ടിടങ്ങൾ.
അതേസമയം ചൊവ്വാഴ്ച കുഴിച്ച സ്ഥലത്ത് അവശിഷ്ടങ്ങൾ കണ്ടെത്താൻ സാധ്യതയില്ലെന്ന് പ്രദേശവാസികൾ പറയുന്നു. 2019-ൽ പ്രദേശത്ത് പ്രളയമുണ്ടായിരുന്നു. നേത്രാവതി പുഴ കരകവിഞ്ഞൊഴുകി സ്നാനഘട്ട് മൊത്തം തകർന്നിരുന്നു. മാത്രമല്ല ഉരുൾപൊട്ടലുണ്ടായി മണ്ണും കല്ലും പ്രദേശത്ത് വന്നടിഞ്ഞിരുന്നു. സ്‌നാനഘട്ടിന്റെ പാർക്കിങ് ഏരിയക്കായി നിർമാണം നടത്തിയപ്പോഴും തെളിവുകൾ നശിച്ചിരിക്കാമെന്നും നാട്ടുകാർ പറയുന്നു. മണ്ണുനീക്കി പരിശോധിക്കുമെന്നറിഞ്ഞതോടെ നൂറുകണക്കിന് നാട്ടുകാരാണ് സ്നാനഘട്ടിൽ രാവിലെ എത്തിയത്. പോലീസ് കനത്ത സുരക്ഷ ഏർപ്പെടുത്തിയിരുന്നു.
SUMMARY: Revelation at Dharmasthala; Nothing found on the first day, digging to continue at Snanaghat