തിരുവനന്തപുരം: ഐഎച്ച്‌ആർഡി ഡയറക്ടർ സ്ഥാനത്ത് നിന്ന് വിഎസ് അച്യുതാനന്ദൻ്റെ മകൻ വിഎ അരുണ്‍കുമാറിനെ മാറ്റി. പകരം പ്രൊഫസർ എംവി രാജേഷിനാണ് നിയമനം. ഐഎച്ച്‌ആർഡിക്ക് കീഴിലെ പൂഞ്ഞാർ എഞ്ചിനീയറിംഗ് കോളേജിലെ പ്രിൻസിപ്പലാണ് രാജേഷ്. മൂന്ന് വർഷം മുമ്പാണ് അരുണ്‍കുമാറിന് ഡയറക്ടർ ഇൻ ചാർജ് ചുമതല നല്‍കിയത്.
അരുണ്‍കുമാറിനൻ്റെ നിയമനം ചോദ്യം ചെയ്ത് നേരത്തെ നിരവധി പരാതികള്‍ ഹൈക്കോടതിയിലെത്തിയിരുന്നു. ഈ പരാതികളില്‍ ഹൈക്കോടതി സ്വമേധയ കേസെടുത്ത് അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. അരുണ്‍ കുമാറിന്റെ യോഗ്യത പരിശോധിക്കണമെന്നും രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് യോഗ്യത മറികടന്ന് പദവിയില്‍ എത്തിയോ എന്ന് അന്വേഷിക്കണമെന്നുമായിരുന്നു കോടതി നിർദേശം നല്‍കിയത്.
ഐഎച്ച്‌ആര്‍ഡി ഡയറക്ടര്‍ പദവി സര്‍വകലാശാല വിസിക്ക് തുല്യമാണെന്നായിരുന്നു കോടതിയുടെ നിരീക്ഷണം. ഏഴു വർഷത്തെ അധ്യാപന പരിചയമാണ് 2018ലെ യുജിസി മാനദണ്ഡപ്രകാരം ഡയറക്ടറാകാനുള്ള യോഗ്യത. ക്ലറിക്കല്‍ പദവിയിലിരുന്ന അരുണ്‍കുമാറിന് ഈ പദവി നല്‍കിയത് വിചിത്രമാണെന്ന് കോടതി പറഞ്ഞിരുന്നു.
SUMMARY: V.A. Arunkumar removed as IHRD Director; M.V. Rajesh is the new Director
















